എന്തുകൊണ്ട് മലൈക്കോട്ടൈ വാലിബൻ?

എന്തുകൊണ്ട് മലൈക്കോട്ടൈ വാലിബൻ?

കൗണ്ട് ഡൗണ്‍ തുടങ്ങി, കാത്തിരിപ്പ് ജനുവരി 25 നായി

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ജനുവരി 25 നായി, മലൈക്കോട്ടൈ വാലിബനായി. സമീപകാലത്ത്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഒടിയനും മരയ്ക്കാറിനും ശേഷം പ്രേക്ഷകര്‍ ഇത്രയും ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമില്ല. ഒടിയനുശേഷം വന്ന മറ്റൊരു ചിത്രത്തിനും കിട്ടാത്ത ഹൈപ്പ് എന്തുകൊണ്ട് വാലിബന് കിട്ടുന്നു? രണ്ട് പേരുകളാണ് അതിനുള്ള ഉത്തരം, മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും.

ഒടിയനില്‍നിന്ന് വാലിബനിലേക്ക്

ഒടിയന്‌റെ പാളിപ്പോയ കണ്‍ക്കെട്ട് വിദ്യയില്‍ താടിയിലേക്കും പിന്നെ തകര്‍ച്ചയിലേക്കും കൂപ്പുകുത്തിയ മോഹന്‍ലാലിന്‌റെ 5 വര്‍ഷങ്ങള്‍, (ഇടയില്‍ ദൃശ്യ 2വും ലൂസിഫറും മാത്രമാണ് കുറച്ചെങ്കിലും മഹാനടനിലെ നടനത്തെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കിയത്.) നെയ്യാറ്റിന്‍കര ഗോപനും (ആറാട്ട്) ലക്കി സിങ്ങും (മോണ്‍സ്റ്റര്‍) കാളിദാസുമൊന്നും (എലോണ്‍) പ്രതീക്ഷ നല്‍കിയില്ലെന്ന് മാത്രമല്ല പ്രതിഭയുടെ നിഴലുകളായി അവസാനിക്കുകയും ചെയ്തു. ഇതിനെല്ലാം കാരണമായി വിലയിരുത്തപ്പെടുന്നതാകട്ടെ സിനിമ തിരഞ്ഞെടുക്കുന്നിലെ പാളിച്ചകള്‍ക്കൊപ്പം ഒടിയനില്‍ തുടങ്ങി ഒടിയനില്‍ അവസാനിക്കുന്ന ചില അഭ്യൂഹങ്ങളുമാണ്. ദൃശ്യം പോലുള്ള മികച്ച ഹിറ്റ് സമ്മാനിച്ച ജീത്തു ജോസഫിന്‌റെ ട്വൽത്ത് മാനിലെ പോലീസ് വേഷത്തിനുപോലും മോഹന്‍ലാലിനെ താടിയെടുപ്പിക്കാനായില്ലെന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. ഇതിനെല്ലാമുള്ള മറുപടിയും കംപ്ലീറ്റ് ആക്ടര്‍ എന്ന ടാഗ് ലൈനിലേക്കുള്ള തിരിച്ച് പോക്കുമാവണം മോഹന്‍ലാലിന് വാലിബന്‍.

എന്തുകൊണ്ട് മലൈക്കോട്ടൈ വാലിബൻ?
മലൈക്കോട്ടൈ വാലിബൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി

കഴിഞ്ഞ പത്തുവര്‍ഷത്തില്‍ മലയാള സിനിമയിലുണ്ടായ ഒരു ബ്രാന്‍ഡ് ആണ് എല്‍ജെപി, ആ പേര് ഒരു സിനിമയ്ക്ക് നല്‍കുന്ന കരുത്തും ധൈര്യവും പ്രതീക്ഷയും ചെറുതല്ല. അതിന് മുന്‍പുള്ള പരീക്ഷണങ്ങളെ അവഗണിച്ചാല്‍ പോലും ആമേനില്‍ തുടങ്ങി നന്‍പകലില്‍ എത്തി നില്‍ക്കുന്ന ലിജോയുടെ ആഖ്യാനരീതി മലയാള സിനിമയ്ക്ക് കണ്ടില്ലെന്ന് നടിക്കാവുന്നതല്ല.

കൈയില്‍ കിട്ടുന്നത് താരമായാലും നടനായാലും എല്‍ജെപി സ്‌കൂള്‍ ഓഫ് ആക്ടിങ്ങിലേക്ക് മാറ്റപ്പെടുമ്പോള്‍ അതിനൊരു പുതുമയുണ്ട്, പ്രതീക്ഷയുണ്ട്, ആസ്വാദനത്തിന്‌റെ വ്യത്യസ്തമായ തലമുണ്ട്. ആ സ്‌കൂളില്‍ നിന്നുള്ള മോഹന്‍ലാലിനെയാണ്, ലാലേട്ടനെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രതിഭയെ പ്രതിഭാസമാക്കുന്ന ലിജോയുടെ മാജിക്കൽ റിയലിസത്തിനായാണ് ആ കാത്തിരിപ്പ്.

മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി: A deadly combo of extreme talents. അതൊരിക്കലും ഒടിയന്‌റെ പരാജയപ്പെട്ട മായാജാലമോ കുഞ്ഞാലിയുടെ പാളിപ്പോയ യുദ്ധതന്ത്രമോ ആകില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ട്. അതുതന്നെയാണ് വാലിബനായി കാത്തിരിക്കാന്‍ പ്രേക്ഷകര്‍ക്ക് ആവേശം നല്‍കുന്നതും.

എന്തുകൊണ്ട് മലൈക്കോട്ടൈ വാലിബൻ?
ബയോപിക്കുകളുടെ രാജാവ്; കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'ഓപ്പണ്‍ഹൈമര്‍'

ഇന്ത്യന്‍ സിനിമ കണ്ട മികച്ച ചിത്രമായി മലൈക്കോട്ടൈ വാലിബന്‍ മാറുമെന്ന മോഹന്‍ലാലിന്‌റെ പ്രതീക്ഷയും അഭിമാനിക്കാവുന്ന ചിത്രമായി മാറട്ടെയെന്ന ലിജോയുടെ ആഗ്രഹവും ലാലേട്ടന്‌റെ ഇന്‍ട്രോ സീനില്‍ തീയേറ്റര്‍ കുലുങ്ങുമെന്ന ടിനു പാപ്പച്ചന്റെ സൂചനയും വാലിബന്‌റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അമിത പ്രതീക്ഷാ ഭാരവുമായെത്തുന്ന എല്ലാ ചിത്രങ്ങള്‍ക്കുമുള്ള റിസ്‌ക് വാലിബന് കുറച്ച് കൂടുതലുമുണ്ട്. വാലിബന്‍ വര്‍ക്കായില്ലെങ്കില്‍ അത് മോഹന്‍ലാലിനും ലിജോയ്ക്കുമുണ്ടാകുന്ന വെറുമൊരു പരാജയം മാത്രമാകില്ല, മറിച്ച് തിരിച്ചുവരവ് സാധ്യമാകാത്ത വിധം മോഹന്‍ലാലിന്‌റെ പ്രതിഭ നഷ്ടപ്പെട്ടോയെന്ന ചര്‍ച്ചയുടെ തുടക്കം കൂടിയാകും.

logo
The Fourth
www.thefourthnews.in