എഐഎഡിഎംകെയുടെ മടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന് സംഘപരിവാറുമായി സന്ധി ചെയ്യാനാകില്ലെന്ന തിരിച്ചറിവോ?

എഐഎഡിഎംകെയുടെ ഇറങ്ങിപ്പോക്ക് പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുന്ന ധീരപ്രവൃത്തിയാണോ അല്ലയോ എന്നതിലും ചർച്ചകള്‍ സജീവം

ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഭാരതീയ ജനതാ പാർട്ടി(ബിജെപി)യുമായുണ്ടായിരുന്ന നാലുവർഷത്തെ പങ്കാളിത്തം കഴിഞ്ഞ ദിവസം ഔപചാരികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാടെന്ന ബാലികേറാ മലയിലേക്കുള്ള ബിജെപിയുടെ അവസാന പിടിവള്ളിയാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. ഇരു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടികളുടെ സഖ്യം കുറച്ചുകാലങ്ങളായി അസ്വാരസ്യങ്ങൾക്ക് നടുവിലായിരുന്നു. അതിന് പ്രധാന കാരണക്കാരൻ മുന്‍ ഐപിഎസുകാരനായ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയും.

ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തും പ്രാദേശിക പാർട്ടികളെ ഉപയോഗിച്ച് കളംപിടിക്കുകയും പിന്നീട് അവരെത്തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന തന്ത്രത്തിന്റെ മറ്റൊരു കരുവായിരുന്നു എഐഎഡിഎംകെ. എന്നാൽ ഈ സഖ്യത്തിലൂടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, എഐഎഡിഎംകെയുടെ നിലനിൽപ്പ് വരെ ചോദ്യത്തിലാകുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്തു.

പിളർപ്പിന് പിന്നിൽ

കെ അണ്ണാമലൈയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം എഐഎഡിഎംകെയും അവരുടെ സമുന്നതരായ നേതാക്കളെയും ആക്ഷേപിക്കുക പതിവാക്കിയതോടെയാണ് തമിഴ്നാട് എൻഡിഎയി​ൽ പിളർപ്പൊരു അനിവാര്യതയായത്. ഇരുപാർട്ടികളും തമ്മിൽ സംസ്ഥാന തലത്തിലുള്ള സഖ്യം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നെങ്കിലും ദേശീയ തലത്തിൽ യോജിപ്പ് തുടർന്നുപോന്നിരുന്നു. ദ്രാവിഡനേതാവും തമിഴ് ജനതയുടെ കൺകണ്ട ദൈവവുമായ അണ്ണാദുരൈയെ അപമാനിച്ച അണ്ണാമലൈയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ട് ആവശ്യമുന്നയിച്ചിട്ടും രക്ഷയില്ലാതായതോടെയാണ് പിളർപ്പെന്ന തീരുമാനത്തിൽ എഐഎഡിഎംകെ എത്തിയത്.

അണ്ണാദുരൈ പെരിയോറിനൊപ്പം
അണ്ണാദുരൈ പെരിയോറിനൊപ്പം

അണ്ണാദുരൈ രൂപംകൊടുത്ത പാർട്ടി ദ്രാവിഡ മുന്നേറ്റ കഴകമാണെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നവരാണ് എഐഎഡിഎംകെ. പാർട്ടിയുടെ പേരിലെ 'അണ്ണാ' സൂചിപ്പിക്കുന്നതും അണ്ണാദുരൈ എന്ന നേതൃബിംബത്തെയാണ്. അതേസമയം, തന്‍റെ വളർച്ചയും തമിഴ്‌നാട്ടിലെ മോദി പ്രഭാവവുമാണ് എഐഎഡിഎംകെയെ ആശങ്കപ്പെടുത്തുന്നതെന്നായിരുന്നു ഒരാഴ്ച മുൻപ് അണ്ണാമലൈ പറഞ്ഞത്.

ഒരു അഭിമുഖത്തിൽ ജയലളിതയുടെ ഭരണകാലം അഴിമതി നിറഞ്ഞതായിരുന്നുവെന്നും തമിഴ്‌നാടിനെ നാണംകെടുത്തിയ കാലഘട്ടമായിരുന്നു അതെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഇതിനുപുറമെയാണ് അണ്ണാദുരൈ 1956ൽ മധുരൈയിൽ നടന്ന ചടങ്ങിൽ ഹിന്ദുയിസത്തെ ആക്ഷേപിച്ചുവെന്നുള്ള അണ്ണാമലൈയുടെ ആരോപണം. തന്റെ പരാമർശത്തെ തുടർന്ന് അക്രമമുണ്ടാകുമെന്ന് പേടിച്ച് അണ്ണാദുരൈ മധുരൈയിൽ ഒളിവിൽ കഴിഞ്ഞുവെന്നും മാപ്പ് പറഞ്ഞശേഷമാണ് അദ്ദേഹത്തിന് പോകാനായതെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ഇതുകൂടി ആയപ്പോഴാണ് മാസങ്ങളായി എഐഎഡിഎംകെയിൽ ഉരുണ്ടുകൂടിയ വിയോജിപ്പുകൾ ശക്തമായത്. നൻട്രി മീണ്ടും വരാർതീർകൾ (നന്ദി, ദയവായി വീണ്ടും വരാതിരിക്കുക) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് കഴിഞ്ഞ ദിവസം സഖ്യത്തിൽനിന്ന് എഐഎഡിഎംകെ പടിയിറങ്ങിയത്. അത്രത്തോളം രോഷമായിരുന്നു എഐഎഡിഎംകെ പ്രവർത്തകർക്കിടയിൽ ബിജെപി സംസ്ഥാന നേതൃത്വം ഉണ്ടാക്കിയത്.

