'തഞ്ചത്തിനു വളവും വേണ്ട, വളത്തിനു തഞ്ചവും വേണ്ട'; നാല് ഞാറ്റുവേലകള്‍ ഒരുമിച്ചു വരുന്ന ഡിസംബര്‍

നാല് ഞാറ്റുവേലകള്‍ ഒരുമിച്ചു വരുന്ന അപൂര്‍വ മാസങ്ങളില്‍ ഒന്നാണ് ഡിസംബര്‍. അനിഴം, തൃക്കേട്ട, മൂലം, പൂരാടം എന്നിവയാണവ. മനസിലാക്കാം ഡിസംബറിലെ ഞായറിന്റെ വേലകള്‍.

കാലാവസ്ഥയുടേയും വളപ്രയോഗത്തിന്റെയും മേന്മകള്‍ മനസിലാക്കിയവരായിരുന്നു കൃഷിക്കാര്‍. കാലാവസ്ഥ, മണ്ണ് തുടങ്ങിയ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ വളപ്രയോഗമില്ലെങ്കും വിളവു ലഭിക്കും. കാലാവസ്ഥയും മണ്ണും അനുകൂലമല്ലെങ്കിലുംനന്നായി പരിപാലിച്ച് വളപ്രയോഗം നടത്തിയാലും വിളവു കുറയില്ല. ഇതാണ് തഞ്ചത്തിനു വളവും വേണ്ട, വളത്തിനു തഞ്ചവും വേണ്ട എന്ന പഴഞ്ചൊല്ലിലൂടെ പൂര്‍വീകര്‍ പറഞ്ഞുവയ്ക്കുന്നത്. കാലാവസ്ഥയറിഞ്ഞ് ശാസ്ത്രീയമായി കൃഷിയിറക്കിയാല്‍ വിളവുണ്ടാകുമെന്നും ഇവര്‍ക്കറിയാമായിരുന്നു.

കേരളത്തില്‍ ശീതകാല പച്ചക്കറി കൃഷിക്ക് പറ്റിയ സമയമാണ് അനിഴം ഞാറ്റുവേല

നാല് ഞാറ്റുവേലകള്‍ ഒരുമിച്ചു വരുന്ന അപൂര്‍വ മാസങ്ങളില്‍ ഒന്നാണ് ഡിസംബര്‍. അനിഴം, തൃക്കേട്ട, മൂലം, പൂരാടം എന്നിവയാണിവ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്നു വരെ നീളുന്നതാണ് അനിഴം ഞാറ്റുവേല. വൃശ്ചികം നാലു മുതല്‍ 17 വരെ നീളുന്ന ഈ ഞാറ്റുവേലയില്‍ മഴക്കാലം തീരുകയാണ്. അതിനാല്‍ ഞാറ്റുവേലകളുടെ പ്രസക്തിയും കുറയുന്ന മാസമാണിത്. കേരളത്തില്‍ ശീതകാല പച്ചക്കറി കൃഷിക്ക് പറ്റിയ സമയമാണ് അനിഴം ഞാറ്റുവേല. വേനല്‍ക്കാല പച്ചക്കറി കൃഷിക്കുള്ള തൈകള്‍ തയാറാക്കുന്ന ജോലികളും ഈ ഞാറ്റുവേലയില്‍ തുടങ്ങാം. നെല്ലില്‍ ചാഴി ശല്യം രൂക്ഷമാകുന്ന സമയമായതിനാല്‍ ചാഴി നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

'തഞ്ചത്തിനു വളവും വേണ്ട, 
വളത്തിനു തഞ്ചവും വേണ്ട'; നാല് ഞാറ്റുവേലകള്‍ ഒരുമിച്ചു വരുന്ന ഡിസംബര്‍
കൃഷിയും ഞാറ്റുവേല കലണ്ടറും

ഡിസംബര്‍ 3 മുതല്‍ 16 വരെയാണ് തൃക്കേട്ട ഞാറ്റുവേല. വൃശ്ചികം 17ന് തുടങ്ങി 30 വരെ നീളുന്ന ഈ ഞാറ്റുവേല രണ്ടാം വിളയായ വിരിപ്പിന്റെ കൊയ്ത്തുകാലമാണ്. താഴ്ന്ന നിലങ്ങളിലും കോള്‍ നിലങ്ങളിലും പുഞ്ച കൃഷി തുടങ്ങുന്ന സമയവുമാണിത്. ഇതുകൊണ്ടാണ് തൃക്കേട്ട പുഞ്ച എന്ന പഴഞ്ചൊല്ല് വന്നത്. ശീതകാല പച്ചക്കറി കൃഷിക്കൊപ്പം പറമ്പുകളില്‍ വേനല്‍ക്കാല പച്ചക്കറി കൃഷി ആരംഭിക്കാനും പറ്റിയ സമയമാണ്.

