'സിനിമയില്‍ വന്നത് മുതല്‍  സുഹൃത്തുക്കൾ'; സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പ്രചാരണത്തിനെതിരെ ഷാജി കൈലാസ്

'സിനിമയില്‍ വന്നത് മുതല്‍ സുഹൃത്തുക്കൾ'; സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പ്രചാരണത്തിനെതിരെ ഷാജി കൈലാസ്

വ്യാജ പ്രചാരണങ്ങൾ മാനസികമായി ഏറെ വേദന ഉളവാക്കുന്നുവെന്നും ഷാജി കൈലാസ് പറഞ്ഞു

സുരേഷ് ഗോപിയെ ആസ്പദമാക്കി തന്റെ പേരില്‍ പ്രചരിക്കുന്ന പ്രചാരണം വ്യാജമെന്ന് വ്യക്തമാക്കി സംവിധായകന്‍ ഷാജി കൈലാസ്. സുരേഷ് ഗോപിയുടെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണങ്കിലും തങ്ങള്‍ തമ്മിലുള്ള ബന്ധം അതിന് അതീതമാണ്. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ തങ്ങള്‍ സുഹൃത്തുക്കളാണെെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍. എപ്പോഴും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് സുരേഷ് ഗോപിയെന്നും ഷാജി കൈലാസ് പറഞ്ഞു.

കമ്മീഷണര്‍ സിനിമയോടെ സുരേഷ് ഗോപിയുടെ ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മാറിയെന്ന് ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. സിനിമ ഏതാണ് ജീവിതം ഏതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറി. താനത് പല തവണ ചൂണ്ടിക്കാട്ടിയപ്പോൾ‍ ഭരത് ചന്ദ്രനെ സൃഷ്ടിച്ച തന്നോട് പോലും ഭരത് ചന്ദ്രന്‍ സ്‌റ്റൈലില്‍ തട്ടക്കയറിയെന്നുമാണ് ഷാജി കൈലാസിന്റെയും സുരേഷ് ഗോപിയുടെയും ചിത്രം അടങ്ങുന്ന പോസ്റ്ററിലൂടെ പ്രചരിച്ചത്. ഇതിന് പ്രതികരണവുമായാണ് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

'സിനിമയില്‍ വന്നത് മുതല്‍  സുഹൃത്തുക്കൾ'; സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പ്രചാരണത്തിനെതിരെ ഷാജി കൈലാസ്
'പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍'; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന് ശ്രുതി

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയര്‍ ചെയ്യുന്നത് കാണുവാന്‍ ഇടയായി. ഒന്നോര്‍ക്കുക, കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍.ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിനെ നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ നിര്‍മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്,''- ഷാജി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ പേരിലുള്ള വ്യാജ പോസ്റ്ററിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഷാജി കൈലാസിന്റെ കുറിപ്പ്.

മീഡിയാ വണ്‍ മാധ്യമപ്രവര്‍ത്തകയെ അനുവാദമില്ലാതെ സ്പര്‍ശിച്ച സുരേഷ് ഗോപിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്നത്. ഇതിനുപിന്നാലെയാണ് ഷാജി കൈലാസ് സുരേഷ് ഗോപിയെ വിമർശിച്ചുവെന്ന തരത്തിൽ പ്രചാരണമുണ്ടായത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in