കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു

കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു

ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ

കടലിലെ ഉഷ്ണതരം​ഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പഠനത്തിൽ കണ്ടെത്തി. അമിത താപസമ്മർദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽ​ഗകൾ നശിക്കുന്നതാണ് ബ്ലീച്ചിങ്ങിനു കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

കടലിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥ സ്ഥിതിയാണ് ഉഷ്ണതരം​ഗം. ഇത്തരം ഉഷ്ണതരംഗങ്ങൾ കടലിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.

ബ്ലീച്ചിങ്ങിനു വിധേയമായ അ​ഗത്തി ദ്വീപിലെ പവിഴപ്പുറ്റുകൾ
ബ്ലീച്ചിങ്ങിനു വിധേയമായ അ​ഗത്തി ദ്വീപിലെ പവിഴപ്പുറ്റുകൾ

താപ സമ്മർദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിങ് വീക്ക് (ഡി എച്ച് ഡബ്ല്യൂ) സൂചകം ലക്ഷദ്വീപിൽ നാല് ഡി​ഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാർന്ന സമുദ്രജൈവസമ്പത്തിന്റെ തകർച്ചയ്ക്കും വഴിയൊരുക്കുന്നത്.

കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു
ആഗോളതാപനം മനുഷ്യർക്ക് ഇങ്ങനെയും വെല്ലുവിളി; വരും വർഷങ്ങളിൽ വിഷപ്പാമ്പുകളുടെ കൂട്ടകുടിയേറ്റമുണ്ടാകുമെന്ന് പഠനം

ഡി എച്ച് ഡബ്ല്യു 12 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയാണെങ്കിൽ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്കു കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. കെ ആർ ശ്രീനാഥ് പറഞ്ഞു.

കവരത്തി ദ്വീപിലെ പവിഴപ്പുറ്റുകൾ ബ്ലീച്ചിങ്ങിനു വിധേയമായ നിലയിൽ
കവരത്തി ദ്വീപിലെ പവിഴപ്പുറ്റുകൾ ബ്ലീച്ചിങ്ങിനു വിധേയമായ നിലയിൽ

അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരം​ഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. ഷൽട്ടൺ പാദുവ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണുള്ളത്.

കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു
കൂടുകൃഷിയില്‍നിന്ന് ഇനി മഞ്ഞപ്പാരയുടെ കടല്‍രുചി, വിത്തുല്പാദനം വിജയം; വന്‍ നേട്ടവുമായി സിഎംഎഫ്ആര്‍ഐ

പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിധ്യങ്ങളുടെ തകർച്ച വിനോദസഞ്ചാരത്തെയും മീൻപിടിത്ത മേഖലകളെയും ബാധിക്കും. ഇത് തീരദേശസമൂഹത്തിന് ഉപജീവനത്തിന് ഭീഷണിയാണ്. കടൽപ്പുല്ല് പോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരം​ഗം ഭീഷണിയുയർത്തുന്നുണ്ട്. ഈ സാഹചര്യം കടൽ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനില്പിനെ ഇത് അപകടത്തിലാക്കും.

പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അനവധി പഠനങ്ങൾ സിഎംഎഫ്ആർഐ നടത്തിവരുന്നുണ്ട്. പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷിയെക്കുറിച്ച് പഠിക്കാൻ സമഗ്ര ദേശീയ ​ഗവേഷണ പദ്ധതി സിഎംഎഫ്ആർഐ ആരംഭിച്ചിട്ടുണ്ട്. വിപുലമായ കാലാവസ്ഥാ മോഡലിങ്, പാരിസ്ഥിതിക ഗവേഷണം എന്നിവ സമന്വയിപ്പിച്ച് പവിഴപ്പുറ്റുകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠന-പരിപാലന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

logo
The Fourth
www.thefourthnews.in