'മരണം വിതയ്ക്കുന്ന വായു'; ഇന്ത്യയിലെ 96 ശതമാനം ജനങ്ങളും ജീവിക്കുന്നത് അതിമലിനമായ അന്തരീക്ഷത്തിലെന്ന് പഠനം

'മരണം വിതയ്ക്കുന്ന വായു'; ഇന്ത്യയിലെ 96 ശതമാനം ജനങ്ങളും ജീവിക്കുന്നത് അതിമലിനമായ അന്തരീക്ഷത്തിലെന്ന് പഠനം

സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട 2023-ലെ നഗരങ്ങളുടെ എയർ ക്വാളിറ്റി ഗ്ലോബൽ റാങ്കിങ് പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനവും ജീവിക്കുന്നത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്യുന്നതിനേക്കാൾ മലിനമായ അന്തരീക്ഷത്തിലാണെന്ന് റിപ്പോർട്ട്. അപകടകരമായ മലിനീകരണത്തിന് കാരണമാകുന്ന സൂക്ഷ്മകണിക ദ്രവ്യം (പിഎം 2.5) പ്രത്യേകം പരിശോധിച്ചുകൊണ്ടാണ് സ്വിസ് സ്ഥാപനമായ ഐക്യു എയറിന്റെ പഠനം. 2023ലെ നഗരങ്ങളുടെ എയർ ക്വാളിറ്റി ഗ്ലോബൽ റാങ്കിങും ഐക്യു എയർ പുറത്തുവിട്ടു.

ക്യൂബിക് മീറ്ററിന് അഞ്ച് മൈക്രോഗ്രാം എന്നതാണ് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്ന പിഎം 2.5ന്റെ വാർഷിക പരിധി. എന്നാല്‍ ഇന്ത്യയിലെ 133 കോടി ജനങ്ങളും ജീവിക്കുന്നത് ഈ പരിധിയുടെ ഏഴിരട്ടിയിലധികം വരുന്ന അളവിന് കീഴിലാണ്.

ലോകത്തിൽ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ. ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം ശരാശരി വാർഷിക പിഎം 2.5 സാന്ദ്രതയാണ് ഇന്ത്യയിലെ മലിനീകരണ തോത്. ഒരു ക്യൂബിക് മീറ്ററിന് 79.9 മൈക്രോഗ്രാം നിരക്കിൽ ബംഗ്ലാദേശാണ് ഒന്നാമത്, പാകിസ്താനാണ് രണ്ടാമത് (73.7 മൈക്രോഗ്രാം).

'മരണം വിതയ്ക്കുന്ന വായു'; ഇന്ത്യയിലെ 96 ശതമാനം ജനങ്ങളും ജീവിക്കുന്നത് അതിമലിനമായ അന്തരീക്ഷത്തിലെന്ന് പഠനം
അതിജീവനം പ്രതിസന്ധിയില്‍; ലോകത്ത് ദേശാടന ജീവികള്‍ വംശനാശത്തിന്റെ വക്കില്‍

നഗരങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യ 100ല്‍ 83 എണ്ണവും ഇന്ത്യയിലാണ്. ബീഹാറിലെ ബെഗുസരായ് ആണ് ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ നഗരം. ഒരു ക്യൂബിക് മീറ്ററിന് 118.9 മൈക്രോഗ്രാം ശരാശരി പിഎം 2.5 സാന്ദ്രത നഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽ പോലും ഉൾപ്പെട്ടിട്ടില്ലാത്ത നഗരമായിരുന്നു ബെഗുസരായ്

ലോകത്തെ തലസ്ഥാന നഗരങ്ങളില്‍ ഏറ്റവും മോശം വായു നിലവാരമുള്ളത് ഡൽഹിയിലാണ്. തുടർച്ചയായ നാലാം വർഷമാണ് ഡൽഹി പട്ടികയുടെ മുന്‍പന്തിയിലെത്തുന്നത്. ഡൽഹിയുടെ പിഎം 2.5 സാന്ദ്രത 2023ൽ ഒരു ക്യൂബിക് മീറ്ററിന് 92.7 മൈക്രോ ഗ്രാം ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇത് ഒരു ക്യൂബിക് മീറ്ററിന് 89.1 മൈക്രോ ഗ്രാം ആയിരുന്നു. രാജ്യത്തെ 66 ശതമാനത്തിലധികം നഗരങ്ങളിലും വാർഷിക ശരാശരി ഒരു ക്യൂബിക് മീറ്ററിന് 35 മൈക്രോഗ്രാമിൽ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.

'മരണം വിതയ്ക്കുന്ന വായു'; ഇന്ത്യയിലെ 96 ശതമാനം ജനങ്ങളും ജീവിക്കുന്നത് അതിമലിനമായ അന്തരീക്ഷത്തിലെന്ന് പഠനം
നെല്‍ കര്‍ഷകരെ വലയ്ക്കുന്ന 'കിഴിവ് സമ്പ്രദായം'; കുട്ടനാട്ടില്‍ രോഷം

ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, സംഘടനകൾ, സ്വകാര്യ കമ്പനികൾ, പൗര ശാസ്ത്രജ്ഞർ എന്നിവ നടത്തുന്ന 30,000-ലധികം റെഗുലേറ്ററി എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളുടെയും കുറഞ്ഞ നിരക്കിലുള്ള എയർ ക്വാളിറ്റി സെൻസറുകളുടെയും പ്രവർത്തനത്തിൽ നിന്നാണ് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതെന്ന് ഐക്യു എയർ വ്യക്തമാക്കി. 134 രാജ്യങ്ങളിലെ 7,812 പ്രദേശങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ പഠനം ശേഖരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in