കെ അണ്ണാമലൈ
കെ അണ്ണാമലൈ

എഐഎഡിഎംകെ- ബിജെപി സഖ്യത്തിന്റെ ചരിത്രം

മുൻപ് 1998-99ൽ അടൽ ബിഹാരി വാജ്‌പേയ് സർക്കാരിനെ കേന്ദ്രത്തിൽ പിന്തുണച്ച് നിലനിർത്തിയ പാർട്ടിയായിരുന്നു എഐഎഡിഎംകെ. ജയലളിതയായിരുന്നു അന്ന് പാർട്ടിയെ നയിച്ചിരുന്നത്. എന്നാൽ രണ്ടാം വാജ്‌പേയ് സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറി 13 മാസം പിന്നിടുമ്പോഴേക്കും എഐഎഡിഎംകെ അവരുടെ പിന്തുണ പിൻവലിച്ചു. കാരണം രാഷ്ട്രീയമായിരുന്നില്ല.

തമിഴ്‌നാട്ടിൽ അധികാരത്തിലുണ്ടായിരുന്ന കരുണാനിധിയുടെ ഡിഎംകെ സർക്കാർ ജയലളിതയ്‌ക്കെതിരെ അന്ന് നിരവധി അഴിമതി കേസുകൾ ചുമത്തിയിരുന്നു. അതിന് പകരമായി സർക്കാരിനെ പിരിച്ചുവിടണമെന്ന് ജയലളിത കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ അതനുസരിക്കാൻ വാജ്‌പേയ് സർക്കാർ തയ്യാറായില്ല. ചില മന്ത്രിമാരെ ക്യാബിനറ്റിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ജയലളിതയ്ക്കുണ്ടായിരുന്നു. ഇതൊന്നും സമ്മതിക്കാതെ വന്നതോടെയാണ് 1999 ഏപ്രിൽ 17ന് വാജ്‌പേയ് സർക്കാരിന് നൽകിയ പിന്തുണ എഐഎഡിഎംകെ പിൻവലിച്ചത്. പിന്നീട് 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെ എൻഡിഎയ്ക്കൊപ്പം നിന്നിരുന്നു. എന്നാൽ 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഒരിക്കൽ പോലും സഖ്യം ചേരാൻ ജയലളിത തയാറായിരുന്നില്ല.

ജയലളിത വാജ്പെയ്ക്കൊപ്പം
ജയലളിത വാജ്പെയ്ക്കൊപ്പം

2016 ഡിസംബറിൽ ജയലളിത അന്തരിച്ചതോടെയാണ്‌ എഐഎഡിഎംകെ വീണ്ടും പ്രതിസന്ധിയിലാകുന്നത്. പാർട്ടിയുടെ നേതാവാരെന്ന ചോദ്യമുയർന്നു. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വികെ ശശികല അവകാശവാദം ഉന്നയിക്കുകയും പാർട്ടി നിയമങ്ങളെയെല്ലാം ധിക്കരിച്ച് എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. എന്നാൽ അഴിമതി കേസിൽ നാലുവർഷത്തേക്ക് സുപ്രീംകോടതി ശിക്ഷ വിധിച്ചതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹം ഉൾപ്പെടെ വൃഥാവിലായി. പിന്നീടാണ് കാവൽ മന്ത്രിസഭയെ പിരിച്ചുവിട്ട് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുന്നത്. അതുവരെ കാവൽ മുഖ്യമന്ത്രിയായിരുന്ന ഒ പനീർസെൽവത്തെയും പിന്നീട് അദ്ദേഹം ഉപമുഖ്യമന്ത്രിയായി കൂടെകൂട്ടി.

1972ൽ എഐഎഡിഎംകെ രുപീകരിച്ചശേഷം ഒരിക്കൽ പോലും പാർട്ടി നേരിടാത്ത അത്ര ശൂന്യതയായിരുന്നു ജയലളിതയുടെ മരണമുണ്ടാക്കിയത്. ഈ അവസരം മുതലെടുത്താണ് തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കാൻ പണിയെടുത്തിരുന്ന ബിജെപിയുടെ കടന്നുവരുന്നതും 
എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതും.

