ആടുജീവിതത്തിന് ഓസ്‌കര്‍ കിട്ടണമെന്നാണ് ആഗ്രഹം: പൃഥ്വിരാജ്
'ആടുജീവിതം' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയാകുമെന്നാണ് പ്രതീക്ഷയെന്ന് പൃഥ്വിരാജ്. സിനിമയയ്ക്ക് ഓസ്‌കര്‍ പുരസ്‌കാര ജേതാവ് ഹാന്‍സ് സിമ്മര്‍ സംഗീതം ചെയ്യണമെന്നും ലയണ്‍സ് ഗേറ്റ് ഇന്റര്‍നാഷണല്‍ ചിത്രം വിതരണത്തിന് എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭുമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
''ഈ സിനിമ അന്താരാഷ്ട്രതലത്തില്‍ സഞ്ചരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഞങ്ങള്‍ ഓസ്‌കര്‍ നേടിയാല്‍ അത് അത്ഭുതമാകും. എന്നാല്‍, സിനിമ ആഗോളതലത്തില്‍ ബ്ലോക്ക്‌ബെസ്റ്റര്‍ ആകുന്നതാണോ അക്കാദമി അവാര്‍ഡ് ആണോ പ്രധാനം എന്ന് ചോദിച്ചാല്‍, അക്കാദമി അവാര്‍ഡ് രണ്ടാമതാകും,'' പൃഥ്വിരാജ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സ്വാഭാവികമായും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എ ആര്‍ റഹ്‌മാന്‍ ഓസ്‌കര്‍ നേടിയതിനാല്‍ അദ്ദേഹത്തെ ലഭിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഹാന്‍സ് സിമ്മറിനെ കൊണ്ടുവരുന്നതാകും കൂടുതല്‍ നല്ലതെന്ന് ഞങ്ങള്‍ കരുതിയിരുന്നു. സിനിമയിലേക്ക് ക്ഷണിക്കാനായി സംസാരിക്കാനായി ഹാന്‍സ് സിമ്മറിന് മെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ, എ ആര്‍ റഹ്‌മാനുമായി 30 മിനുറ്റ് സംസാരിക്കാന്‍ ആയിടയ്ക്ക് സാധിച്ചു. സിനിമയിലേക്ക് താന്‍ വരാമെന്ന് അദ്ദേഹം ഉടന്‍തന്നെ പറയുകയായിരുന്നു.
തുടക്കത്തില്‍ ഒരു പാട്ടും പശ്ചാത്തല സംഗീതവും ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ചിത്രത്തില്‍ നാലു പാട്ടുകളുണ്ട്. ഇതൊരു പ്രത്യേകതയുള്ള കഥയാണെന്ന് ഞങ്ങളെപ്പോല തന്നെ അദ്ദേഹത്തിനും ബോധ്യമുണ്ടായിരുന്നു. പാട്ടുകള്‍ ഇതിനോടകം തന്നെ കേരളത്തില്‍ ഹിറ്റാണ്. പക്ഷേ, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണെന്നും പ്രഥ്വിരാജ് പറഞ്ഞു.
മലയാളം ഉൾപ്പെടെ നാല് ഭാഷകളില്‍ ബ്ലെസി ഒരുക്കിയ ആടുജീവിതം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബെന്ന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം മാര്‍ച്ച് 28-ാണ് തീയേറ്ററുകളില്‍ എത്തുന്നത്.