നൊബേല്‍ പുരസ്കാരം: അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

നൊബേല്‍ പുരസ്കാരം: അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

നൊബേല്‍ പുരസ്കാരത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ചില വസ്തുതകൾ നമ്മെ ആശ്ചര്യപ്പെടുത്തും

ഈ വര്‍ഷത്തെ നൊബേല്‍ ജേതാക്കളെ ഇന്നുമുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ പ്രഖ്യാപിക്കുകയാണ്. 1901 മുതല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പുരസ്കാരത്തിന്റെ പിതാവായ ആല്‍ഫ്രഡ് നൊബേൽ മുന്നോട്ടുവച്ച ആശയപ്രകാരം, മനുഷ്യരാശിയെ പുരോഗതിയിലേക്ക് നയിച്ചവരുടെ കൈകളിലേക്കാണ് നൊബേല്‍ എത്തിയിട്ടുള്ളത്. ജേതാക്കളില്‍ പുരുഷന്മാരും സ്ത്രീകളും എല്‍ജിബിടിക്യു സമൂഹത്തിലുള്ളവരും സംഘടനകളും ഉള്‍പ്പെടുന്നു. നൊബേലുമായി ബന്ധപ്പെട്ട അഞ്ച് വസ്തുതകള്‍ പരിശോധിക്കാം.

പുരസ്കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നത് വിലക്കപ്പെട്ട നൊബേല്‍ ജേതാക്കള്‍

സമാധാനത്തിനുള്ള നൊബേല്‍ ജേതാക്കളായ ആറ് പേരെയാണ് പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇതുവരെ തടഞ്ഞിട്ടുള്ളത് അല്ലെങ്കില്‍ സ്വയം സാന്നിധ്യം അറിയിക്കാന്‍ സാധിക്കാതെ പോയത്. നൊബേലിന്റെ 122 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമുണ്ടായത് 1936ലായിരുന്നു. അന്ന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ജര്‍മന്‍ പത്രപ്രവര്‍ത്തകനായ കാള്‍ വോണ്‍ ഓസിറ്റ്സ്കിക്കായിരുന്നു. എന്നാല്‍ നാസികള്‍ തടവിലാക്കിയതിനെത്തുടര്‍ന്ന് പുരസ്കാര വിതരണം നടക്കുന്ന ഓസ്‌ലോയിലെത്താന്‍ കാളിന് സാധിച്ചില്ല.

1975ലായിരുന്നു രണ്ടാമത്തെ സംഭവം. അന്നത്തെ ജേതാവും റഷ്യന്‍ വിമതനുമായ ആന്‍ഡ്രെ സഖരോവിനെ ഓസ്‌ലോയിലേക്ക് യാത്ര ചെയ്യാന്‍ സോവിയറ്റ് നേതാക്കള്‍ അനുവദിച്ചില്ല. ആന്‍ഡ്രെയ്ക്ക് പകരം അദ്ദേഹത്തിന്റെ പത്നി യെലെന ബോണറാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

1983ല്‍ പോളിഷ് യൂണിയന്‍ നേതാവായ ലെച്ച് വലേസ പുരസ്കാരക്ഷണം നിരസിച്ചത് പോളണ്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന ഭയത്തെതുടര്‍ന്നായിരുന്നു.

1991ൽ മ്യാന്മറിന്റെ പ്രതിപക്ഷനേതാവ് കൂടിയായ ഓങ് സാന്‍ സൂചി പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ വീട്ടുതടങ്കലിലായിരുന്നു. പുരസ്കാരം സ്വീകരിക്കാനുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും സ്വന്തം രാജ്യത്തേക്ക് തിരികെയെത്താനാകില്ലെന്ന ഭയം അവരേയും പിന്തിരിപ്പിക്കുകയായിരുന്നു.

2010ല്‍ ചൈനീസ് വിമതനായ ലിയു സിയാബൊ പുരസ്കാരവിതരണ സമയത്ത് ജയിലില്‍ കഴിയുകയായിരുന്നു.

