കരുണാകരനുവേണ്ടി ഭാരം കുറച്ച 'പെണ്ണുടലി'ന്റെ ചരിത്രം

കരുണാകരനുവേണ്ടി ഭാരം കുറച്ച 'പെണ്ണുടലി'ന്റെ ചരിത്രം

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മലയാറ്റൂർ രാമകൃഷ്ണനാണ് ശിൽപ്പം രൂപകൽപ്പന ചെയ്തത്

1969 ലാണ് കേരളത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏർപ്പെടുത്തുന്നത്. ശിൽപ്പം തയാറാക്കാനായി സാംസ്കാരികവകുപ്പ് കണ്ടെത്തിയതാകട്ടെ ചിത്രകാരനും അക്കാലത്ത് വ്യവസായ സെക്രട്ടറിയുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണനെയും. നൃത്തം ചെയ്യുന്ന നർത്തകി എന്ന സ്വന്തം ആശയത്തിൽ മലയാറ്റൂർ പുരസ്കാര ശിൽപ്പത്തിന് രൂപം നൽകി. ഓട് കൊണ്ടുണ്ടാക്കുന്ന ശിൽപ്പത്തിന് മൂന്ന് കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്നു.

കരുണാകരനുവേണ്ടി ഭാരം കുറച്ച 'പെണ്ണുടലി'ന്റെ ചരിത്രം
പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ ആണ്‍കരുത്തുള്ള ശില്‍പം വേണം: അലന്‍സിയര്‍

തൊട്ടടുത്ത വർഷം ശിൽപ്പം സർക്കാർ വീണ്ടും പരിഷ്കരിച്ചു. നർത്തകിയുടെ കൈകൾ ഒതുക്കി ഇപ്പോൾ കാണുന്ന രൂപത്തിലാക്കി. ശിൽപ്പി എം ആർ ഡി ദത്തനാണ് ശിൽപ്പത്തിന്റെ മുഖം മിനുക്കിയത്. ആദ്യകാലത്ത് ശില്‍പ്പത്തിന്‌റെ അടിഭാഗം ഉരുണ്ട രീതിയിലായിരുന്നു. അതിലാണ് അവാര്‍ഡ് ജേതാവിന്‌റെ പേര് എഴുതിയിരുന്നത്. പിന്നീട് ലോഹത്തില്‍ പേര് എഴുതുന്ന സാങ്കേതികവിദ്യ വന്നശേഷം ശില്‍പ്പത്തിന്‌റെ അടിഭാഗത്ത് ചതുരാകൃതിയിലുള്ള ഒരു മെറ്റല്‍ ബോക്‌സ് കൂടി കൂട്ടിച്ചേര്‍ത്തു.

മലയാറ്റൂരിന് ഇഷ്ടപ്പെടാത്ത മെറ്റൽ ബോക്സ്

1990 ലാണ് നർത്തകിയുടെ ശിൽപ്പത്തിൽ മെറ്റൽബോക്സ് കൂട്ടിച്ചേർത്തത്. അത് പക്ഷേ മലയാറ്റൂരിന് ഇഷ്ടപ്പെട്ടില്ല. അതേക്കുറിച്ച് ചലച്ചിത്ര അക്കാദമി സെക്രട്ടറിയായിരുന്ന കെ മനോജ് കുമാറിന് പങ്കുവയ്ക്കാൻ ഒരു ഓർമയുണ്ട്.

''മെറ്റൽ ബോക്സ് കൂട്ടിച്ചേർത്ത വർഷമായ 90ൽ മലയാറ്റൂർ ആയിരുന്നു ചലച്ചിത്ര പുരസ്കാര നിർണയ ജൂറി ചെയർമാൻ. നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. എങ്കിലും പുരസ്കാര വിതരണത്തിനായി നേരത്തെ തന്നെ അദ്ദേഹം വേദിയിലെത്തി, കുറച്ചുനേരം സംഗതികൾ നോക്കിനിന്ന് എന്നെ വിളിച്ചു, (ഞാൻ അന്ന് പി ആർ ഡിയിൽ കൾച്ചറൽ ഡെവലമെന്റ് ഓഫീസറാണ്) എന്താടോ ശിൽപത്തിനു താഴെ വലിയൊരു തടിക്കട്ട? അത് ഡിസൈനിൽ ഇല്ലാത്തതാണല്ലോ'...ലോഹത്തില്‍ പേര് എഴുതുന്ന സാങ്കേതികവിദ്യ വന്നതോടെ പേര് രേഖപ്പെടുത്തതിനായാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അന്നാണ് ഇതിന്റെ ഡിസൈൻ അദ്ദേഹത്തിന്റെ ആണെന്ന് ഞാൻ മനസിലാക്കുന്നതും...''

