'കറുകറു കറുപ്പായി' വൈറലായത് ആദ്യം വിശ്വസിച്ചില്ല; സർപ്രൈസ് ഹിറ്റിന്റെ സന്തോഷത്തിൽ ഗായകൻ ഉണ്ണി മേനോൻ

'കറുകറു കറുപ്പായി' വൈറലായത് ആദ്യം വിശ്വസിച്ചില്ല; സർപ്രൈസ് ഹിറ്റിന്റെ സന്തോഷത്തിൽ ഗായകൻ ഉണ്ണി മേനോൻ

അപർണ ബാലമുരളി ലിയോ കണ്ടിട്ട് പറഞ്ഞ കമന്റായിരുന്നു ഏറ്റവും രസകരം

വിജയ് സിനിമ ലിയോയ്‌ക്കൊപ്പം ഹിറ്റാണ് 'കറുകറു കറുപ്പായി' എന്ന ഗാനവും. 2000 ത്തിൽ പുറത്തിറങ്ങിയ പ്രഭുദേവയുടെ 'ഏഴയിൻ സിരിപ്പിൻ' എന്ന ചിത്രത്തിലെ ഈ ഗാനത്തിന് , ലിയോയിൽ വിജയ് ചുവടുവച്ചതോടെയാണ് പാട്ട് വൈറലായത്. 23 വർഷങ്ങൾക്കിപ്പുറം 'കറുകറു കറുപ്പായി' തംരംഗമാകുമ്പോൾ സർപ്രൈസ് ഹിറ്റിന്റെ സന്തോഷത്തിലാണ് ഈ പാട്ട് പാടിയ ഉണ്ണി മേനോൻ.

ശരിക്കും സർപ്രൈസ് ഹിറ്റ്

ലിയോ റിലീസായ സമയത്ത് ഞാൻ കാനഡയിലായിരുന്നു. എണ്ണമറ്റ ഫോൺ വിളികളിൽനിന്നാണ് കറുകറുപ്പായി വൈറലായെന്ന് അറിഞ്ഞത്. 23 വർഷത്തിനുശേഷം ഒരു പാട്ട് ഇങ്ങനെ വൈറലാകുമോയെന്നൊരു സംശയം അപ്പോഴുമുണ്ടായിരുന്നു. പിന്നീട് റീൽസും വീഡിയോകളുമൊക്കെ കണ്ടപ്പോഴാണ് ഇതിന്റെ ഒരു വ്യാപ്തി മനസിലായത്. ശരിക്കുമൊരു സർപ്രൈസ് ഹിറ്റ് തന്നെയാണെന്ന് പറയാം. അതിൽ നല്ല സന്തോഷമുണ്ട്. അതുകൊണ്ട് ഒരുപാട് അവസരങ്ങൾ വരുമെന്നൊന്നും കരുതുന്നില്ലെങ്കിലും ഇതുകൊണ്ട് കരിയറിൽ ഒരു ബൂസ്റ്റ് സംഭവിക്കും. ഞാൻ പാടിയ മറ്റു പല പാട്ടുകളും കൂടി പ്രേക്ഷകരിലേക്കെത്തും.

അപർണ പറഞ്ഞ മോട്ടിവേറ്റിങ് കമന്റ്

അപർണ ബാലമുരളിയുമായി അടുത്ത ബന്ധമുണ്ട്. അപർണ ലിയോ കണ്ടിട്ട് വിളിച്ചു. ചിത്രത്തിൽ കറുകറു കറുപ്പായി ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട്. ഉണ്ണി ചേട്ടൻ തന്നെയാണ് അതിലെ ഹീറോയെന്ന് പറഞ്ഞു. ആ കമന്റ് വളരെ രസകരവും മോട്ടിവേറ്റിങ്ങുമായി തോന്നി.

പിന്നെ ദളപതിയെ പോലെ ഒരു താരം, ലോകേഷിന്റെ പോപ്പുലാരിറ്റി ആ പാട്ട് ഉപയോഗിച്ചിരിക്കുന്ന സീൻ എല്ലാ ഘടകങ്ങളും നന്നായി വന്നതുകൊണ്ടാണ് ഇങ്ങനൊരു ഹിറ്റുണ്ടായത്. നമ്മൾ ചെയ്ത ഒരു പാട്ടിന് ഇപ്പോൾ അഡീഷണൽ ഒരു എഫർട്ടും ഇടാതെ വീണ്ടും ഇതുപോലെ അംഗീകാരം കിട്ടുന്നത് ഭാഗ്യമല്ലാതെ മറ്റെന്താണ്...

ലോകേഷിന് വേണമെങ്കിൽ ആ പാട്ട് എടുത്ത് മറ്റാരെ കൊണ്ടെങ്കിലും വീണ്ടും പാടിക്കാനുള്ള ഓപ്ഷൻ ഒക്കെ തിരഞ്ഞെടുക്കാമല്ലോ? അങ്ങനെ ഒന്നുമില്ലാതെ ഞാൻ പാടിയ പാട്ട് വീണ്ടും ഉപയോഗിക്കുന്നു , അത് വൈറലാകുന്നു ... അനുഗ്രഹിക്കപ്പെട്ട പാട്ടുകാരനാണ് ഞാൻ.

