ഇറച്ചിക്കോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളുമോ?
കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല പോകുന്നതെങ്ങോട്ട്?

ഇറച്ചിക്കോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളുമോ? കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല പോകുന്നതെങ്ങോട്ട്?

ഇറച്ചികോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളും ഉണ്ടെന്ന വാര്‍ത്തകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളിലടക്കം. ഈ പ്രചാരണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

ഇറച്ചികോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളും ഉണ്ടെന്ന വാര്‍ത്തകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളിലടക്കം. ഇതിനു ശക്തിപകരുന്ന രീതിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരസ്യങ്ങളും നല്‍കുന്നുണ്ട്. ഈ പ്രചാരണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇത് സാധാരണക്കാരായ ഉപഭോക്താക്കളില്‍ ഭീതി വളര്‍ത്തുന്നുണ്ട്. ഇറച്ചിക്കോഴി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഇതുണ്ടാക്കുന്ന തെറ്റിദ്ധാരണ ഉപഭോഗം കുറയ്ക്കാനും പോന്നതാണ്. കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖലയെത്തന്നെ തളര്‍ത്താന്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് സാധിക്കും.

ഇറച്ചിക്കോഴിക്ക് തൂക്കം വയ്ക്കുന്നതെങ്ങനെ?

ജനിതകപരമായി ലഭിച്ച തീറ്റ പരിവര്‍ത്തനശേഷി, വളര്‍ച്ചാ നിരക്ക് എന്നിവയാണ് ഇറച്ചിക്കോഴിയെ ഇറച്ചിക്കോഴിയാക്കുന്നത്. അല്ലാതെ പുറത്തുനിന്ന് ഹോര്‍മോണ്‍ നല്‍കിയതുകൊണ്ടല്ല. ഹോര്‍മോണിന്റെ വില നമ്മളുദ്ദേശിക്കുന്നതിനും അപ്പുറമാണ്. അതുള്ള തീറ്റ നല്‍കിയാല്‍ ഇറച്ചിക്കോഴി ഈ വിലയ്ക്ക് വില്‍ക്കാനാവില്ലെന്നത് മറ്റൊരു വസ്തുത. ജനിതകഘടന, പോഷണം, ശാസ്ത്രീയ പരിചരണം എന്നിവയെ ആശ്രയിച്ചാണ് ഇറച്ചി കോഴികളുടെ ശരീരഭാരം ഉയരുന്നത്. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ച് ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ നല്‍കുന്നെന്നാക്കുന്നത്. ഹോര്‍മോണുകള്‍ നല്‍കിയല്ല കോഴികളെ വളര്‍ത്തുന്നത് എന്നത് ഗവേഷണ ഫലങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോഴിവളര്‍ത്തലില്‍ ഹോര്‍മോണുകള്‍ തീരെ ഉപയോഗിക്കുന്നില്ല. ശുപാര്‍ശ ചെയ്യുന്നതിലധികം ആന്റിബയോട്ടിക്കുകളും നല്‍കുന്നില്ല. മാത്രമല്ല ആവശ്യമായ വിടുതല്‍ കാലയളവ് അനുവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇവ ഒരിക്കലും മനുഷ്യന് ദോഷമാകുന്നില്ല.

ആഴ്ചയില്‍ ഒരുകോടി കിലോ, അതായത് മാസത്തില്‍ 40000 ടണ്‍ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. ഇതില്‍ 40 ശതമാനത്തോളം അതായത് 12000 ടണ്ണാണ് കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം

ഇറച്ചിക്കോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളുമോ?
കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല പോകുന്നതെങ്ങോട്ട്?
കാര്‍ഷിക കലണ്ടറിലെ ഓഗസ്റ്റ്, ആയില്യത്തില്‍ അകലെയെറിയണം

സാധ്യതകള്‍ക്ക് നടുവിലും പ്രശ്‌നങ്ങളേറെ

സാധ്യതകളേറെയുള്ളതാണ് കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല. അതിനു തുല്യമായോ മേലേയോ പ്രശ്‌നങ്ങളുമുണ്ട്. കേരളത്തില്‍ കര്‍ഷകരും സംരംഭകരുമടക്കം അഞ്ച് ലക്ഷം പേരുടെ ജീവനോപാധിയാണിത്. എന്നാല്‍ കോവിഡിനുശേഷമുള്ള അരക്ഷിതാവസ്ഥ ഈ മേഖലയെ വിട്ടുപോയിട്ടില്ല. തീറ്റച്ചെലവിലും ഉത്പാദനച്ചെലവിലുമുണ്ടായ വര്‍ധന ഭീമമാണ്. തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചു. കടുത്ത വിപണി സമ്മര്‍ദം, വര്‍ധിച്ച നികുതി, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി മലിനീകരണ നിയന്ത്രണങ്ങള്‍, വസ്തുതയില്ലാത്ത ആരോപണങ്ങള്‍ എന്നിവ ഈ മേഖലയെ പിടിച്ചുലയ്ക്കുകയാണ്.

