മൂന്ന് പതിറ്റാണ്ടിനിപ്പുറം 18 അതിജീവിതകൾക്ക് നീതി; 215 പേർ ശിക്ഷിക്കപ്പെട്ട വച്ചാത്തി കൂട്ടബലാത്സംഗക്കേസിന്റെ നാൾവഴി

മൂന്ന് പതിറ്റാണ്ടിനിപ്പുറം 18 അതിജീവിതകൾക്ക് നീതി; 215 പേർ ശിക്ഷിക്കപ്പെട്ട വച്ചാത്തി കൂട്ടബലാത്സംഗക്കേസിന്റെ നാൾവഴി

പ്രതികളിൽ 54 പേരും 30 വർഷത്തിനിടയിൽ മരിച്ചു. ബാക്കിയുള്ളവർക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെ തടവ് വിധിച്ച സെഷൻസ് കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവച്ചു

30 വർഷത്തിനിപ്പുറം വച്ചാത്തി കൂട്ടബലാത്സംഗക്കേസിൽ പ്രതികളായ 215 പേരുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരുൾപ്പെടെ വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികൾ. 1992ലാണ് ചന്ദനക്കള്ളക്കടത്തുകാരൻ വീരപ്പനെ സഹായിച്ചുവെന്ന പേരിൽ ധർമപുരി ജില്ലയിലെ വച്ചാത്തി ഗ്രാമത്തിലെ ആദിവാസികൾക്കെതിരെ അതിക്രൂരമായ അക്രമം സർക്കാർ അഴിച്ചുവിടുന്നത്.

18 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും നിരവധിപേർ ആക്രമിക്കപ്പെടുകയും കന്നുകാലികൾ ഉൾപ്പെടെ കൊലചെയ്യപ്പെടുകയും ചെയ്തു. സംസ്ഥാന പോലീസ് തന്നെ പ്രതികളായി വരുന്ന കേസായതുകൊണ്ട് തുടക്കത്തിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. യാതൊരു പുരോഗതിയുമില്ലാതായതോടെ മദ്രാസ് ഹൈക്കോടതിയിൽ സിപിഎം നൽകിയ ഹർജിയിന്മേലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

പ്രതികളിൽ 54 പേരും 30 വർഷത്തിനിടെ മരിച്ചു. ബാക്കിയുള്ളവർക്ക് ഒന്നു മുതൽ പത്ത് വർഷം വരെ തടവ് വിധിച്ച സെഷൻസ് കോടതി വിധി ശരിവച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് പി വേൽമുരുഗനാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. എല്ലാവരെയും ഉടൻ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികൾക്ക് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അതിജീവിതകൾക്ക് ഓരോരുത്തർക്കും നൽകാൻ ഉത്തരവിട്ട പത്ത് ലക്ഷം രൂപ ഉടൻ നൽകണമെന്നും തമിഴ്നാട് സർക്കാരിനോട് കോടതി ഉത്തരവിട്ടു.

10 ലക്ഷം രൂപ വച്ച് നഷ്ടപരിഹാരം നല്കണമെന്നത് 2016 ലെ ഡിവിഷൻ ബെഞ്ച് വിധിയാണ്. ആ തുകയുടെ 50 ശതമാനം ബലാത്സംക്കേസ് പ്രതികളിൽനിന്ന് വസൂലാക്കണമെന്നും അതിജീവിതകൾക്ക് സർക്കാർ ജോലിനൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതിനിടയിൽ മരിച്ച അതിജീവിതകളായ മൂന്ന് സ്ത്രീകളുടെയും കുടുംബങ്ങൾക്ക് ഈ 10 ലക്ഷത്തിനു പുറമെ മൂന്ന് ലക്ഷം രൂപ കൂടി നൽകണമെന്നും കോടതി പറഞ്ഞു.

ഞങ്ങളുടെ സ്വത്ത് മുഴുവൻ കൊള്ളയടിക്കപ്പെട്ടു. വീടുകൾ തകർത്തു. കിണറ്റിൽ വിഷം കലർത്തി. ഒരുപാട് പേർക്ക് സർട്ടിഫിക്കറ്റുകളുൾപ്പെടെ നിരവധി സർക്കാർ രേഖകൾ നഷ്ട്ടപ്പെട്ടു. ഞങ്ങൾക്ക് എല്ലാം ആദ്യം മുതൽ തുടങ്ങണമായിരുന്നു.