ഡിസംബര്‍ 16 മുതല്‍ 29 വരെ നീളുന്ന മൂലം ഞാറ്റുവേലയാണ് അടുത്ത പ്രധാനപ്പെട്ട ഞാറ്റുവേല. വൃശ്ചികം 30 മുതല്‍ ധനു13 വരെയാണിത് . കോള്‍ നിലങ്ങളിലും കായല്‍ നിലങ്ങളിലും പുഞ്ച കൃഷിക്ക് പറ്റിയ സമയമാണിത്. രണ്ടു തവണ നെല്‍കൃഷി നടക്കുന്ന ഇരിപ്പൂനിലങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ഈര്‍പ്പം കുറയുന്നത് അനുസരിച്ച് പച്ചക്കറി കൃഷി ആരംഭിക്കാം. മഴ കുറവാണെങ്കില്‍ നിലം പെട്ടെന്ന് ഉണക്കിയെടുക്കാം. വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് മണ്ണ് കായേണ്ടത് അതായത് വെയില്‍ കൊള്ളേണ്ടത് ആവശ്യമാണ്. വിളവ് വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. വെള്ളരി, മത്തന്‍, കുമ്പളം, ചീര, വെണ്ട, കൈപ്പ, പീച്ചില്‍ കക്കിരി തുടങ്ങി ഏതാണ്ട് എല്ലാ പച്ചക്കറികളും വിപുലമായി കൃഷിയിറക്കാന്‍ പറ്റിയ കാലമാണിത്. വേനല്‍ക്കാല പച്ചക്കറികള്‍ ആയ മത്തന്‍, കുമ്പളം, വെള്ളരി എന്നിവ ജൈവവളം ഉപയോഗിച്ച് ഉണ്ടാക്കിയാല്‍ ഒരു വര്‍ഷത്തോളം സൂക്ഷിച്ച് വയ്ക്കാനാകും. നല്ല വായുപ്രവാഹമുള്ള മുറികളില്‍ വാഴനാരോ ഓലയോ ഉപയോഗിച്ച് കെട്ടിത്തൂക്കിയാല്‍ ഒരു വര്‍ഷത്തോളം സൂക്ഷിച്ചുവയ്ക്കാം. കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ എള്ള്, ഉഴുന്ന്, മുതിര, പയര്‍ എന്നിവ വിതയ്ക്കാം. ജലലഭ്യത ഉണ്ടെങ്കില്‍ കപ്പ, മധുരക്കിഴങ്ങ് എന്നിവയും പാടത്ത് ഈ സമയത്ത് കൃഷി ചെയ്യാം.

'തഞ്ചത്തിനു വളവും വേണ്ട, 
വളത്തിനു തഞ്ചവും വേണ്ട'; നാല് ഞാറ്റുവേലകള്‍ ഒരുമിച്ചു വരുന്ന ഡിസംബര്‍
ഞാറ്റുവേല കലണ്ടറിലെ നവംബറും പ്രത്യേകതകളും

ഡിസംബര്‍ 29 മുതല്‍ ജനുവരി 11 വരെ നീളുന്ന പൂരാടം ഞാറ്റുവേലയാണ് ഡിസംബറിലെ അവസാനത്തെ ഞാറ്റുവേല. പാടങ്ങളില്‍ അതായത് വിരിപ്പുനിലങ്ങളില്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ വ്യാപകമായി ഈ ഞാറ്റുവേലയില്‍ കൃഷിയിറക്കാം. ജലലഭ്യത ഉറപ്പുവരുത്തി വേണം ഇങ്ങനെ ചെയ്യാന്‍ എന്നുമാത്രം. പാടത്തും പറമ്പിലും വേനല്‍ക്കാല പച്ചക്കറി കൃഷിക്കുള്ള പണികള്‍ തുടരേണ്ട സമയമാണ് ജനുവരി 11 തുടങ്ങുന്ന ഉത്രാടം ഞാറ്റുവേല. ഇതേക്കുറിച്ച് അടുത്ത മാസം ആദ്യം കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in