തമിഴൻ ഹൃദയത്തിലേറ്റിയ സായിപ്പും കേരളത്തിൻ്റെ ജലബോംബും

തമിഴൻ ഹൃദയത്തിലേറ്റിയ സായിപ്പും കേരളത്തിൻ്റെ ജലബോംബും

ഇത് ബ്രിട്ടീഷ് പട്ടാള എൻജിനീയർ ലഫ്. ജോൺ പെന്നിക്വിക്ക്. മുല്ലപ്പെരിയാറിൻ്റെ ശിൽപ്പി. ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ട് മുൻപാണ് പെന്നിക്വിക്ക് പശ്ചിമഘട്ട മലനിരകളിലെത്തുന്നത്.

പൂശാനംപെട്ടി. എല്ലുകൾക്കുണ്ടാകുന്ന എത്ര സങ്കീർണമായ ഒടിവും പൊട്ടലുമെല്ലാം ശരിപ്പെടുത്തിത്തരുന്ന തമിഴ്നാട്ടിലെ പാരമ്പര്യ വൈദ്യന്മാരുടെ ഗ്രാമം. അവിടുത്തെ കാഴ്ചകൾ കാണാനും അറിയാനുമാണ് അന്നൊരിക്കൽ ഇടുക്കിയിൽനിന്ന് ചുരമിറങ്ങിയത്. കമ്പത്തുനിന്ന് എട്ടൊൻപത് കിലോമീറ്ററുണ്ടാകും. മഴതോർന്നൊരു മധ്യാഹ്നത്തിലാണ് ഗ്രാമത്തിലെത്തിയത്. ചെറുതും വലുതുമായ വീടുകളിൽ നിരവധി ചികിത്സകർ. അവർക്കു മുന്നിൽ ഒടിഞ്ഞ കൈകാലുകളുമായി തമിഴരുടെയും മലയാളികളുടെയും വലിയ കൂട്ടങ്ങൾ. കുറേ പടങ്ങളെടുത്ത് അവരുടെ ചികിത്സാ രീതിയേ ക്കുറിച്ചൊക്കെ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് വൈദ്യന്മാരിലൊരാളുടെ വീടിന്റെ ഭിത്തിയിൽ തൂങ്ങിക്കിടന്ന കലണ്ടർ ശ്രദ്ധിക്കുന്നത്. എഴുത്തെല്ലാം തമിഴിലാണ്. പക്ഷേ അതിലുള്ള ചിത്രം ഒരു സായിപ്പിന്റേത്. അതെങ്ങനെ സംഭവിക്കും?

പൊതുവെ സ്വത്വബോധം കൂടുതൽ പ്രകടിപ്പിക്കാറുള്ള തമിഴർ അവരുടെ കലണ്ടറിൽ വിദേശിയുടെ പടം പതിപ്പിക്കുമോ? നോക്കുമ്പോൾ ഒന്നല്ല, ആ ഗ്രാമത്തിലെ മിക്ക വീടുകളിലും തൂങ്ങിയാടുന്ന കലണ്ടറുകളിലെ ചിത്രം ഇതേ വ്യക്തിയുടേതുതന്നെ. ഗ്രാമത്തിന് മധ്യേയുള്ള വേപ്പുമരത്തിൽ സ്ഥാപിച്ചിരിന്ന ബാനറിലും കണ്ടു അയാളുടെ പടം. നെഞ്ചിൽ നിറയെ മെഡലുകൾ കൊരുത്തിട്ട, പട്ടാളവേഷമിട്ട് നെറ്റികയറിയ കട്ടിമീശക്കാരൻ. സമീപത്തുണ്ടായിരുന്ന ബാർബർ ഷോപ്പിലെ വൃദ്ധനോട് ചോദിച്ചു അതാരാണെന്ന്. അദ്ദേഹത്തെ അറിയില്ലേയെന്ന മട്ടിൽ ആ കൊമ്പൻ മീശക്കാരൻ അപ്പൂപ്പൻ എന്നെയൊന്ന് നോക്കി, പിന്നെ പറഞ്ഞു:

"കടവുൾ മാതിരി. ഊരുക്ക് തണ്ണികെടച്ചത് അവരാലെ."

എന്തൊക്കെയോ മനസിൽ മിന്നിമാഞ്ഞു. സാമൂഹ്യശാസ്ത്ര പുസ്തകം, പിഎസ്‌സി ഗൈഡ്, സുപ്രീംകോടതി, കേരള - തമിഴ്നാട് തർക്കം, മുല്ലപ്പെരിയാർ ഡാം...

