തമിഴ്‌നാട് നെല്ല്, സ്വദേശിയാക്കി സംഭരിക്കും; സപ്ലൈകോയുടെ പാഡി ഓഫീസുകളില്‍ നടക്കുന്നത് വന്‍ കൊള്ള

തമിഴ്‌നാട് നെല്ല്, സ്വദേശിയാക്കി സംഭരിക്കും; സപ്ലൈകോയുടെ പാഡി ഓഫീസുകളില്‍ നടക്കുന്നത് വന്‍ കൊള്ള

പാഡി ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

നെല്ല് സംഭരണത്തിന്റെ പേരില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിനു കീഴിലുള്ള സപ്ലൈകോയുടെ പാഡി ഓഫീസുകളില്‍ നടക്കുന്നത് വന്‍ കൊള്ളയെന്ന് ആക്ഷേപം. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് നെല്ലെത്തിച്ച് സപ്ലൈകോയ്ക്ക് ഉയര്‍ന്ന വിലയ്ക്ക് നല്‍കിയാണ് വന്‍ തിരിമറി നടക്കുന്നത്. തരിശുകിടക്കുന്ന പാടശേഖരങ്ങളിലെ വരെ കര്‍ഷകരെ ബന്ധപ്പെട്ടാണ് തമിഴ്നാട് നെല്ല്, സ്വദേശിയാക്കി രേഖയുണ്ടാക്കുന്നത്. പാടശേഖരങ്ങളില്‍ നിന്ന് നെല്ലെടുക്കുന്ന കണക്കില്‍ വരെ കൃത്രിമം കാണിച്ചാണ് തമിഴ്നാട് നെല്ല് സപ്ലൈകോയ്ക്ക് നല്‍കുന്നതിനുള്ള നടപടികൾ പൂര്‍ത്തിയാക്കുന്നത് എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ജില്ലാ ഓഫീസുകളിലാണ് അതാതു ജില്ലകളിലെ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്.

തമിഴ്നാട്ടില്‍ നിന്ന് കിലോയ്ക്ക് 15-18 രൂപയ്ക്കെത്തിക്കുന്ന നെല്ല് പാഡി ഓഫീസറുടെ ഒത്താശയോടെ ഏതെങ്കിലും കര്‍ഷകന്റെ അക്കൗണ്ടില്‍ കയറ്റിയാണ് സപ്ലൈകോയ്ക്ക് നല്‍കുന്നത്. കിലോയ്ക്ക് 28 രൂപ നിരക്കിലാണ് സപ്ലൈക്കോ കേരളത്തില്‍ നിന്നും നെല്ലെടുക്കുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന നെല്ല് ഇവിടെ എത്തിച്ച് സപ്ലൈകോയ്ക്ക് നല്‍കുമ്പോള്‍ കിലോയ്ക്ക് 10 രൂപയിലധികമാണ് ലാഭം. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നെല്ലിന്റെ കണക്ക് സ്വന്തം അക്കൗണ്ടില്‍ രേഖപ്പെടുത്താന്‍ അനുവദിക്കുന്ന കര്‍ഷകര്‍ക്ക് പാഡി ഓഫീസര്‍മാരുടെ വക മറ്റ് ഓഫറുകളും ലഭിക്കുന്നുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എറണാകുളം കാലടിയിലെ മില്ലുകളിലാണ് ഇത്തരത്തിലുള്ള നെല്ലെത്തുന്നതെന്നാണ് വിവരം.

തമിഴ്‌നാട് നെല്ല്, സ്വദേശിയാക്കി സംഭരിക്കും; സപ്ലൈകോയുടെ പാഡി ഓഫീസുകളില്‍ നടക്കുന്നത് വന്‍ കൊള്ള
കർഷകർക്ക് ആവശ്യം ഉറപ്പുള്ള വരുമാനം

