റംബൂട്ടാന്‍ മുതല്‍ സാലഡ് ഓറഞ്ച് വരെ; വ്യത്യസ്ത തീര്‍ക്കുന്ന ഫലവര്‍ഗങ്ങളുമായി ഭക്ഷ്യവനം

ചൂടില്‍ നിന്നു രക്ഷനേടാനും ജീവജാലങ്ങള്‍ക്ക് കൂടൊരുക്കാനും ചെറിയവനങ്ങള്‍ എന്ന ആശയത്തിന് സ്വീകാര്യത ഏറിവരികയാണ്.

ഭക്ഷ്യവനം കാണണമെങ്കില്‍ എറണാകുളം കാഞ്ഞൂരില്‍ എത്തണം. ചൂടില്‍ നിന്നു രക്ഷനേടാനും ജീവജാലങ്ങള്‍ക്ക് കൂടൊരുക്കാനും ചെറിയവനങ്ങള്‍ എന്ന ആശയത്തിന് സ്വീകാര്യത ഏറിവരികയാണ്. ഇതില്‍ ഭക്ഷ്യയോഗ്യമായ സസ്യലതാദികളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ അവ അന്നം തരുന്ന ഭക്ഷ്യവനങ്ങളായി. വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമാകുന്ന ഇക്കാലത്ത് ഭക്ഷ്യവനങ്ങള്‍ എന്ന ആശയത്തിന് പ്രസക്തിയേറുകയാണ്. അറുപതിനം ഫലവര്‍ഗങ്ങളും ജാതിയും വാഴയും ഒക്കെചേര്‍ന്ന് ജീവജാലങ്ങള്‍ക്ക് തണലും ഭക്ഷണവും ഒരുക്കുന്ന ഒരു ഭക്ഷ്യവനമാണ് കാഞ്ഞൂരിലുള്ളത്. തട്ടാംപടിയിലെ പയ്യപ്പിള്ളി പ്ലാന്റേഴ്‌സിന്റെ മൂന്നേക്കറിലെ ഈ ഭക്ഷ്യവനം ഒരുക്കുന്ന കാഴ്ചകള്‍ മനം കവരുന്നതാണ്.

വ്യാവസായികാടിസ്ഥാനത്തില്‍ ജാതിയും റംബൂട്ടാനും കൃഷിചെയ്തിരിക്കുന്നതിനാല്‍ വരുമാനം ഇവ കൊണ്ടുവരും. ഇതിനൊപ്പം വളരുന്ന വിദേശയിനം ഫലവര്‍ഗങ്ങള്‍ ഭക്ഷണവും ഒരുക്കും.

വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരിക്കുന്ന ജാതിയും റംബൂട്ടാനുമാണ് വരുമാനമാര്‍ഗം. ഇതിനൊപ്പം വളരുന്ന വിദേശയിനം ഫലവര്‍ഗങ്ങള്‍ ഭക്ഷണവും ഒരുക്കും. മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലിചെയ്തിരുന്ന ഇപ്പോള്‍ കംപ്യൂട്ടര്‍ ഹോള്‍സെയില്‍ ബിസിനസ് ചെയ്യുന്ന രാജേഷ് ജോയിയാണ് ഭക്ഷ്യവനം സംരക്ഷിക്കുന്നത്. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഒഴിവുസമയ വിശ്രമ-വിനോദ കേന്ദ്രം കൂടിയാണിത്.

റംബൂട്ടാന്‍ കുടുബാംഗമായ പുലാസാനും ആത്തച്ചക്കയുടെ ബന്ധു റൊളീനിയയും ബറാബയും സാലഡ് ഓറഞ്ചും വെസ്റ്റ് ഇന്ത്യന്‍ ചെറിയുമെല്ലാം മത്സരിച്ചു കായ്ക്കുകയാണിവിടെ.

റംബൂട്ടാന്‍ കുടുബാംഗമായ പുലാസാനും ആത്തച്ചക്കയുടെ ബന്ധു റൊളീനിയയും ബറാബയും സാലഡ് ഓറഞ്ചും വെസ്റ്റ് ഇന്ത്യന്‍ ചെറിയുമെല്ലാം മത്സരിച്ചു കായ്ക്കുകയാണിവിടെ. വേനലും കാലാവസ്ഥാ വ്യതിയാനവും പഴങ്ങളുടെ കായ്ക്കല്‍ താമസിപ്പിക്കുന്നുണ്ട്. റംബൂട്ടാന്റെ 148 മരങ്ങള്‍ മരമടച്ച് കച്ചവടം ചെയ്യുകയാണ്. ചാലക്കുടിക്കാരനായ പുല്ലന്‍ ജാതിയും പാലക്കാടന്‍ ജാതിയിനങ്ങളും തോട്ടത്തിനു നെടുകേയുള്ള വഴിയുടെ ഇരുവശങ്ങളിലും ധാരാളം കായ്ച്ചുകിടക്കുന്നു. മാവുകളില്‍ എല്ലാ സീസണിലും കായ്ക്കുന്ന ഓള്‍സീസണ്‍ ഇനമുള്ളതുപോലെ ജാതിയിലെ ഓള്‍സീസണാണ് പുല്ലന്‍ ഇനം.

വെള്ളത്തിനായി പറമ്പിലെ മൂന്നു കിണറുകളെയാണ് ആശ്രയിക്കുന്നത്. മരങ്ങള്‍ക്കിടയിലൂടെ ചാലുകീറിയും സ്പ്രിംഗളര്‍ ഉപയോഗിച്ചുമാണ് ജലസേചനം. വര്‍ഷത്തില്‍ രണ്ടുതവണ നല്‍കുന്ന ചാണകവും ഒരുതവണ നല്‍കുന്ന കപ്പലണ്ടിപ്പിണ്ണാക്കും എല്ലുപൊടിയുമൊക്കെയാണ് മരങ്ങളുടെ ഭക്ഷണം. ഒപ്പം ഒരു ടോണിക്കായി ചില രാസവളങ്ങളും നല്‍കുന്നു.

ഫോണ്‍: രാജേഷ് ജോയ്:93884 85699.

Related Stories

No stories found.
logo
The Fourth
www.thefourthnews.in