വച്ചാത്തി ഗ്രാമത്തിൽ സ്വൈര്യമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കാനാവാശ്യമായതെല്ലാം ചെയ്യണമെന്നും സർക്കാരിന് നിർദേശമുണ്ടായിരുന്നു. അന്നത്തെ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫോറസ്റ്റ് മേധാവി എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഒടുവിൽ പുറത്തുവന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

എന്താണ് വച്ചാത്തിയിൽ സംഭവിച്ചത്?

1992 ജൂൺ 20ന് രാവിലെ വച്ചാത്തിയിൽ വനം ഉദ്യോഗസ്ഥരും ഗ്രാമവാസികളും തമ്മിൽ തർക്കമുണ്ടാകുന്നു. ശേഷം എല്ലാവരും പിരിഞ്ഞുപോയി. കുറച്ച് സമയത്തിനുശേഷം 155 വനം ഉദ്യോഗസ്ഥരും, 108 പോലീസുകാരും ആറ് റവന്യു ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു വലിയ സംഘം എത്തി ഗ്രാമത്തിൽ തിരച്ചിൽ നടത്തുന്നു. കേസന്വേഷണത്തിന്റെ മറവിൽ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ച കൊടുംക്രൂരതയാണ് പിന്നീട് നടന്നത്.

ഒരു ആൽമരത്തിനു താഴെ വെച്ചാണ് അക്രമം ആരംഭിക്കുന്നത്. ആ ബഹളത്തിനിടയിൽനിന്ന് 18 സ്ത്രീകളെ മാത്രം വലിച്ചിഴച്ച് അടുത്തുള്ള തടാകത്തിനരികെ കൊണ്ടുപോയി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നു. നൂറോളം പേർ ക്രൂരമായി ആക്രമിക്കപ്പെട്ടു. കന്നുകാലികൾ കൊലചെയ്യപ്പെട്ടു. ഒരു ഗ്രാമത്തെ അവർ ഇല്ലാതാക്കി. പോലീസ് വരുന്നതറിഞ്ഞ് ഗ്രാമത്തിലെ പുരുഷന്മാർ അടുത്തുള്ള കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സ്ത്രീകളും വയോധികരും മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ആ കാട്ടിലാണ് പിന്നീട് കുറെ കാലം ഗ്രാമത്തിലുള്ളവർ ഒളിച്ചു ജീവിച്ചത്.

അക്രമം തുടങ്ങിയത് ഈ ആൽമരത്തിന്റെ ചുവട്ടിൽ
അക്രമം തുടങ്ങിയത് ഈ ആൽമരത്തിന്റെ ചുവട്ടിൽBBC Image
ഏഴോ, എട്ടോ വയസിൽ നേരിട്ട അതിക്രമം ആലോചിക്കുമ്പോൾ ഇന്നും പേടിയാണെന്ന് വച്ചാത്തിയിലെ സ്ത്രീകൾ പറയും. അത്രയ്ക്ക് ക്രൂരമായിരുന്നു ആ പീഡനം

"ആ സംഭവത്തിനുശേഷം ഗ്രാമത്തിൽ ഒന്നും ബാക്കിയില്ലായിരുന്നു. ഞാൻ കൃത്യമായി ഓർക്കുന്നുണ്ട്. സംഭവങ്ങൾക്കുശേഷം ആഴ്ചകൾ കഴിഞ്ഞ് ഞങ്ങൾ ഗ്രാമത്തിലേക്ക് തിരിച്ചുവന്നപ്പോൾ എല്ലാം കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നു. ഞങ്ങളുടെ കന്നുകാലികൾ മുഴുവൻ കൊലചെയ്യപ്പെട്ടു. സ്വത്ത് മുഴുവൻ കൊള്ളയടിക്കപ്പെട്ടു. വീടുകൾ തകർത്തു. കിണറ്റിൽ വിഷം കലർത്തി . ഒരുപാട് പേർക്ക് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരവധി സർക്കാർ രേഖകൾ നഷ്ട്ടപ്പെട്ടു. ഞങ്ങൾക്ക് എല്ലാം ആദ്യം മുതൽ തുടങ്ങണമായിരുന്നു. സിപിഎം പ്രവർത്തകർ ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ ഗ്രാമം തന്നെ ഇല്ലാതായേനെ. ഞങ്ങളെ സംബന്ധിച്ച് ഈ വിധി വളരെ പ്രധാനപ്പെട്ടതാണ്," വിധി പ്രഖ്യാപനത്തിനു മുമ്പ് ഗ്രാമവാസിയായ എസ് ഗോവിന്ദൻ ദി ന്യൂ ഇന്ത്യൻ എക്‌സ്‍‌പ്രസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഗോവിന്ദന് 30 വയസായിരുന്നു.