സംസ്ഥാന വ്യാപകമായി ഇന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന നെല്ല് സംഭരണത്തിലെ അഴിമതിയുടെ പശ്ചാത്തലത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ചില പാഡി ഓഫീസര്‍മാരും, നെല്ല് സംഭരണത്തിനായി മില്ലുകള്‍ നിയോഗിക്കുന്ന ഏജന്റുമാരും ഒത്തുകളിച്ച് തട്ടിപ്പ് നടത്തുന്ന എന്ന ആക്ഷേപത്തിന്റെ പശ്ചാത്തിലത്തിലായിരുന്നു മിന്നല്‍ പരിശോധന. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ ജില്ലാ ഓഫീസുകളിലാണ് അതാതു ജില്ലകളിലെ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. നെല്ല് അളക്കുമ്പോള്‍ കിട്ടുന്ന പിആര്‍ എസില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ നെല്ല് പാഡി ഓഫീസറുടെ കണക്കില്‍ വന്നാല്‍ അത് ക്രമക്കേടായി കണക്കാക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരുടെ അക്കൗണ്ടുകളാണ് ഇത്തരം ക്രമക്കേടിന് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസുകളുമായി ബന്ധപ്പെട്ട ഉയരുന്ന ക്രമക്കേടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരുടെ അക്കൗണ്ടുകളാണ് ഇത്തരം ക്രമക്കേടിന് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. തരിശുകിടക്കുന്ന പാടങ്ങളിലാണ് ഇവര്‍ കൃഷി ഇറക്കുന്നത്. നേരത്തെ കൃഷിചെയ്ത് വിളവ് രേഖപ്പെടുത്താത്തതിനാൽ വിളവിന്റെ തോത് വര്‍ധിപ്പിച്ചു കാണിക്കാനാകും. ഇതിന് പുറമെ കൃഷി നടക്കാത്ത പാടങ്ങളുടെ പേരിലും നെല്ലുസംഭരിച്ചതായി രേഖയുണ്ടാക്കുന്നുണ്ട്. പാഡി ഓഫീസര്‍ വിചാരിച്ചാലേ ഇതൊക്കെ നടക്കൂ. പാടങ്ങളിലെ നെല്‍കൃഷി നശിച്ചതായി രേഖയുണ്ടാക്കി ഇത്തരം കര്‍ഷകര്‍ക്ക് ഇവര്‍ നഷ്ടപരിഹാരവും സര്‍ക്കാരില്‍ നിന്ന് വാങ്ങി നല്‍കുന്നതായും പരാതിയുണ്ട്.

കോട്ടയം പാഡി ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധന.
കോട്ടയം പാഡി ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധന.

ജലാംശ കുറവിന്റെ പേരിലും തട്ടിപ്പ്

മില്ലുകള്‍ സംഭരിക്കുന്ന നെല്ലിലെ ജലാംശം കണ്ടെത്തി അളക്കുന്ന നെല്ലില്‍ കുറവനുവദിക്കുന്നത് പാഡി ഓഫീസറാണ്. കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിക്കുമ്പോള്‍ ഈര്‍പ്പത്തിനനുസരിച്ച് സംഭരിക്കുന്ന നെല്ലില്‍ കുറവു വരുത്തുന്നതിലും പാഡി ഓഫീസര്‍മാര്‍ പണം വാങ്ങുന്നതായി കര്‍ഷകര്‍ പറയുന്നുണ്ട്.

അരിവീഴ്ചയുള്ള പാടം ലഭിക്കാന്‍ ഏജന്റുമാര്‍

കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഒരു ക്വിന്റല്‍ നെല്ലിന് 68 കിലോ അരിയാണ് മില്ലുകാര്‍ സര്‍ക്കാരിനു നല്‍കേണ്ടത്. വര്‍ഷത്തില്‍ ഒരുകൃഷി നടത്തുന്ന പാടങ്ങളിലെ നെല്ലിന് അരിവീഴ്ച (അരിയുടെ തൂക്കം) കൂടുതലായിരിക്കും. രണ്ടു പ്രാവശ്യം കൃഷിനടക്കുന്ന പാടങ്ങളില്‍ അരിവീഴ്ച കുറവും. അരിവീഴ്ച കൂടുതലുള്ള പാടങ്ങള്‍ മില്ലുടമകള്‍ക്ക് നല്‍കുന്നതിന്റെ പേരിലും പാഡി ഓഫീസര്‍മാര്‍ മില്ലുടമകളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇടനിലക്കാരാണ് ഇത്തരത്തില്‍ പാഡി ഓഫീസര്‍മാരെ സ്വാധീനിച്ച് പാടങ്ങള്‍ വന്‍തുക നല്‍കി വാങ്ങി മില്ലുകള്‍ക്ക് നല്‍കുന്നതിനു പിന്നിലത്രേ.

ഒരുക്വിന്റല്‍ നെല്ല് അരിയാക്കുന്നതിന് മില്ലുകാര്‍ക്കുണ്ടാകുന്ന ചെലവ് 22 രൂപയാണ്. ഒരു മില്ലുകാര്‍ക്ക് നല്‍കിയിരിക്കുന്ന പാടത്ത് നെല്ലുവീഴ്ച കുറവാണെങ്കില്‍ നല്ല വിളവുള്ള മറ്റൊരു പാടം അതു നല്‍കിയിരിക്കുന്ന മില്ലുകാരുമായി സംസാരിച്ച് മാറ്റി നല്‍കുന്നതിലും പാഡി ഓഫീസര്‍മാരുടെ പങ്ക് ചെറുതല്ല. ഇതിലും ക്രമക്കേടുകളും അഴിമതിയും നടക്കുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in