ഒരേയൊരു പെരിയാർ

ഒരേയൊരു പെരിയാർ

കെട്ടി ഉയർത്തപ്പെട്ട ഓരോ പെരിയാർ പ്രതിമകളും ജനങ്ങളോട് പറയുന്ന രാഷ്ട്രീയത്തെക്കാൾ ശക്തമാണ് തകർക്കപ്പെട്ട പെരിയാർ പ്രതിമകൾക്ക് പറയാനുള്ള രാഷ്ട്രീയം.

"യുക്തിപരവും, ശാസ്ത്രീയവും, അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിലുമല്ലാത്ത എല്ലാവിധ വേർതിരിവുകളും കപടമാണെന്നും, സ്വാർഥമാണെന്നും, ഗൂഢാലോചനകളാണെന്നും ഒരു നാൾ തുറന്നു കാട്ടപ്പെടും."

പെരിയാർ ഇ വി രാമസ്വാമി

ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവും, ആര്യ സാംസ്‌കാരിക ബോധത്തിൽ നിന്ന് പുറത്തുകടക്കാൻ വിന്ധ്യാ മലനിരകൾക്കു തെക്ക് ഒരു ജനസമൂഹത്തെ പഠിപ്പിച്ച നേതാവുമായ, പെരിയാർ ഇ വി രാമസ്വാമിക്ക് ഇന്ന് 144-ാം പിറന്നാൾ. സാമൂഹിക നീതിയിൽ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയ പ്രവർത്തനമാണ് പെരിയാറിന്റെ കൈമുതൽ. ദ്രാവിഡരായ മനുഷ്യരോട് സ്വന്തം ഭാഷയും, സംസ്കാരവും ഉയർത്തിപ്പിടിക്കാൻ പറയുമ്പോൾ തന്നെ ജാതീയതയ്‌ക്കെതിരെ ശക്തമായി നിലനിൽക്കാനും ഇന്നും തമിഴ്‌നാട്ടിൽ ഏറെ പ്രധാനപ്പെട്ട ചർച്ചയായ, എല്ലാ ജാതിയിൽ പെട്ടവർക്കും പൂജ ചെയ്യാനുള്ള അവകാശമുൾപ്പെടെയുള്ള പ്രധാന സാമൂഹിക പരിഷ്കരണങ്ങൾ ആരംഭിക്കുന്നത്തിനും പെരിയാർ തന്നെയാണ് കാരണം.

1879 സെപ്റ്റംബർ 17 ന് തമിഴ്‌നാട്ടിലെ ഈറോഡിൽ ജനിച്ച പെരിയാറിന്റെ ജന്മദിനം സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 2021ൽ പ്രഖ്യാപിച്ചിരുന്നു.

"നിങ്ങൾക്ക് ഒരു അഭിപ്രായം നിരാകരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്, എന്നാൽ ഒരു അഭിപ്രായം പ്രകാശിക്കപ്പെടുന്നത് തടയാന്‍ സാധിക്കില്ല."

യുക്തിചിന്തയും മതവുമായി ബന്ധപ്പെട്ടാണ് പെരിയാറിന്റെ പ്രധാന ആശയങ്ങളെല്ലാം നിലനിൽക്കുന്നത്. "നിങ്ങൾക്ക് ഒരു അഭിപ്രായം നിരാകരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്, എന്നാൽ ഒരു അഭിപ്രായം പ്രകാശിക്കപ്പെടുന്നത് തടയാന്‍ സാധിക്കില്ല." പെരിയാർ പറയുന്നു. എല്ലാവിധ സാമൂഹിക പ്രശനങ്ങൾക്കുമെതിരെയായിരുന്നു പെരിയാർ സമരം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂമികയിൽ സ്വീകാര്യതയും ബഹുമാനവും മാത്രമല്ല പെരിയാർ നേരിട്ടത്. കെട്ടി ഉയർത്തപ്പെട്ട ഓരോ പെരിയാർ പ്രതിമകളും ജനങ്ങളോട് പറയുന്ന രാഷ്ട്രീയത്തെക്കാൾ ശക്തമാണ് തകർക്കപ്പെട്ട പെരിയാർ പ്രതിമകൾക്ക് പറയാനുള്ള രാഷ്ട്രീയം.

2018 മാർച്ചിലാണ്‌ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ പെരിയാർ പ്രതിമ തലയറുത്ത നിലയിൽ കാണപ്പെടുന്നത്. തിരുപ്പൂരും വെല്ലൂരും സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. ഒടുവിൽ ഈ കഴിഞ്ഞ ദിവസങ്ങളിലാണ് പെരിയാർ പ്രതിമകൾക്ക് താഴെ എഴുതിയ വാക്യങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി അസംബന്ധമാണെന്ന് പറഞ്ഞ് തള്ളിയത്.

