കുട്ടനാട് പാക്കേജ്: ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനുള്ള സ്വാമിനാഥന്‍ ശ്രമം

കുട്ടനാട് പാക്കേജ്: ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനുള്ള സ്വാമിനാഥന്‍ ശ്രമം

ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള കുട്ടനാടിന്റെ പ്രാപ്തിയെ എം എസ് സ്വാമിനാഥന്‍ കണ്ടെത്തിയെങ്കിലും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അവഗണന തിരിച്ചടിയാകുകയായിരുന്നു

വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടനാട്ടില്‍ മഴ നന്നായൊന്ന് പെയ്താൽ ജനജീവിതം മണിക്കൂറുകള്‍കൊണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടും. മഴയ്ക്കിപ്പോള്‍ കാലവും സമയവുമില്ലാത്ത സാഹചര്യമായതുകൊണ്ട് തന്നെ എന്തിനും തയാറായിരിക്കണം കുട്ടനാട്ടുകാര്‍. എന്നാല്‍ കുട്ടനാട്ടുകാരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമമായാണ് ഒന്നരപ്പതിറ്റാണ്ട് മുന്‍പ് കുട്ടനാട് പാക്കേജ് തയാറാക്കിയത്. ഇന്ന് അന്തരിച്ച കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥന്റെ നിര്‍ദേശങ്ങളായിരുന്നു പാക്കേജിന്റെ അടിസ്ഥാനം.

കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷണവും പുനഃസ്ഥാപനവുമായിരുന്നു നിര്‍ദേശത്തിലെ പ്രധാന അജണ്ട. വെള്ളപ്പൊക്കത്തില്‍നിന്നുള്ള സംരക്ഷണത്തിനായി പ്രധാന റോഡുകള്‍ തൂണുകളില്‍ നിര്‍മിക്കൽ, വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയുടെയും കനാലുകള്‍ ശക്തപ്പെടുത്തൽ, ഷട്ടർ സംവിധാനത്തിന്റെ ആധുനികവൽക്കരണം, പാടശേഖരം ബണ്ടുകൾ ബലപ്പെടുത്തുന്നതിനും വീതി കൂട്ടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍.

കുട്ടനാട് പാക്കേജ്: ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനുള്ള സ്വാമിനാഥന്‍ ശ്രമം
എം എസ് സ്വാമിനാഥൻ: കാർഷിക അഭിവൃദ്ധിയുടെ കാരണവർ

കുട്ടനാട്ടിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായും സ്വാമിനാഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ശനമായി പിന്തുടരേണ്ട നിര്‍ദേശങ്ങളുണ്ടായിരുന്നു. പമ്പ, അച്ചൻകോവിൽ നദികളിൽനിന്നാണ് മാലിന്യത്തിന്റെ ഭൂരിഭാഗവും എത്തുന്നതിനാൽ ‘പമ്പ കർമപദ്ധതി’ കാലതാമസം കൂടാതെ നടപ്പാക്കണം. വേമ്പനാട് കായലിലെ വിവിധയിനം ജീവജാലങ്ങളുടെ മലിനീകരണത്തിനും വംശനാശത്തിനും പ്രധാന കാരണമായത് ട്രാൻസ്‌പോർട്ട് ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവയിൽ നിന്നുള്ള ഇന്ധനം ഒഴുകുന്നതും നദികളിലേക്ക് മനുഷ്യവിസർജ്യങ്ങൾ ഒഴുക്കുന്നതുമാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു.