'കറുകറു കറുപ്പായി' വൈറലായത് ആദ്യം വിശ്വസിച്ചില്ല; സർപ്രൈസ് ഹിറ്റിന്റെ സന്തോഷത്തിൽ ഗായകൻ ഉണ്ണി മേനോൻ
വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

കറുകറുപ്പായി അന്നും ഹിറ്റ്

കറുകറുപ്പായി ഇറങ്ങിയ സമയത്തും വലിയ ഹിറ്റായിരുന്നു. പാട്ടിന്റെയൊരു താളവും പ്രഭുദേവയുടേയും റോജയുടേയും ഡാൻസുമൊക്കെയായി അന്നും ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടായിരത്തിലാണ്, രാവിലെ സ്റ്റുഡിയോയിൽ ചെന്ന എന്നോട് ദേവ സാർ ( സംഗീത സംവിധായകൻ) മൂന്ന് പാട്ടുപാടാനുണ്ട് റെഡിയാണോ എന്നാണ് ആദ്യം ചോദിച്ചത്. റെഡിയാണെന്ന് ഞാനും പറഞ്ഞു.

ഒന്നൊരു പെപ്പി നമ്പറാണ്, ഡാൻസ് ആണ് അതിന്റെ ജീവൻ, പ്രഭുദേവയാണ് നായകൻ, റോജയാണ് നായിക, ആ എനർജിയും നോട്ടിനെസും വികൃതിയുമൊക്കെ ശബ്ദത്തിലും വേണമെന്നായിരുന്നു സാറിന്റെ കമന്റ്. പാട്ട് പറഞ്ഞുതന്ന കൃഷ്ണരാജും ഫീൽ മനസിലാക്കാൻ സഹായിച്ചു. പ്രഭുദേവ എങ്ങനെ ഡാൻസ് ചെയ്യുമെന്ന് മനസിൽ ആലോചിച്ചാണ് പാടിയതും. പാട്ട് നന്നായി വന്നുവെന്ന് പറഞ്ഞ് ദേവ സാർ അഭിനന്ദിച്ചിരുന്നു. പ്രഭുദേവയ്ക്ക് നല്ല മാർക്കറ്റുളള സമയമായിരുന്നു, അതുകൊണ്ട് തന്നെ പാട്ടും ഹിറ്റായി.

എല്ലാം ഒരു നിയോഗം പോലെ

ഭീഷ്മപർവത്തിലെ രതിപുഷ്പം പൂക്കുന്ന യാമവും നദികളിൽ സുന്ദരി യമുനയിൽ വരവേൽപ്പിലെ വെള്ളാരപ്പൂമല മേലെ എന്ന ഗാനവും വീണ്ടും പാടാനായി. അതും ഒരു നിയോഗമാണെന്നെ പറയാനാകൂ. ഈ പാട്ടുകളൊക്കെ വേണമെങ്കിൽ കൊച്ചിയിൽനിന്ന് ആരെ കൊണ്ടെങ്കിലും അവർക്ക് പാടിക്കാം. പക്ഷേ എന്നെ ചെന്നെയിൽനിന്ന് വിളിപ്പിച്ച് പാടിക്കുന്നുണ്ടെങ്കിൽ അവയൊക്കെ എനിക്കായി കാത്തിരിക്കുന്ന പാട്ടുകളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊക്കെ സംഭവിച്ചുപോകുന്നതാണ്. ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല.

മകനുവേണ്ടിയും പാടി

മകൻ ആകാശ് സിനിമയിൽ അഭിനയിക്കുന്നുണ്ട്. 'സത്യത്തിൽ സംഭവിച്ചത്' എന്നാണ് സിനിമയുടെ പേര്. അതും ഒരു നിയോഗം പോലെ സംഭവിച്ചതാണ്. അതിനുശേഷം ഒരു ഹിന്ദി സിനിമയിലും ആകാശ് അഭിനയിക്കുന്നുണ്ട്. വി ആർ എന്നാണ് ചിത്രത്തിന്റെ പേര്.