ഗതികേടിലാണ് കര്‍ഷകര്‍

അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള അശാസ്ത്രീയമായ വിപണനവും, ഉത്പാദനച്ചെലവിലുണ്ടായ ഭീമമായ വര്‍ധനയും മൂലം നിരവധി കര്‍ഷകരാണ് ഈ മേഖലയില്‍ നിന്ന് പിന്തിരിയുന്നത്. ഇതുമൂലം സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവ് വലുതാണ്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കോഴിവളര്‍ത്തല്‍ സംരംഭകരും കേരളത്തിലേറെയാണ്. എന്നാല്‍ ഉപഭോഗത്തില്‍ വര്‍ധനയുണ്ടുതാനും. ഈ സാധ്യത മനസിലാക്കുന്നത് അയല്‍ സംസ്ഥാനങ്ങളാണ്. നമ്മുടെ പ്രതിദിന ആവശ്യകതയുടെ 70 ശതമാനത്തോളം ഇറച്ചിക്കോഴികളുമെത്തുന്നത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവയ്ക്ക് വിലയും താരതമ്യേന കൂടുതലാണ്. അയല്‍ സംസ്ഥാന ലോബിയാണ് കേരളത്തിലെ ഇറച്ചികോഴി വില നിയന്ത്രിക്കുന്നതു തന്നെ. മരുന്ന്, വളര്‍ത്തുചെലവുകള്‍, തീറ്റ എന്നിവ ഉള്‍പ്പെടെ ഇന്ന് ഒരുകിലോ കോഴിയിറച്ചിയുടെ ഉത്പാദനച്ചെലവ് 97 രൂപയാണ്. കോഴിത്തീറ്റ വില കിലോയ്ക്ക് 41 രൂപയിലേറെയായി. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വിലയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വര്‍ധന ഉത്പാദനച്ചെലവ് കൂട്ടുന്നു. എന്നാല്‍ ഇറച്ചികോഴിയുടെ ഫാം ഗേറ്റ് വില 103 രൂപയാണ്. ചില്ലറവില്‍പന വില കിലോഗ്രാമിന് 150 രൂപ കേന്ദ്രീകരിച്ച് നിലകൊള്ളുന്നു. കോഴിയിറച്ചിക്ക് 250 രൂപയോളവും വില വരുന്നുണ്ട് പല സമയങ്ങളിലും.

ഇറച്ചിക്കോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളുമോ?
കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല പോകുന്നതെങ്ങോട്ട്?
കാണം വില്‍ക്കാതെ ഓണമുണ്ണാന്‍, ഒരു കഞ്ഞിക്കുഴി 'പാഠം'

ഇറച്ചിക്കോഴി വളര്‍ത്തല്‍ കൃഷിയുടെ ഭാഗമല്ലേ?

ഇറച്ചിക്കോഴി വളര്‍ത്തല്‍ കൃഷിയുടെ ഭാഗമായി പരിഗണിച്ചിട്ടില്ല. വര്‍ഷത്തില്‍ ആറ് മാസത്തിലധികവും ഉത്പാദനചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കോഴിയെ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുമാകുന്നു.

രാജ്യത്തെ മൊത്തം കാര്‍ഷിക ഉത്പാദനത്തിന്റെ 26 ശതമാനത്തോളം സംഭാവനചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഈ മേഖലയില്‍ കോഴിവളര്‍ത്തലിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 16 ശതമാനത്തോളം വരും. കോഴിയിറച്ചി ഉപഭോഗത്തില്‍ കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. രാജ്യത്തെ മൊത്തം കോഴിയിറച്ചി ഉത്പാദനത്തിന്റെ 4.38 ശതമാനം കേരളത്തില്‍ നിന്നാണ്. പ്രതിശീര്‍ഷ കോഴിയിറച്ചി ഉപഭോഗം പ്രതിവര്‍ഷം ദേശീയ തലത്തില്‍ 3.1 കിലോഗ്രാമാണ്. എന്നാല്‍ കേരളത്തിലിത് 10 കിലോഗ്രാമോളം വരും.