അതെ, ഇത് ബ്രിട്ടീഷ് പട്ടാള എൻജിനീയർ ലഫ്. ജോൺ പെന്നിക്വിക്ക്. മുല്ലപ്പെരിയാറിൻ്റെ ശിൽപ്പി. ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ട് മുൻപ്, ലോകത്ത് അണക്കെട്ട് നിർമാണത്തിൻ്റെ സാങ്കേതികവിദ്യകൾ ഉരുവപ്പെട്ടുവരുന്നതിൻ്റെ തുടക്കകാലത്താണ് പെന്നിക്വിക്ക് പശ്ചിമഘട്ട മലനിരകളിലെത്തുന്നത്. തിരിച്ചിറങ്ങിയതാകട്ടെ ഒരു നദിയെയും ഒപ്പം കൂട്ടിയാണ്. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ച് പെരിയാറിനെ പാതിവഴിയിൽ തടഞ്ഞുനിർത്തി എതിർദിശയിൽ ഒഴുക്കിക്കൊണ്ടുപോയ വാസ്തുവിദ്യാവിശാരദൻ.

ഡാം നിർമാണം പൂർത്തിയായത് 1895ലാണ്. പെന്നിക്വിക്കാകട്ടെ 1911ൽ മരിക്കുകയുംചെയ്തു. അതായത് സായിപ്പിനെ നേരിട്ടുകണ്ട ആരുംതന്നെ ഈ ഗ്രാമത്തിലിപ്പോഴില്ല. എന്നിട്ടും തങ്ങൾ കാണാത്ത ഒരു മനുഷ്യനെ, അതുമൊരു വിദേശിയെ ഇന്നും ഇവർ ആരാധിക്കണമെങ്കിൽ അതിനൊരൊറ്റ കാരണമേയുള്ളൂ, ജലം. മുല്ലപ്പെരിയാറിലെ വെള്ളത്തെ നാം ഭയക്കുന്നു. നമുക്കതൊരു ജലബോംബാണ്. പക്ഷേ തമിഴനത് ജീവജലമാണ്. വരണ്ടുണങ്ങിയൊരു മരുസ്ഥലിയായിരുന്നു മുൻപ് തമിഴ്നാടിൻ്റെ മിക്ക പ്രദേശങ്ങളും. 44 നദികളാൽ സമൃദ്ധമാണ് നമ്മുടെ നാടെങ്കിൽ മറുവശത്ത് കാവേരിയും വൈഗയും താമരഭരണിയുമൊന്നുമല്ലാതെ വർഷം മുഴുവൻ നീരൊഴുക്കുള്ള ഒരൊറ്റ നദിപോലും തമിഴ്നാടിനില്ല. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹത്തിനു കൃഷിക്കുപോയിട്ട് തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതി.

കിഴക്കൻ അതിർത്തി പങ്കിടുന്ന തിരുവിതാംകൂറിൻ്റെ നിബിഢവനങ്ങളിലൂടെ ഒഴുകുന്ന പെരിയാറിനെ വഴിതിരിച്ച് തമിഴകത്തേക്കെത്തിക്കാനുള്ള പദ്ധതികളുടെ തുടക്കം രേഖകൾ പ്രകാരം 1798ലാണ്.

വേനൽ കടുക്കുമ്പോൾ വൈഗ വറ്റിവരളുകയും മധുരയും സമീപപ്രദേശങ്ങളും കുടിനീരുപോലുമില്ലാതെ വലയുകയും ചെയ്യുന്നത് തുടർക്കഥയായി. കൃഷി പൂർണമായി നിലച്ചു. പട്ടിണി മരണങ്ങൾ വർധിച്ചു. ജനം പലവഴികളിലേക്കു പലായനം ചെയ്യാനാരംഭിച്ചു. ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിലേക്കു തമിഴ്നാട്ടിൽ നിന്നുണ്ടായ കുടിയേറ്റം ഈ പശ്ചാത്തലത്തിലാണ്. ജലമന്വേഷിച്ചുള്ള പരക്കംപാച്ചിലിലായിരുന്നു പിന്നീട് ഭരണാധികാരികൾ. കിഴക്കൻ അതിർത്തി പങ്കിടുന്ന തിരുവിതാംകൂറിൻ്റെ നിബിഢവനങ്ങളിലൂടെ ഒഴുകുന്ന പെരിയാറിനെ വഴിതിരിച്ച് തമിഴകത്തേക്കെത്തിക്കാനുള്ള പദ്ധതികളുടെ തുടക്കം രേഖകൾ പ്രകാരം 1798ലാണ്. അന്ന് ബ്രിട്ടീഷുകാർ മധുരയിൽ നേരിട്ട് ഭരണം ആരംഭിച്ചിട്ടില്ല. രാമനാട് ദിവാനായിരുന്ന അരുൾമണി ഇക്കാര്യത്തിൽ പഠനം നടത്താനായി സമിതിയെ നിയോഗിച്ചു. സാമ്പത്തികപ്രശ്നങ്ങൾ മൂലം പദ്ധതി നടന്നില്ല. പിന്നീട് 1807ൽ മധുര കളക്ടറായിരുന്ന പാരിഷ്, 1808ൽ സർ ജെയിംസ് കാൽസൺ, 1862ൽ മേജർ റൈസ്, മേജർ പൈൻ എന്നിവരെല്ലാം പെരിയാറിനെ തമിഴ്നാട്ടിലേക്ക് എത്തിക്കാനുള്ള പദ്ധതികളുമായി തേക്കടിയിലെത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവിൽ ആ നിയോഗം പട്ടാള എൻജിനീയർ ലഫ്. ജോൺ പെന്നിക്വിക്കിനു വന്നുചേർന്നു.