പട്ടികിയിലെ ഏറ്റവും ഒടുവിലത്തെ സംഭവം 2022ലായിരുന്നു. ബലാറസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ആലസ് ബിയാലിയാറ്റ്സ്കിയായിരുന്നു ജേതാവ്. പക്ഷേ ജയിലിലടയ്ക്കപ്പെട്ടതിനാല്‍ ആലസിന് ഓസ്‌ലോയിലെത്താനായില്ല. അദ്ദേഹത്തിന് പകരം പത്നി നതാലിയ പിന്‍ചക്കാണ് പുരസ്കാരം സ്വീകരിച്ചത്.

നൊബേല്‍ പുരസ്കാരം: അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
നൊബേല്‍ സമ്മാനത്തുകയിൽ ഇത്തവണ 74.5 ലക്ഷം രൂപയുടെ വർധന; മൊത്തം എട്ട് കോടിയിലധികം ലഭിക്കും

മരണാനന്തര പുരസ്കാരങ്ങള്‍

മരിച്ച വ്യക്തികള്‍ക്ക് പുരസ്കാരം നല്‍കേണ്ടെന്ന് 1974 മുതല്‍ നൊബേല്‍ ഫൗണ്ടേഷന്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. എന്നാല്‍ ഒക്ടോബറിലെ പ്രഖ്യാപനത്തിനും ഡിസംബറില്‍ നടക്കുന്ന പുരസ്കാരദാനച്ചങ്ങിനും ഇടയിലാണ് മരണമെങ്കിൽ പുരസ്കാരം നല്‍കും.

മാറ്റം നിലവില്‍ വരുന്നതിന് മുന്‍പ് രണ്ട് പേര്‍ക്ക് മാത്രമാണ് മരണാനന്തരം പുരസ്കാരം സമ്മാനിച്ചത്. 1961ൽ വിമാനാപകടത്തിൽ മരിച്ച ഐക്യരാഷ്ട്രസഭയുടെ സ്വീഡൻകാരനായ സെക്രട്ടറി ജനറൽ ഡാഗ് ഹാമർസ്‌ക്‌ജോൾഡായിരുന്നു ഒരാൾ. സമാധാനത്തിനുള്ള നൊബേലായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

1931ല്‍ സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ച സ്വീഡിഷ് കവിയായ എറിക് ആക്സല്‍ കാള്‍ഫെല്‍ഡായിരുന്നു രണ്ടാമത്തെ വ്യക്തി.

2011ല്‍ വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരത്തിനായി കാനഡക്കാരനായ റാല്‍ഫ് സ്റ്റെയിന്‍മാനെയാണ് തിരഞ്ഞെടുത്തത്. പ്രഖ്യാപനത്തിന് മൂന്ന് ദിവസം മുന്‍പ് അദ്ദേഹം മരിച്ചിരുന്നു. ഇത് അറിയാതെയായിരുന്നു നിര്‍ണയം. പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന് പുരസ്കാരം നല്‍കേണ്ടെന്ന തീരുമാനമാണ് സമിതി സ്വീകരിച്ചത്.

ജേതാക്കളില്‍ വനിതകള്‍ ചുരുക്കം

പോയ വര്‍ഷങ്ങളില്‍ നൊബേല്‍ ജേതാക്കളില്‍ സ്ത്രീകളുടെ സാന്നിധ്യത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാൽ ഇതുവരെ പുരസ്കാരം നേടിയ 60 സ്ത്രീകള്‍ മാത്രമാണ്. അതായത് മൊത്തരം നൊബേല്‍ ജേതാക്കളില്‍ ആറ് ശതമാനം മാത്രം.

രണ്ടായിരത്തിനുശേഷം വിവിധ വിഭാഗങ്ങളിലായി 31 സ്ത്രീകള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. അതിന് മുന്‍പുള്ള രണ്ട് പതിറ്റാണ്ടിനെ അപേക്ഷിച്ച് ഇത് മൂന്ന് ഇരട്ടിയോളം വരും. 2009ല്‍ അഞ്ച് സ്ത്രീകളാണ് നൊബേല്‍ ജേതാക്കളില്‍ ഉള്‍പ്പെട്ടത്. സാമ്പത്തികശാസ്ത്രത്തില്‍ ഒരു വനിത ആദ്യമായി ജേതാവായതും 2009ലായിരുന്നു. അമേരിക്കക്കാരിയായ എലിനോര്‍ ഓസ്ട്രോമിനായിരുന്നു പുരസ്കാരം.