പ്രകൃതിയുടെ ഇടപെടലും മനുഷ്യന്റെ കടുന്നുകയറ്റവും മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍നിന്ന് കുട്ടനാടിന്റെ സംരക്ഷിക്കേണ്ട ആവശ്യകതയുള്‍പ്പടെ റിപ്പോര്‍ട്ടില്‍ അദ്ദേഹം എടുത്തുപറഞ്ഞു. പ്രദേശത്ത് ഉപജീവനത്തിന് സഹായകരമായ കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി കുട്ടനാടിനെ തനതായ കാർഷികമേഖലയായി പ്രഖ്യാപിക്കുക, കൃഷി ഏകോപനം മെച്ചപ്പെടുത്തുന്നതിനായി കൃഷിയിടത്തിന്റെ വിഭജനം സാധ്യമാക്കുക, സർക്കാർ സഹായം നല്‍കുക, മത്സ്യബന്ധനത്തിന്റെ പ്രോത്സാഹനം തുടങ്ങിയവ സ്വാമിനാഥന്റെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

കുട്ടനാട് പാക്കേജ്: ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനുള്ള സ്വാമിനാഥന്‍ ശ്രമം
മെഡിക്കല്‍ പഠനമോഹം ഉപേക്ഷിച്ച് കാര്‍ഷികമേഖലയിലേക്ക്; ഭക്ഷ്യസുരക്ഷയ്ക്ക് വഴിതുറന്ന സ്വാമിനാഥന്‍ മാജിക്‌

2008ല്‍ പാക്കേജിന്റെ പ്രഖ്യാപനം നടന്നപ്പോള്‍ 2,138 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2010 ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ടിയിരുന്ന പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും ലക്ഷ്യത്തിലേക്ക് എത്തിയിരുന്നില്ല. ഇപ്പോള്‍ രണ്ടാംഘട്ട കുട്ടനാട് പാക്കേജിലേക്ക് എത്തിയിട്ടും കാര്യങ്ങള്‍ക്ക് മാറ്റമല്ല. 2020ലായിരുന്നു പിണറായി സര്‍ക്കാര്‍ രണ്ടാംഘട്ട പാക്കേജിന്റെ പ്രഖ്യാപനം നടത്തിയത്.

പക്ഷേ പ്രഖ്യാപനങ്ങള്‍ പതിവുപോലെ പ്രഖ്യാപനങ്ങള്‍ മാത്രമായി, അല്ലെങ്കില്‍ നടപ്പാക്കിയതൊന്നും ഫലം കണ്ടില്ല. സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും ജനപ്രതിനിധികളും കുട്ടനാടിനോട് കണ്ണടച്ചു എന്നതാണ് ഇപ്പോഴും തുടരുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കുന്നത്. കുട്ടനാടിന്റെ ദുരിതം തീര്‍ക്കുമെന്ന് കുട്ടനാട് സന്ദര്‍ശിക്കുന്ന രാഷ്ട്രീയനേതാക്കള്‍ എപ്പോഴും പറയുന്ന വാചകമാണ്. കഴിഞ്ഞ ജൂലൈയില്‍ പെയ്ത മഴയില്‍ കുട്ടനാട്ടിടിന്റെ ദുരിതങ്ങളെല്ലാം തീര്‍ത്തുതരുമെന്ന് വാക്കുകൊടുത്തവര്‍ക്ക് സന്ദര്‍ശിക്കാന്‍ പോലും എത്താനാകാത്ത വിധം വെള്ളം പൊങ്ങിയിരുന്നു.

കുട്ടനാടിനെ തലോടാനോ ആശ്വസിപ്പിക്കാനോ ആവാം ജൂലൈയില്‍ തന്നെ രണ്ടാം പാക്കേജില്‍ ഉള്‍പ്പെട്ട 41 പദ്ധതികള്‍ക്ക് 37 കോടി രൂപയുടെ ഭരണാനുമതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കി. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കോട്ടയം കടുത്തുരുത്തി, ചേര്‍ത്തല, വൈക്കം മണ്ഡലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായാണ് പണം അനുവദിച്ചത്. ഇതിന്റെ തുടര്‍ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും മന്ത്രി അന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. പദ്ധതികള്‍ക്കും സര്‍ക്കാരിനും പതിറ്റാണ്ടുകളായി കുട്ടാനാടിനെ രക്ഷിക്കാനായിട്ടില്ല. ഒരുപക്ഷേ സ്വാമിനാഥന്റെ വാക്കുകള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി പോലും കുട്ടനാട് മാറിയേനെ.

logo
The Fourth
www.thefourthnews.in