ഉയർന്ന ജലതാപനിലയും കടുത്ത വരൾച്ചയും: ആമസോണിൽ ഏഴ് ദിവസത്തിനിടെ ചത്തത് നൂറിലധികം ഡോൾഫിനുകൾ

ഉയർന്ന ജലതാപനിലയും കടുത്ത വരൾച്ചയും: ആമസോണിൽ ഏഴ് ദിവസത്തിനിടെ ചത്തത് നൂറിലധികം ഡോൾഫിനുകൾ

ലോകത്തിലെ ഏറ്റവും വലിയ ജലപാതയായ ആമസോൺ നദി നിലവിൽ കടുത്ത വരൾച്ച നേരിടുകയാണ്

ജലത്തിന്റെ ഉയർന്ന താപനിലയും കടുത്ത വരൾച്ചയും മൂലം കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആമസോണിൽ ചത്തത് നൂറിലധികം ഡോൾഫിനുകൾ. 102 ഡിഗ്രി ഫാരൻഹീറ്റ് (38.8 ഡിഗ്രി സെൽഷ്യസ്) വരെ ഉയർന്ന ജല താപനില റിപ്പോർട്ട് ചെയ്ത ബ്രസീലിയൻ ആമസോണിലാണ് ഡോൾഫിനുകൾ ചത്തത്. ടെഫെ തടാകത്തിലാണ് ഡോൾഫിനുകളെ ചത്തനിലയിൽ കണ്ടെത്തിയതെന്ന് ബ്രസീലിയൻ ശാസ്ത്ര മന്ത്രാലയം ധനസഹായം നൽകുന്ന ഗവേഷണകേന്ദ്രമായ മാമിറൗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന ജലതാപനിലയും കടുത്ത വരൾച്ചയും: ആമസോണിൽ ഏഴ് ദിവസത്തിനിടെ ചത്തത് നൂറിലധികം ഡോൾഫിനുകൾ
ആഗോള താപനം: അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവില്‍ റെക്കോർഡ് താഴ്ച

ഇത്രയധികം ഡോൾഫിനുകൾ ചാവുന്നത് അസാധാരണമാണെന്നും റെക്കോഡ് നിരക്കിലുള്ള ഉയർന്ന തടാക താപനിലയും ആമസോണിലെ വരൾച്ചയും ഇതിന് കാരണമായിരിക്കാമെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. "ഈ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവത്തിന്റെ കാരണം നിർണയിക്കാൻ ഇനിയും സമയമാവശ്യമുണ്ട്. പക്ഷേ ഞങ്ങളുടെ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് വരൾച്ചയും ടെഫെ തടാകത്തിലെ ഉയർന്ന താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില പോയിന്റുകളിലെ താപനില 39 ഡിഗ്രി സെൽഷ്യസ് (102 ഡിഗ്രി ഫാരൻഹീറ്റ്) കവിയുന്നു," ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജലപാതയായ ആമസോൺ നദി നിലവിൽ കടുത്ത വരൾച്ച നേരിടുകയാണ്. നദിയിലെ ജന്തുജാലങ്ങളും ഇതുസംബന്ധിച്ച പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും അവശേഷിക്കുന്ന ഡോൾഫിനുകളെ പ്രാന്തപ്രദേശങ്ങളിലെ തടാകങ്ങളിൽനിന്നും കുളങ്ങളിൽനിന്നും നദിയുടെ പ്രധാന ഭാഗത്തേക്ക് മാറ്റി രക്ഷിക്കാൻ ശ്രമിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ആമസോൺ നദിയുടെ പ്രധാന ഭാഗങ്ങളിലെ ജലതാപനില താരതമ്യേന കുറവാണ്. എന്നാൽ പ്രദേശങ്ങൾ തമ്മിൽ നല്ല ദൂരമുള്ളതിനാൽ ഈ പ്രവർത്തനം എളുപ്പമല്ല.

ഉയർന്ന ജലതാപനിലയും കടുത്ത വരൾച്ചയും: ആമസോണിൽ ഏഴ് ദിവസത്തിനിടെ ചത്തത് നൂറിലധികം ഡോൾഫിനുകൾ
'നീലത്തിമിംഗലത്തിനിതാ ഒരു എതിരാളി'; ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ള ജീവജാലത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

“നദീതട ഡോൾഫിനുകളെ മറ്റ് നദികളിലേക്ക് മാറ്റുന്നത് അത്ര സുരക്ഷിതമല്ല. കാരണം മാറ്റുന്നതിന് മുൻപ് വിഷവസ്തുക്കളോ വൈറസുകളോ ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്,” മാമിറൗവ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ആന്ദ്രേ കൊയ്‌ലോ പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വരൾച്ച കൂടുതൽ രൂക്ഷമാവുമെന്നാണ് മുന്നറിയിപ്പ്. അത് കൂടുതൽ ഡോൾഫിനുകളുടെ മരണത്തിന് കാരണമാകുമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ആമസോണിലെ വരൾച്ച സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. ആമസോൺ സംസ്ഥാനത്തെ 59 മുനിസിപ്പാലിറ്റികളിൽ ശരാശരിയിലും താഴെയുള്ള ജലനിരപ്പ് റിപ്പോർട്ട് ചെയ്തതിനാൽ ജല ഗതാഗതവും മീൻ പിടുത്തവും തടസപ്പെട്ടിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in