കരുണാകരനുവേണ്ടി ഭാരം കുറച്ച 'പെണ്ണുടലി'ന്റെ ചരിത്രം
'ആഭാസ'ത്തില്‍ തുടങ്ങി പ്രലോഭിപ്പിക്കുന്ന പെണ്‍പ്രതിമ വരെ; വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അലന്‍സിയര്‍

കരുണാകരനുവേണ്ടി ഭാരം കുറച്ചു

1992 ൽ കാറപകടത്തിൽ പരുക്കേറ്റശേഷം കരുണാകരൻ മുഖ്യമന്ത്രിയായ സമയത്താണ് ശിൽപ്പത്തിന്റെ ഭാരം ആദ്യമായി കുറയ്ക്കുന്നത്. മൂന്ന് കിലോയ്ക്കടുത്ത് ഭാരമുള്ള ശിൽപ്പം എടുത്തുനൽകുന്നത് ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം പരിഗണിച്ച സർക്കാർ, മുഖ്യമന്ത്രിക്ക് വിതരണം ചെയ്യാനായി ശിൽപ്പത്തിന്റെ ഭാരം കുറച്ചു. പിന്നീട് കരുണാകരൻ പുരസ്കാരം വിതരണം ചെയ്ത മൂന്ന് വർഷവും ഇത് തുടർന്നു. ആദ്യം ഓടിന്റെ ഉള്ള് പൊള്ളയാക്കിയും പിന്നീട് മെറ്റൽ ഷീറ്റിലുമായിരുന്നു ശിൽപ്പനിർമാണം.

കരുണാകരന്റെ കാലത്തിനുശേഷം തീരുമാനം മാറ്റിയ സർക്കാർ, വീണ്ടും ശിൽപ്പനിർമാണം ഓടിൽ തന്നെയാക്കി. ഇപ്പോൾ കൈയിൽ പിടിക്കാവുന്ന ഭാരത്തിലാണ് ശിൽപ്പം ഒരുക്കുന്നത്. കരമന തളിയിലെ കലാകാരനും ഫൈൻ ആർട്സ് കോളജിലെ അധ്യാപകനുമായ പദ്മകുമാറിനാണ് ശിൽപ്പനിർമാണത്തിന്റെ ചുമതല.

പുരസ്കാരവും വിവാദങ്ങളും

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തോളം തന്നെ പഴക്കമുണ്ട് അവയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും. 1972 - ലാണ് ആദ്യ വിവാദം. വിവാദമുണ്ടാക്കിയത് അടൂർ ഗോപാലകൃഷ്ണനും. കേരളത്തിൽ ചിത്രീകരിച്ച ചിത്രങ്ങളെ പരിഗണിക്കാതെ മറ്റ് ചിത്രങ്ങൾക്ക് പുരസ്കാരം നൽകിയതിനെ അപലപിച്ച് അടൂർ ഗോപാലകൃഷ്ണൻ പത്രസമ്മേളനം നടത്തി. അതിനുശേഷമാണ് പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ചിത്രങ്ങൾ അവാർഡിനായി പരിഗണിച്ച് തുടങ്ങിയത്.

1994 ൽ പിആർഡിയിൽ നേരിട്ടെത്തി ജി ദേവരാജൻ മാസ്റ്റർ നടത്തിയ പ്രതിഷേധമാണ് ചരിത്രത്തിൽ ഇടം നേടിയ മറ്റൊരു വിവാദം. മൗലികതയില്ലാത്ത ഗാനസംവിധാനത്തിന് ആ വർഷത്തെ അവാർഡ് നൽകിയെന്നായിരുന്നു ദേവരാജൻ മാസ്റ്ററുടെ ആരോപണം.

അതുവരെ ലഭിച്ച എല്ലാ പുരസ്കാരങ്ങളുമായി പിആർഡിയിലെത്തിയ ദേവരാജൻ മാസ്റ്റർ അവാർഡ് തുക തിരികെ നൽകുന്നതിനായി ബ്ലാങ്ക് ചെക്കും പിആർഡിയെ ഏൽപ്പിച്ചു. അതുപോലെ ഒരു പ്രതിഷേധവും വിവാദവും പുരസ്കാരവുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായിട്ടില്ല.

logo
The Fourth
www.thefourthnews.in