ഏഴോ, എട്ടോ വയസിൽ നേരിട്ട അതിക്രമം ആലോചിക്കുമ്പോൾ ഇന്നും പേടിയാണെന്ന് വച്ചാത്തിയിലെ സ്ത്രീകൾ പറയും. അത്രയ്ക്ക് ക്രൂരമായിരുന്നു ആ പീഡനം. ജീവിതം പൂർണമായും തകർന്നുപോയ സ്ത്രീകൾ. ലൈംഗികമായി അതിക്രമിക്കപ്പെട്ടശേഷം ദിവസങ്ങളോളം കഴിക്കാൻ ഒന്നുമില്ലാതെ വിശന്നുകഴിയേണ്ടി വന്നതും അവർ പേടിച്ച് ഓർത്തെടുക്കും. അടുത്ത ഗ്രാമങ്ങളിലെ ആളുകളാണ് അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ നൽകി സഹായിച്ചത്.

മൂന്ന് പതിറ്റാണ്ടിനിപ്പുറം 18 അതിജീവിതകൾക്ക് നീതി; 215 പേർ ശിക്ഷിക്കപ്പെട്ട വച്ചാത്തി കൂട്ടബലാത്സംഗക്കേസിന്റെ നാൾവഴി
എഐഎഡിഎംകെയുടെ മടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന് സംഘപരിവാറുമായി സന്ധി ചെയ്യാനാകില്ലെന്ന തിരിച്ചറിവോ?

സംഭവം നടന്ന് ദിവസങ്ങൾക്കുശേഷവും വച്ചാത്തിക്കാരെ കാണുമ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആ കേസുകൾ ഇല്ലാതാകാൻ വർഷങ്ങൾ തന്നെ എടുത്തു. നിരവധിപേർ അങ്ങനെ കള്ളക്കേസിൽ കുടുങ്ങി. അവർക്കനുകൂലമായാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതിയുടെ വിധി വരുന്നത്. അതേസമയം തങ്ങൾ കുറ്റവിമുക്തരാക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് വിധി വരുന്നതിനു തൊട്ടുമുമ്പത്തെ ദിവസം പോലും പ്രതികൾ മാധ്യമങ്ങൾക്ക് മുമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

കേസ് നാൾവഴികൾ

19 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, 126 വനം ഉദ്യോഗസ്ഥരും 84 പോലീസ് ഉദ്യോഗസ്ഥരും അഞ്ച് റവന്യു ഉദ്യോഗസ്ഥരുമടക്കം 269 പേർ കുറ്റക്കാരാണെന്ന് 2011 സെപ്തംബര് 29ന് ധർമപുരി ജില്ലാ സെഷൻസ് കോടതി വിധിച്ചു. വിധി വരുമ്പോൾ അതിൽ 215 പേർ മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളു.

17 പേർക്കെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കപ്പെടുകയും ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 12 പേരെ എസ് സി-എസ് ടി അതിക്രമം തടയൽ നിയമപ്രകാരം 10 വർഷത്തേക്ക് കഠിനതടവ് ശിക്ഷിച്ചു. അഞ്ച് പേർ ഏഴു വർഷത്തെ തടവിനും ബാക്കിയുള്ളവർ രണ്ട് മുതൽ 10 വരെ വർഷത്തേക്കും ശിക്ഷിക്കപ്പെട്ടു.

ഇപ്പോൾ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വേൽമുരുഗൻ വച്ചാത്തിയിൽ പോയി ആളുകളോട് സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in