കോഴിവളര്‍ത്തലില്‍ 75 ശതമാനവും തീറ്റച്ചെലവാണ്. കോവിഡിന് മുമ്പത്തെ കാലയളവിനെ അപേക്ഷിച്ച് കോഴിത്തീറ്റയുടെ വില കിലോഗ്രാമിന് 24 രൂപയില്‍ നിന്നും 41 രൂപയായി ഉയര്‍ന്നിട്ടുണ്ട്. തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ കാലാവസ്ഥ വ്യതിയാനം, ലഭ്യത എന്നിവയ്ക്കനുസരിച്ച് വന്‍ വര്‍ധന ദൃശ്യമാണ്. ഉത്പാദന ചെലവിന് ആനുപാതികമായി കോഴിമുട്ടയുടെയും ഇറച്ചിയുടെയും വിലയില്‍ വര്‍ധനയുണ്ടാകുന്നില്ല. മാത്രമല്ല അയല്‍ സംസ്ഥാന ലോബിയുണ്ടാക്കുന്ന കൃത്രിമ വില സുസ്ഥിരവുമല്ല. ഉയര്‍ന്ന ഉത്പാദന ചിലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ കര്‍ഷകരും സംരംഭകരും കോഴിവളര്‍ത്തലില്‍ നിന്ന് പിന്തിരിയുന്ന പ്രവണതയും വര്‍ധിക്കുകയാണ്.

മലയാളി കഴിക്കുന്നത് മാസം 40000 ടണ്‍ കോഴിയിറച്ചി

ആഴ്ചയില്‍ ഒരുകോടി കിലോ, അതായത് മാസത്തില്‍ 40,000 ടണ്‍ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. ഇതില്‍ 40 ശതമാനത്തോളം അതായത് 12,000 ടണ്ണാണ് കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം. കോവിഡിനുശേഷം ആവശ്യകതയുടെ 60 ശതമാനം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നു. കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും വിതരണം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. 1.75 കോടിയോളം കോഴിക്കുഞ്ഞുങ്ങളെയാണ് മാസംതോറും കേരളത്തില്‍ കോവിഡിന് മുൻപ് വളര്‍ത്തിയിരുന്നത്. നിരവധി പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിനായുള്ള അശാസ്ത്രീയ രീതികള്‍ പ്രവര്‍ത്തികമാക്കന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നതാണ് ഒന്നാമത്തേത്. ഈ രംഗത്ത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്പാദക സൗഹൃദവും പ്രായോഗികവുമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ലൈസന്‍സിങ് നടപടിക്രമങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം.

കേരളത്തിലെ കോഴിയിറച്ചി വിപണി നിശ്ചയിക്കുന്നത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ്. അതായത് തമിഴ്‌നാട് ബിസിസി റേറ്റ് + കടത്തുകൂലി+റീറ്റെയ്ല്‍ മാര്‍ജിന്‍. എന്നാല്‍ കേരളാ ചിക്കന്‍ ഈ റേറ്റില്‍ നിന്നും വില കുറച്ചു വില്‍ക്കുന്നത് ഇറച്ചിക്കോഴിവളര്‍ത്തല്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നെന്ന് ഇവര്‍ പറയുന്നു. ഉത്പാദനച്ചെലവ് കുറയ്ക്കാനായി കേരള ചിക്കന് സര്‍ക്കാര്‍ 60 കോടി രൂപയോളം പ്രതിവര്‍ഷം സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ മറ്റു ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നുമില്ല. ഇത് മനസിലാക്കി ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധിയായ കോഴിവളര്‍ത്തല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ കോഴി സംഘടനകളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടിയാലോചിച്ചു ഇറച്ചിക്കോഴിക്കും തറവില നിശ്ചയിക്കണം.

കോഴിത്തീറ്റയ്ക്കാവശ്യമായ അസംസ്‌കൃതചേരുവകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. സോയമീല്‍, ചോളം, തവിടെണ്ണ എന്നിവയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് 300 ശതമാനത്തിലധികമാണ്. സുസ്ഥിര ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും സംരംഭകരെ സഹായിക്കുവാനും തൊഴിലവസരങ്ങള്‍ വിപുലപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ കോഴിവളര്‍ത്തലിനു പ്രത്യേക പാക്കേജ് നടപ്പിലാക്കണം.

ഇറച്ചിക്കോഴിയില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളുമോ?
കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല പോകുന്നതെങ്ങോട്ട്?
ഒന്നരലക്ഷത്തിന്റെ മഞ്ഞള്‍ മുതല്‍ മുല്ലപ്പൂ നെല്ല് വരെ

ഇതിനായി ചില നിര്‍ദേശങ്ങള്‍

1. ഉത്പാദനചെലവിലും കുറഞ്ഞ വിലയ്ക് കോഴികളെ വില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം.

