'തങ്കമണി' സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍; ബലാത്സംഗ രംഗങ്ങള്‍ സിനിമയില്‍നിന്ന് ഒഴിവാക്കണമെന്ന് ഹർജി

'തങ്കമണി' സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍; ബലാത്സംഗ രംഗങ്ങള്‍ സിനിമയില്‍നിന്ന് ഒഴിവാക്കണമെന്ന് ഹർജി

അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി ആർ വിജുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

‘തങ്കമണി’ സിനിമയിൽ നിന്ന് ബലാത്സംഗ രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. 1986- ലെ തങ്കമണി സംഭവത്തിന്റെ വികലമായ ചിത്രീകരണമാണ് ടീസറിൽ വ്യക്തമാകുന്നതെന്നാണ് ഹർജിയിലെ ആരോപണം. അക്രമവും പോലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി ആർ വിജുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിൽ നിന്ന് ഇത്തരം രംഗങ്ങൾ ചിത്രത്തിലുള്ളതായി വ്യക്തമാകുന്നതെന്നാണ് ഹർജിയിൽ പറയുന്നത്.

'തങ്കമണി' സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍; ബലാത്സംഗ രംഗങ്ങള്‍ സിനിമയില്‍നിന്ന് ഒഴിവാക്കണമെന്ന് ഹർജി
'ചരിത്രത്തിലെ തീപിടിച്ച അധ്യായം'; ദിലീപ് ചിത്രം 'തങ്കമണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നാട്ടിലെ പുരുഷന്മാർ വയലിൽ ഒളിഞ്ഞിരിക്കുന്നതും സ്ത്രീകളെ പോലീസ് മാനംഭംഗപ്പെടുത്തുന്നതും ടീസറിൽ കാണുന്നുണ്ട്. തങ്കമണിയിൽ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ല. തെളിവുകളില്ലാതെ ഇത്തരം സംഭവങ്ങൾ നടന്നുവെന്ന് കാണിക്കുന്നത് ‘തങ്കമണി’ ഗ്രാമവാസികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കും. പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകൾ നഷ്ടമായതുമാണ് യാഥാർഥ്യം. വിദ്യാർഥികളും ‘എലൈറ്റ്’ എന്ന സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചതന്നും ഹർജിയിൽ പറയുന്നു.

'തങ്കമണി' സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍; ബലാത്സംഗ രംഗങ്ങള്‍ സിനിമയില്‍നിന്ന് ഒഴിവാക്കണമെന്ന് ഹർജി
മലയാള സിനിമയ്ക്ക് അഭിമാനനിമിഷം; ഇലവീഴാപൂഞ്ചിറയുടെ ഛായാഗ്രഹണത്തിന് അംഗീകാരം

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ മലയോര ഗ്രാമമാണ് തങ്കമണി. ഒരു ബസ്സ് സർവീസിനെ ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. 1986 ഒക്ടോബർ 22നായിരുന്നു പോലീസിന്റെ നരനായാട്ട് തങ്കമണി ഗ്രാമത്തിൽ അരങ്ങേറിയത്. ഇതേതുടർന്ന്, 1982ൽ അധികാരത്തിലേറിയ കെ കരുണാകരന് 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പരാജയം നേരിടേണ്ടി വരികയായിരുന്നു.

ഈ സംഭവങ്ങളെ ആസ്പദമാക്കിയാണ് രതീഷ് രഘുനന്ദനൻ തങ്കമണി ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മലയാളത്തിലെയും തമിഴിലെയും വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ദിലീപ് നായകനായെത്തുന്ന നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു സിജോ എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in