അനീതിയുടെ ഗോദയില്‍ പൊരുതി ഗുസ്തി താരങ്ങള്‍

അനീതിയുടെ ഗോദയില്‍ പൊരുതി ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുംവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് താരങ്ങള്‍

രാജ്യത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങളിന്ന് തെരുവിലാണ്. തങ്ങളെ സംരക്ഷിക്കേണ്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ മേധാവിമാര്‍ ചൂഷകരായി മാറിയതോടെയാണ് അവര്‍ നീതി തേടി തെരുവിലിറങ്ങിയത്.

ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പോലീസും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് കട്ടിലുകളുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ പോലീസ് തങ്ങളെ മര്‍ദിച്ചെന്ന് ആരോപിച്ച് താരങ്ങള്‍ രംഗത്തെത്തി. അപ്രതീക്ഷിതമായ പോലീസിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും ബോധരഹിതനായി വീണയാളെ ആശുപത്രിയിലെത്തിക്കേണ്ടിവന്നുവെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.

ഈ സംഭവ വികാസങ്ങള്‍ക്കെല്ലാം പിന്നാലെയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കിയത്. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. പരാതിക്കാര്‍ക്ക് ഇനി എന്തെങ്കിലും വിഷയം ചൂണ്ടിക്കാട്ടണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

അനീതിയുടെ ഗോദയില്‍ പൊരുതി ഗുസ്തി താരങ്ങള്‍
'ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്ലാതെ പിന്മാറില്ല': ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധത്തിൽ, ലൈംഗിക ചൂഷണ പരാതിയുമായി ഏഴുപേര്‍

2012 മുതല്‍ 2022 വരെ നേരിടേണ്ടി വന്ന ദുരനുഭങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു താരങ്ങള്‍ രംഗത്തെത്തിയത്

എന്തിനാണ് ഗുസ്തിതാരങ്ങള്‍ തെരുവിലിറങ്ങിയത് ?

2023 ജനുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനും കൈസര്‍ഗഞ്ച് ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ടാണ് ലൈംഗികാരോപണ പരാതി ഉയര്‍ത്തിയത്. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. താരങ്ങളുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ നടത്തിയ മൂന്ന് ദിവസം നീണ്ടുനിന്ന പ്രതിഷേധം വലിയ ശ്രദ്ധ നേടി. കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ചു. പരാതികള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിനായിരുന്നു നടപടി. സമരത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനും ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ പരിശോധിക്കുന്നതിനുമായി ജനുവരിയില്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു. സമിതി റിപ്പോര്‍ട്ട് ഇതുവരേയും പുറത്തുവന്നില്ല.

ഏപ്രില്‍ 23 നാണ് ഗുസ്തി താരങ്ങള്‍ വീണ്ടും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരമുഖത്തെത്തുന്നത്. ബ്രിജ് ഭൂഷണിനെതിരെ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. ഒപ്പം ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ രാജിയും അറസ്റ്റും എന്ന ആവശ്യവും ശക്തമാക്കി.

അനീതിയുടെ ഗോദയില്‍ പൊരുതി ഗുസ്തി താരങ്ങള്‍
വനിതാ താരങ്ങളെ പരിശീലകര്‍ ലൈംഗികമായി ഉപദ്രവിച്ചു; ഗുരുതര ആരോപണവുമായി വിനേഷ് ഫോഗാട്ട്

ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നടപടികള്‍ക്ക് വേഗം കൈവന്നത്. കേസെടുക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. പോക്സോ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. ഇതോടെ ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് എടുത്ത് അവര്‍ ജന്തര്‍മന്തറില്‍ തുടര്‍ന്നു

ആരാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്?

ബിജെപി പാര്‍ലമെന്റ് അംഗവും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമാണ് ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. 'ശക്തിശാലി' എന്നാണ് അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. 2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്റെ ഭാഗമായ ബ്രിജ് ഭൂഷണ്‍ സിങ് ഉത്തര്‍പ്രദേശില്‍ നിന്ന് ആറ് തവണയാണ് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് തവണ ബിജെപി ടിക്കറ്റിലും ഒരു തവണ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയിലും ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റിലെത്തി.

