അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകൾ, ഭരണം നിലനിർത്താനും തിരിച്ചുപിടിക്കാനും കോൺഗ്രസും ബിജെപിയും; സാധ്യതകൾ

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകൾ, ഭരണം നിലനിർത്താനും തിരിച്ചുപിടിക്കാനും കോൺഗ്രസും ബിജെപിയും; സാധ്യതകൾ

രാജ്യത്ത് അധികാരത്തിലെത്താൻ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാകുന്ന തിരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്നത്

കർണാടകയില്‍ കോൺ​ഗ്രസിന്റെ വിജയത്തിന് പിന്നാലെ രാജ്യത്ത് ജനങ്ങൾ ഉറ്റുനോക്കുന്നത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളെയാണ്. ഈ വർഷം അവസാനത്തോടെ ഈ സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്തും. രാജ്യത്ത് അധികാരത്തിലെത്താൻ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാകുന്ന തിരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് മധ്യപ്രദേശിൽ മാത്രമാണ് ഭരണമുളളത്. കോൺ​ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഢും. കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരതീയ രാഷ്ട്ര സമിതിയാണ് തെലങ്കാന ഭരിക്കുന്നത്. അതേസമയം, മിസോറമിൽ സോറംതം​ഗയുടെ നേതൃത്വത്തിലുളള മിസോ നാഷണൽ ഫ്രണ്ടാണ് അധികാരത്തിലുളളത്. ലോക്സഭാ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ഭരണത്തിലിരിക്കുന്ന രാജസ്ഥാനും ഛത്തീസ്​ഗഢും നിലനിർത്തുന്നതിന് ഉപരിയായി കോൺഗ്രസിന് രാജ്യത്ത് അധികാരത്തിലെത്തണമെങ്കിൽ മധ്യപ്രദേശും മിസോറമും പിടിച്ചെടുക്കുകയും വേണം. ബിജെപിയാകട്ടെ ഭരണത്തിലിരുന്ന കർണാടകയിൽ കനത്ത തോൽവി നേരിട്ടതിന് ശേഷം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടാനായി ജാതി ക്വാട്ടകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുളള നീക്കങ്ങളാണ് നടത്താനിരിക്കുന്നത്.

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകൾ, ഭരണം നിലനിർത്താനും തിരിച്ചുപിടിക്കാനും കോൺഗ്രസും ബിജെപിയും; സാധ്യതകൾ
കർണാടകയിലെ തോൽവി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന നാല് സംസ്ഥാനങ്ങളിൽ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി

ഛത്തീസ്​ഗഢ്

അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ഛത്തീസ്​ഗഢ് സംസ്ഥാനം രൂപീകൃതമാകുന്നത്. 2000ത്തിൽ എൻഡിഎ സർക്കാർ കൊണ്ടുവന്ന മധ്യപ്രദേശ് പുനഃസംഘടന നിയമത്തിലൂടെ രൂപീകൃതമായ ഛത്തീ​ഗഢിലെ ആദ്യമുഖ്യമന്ത്രി അജിത് പ്രമോദ് കുമാർ ജോഗിയായിരുന്നു. അതിനുശേഷം നീണ്ട പതിനഞ്ച് വർഷക്കാലം രമൺസിങിന്റെ നേത‍ൃത്വത്തിലുളള ബിജെപി സർക്കാരാണ് ഛത്തീസ്​ഗഢ് ഭരിച്ചിരുന്നത്. ധാതു സമ്പന്നമായ സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമാണ് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി.

രമൺ സിങ്
രമൺ സിങ്

2018ലെ തിരഞ്ഞെടുപ്പിൽ രമൺസിങിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാർ തകർന്നു. 90 സീറ്റുകളുളള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടാനായത് 15 സീറ്റുകൾ മാത്രം. 68 സീറ്റും 43 ശതമാനം വോട്ടും നേടി കോൺ​ഗ്രസ് ശക്തമായ തിരിച്ചുവരവാണ് സംസ്ഥാനത്ത് നടത്തിയത്. ബിജെപിയ്ക്കാവട്ടെ 2013നെ അപേക്ഷിച്ച് എട്ട് ശതമാനം വോട്ടുകൾ കുറയുകയും 34 സീറ്റുകൾ നഷ്ടമാകുകയും ചെയ്തു

2008ലും 2013ലും സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയെങ്കിലും വളരെ ചെറിയ മാർജിനിലായിരുന്നു വിജയം. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി യഥാക്രമം 50, 49 എന്നിങ്ങനെ സീറ്റുകൾ നേടിയെങ്കിലും ഒരു ശതമാനം വോട്ടുവിഹിതമായിരുന്നു കോൺ​ഗ്രസിനെക്കാൾ കൂടുതൽ നേടാൻ കഴിഞ്ഞിരുന്നത്.