'കറുകറു കറുപ്പായി' വൈറലായത് ആദ്യം വിശ്വസിച്ചില്ല; സർപ്രൈസ് ഹിറ്റിന്റെ സന്തോഷത്തിൽ ഗായകൻ ഉണ്ണി മേനോൻ
തെങ്കാശിപ്പട്ടണവും ​ഗോഡ്‌ഫാദറും പോലൊരു ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ ഉടൻ വരും: ബേസിൽ ജോസഫ്

മകൻ സിനിമയിൽ വരുന്നതിനോട് താൽപ്പ ര്യമുണ്ടായിരുന്നില്ല

അവൻ വളരെ താമസിച്ചാണ് സിനിമയിലെത്തുന്നത്. തന്നെയല്ല ഒരുപാട് കഷ്ടപ്പെട്ടാൽ മാത്രമേ സിനിമയിൽ എന്തെങ്കിലുമാകാനാകൂ. എന്നെപ്പോലെ ആവാനാണെങ്കിൽ സിനിമയിലേക്ക് വരരുതെന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം ഞാൻ അവസരം തേടി ഒരാളുടെ അടുത്തും പോയിട്ടില്ല. സംഗീത സംവിധായകരെയൊക്കെ പോയി കാണൂവെന്ന് പലരും പല ഘട്ടങ്ങളിലും പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും അവസരം തേടി പോയിട്ടില്ല. എന്നെ തേടി വന്ന അവസരങ്ങൾ മാത്രമാണ് ഞാൻ ഉപയോഗിച്ചത്. അതിൽ എനിക്ക് അതീവ തൃപ്തിയുമുണ്ട്. പക്ഷേ സിനിമാ നടനാകണമെങ്കിൽ അതുപറ്റില്ല, സംവിധായകരെ കാണണം, ഓഡിഷനിൽ പങ്കെടുക്കണം. ഇതൊക്കെ മകനോട് പറഞ്ഞുകൊടുത്തിട്ടുണ്ട്.

ദിലീപ് കുമാറും എ ആർ റഹ്മാനും പിന്നെ പുതുവെള്ളൈ മഴൈയും

എനിക്ക ലഭിച്ച എല്ലാ പാട്ടുകളുടേയും വരികൾക്ക് ഒരു കാവ്യാത്മക സൗന്ദര്യവും അര്‍ത്ഥവുമൊക്കെയുള്ളവയായിരുന്നു. അതു തന്നെ വലിയൊരു ഭാഗ്യമല്ലേ. 90കളിൽ റഹ്മാൻ ചെയ്ത എല്ലാ നല്ല പാട്ടുകളും പാടാനായി എന്നതാണ് മറ്റൊരു അനുഗ്രഹം .

ഒരു ദിവസം രാത്രി ഒരു പതിനൊന്ന് മണിയൊക്കെ ആയി കാണും. ഞാൻ ഉറങ്ങിയിരുന്നു. ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ''ദിലീപ് കുമാറാണ് (അന്ന് എ ആർ റഹ്മാൻ ആയിട്ടില്ല) ഒരു സിനിമയിൽ സംഗീതം ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. നിങ്ങളുടെ വോയിസ് കൾച്ചർ എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് വേണ്ടി പാടാമോ,'' എന്ന് ചോദിച്ചു.

പേര് അറിയില്ലെങ്കിലും, കീ ബോർഡ് പ്ലേയർ ആയ ആ പയ്യനെ എനിക്ക് അറിയാമായിരുന്നു. എന്റെ പല പാട്ടുകൾക്കും അദ്ദേഹം കീ ബോർഡ് വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പാടാമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ''പാടി നോക്കാം , സംവിധായകനും നിർമാതാവിനും ഇഷ്ടടപ്പെട്ടാൽ മാത്രമേ ഞാനും നിങ്ങളും സിനിമയിൽ കാണൂ,'' എന്നാണ്. അതെനിക്ക് പുതിയൊരു അനുഭവമായിരുന്നു. ആത്മാർത്ഥമായും തോന്നി. അങ്ങനെയാണ് പുതുവെള്ളൈ മഴൈ പാടുന്നത്. പാടുമ്പോൾ പോലും ആ ഗാനം ഇങ്ങനെ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല

അവസരം കുറഞ്ഞതിൽ പരാതിയില്ല; കിട്ടുന്നതെല്ലാം ബോണസ്

എനിക്ക് അതിൽ അഭ്ദുതവും പരാതിയുമില്ല. സിനിമ അങ്ങനെയാണ്. എല്ലാ കാലത്തും സിനിമയിൽ പാടി കൊണ്ടിരിക്കണമെന്ന് വിചാരിക്കുന്നത് തന്നെ തെറ്റാണ്. പുതിയ ഗായകർ, സംഗീത സംവിധായകർ ഇവിടെ എല്ലാം മാറി മാറി വരും. എല്ലാ കാലത്തും എനിക്ക് കിട്ടുന്നത് കൊണ്ട് തൃപ്തനാണ്. മാത്രമല്ല ഒരു കാലത്തും ഞാൻ അങ്ങനെ തിരക്കുളള ഗായകൻ ആയിരുന്നിട്ടുമില്ല. പരിപാടികളുടെ തിരക്ക് അന്നും ഇന്നും ഉണ്ട്. അതല്ലാതെ, അവസരം തേടി പോകാറുമില്ല. എന്നിട്ടും എന്നെ തേടി വന്നതെല്ലാം നല്ല നല്ല ഗാനങ്ങളാണ്. ഇനിയും എനിക്കുള്ളത് എന്നെ തേടിയെത്തും...

logo
The Fourth
www.thefourthnews.in