2. കുടുംബശ്രീ ചിക്കന്‍, കോഴിവളര്‍ത്തലിനു നല്‍കുന്ന സബ്സിഡി കേരളത്തില്‍ കോഴി വളര്‍ത്തുന്ന മറ്റു കര്‍ഷകര്‍ക്കും ലഭ്യമാക്കുക. കോഴിക്കുഞ്ഞ്, തീറ്റ എന്നിവയ്ക്ക് സബ്സിഡി അനുവദിക്കണം. കുറഞ്ഞ വിലയ്ക്ക് ഇവ ലഭ്യമാക്കണം

3. കോഴിവളര്‍ത്തല്‍ കൃഷിയായി അംഗീകരിച്ചു കൃഷിക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം. കോഴിക്കും, ഷെഡിനുമുള്ള നികുതി വര്‍ഷാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഒരു കിലോ കോഴിയിറച്ചിക്ക് ഒരുരൂപ നിരക്കിലാണ് നികുതി അടയ്ക്കേണ്ടിവരുന്നത്. അതിനാല്‍ ഷെഡുകള്‍ക്കും മറ്റും ചുമത്തുന്ന വര്‍ധിച്ച നികുതി ഒഴിവാക്കേണ്ടതുണ്ട്.

4. സോഷ്യല്‍ മീഡിയ, മറ്റു മാധ്യമങ്ങള്‍ എന്നിവ വഴി ഹോര്‍മോണ്‍, ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുവെന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചരണം തീര്‍ത്തും ഒഴിവാക്കണം.

5. ഗുണമേന്മ, ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നിവ വിലയിരുത്താന്‍ ഗവേഷണ പരിപാടികള്‍ നടപ്പിലാക്കുന്നത് ഉപഭോക്താക്കളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാനിടവരുത്തും. കോഴിത്തീറ്റയുടെ വിലവര്‍ധനവിന് ആനുപാതികമായി തീറ്റ സബ്സിഡിയോ, ഉത്പാദന ഇന്‍സെന്റീവോ കര്‍ഷകര്‍ക്ക് ലഭ്യമാക്കണം.

6. ഉത്പാദക ക്‌ളസ്റ്ററുകള്‍ രൂപീകരിച്ച് സംസ്‌കരണ കേന്ദ്രങ്ങളും, വിപണന കേന്ദ്രങ്ങളും ആരംഭിക്കുന്നതോടൊപ്പം കൂടുതല്‍ എഫ്പിഒകള്‍ കോഴിവളര്‍ത്തലിലാരംഭിക്കണം.

7. കേന്ദ്ര പദ്ധതികളായ ഭൗതിക സൗകര്യ വികസനഫണ്ട്, കോള്‍ഡ് ചെയിന്‍ പ്രൊജക്റ്റ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, എംസ്എംഎ, അഗ്രിബിസിനസ്, അഗ്രി ഇന്‍ഫ്രാഫണ്ട് മുതലായവ കോഴിവളര്‍ത്തലിലും ലഭ്യമാക്കണം.

8. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്ലാറ്റഫോം തറവില, തീറ്റയുടെ ചേരുവകളുടെ വില എന്നിവ കാലാകാലങ്ങളില്‍ വിലയിരുത്തേണ്ടതുണ്ട്.

9.കോഴിവളര്‍ത്തലില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളുടെ തൊഴില്‍ ലഭ്യത ലക്ഷ്യമിട്ട് സംരംഭകത്വ പദ്ധതികള്‍ നടപ്പിലാക്കണം.

10. മലിനീകരണ നിയന്ത്രണത്തിനായുള്ള അശാസ്ത്രീയ രീതികള്‍ പ്രവര്‍ത്തികമാക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കരുത്. ഈ രംഗത്ത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്പാദക സൗഹൃദവും, പ്രായോഗികവുമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ലൈസന്‍സിങ് നടപടിക്രമങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം. കേരളത്തിലെ ഇറച്ചിക്കോഴിവളര്‍ത്തല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണം.

കേരള വെറ്റിനറി സര്‍വകലാശാല മുന്‍ ഡയറക്ടറും ബംഗളൂരുവിലെ ട്രാന്‍സ് ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് & ടെക്‌നോളജി പ്രഫസറുമാണ് ലേഖകന്‍.

logo
The Fourth
www.thefourthnews.in