ഛത്തീസ്ഗഡിൽ ബഹുജൻ സമാജ് പാർട്ടിക്ക് (ബിഎസ്പി) കുറഞ്ഞ സ്വാധീനമാണുളളത്. പാർട്ടിക്ക് 2008ൽ ആറ് ശതമാനവും 2013ലും 2018ലും നാല് ശതമാനവും വോട്ടുകൾ ലഭിച്ചു. എന്നാൽ, സംസ്ഥാനത്തെ സീറ്റ് വിഹിതത്തില്‍ ബിഎസ്പിക്ക് ഒന്നോ രണ്ടോ എണ്ണം മാത്രമേ നേടാൻ സാധിച്ചിരുന്നുളളൂ.

ഭൂപേഷ് ഭാഗേൽ ഛത്തീസ്​ഗഢ് മുഖ്യമന്ത്രി
ഭൂപേഷ് ഭാഗേൽ ഛത്തീസ്​ഗഢ് മുഖ്യമന്ത്രി

മധ്യപ്രദേശ്

അധികാരത്തിലെത്താൻ കോൺ​ഗ്രസ് ദീർഘകാലമായി ആഗ്രഹിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കോൺ​ഗ്രസും ബിജെപിയുമാണ് പ്രബലരായ പാർട്ടികൾ. 2004 മുതൽ സംസ്ഥാനം ഭരിക്കുന്നത് ബിജെപി സർക്കാരാണ്. 1990-കളുടെ തുടക്കം മുതൽ ബിജെപിക്ക് ഏറെ വേരോട്ടമുളള സംസ്ഥാനം കൂടിയാണ്.

ശിവരാജ് സിങ്  ചൗഹാൻ
ശിവരാജ് സിങ് ചൗഹാൻ
അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകൾ, ഭരണം നിലനിർത്താനും തിരിച്ചുപിടിക്കാനും കോൺഗ്രസും ബിജെപിയും; സാധ്യതകൾ
ജാതി ക്വാട്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പുകൾ

2008ലും 2013ലും സീറ്റ് വിഹിതത്തിലും വോട്ട് വിഹിതത്തിലും കോൺഗ്രസിനെതിരെ തകർപ്പൻ വിജയമാണ് ബിജെപി നേടിയത്. 230 സീറ്റുകളുളള നിയമസഭാ തിരഞ്ഞെടുപ്പിൽ 2008ൽ, ബിജെപി 143 സീറ്റുകളോടെ വമ്പൻ വിജയമാണ് കോൺ​ഗ്രസിനെതിരെ നേടിയത്. ആറ് ശതമാനം വോട്ടുവിഹിതവും ഉണ്ടായിരുന്നു. 2013ൽ ബിജെപി 165 സീറ്റുകൾ നേടുകയും 9 ശതമാനം വോട്ട് അധികം നേടുകയും ചെയ്തിരുന്നു. കോൺ​ഗ്രസ് ആകട്ടെ 58 സീറ്റുകളാണ് നേടിയിരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ
ജ്യോതിരാദിത്യ സിന്ധ്യ

എന്നാൽ, 2018-ൽ ബിജെപിക്കും കോൺഗ്രസിനും ഏതാണ്ട് തുല്യമായ വോട്ടുകളാണ് (41 ശതമാനം) ലഭിച്ചത്. ഭരിക്കാനായി ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമായ 115 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. കോൺ​ഗ്രസ് 114ഉം ബിജെപി 105 സീറ്റുകളും ആണ് നേടിയത്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺ​ഗ്രസ് ഒരു ബിഎസ്പി എംഎൽഎയുടെയും, ഒരു എസ്പി എംഎൽഎയുടെയും, നാലു സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ കമൽനാഥ് സർക്കാർ അധികാരത്തിലെത്തി. എന്നാൽ, ആ സർക്കാരിന്റെ ആയുസ് വെറും 15 മാസങ്ങൾ മാത്രമായിരുന്നു.

കമൽനാഥ്
കമൽനാഥ്

2020 മാർച്ചിൽ, കോൺഗ്രസ് പാർട്ടിയുടെ 22 സിറ്റിങ് എംഎൽഎമാർ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിസന്ധി ഉടലെടുത്തു. പിന്നാലെ, ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിടുകയും ചെയ്തതോടെ കോൺ​ഗ്രസ് സർക്കാർ കൂപ്പുക്കുത്തുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന്, 2020 മാർച്ച് 23ന് ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലെത്തി.

കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിഎസ്പിക്ക് അഞ്ച് ശതമാനത്തിലധികം വോട്ട് മധ്യപ്രദേശിൽ ലഭിച്ചിരുന്നു. എന്നാൽ, സീറ്റുകൾ വർധിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. 2018ന് സമാനമായി സംസ്ഥാനത്ത് ഇരുമുന്നണികളും മത്സരം കടുപ്പിക്കുകയും ഒരു ശതമാനം വോട്ടുവിഹിതം കൂടുതൽ നേടുകയും ചെയ്താൽ കോൺ​ഗ്രസിനോ ബിജെപിക്കോ സുഖമായി അധികാരത്തിലെത്താൻ കഴിയും.

രാജസ്ഥാൻ

200 നിയമസഭാ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിക്കും ശക്തമായ കേഡർ സംവിധാനവും വോട്ടുമുണ്ട്. നിലവിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്.

രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയപ്പോഴൊക്കെ വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നു. 2013ൽ ആകെയുള്ള 200ൽ 163 സീറ്റും 45 ശതമാനം വോട്ടും നേടിയാണ് ബിജെപി വിജയിച്ചത്. വെറും 21 നിയമസഭാ സീറ്റുകളും 33 ശതമാനം വോട്ടുമായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം. 2008ലും 2018ലും കോൺഗ്രസ് സംസ്ഥാനത്ത് വിജയിച്ചു. എന്നാൽ രണ്ട് തവണയും പാർട്ടിക്ക് നേരിയ മാർജിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ രണ്ട് തവണയും ഭൂരിപക്ഷമായ 101 സീറ്റുകൾ കോൺ​ഗ്രസ് കടന്നിരുന്നില്ല എന്നതും ശ്രദ്ധേയം. എന്നാൽ, ബിഎസ്പിയുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും സഹായത്തോടെ പാർട്ടി, സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു. 2008ൽ മൂന്ന് ശതമാനവും 2018ൽ ഒരു ശതമാനത്തിൽ താഴെയുമാണ് വോട്ട് വിഹിത വ്യത്യാസം.

ഭരണവിരുദ്ധതയും കോൺഗ്രസിനുള്ളിലെ എണ്ണമറ്റ പ്രശ്നങ്ങളും നേരിയ വിജയ മാർജിനും 2023ൽ കോൺ​ഗ്രസിന് ​ഗുണകരമാകില്ലെന്നാണ് വിലയിരുത്തലുകള്‍.

അശോക് ഗെഹ്ലോട്ട്
അശോക് ഗെഹ്ലോട്ട്

തെലങ്കാന

നീണ്ട രാഷ്ട്രീയ പോരാട്ടത്തിന് ശേഷം 2014 ലാണ് ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന സംസ്ഥാനം രൂപീകൃതമാകുന്നത്. അന്ന് മുതൽ, കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുളള ഭാരത് രാഷ്ട്ര സമിതിയാണ് സംസ്ഥാനം ഭരിക്കുന്നത്.

119 സീറ്റുകളുളള സംസ്ഥാന നിയമസഭയിൽ 88 സീറ്റും 46 ശതമാനം വോട്ടും നേടിയാണ് ബിആർഎസ് ഭരണത്തിലിരിക്കുന്നത്. 19 സീറ്റും 28 ശതമാനം വോട്ടും നേടി കോൺഗ്രസാണ് പ്രതിപക്ഷത്ത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തെലങ്കാനയിൽ ബിജെപിയ്ക്ക് കേവലം ഏഴ് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. 48 സീറ്റും 36 ശതമാനം വോട്ടും നേടിയിരുന്നു. ബിആർഎസിനും 36 ശതമാനം വോട്ട് വിഹിതമാണ് നേടാൻ കഴിഞ്ഞത്. ഇതേത്തുടർന്ന് അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെയാണ് ബിആർഎസ് കോർപ്പറേഷൻ ഭരിക്കുന്നത്. ഒവൈസിയുടെ പാർട്ടി 44 സീറ്റും 19 ശതമാനം വോട്ടും നേടിയിരുന്നു.

കെ ചന്ദ്രശേഖർ റാവു
കെ ചന്ദ്രശേഖർ റാവു

സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കോൺ​ഗ്രസിനേക്കാൾ വോട്ട് ലഭിച്ചിരുന്നു. സംസ്ഥാനത്ത് പാർട്ടിക്ക് കാര്യമായ സ്വാധീനമാണ് ലഭിക്കുന്നത്. ഇത് നിലനിർത്താൻ കഴിയുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) സംസ്ഥാനത്ത് ശക്തമായി മുന്നേറ്റം നടത്തി വരികയാണ്. പാർട്ടി രാജ്യത്തുടനീളം കാര്യമായ സ്വാധീനം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ സാന്നിധ്യം ഇതുവരെ തെലങ്കാനയ്ക്ക് പുറത്ത് വ്യാപിച്ചിട്ടില്ല.

അസദുദ്ദീൻ ഒവൈസി
അസദുദ്ദീൻ ഒവൈസി

മിസോറം

40 നിയമസഭാ സീറ്റുകളാണ് മിസോറമിനുളളത്. 2018 മുതൽ സംസ്ഥാനം ഭരിക്കുന്നത് സോറംതംഗയുടെ നേതൃത്വത്തിലുളള എംഎൻഎഫാണ്. സംസ്ഥാനത്തെ അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് സോറംതംഗ. സംസ്ഥാനത്ത് എംഎൻഎഫും കോൺഗ്രസും തമ്മിലുള്ള പോരാട്ടാമാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. 2008ലും 2013ലും കോൺ​ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലിരുന്നു.

സോറംതംഗ
സോറംതംഗ

എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ട് വിഹിതത്തോടെ 27 സീറ്റുകളാണ് എംഎൻഎഫ് നേടിയത്. പാർട്ടിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും മറ്റ് പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപീകരിച്ചു.

logo
The Fourth
www.thefourthnews.in