സാഹിത്യവിഭാഗത്തില്‍ 14.2 ശതമാനം മാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യം. സമാധനത്തിലേക്ക് എത്തുമ്പോള്‍ സ്ഥിതി അല്‍പ്പം മെച്ചമാണ്, 16 ശതമാനം. നൊബേല്‍ പുരുഷന്മാര്‍ക്കായുള്ള സ്ഥാപനമാണെന്നായിരുന്നു 2022 സാഹിത്യ നൊബേല്‍ പുരസ്കാര ജേതാവായ ഫ്രാന്‍സിന്റെ ആനി എര്‍ണാക്സ് എ എഫ് പിയോട് പറഞ്ഞത്. പക്ഷേ നൊബേല്‍ പുരസ്കാരം രണ്ട് തവണ നേടിയ ആദ്യ വ്യക്തി ഒരു വനിത തന്നെയായിരുന്നു. 1903ല്‍ ഫിസിക്സിനും 1911ല്‍ കെമിസ്ട്രിയ്ക്കും പുരസ്കാരം നേടിയ മേരി ക്യൂറിയായിരുന്നു ആ പ്രതിഭ.

നൊബേല്‍ പുരസ്കാരം: അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
മേരി ക്യൂറി മുതല്‍ ബാരി ഷാര്‍പ്‌ലെസ് വരെ; അറിയാം രണ്ട് തവണ നൊബേല്‍ പുരസ്കാരം നേടിയവരെ

ഗണിതശാസ്ത്രത്തിന് പുരസ്കാരമില്ല

എന്തുകൊണ്ട് ഗണിതശാസ്ത്രത്തിന് പുരസ്കാരമില്ലെന്ന ചോദ്യം ദീര്‍ഘനാളായി തുടരുന്നതാണ്. ഇതിനെച്ചുറ്റിപ്പറ്റി നിരവധി കഥകളുമുണ്ട്. പക്ഷേ ആധികാരികമായി ഒരു ഉത്തരം കണ്ടെത്താന്‍ പല ഗവേഷകര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

എന്നാൽ, രണ്ട് കാരണങ്ങളാണ് പ്രധാനമായും നമുക്ക് മുന്നിലുണ്ടത്. 1985ല്‍ നൊബേല്‍ തന്റെ ആഗ്രഹത്തെക്കുറിച്ച് എഴുതിയപ്പോള്‍ ഗണിതശാസ്ത്രവിഭാഗത്തില്‍ സ്വീഡനില്‍ പുരസ്കാരം നിലനില്‍ക്കുന്നതിനാല്‍ മറ്റൊന്നിന്റെ ആവശ്യമില്ലെന്ന് നിരീക്ഷിച്ചിരുന്നു. മാനവരാശിയിലേക്കുള്ള ഗണിതശാസ്ത്രത്തിന്റെ സംഭാവന ഇന്നത്തെ പോലെ അന്ന് അത്ര പ്രത്യക്ഷമായിരുന്നില്ല.

നൊബേല്‍ വിതരണവും ആഡംബരവും

ഒക്ടോബര്‍ ആദ്യ വാരത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കിലും വിതരണം ആല്‍ഫ്രഡ് നൊബേല്‍ മരണപ്പെട്ട ദിനമായ ഡിസംബര്‍ 10നാണ്. ഓസ്‌ലോയിലും സ്റ്റോക്ക്ഹോമിലുമാണ് ചടങ്ങുകള്‍.

സ്റ്റോക്ക്ഹോമില്‍ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സാമ്പത്തികശാസ്ത്രം എന്നിവയിലെ ജേതാക്കളെയാണ് ആദരിക്കുന്നത്. പുരസ്കാരദാന ചടങ്ങിന് ശേഷം സിറ്റി ഹാളിൽ 1,300ഓളം വരുന്ന അതിഥികൾക്കായി ഗംഭീരവിരുന്ന് നടക്കും.

ഓസ്‌ലോയിലെ ചടങ്ങില്‍ അതിഥികളുടെ സംഖ്യ ആയിരത്തോളമാണ്. യുക്രെയ്നിനെതിരായ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ അംബാസഡറെ സ്റ്റോക്ക്ഹോം ചടങ്ങില്‍നിന്ന് വിലക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in