ബിജെപിയില്‍ എത്തും മുന്‍പ് തന്നെ സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലും ആരോപണ വിധേയനായിരുന്നു. 1990-കളുടെ മധ്യത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്ക് അഭയം നല്‍കിയതിനെതുടര്‍ന്ന് ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം തിഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ബ്രിജ് ഭൂഷണിനെ കോടതി കുറ്റവിമുക്തനാക്കി.

അനീതിയുടെ ഗോദയില്‍ പൊരുതി ഗുസ്തി താരങ്ങള്‍
ലൈംഗിക ചൂഷണ പരാതി: സമരം പുനരാരംഭിച്ചതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയിലേയ്ക്ക്

ഗുസ്തി ഫെഡറേഷന്റെ നിലപാട്

ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ് തന്നെയാണ് ഗുസ്തി ഫെഡറേഷനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് . വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അപ്പാടെ നിഷേധിക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ മാറി നിന്നാല്‍ കുറ്റം അംഗീകരിക്കുന്നതിന് തുല്യമാണെന്നാണ് നിലപാട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ എന്ത് അന്വേഷണത്തിനും തയ്യാറാണെന്നും ഭൂഷണ്‍ പറയുന്നു.

ആരോപണങ്ങളില്‍ രാഷ്ട്രീയം കുടി കലര്‍ത്തുകയാണ് ബ്രിജ് ഭൂഷണ്‍ ചെയ്യുന്നത്. ജന്തര്‍മന്തറിലെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും, ചില വ്യവസായികളുമാണ് എന്നാണ് ബ്രിജ് ഭുഷന്റെ നിലപാട്.

സര്‍ക്കാര്‍ ഇടപെടല്‍ ഇതുവരെ

ബ്രിജ് ഭൂഷണിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനും ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ പരിശോധിക്കുന്നതിനുമായി ജനുവരിയില്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു. ബോക്‌സിങ് ഇതിഹാസം എംസി മേരി കോമിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയെ ആണ് ഇതിനായി നിയോഗിച്ചത്. നാലാഴ്ചത്തെ സമയം ആയിരുന്നു സമതിക്ക് നല്‍കിയത്. ഏപ്രില്‍ ആദ്യവാരം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കമ്മിറ്റി പിരിച്ചുവിട്ടു. 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനും പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നത് വരെ ഡബ്ല്യുഎഫ്‌ഐയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അഡ്‌ഹോക്ക് പാനല്‍ രൂപീകരിക്കാനും ഐഒഎയെ ചുമതലപ്പെടുത്തി.

ഗുസ്തി ഫെഡറേഷനില്‍ ഒതുങ്ങുന്നതോ കായിക മേഖലയിലെ കെടുകാര്യസ്ഥത

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കാന്‍ ചുമതലപ്പെട്ട ലൈംഗിക പീഡന പരാതികള്‍ക്കായുള്ള ആഭ്യന്തര കമ്മിറ്റികള്‍ രാജ്യത്തെ പകുതിയോളം സ്പോര്‍ട്സ് ഫെഡറേഷനുകളിലും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ആകെ 30 സ്പോര്‍ട്സ് ഫെഡറേഷനുകളില്‍ 16 എണ്ണത്തിലും കൃത്യമായ മാനദണ്ഡങ്ങളോട് കൂടിയ ആഭ്യന്തര കമ്മിറ്റികള്‍ (ഐസിസി) നിലവിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ കായിക മേഖല നാഥനില്ലാ കളരിയാകുമ്പോഴാണ് അവിടങ്ങളില്‍ ചൂഷകര്‍ പിടിമുറുക്കുന്നത്. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള കായിക മേഖല സ്വപ്നം കാണുന്നവര്‍ക്ക് ഗുസ്തി താരങ്ങളുടെ അനുഭവം ഒരു തിരിച്ചടിയാണ്.

logo
The Fourth
www.thefourthnews.in