എഐഎഡിഎംകെയുടെ മടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന് സംഘപരിവാറുമായി സന്ധി ചെയ്യാനാകില്ലെന്ന തിരിച്ചറിവോ?
ഒരേയൊരു പെരിയാർ

എഐഎഡിഎംകെ- ബിജെപി പ്രത്യയശാസ്ത്ര യുദ്ധം

ഒരു ദ്രാവിഡ രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചേർന്നുപോകാൻ സാധിക്കാത്ത പ്രത്യയശാസ്ത്രമാണ് ബിജെപിയുടേത്. ദ്രാവിഡരാഷ്ട്രീയത്തിന്റെ മുഖ്യ എതിരാളിയായ ഹിന്ദുത്വവും ബ്രാഹ്മണിസവും ഇഴുകിച്ചേർന്നിട്ടുള്ള ബിജെപിയുമായി ഒത്തുപോകുന്നതിനിടയിലെല്ലാം എഐഎഡിഎംകെ ആ സത്യം അനുഭവിച്ചറിയുകയും ചെയ്തിരുന്നു.

എംകെ സ്റ്റാലിന്‍
എംകെ സ്റ്റാലിന്‍

ദേശീയ തലത്തിലെ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിനെതിരെ ഡിഎംകെ നിലപാട് എടുത്തപ്പോഴും സിഎഎ വിഷയത്തിലുമെല്ലാം എന്ത് നിലപാട് കൈക്കൊള്ളുമെന്ന് ആലോചിച്ച് കുഴങ്ങുകയായിരുന്നു എഐഎഡിഎംകെ. 2019ൽ സിഎഎ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ പിന്തുണച്ച എഐഎഡിഎംകെ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് മാറ്റിയത് അതിനുദാഹരണമാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ 234ൽ 66 സീറ്റ് മാത്രമാണ് എഐഎഡിഎംകെ നേടിയത്. ദ്രാവിഡ രാഷ്ട്രീയം അടിയുറച്ചുപോയ തമിഴ് ജനതയുടെ മനസ്സിൽ ഹിന്ദുത്വയ്ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുകയായിരുന്നു ആ തിരഞ്ഞെടുപ്പ്. അത് എഐഎഡിഎംകെ നേതാക്കളും അംഗീകരിക്കുന്ന കാര്യമാണ്. ഈ തിരിച്ചറിവുകളിൽ നിന്നുകൊണ്ടാകണം എഐഎഡിഎംകെ സഖ്യത്തിൽനിന്നൊരു ഇറങ്ങിപ്പോകലിന് തുനിഞ്ഞത്.

എഐഎഡിഎംകെയുടെ മടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന് സംഘപരിവാറുമായി സന്ധി ചെയ്യാനാകില്ലെന്ന തിരിച്ചറിവോ?
പെരിയാറില്‍നിന്ന് ഉദയനിധി സ്റ്റാലിന്‍ വരെ, സനാതന ധര്‍മത്തിനെതിരായ ദ്രാവിഡ കലാപങ്ങള്‍

വെല്ലുവിളികൾ

ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തെ പല തരത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്കായിട്ടാണ് പലരും വ്യാഖ്യാനിക്കുന്നത്. കാരണം ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം അവർക്ക് മുൻപിലില്ല എന്നതുതന്നെ. 1999ൽ എൻഡിഎയിൽനിന്ന് ഇറങ്ങിപ്പോന്ന സാഹചര്യമല്ല ഇന്നത്തേത്. ദ്രാവിഡ പാർട്ടിയാണെങ്കിലും തമിഴ്നാട്ടിൽ ഇന്ന് എം കെ സ്റ്റാലിന്റെ ഡിഎംകെയാണ് ആ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാർ. എഐഎഡിഎംകെ ബിജെപിയിൽ ചേർന്നതോടെ അവസരം മുതലെടുത്ത് ഡിഎംകെ തങ്ങളുടെ അപ്രമാദിത്വം ദിനംപ്രതി വർധിപ്പിക്കുകയും ചെയ്തു.

മറ്റൊരു പ്രതിപക്ഷ മുന്നണിയാണ് ലക്ഷ്യമെങ്കിൽ അതിനും പ്രതിബന്ധങ്ങൾ ഏറെയാണ്. വിശാല പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ ശക്തരായ സഖ്യകക്ഷി ഡിഎംകെയായതിനാൽ അങ്ങോട്ടേക്കൊരു പോക്ക് സാധ്യമല്ല. പിന്നെയുള്ളത് ചെറു പ്രാദേശിക ശക്തികളാണ്. അതുകൊണ്ടും വലിയ ബലമുണ്ടാകുമെന്ന് കരുതുക വയ്യ. പാർട്ടി തന്നെയാകട്ടെ ഇപിഎസ്- ഒപിഎസ് അധികാരത്തർക്കത്തിൽ പെട്ട് രണ്ട് തട്ടിലുമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള ഇറങ്ങിപ്പോക്കിനെ വേണമെങ്കിൽ ധീരമായ പ്രവൃത്തി എന്ന വിശേഷിപ്പിക്കാവുന്നതാണ്. അതേസമയം കാലിനടിയിലെ മണ്ണ് മുഴുവനായി ഒലിച്ചുപോകാതിരിക്കാനുള്ള അവസാനഘട്ട ശ്രമമായി വ്യാഖ്യാനിച്ചാലും തെറ്റുപറയാനാകില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in