പെരിയാർ
പെരിയാർ

1919 ൽ കോൺഗ്രസിൽ ചേർന്ന പെരിയാർ 1925 ൽ പാർട്ടി വിട്ടു. ബ്രാഹ്മണരുടെ താല്പര്യമാണ് കോൺഗ്രസ് സംരക്ഷിക്കുന്നത് എന്നാരോപിച്ചാണ് പുറത്തേക്കിറങ്ങിയത്. 1939 ലാണ് ജസ്റ്റിസ് പാർട്ടിയുടെ തലപ്പത്തേക്ക് പെരിയാർ വരുന്നത്. പിന്നീട് 1944ൽ അദ്ദേഹം പാർട്ടിയുടെ പേര് മാറ്റി ദ്രാവിഡ കഴകം എന്നാക്കി. 1949 ൽ പാർട്ടി പിളർന്നപ്പോൾ ദ്രാവിഡ മുന്നേട്ര കഴകം ആയിമാറി.

അതുകൊണ്ടു തന്നെയാണ് തമിഴ് രാഷ്‌ട്രീയത്തിലെ പ്രധാന കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും അതിന്റെ രാഷ്ട്രീയ ബോധ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളതും പെരിയാറിൽ നിന്ന് തന്നെയെന്ന് വ്യക്തം. മതങ്ങളെ കുറിച്ചുള്ള ചിന്തകളിൽ, ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ, സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ടുന്ന പ്രാധാന്യത്തെ കുറിച്ചെല്ലാം അടിസ്ഥാനപരമായി ഈ പാർട്ടികൾ മനസിലാക്കുന്നത് പെരിയാറിൽ നിന്നാണെന്ന് പറയാം. അതിൽ ഇന്ന് ഉണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്വാധീനം പെരിയാറിന്റെ ശക്തമായ ഹിന്ദി വിരുദ്ധ നിലപാടാണ്.

ഒരേയൊരു പെരിയാർ
'അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത്'; സനാതന ധര്‍മ വിവാദത്തില്‍ മദ്രാസ് ഹൈക്കോടതി

ജാതീയതയ്‌ക്കെതിരായപോരാട്ടത്തിൽ ഒരു പ്രധാന സന്ധിയായിരുന്നു 1950കളിൽ പെരിയാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദു ദൈവങ്ങളുടെ രൂപങ്ങൾ കത്തിച്ചുകൊണ്ടു നടത്തിയ പ്രതിഷേധം. ഈ പ്രതിഷേധം ഏകദേശം 1970വരെ തുടരുന്നതായി പറയപ്പെടുന്നു. ഈ പ്രതിഷേധം തമിഴ് രാഷ്ട്രീയത്തിൽ ബ്രാഹ്മണർക്കുള്ള സ്വാധീനം ഏറിയപങ്കും ഇല്ലാതാക്കി. ഹിന്ദു ദൈവരൂപങ്ങൾ കത്തിച്ചുകൊണ്ടുള്ള ഈ പ്രതിഷേധം പെരിയാർ നടത്തിയ ഏറ്റവും രൂക്ഷമായ സമരമാർഗ്ഗമായാണ് വിലയിരുത്തപ്പെട്ടത്.

2020ൽ പെരിയാറിനെ വിമർശിച്ചുകൊണ്ട് രജനികാന്ത് രംഗത്ത് വന്നിരുന്നു. 1971ൽ സേലത്ത് വച്ച് നടന്ന ഒരു റാലിയിൽ നഗ്നമായ രാമന്റെയും സീതയുടെയും പ്രതിമകൾ പ്രദർശിപ്പിച്ചു എന്നും മാധ്യമങ്ങളൊന്നും അത് വാർത്തയാക്കിയില്ല എന്നും രജനികാന്ത് ആരോപിച്ചു.

പെരിയാറും അംബേദ്കറും
പെരിയാറും അംബേദ്കറും

പെരിയാർ മുന്നോട്ടു വെച്ചതിൽ ഏറ്റവും ശക്തമായി സ്വീകരിക്കപ്പെട്ടത് ഹിന്ദി വിരുദ്ധ നിലപാടാണ്. തമിഴ്‌നാട്ടിൽ ഇപ്പോഴും സർക്കാർ എല്ലാ വർഷവും ഭാഷാ രക്തസാക്ഷി ദിനം ആചരിക്കാറുണ്ട്. ഭാഷ അവരുടെ സംസ്കാരത്തിലും രാഷ്ട്രീയത്തിലും എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തമാണ്. മിക്കവാറും രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷമായി പെരിയാറിനെ സ്വീകരിക്കുന്നുണ്ട്. പെരിയാർ ഒരു ശക്തമായ നിലപാടാണെന്നും അതിനോടടുത്ത് നിൽക്കുന്നത് വോട്ട് നേടിത്തരുമെന്നും തമിഴ്‌നാട്ടിലെ അധികാര രാഷ്ട്രീയം തെളിയിച്ചിട്ടുള്ളതാണ്.

ഒരേയൊരു പെരിയാർ
സനാതന ധർമ വിവാദം: പോര്‍മുഖം കടുപ്പിച്ച് ഡിഎംകെ; വിഷയം സുപ്രീം കോടതിയിലേക്ക്
logo
The Fourth
www.thefourthnews.in