1882ൽ പെന്നിക്വിക്ക് മലകയറി. പെരിയാർ നദീതടത്തിലെ ജലം വൈരനാറിലേക്കും അതുവഴി വൈഗാ നദീതടത്തിലേക്കും എത്തിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പദ്ധതി. ലോകത്ത് ആദ്യമായാണ് അത്തരത്തിൽ ഒരു നദീതടത്തിലെ വെള്ളം മറ്റൊരു നദീതടത്തിലേക്ക് തിരിച്ചുവിടുന്ന പദ്ധതി നടക്കുന്നത്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാർ പദ്ധതി അക്കാലത്ത് ലോകത്തിൻ്റെ വിവിധ കോണുകളിലുള്ള എൻജിനീയർമാർക്ക് പാഠപുസ്തകമായിരുന്നു. തക്കതായ പ്രതിഫലം ലഭിച്ചാൽ ഡാം പണിയാൻ അനുമതി നൽകാമെന്നതായിരുന്നു തിരുവിതാംകൂറിൻ്റെ അഭിപ്രായം. അതേസമയം അണക്കെട്ട് നിർമിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തിരുവിതാംകൂർ സർക്കാരും പഠനസംഘത്തെ നിയോഗിച്ചു. നദിയുടെ ഗതിമാറിയാൽ പെരിയാറിനെ ആശ്രയിച്ചുള്ള കൃഷി നിലയ്ക്കുമെന്നും ഖജനാവ് കാലിയാകുമെന്നൊക്കെ സംഘം റിപ്പോർട്ട് നൽകി. എങ്കിലും ഡാം നിർമിക്കാനുള്ള മദ്രാസ് പ്രവിശ്യയുടെ തീരുമാനത്തെ മറികടക്കാനുള്ള കരുത്ത് തിരുവിതാംകൂറിനുണ്ടായിരുന്നില്ല.

44 നദികളാൽ സമൃദ്ധമാണ് നമ്മുടെ നാടെങ്കിൽ മറുവശത്ത് കാവേരിയും വൈഗയും താമരഭരണിയുമൊന്നുമല്ലാതെ വർഷം മുഴുവൻ നീരൊഴുക്കുള്ള ഒരൊറ്റ നദിപോലും തമിഴ്നാടിനില്ല

അതിനിടെ, മുല്ലപ്പെരിയാറിനു പകരം തിരുവിതാംകൂറിനുള്ളിലെ ബ്രിട്ടീഷ് ഭരണപ്രദേശങ്ങളായ അഞ്ചുതെങ്ങ്, തങ്കശ്ശേരി തുറമുഖങ്ങൾ വിട്ടുതരണമെന്നൊരു ഉടമ്പടിക്ക് തിരുവിതാംകൂർ ശ്രമിച്ചു. അന്ന് സ്വന്തമായി തുറമുഖമില്ലാതിരുന്ന തിരുവിതാംകൂറിന് ഇവ ലഭിച്ചാൽ കൊച്ചി രാജ്യത്തെ തുറമുഖത്തെ ആശ്രയിക്കാതെ സുഗന്ധവ്യഞ്ജന വ്യാപാരം നടത്താമെന്നതായിരുന്നു ഈ ആലോചനയ്ക്ക് പിന്നിൽ. എന്തായാലും അത് നടന്നില്ല.

തമിഴൻ ഹൃദയത്തിലേറ്റിയ സായിപ്പും കേരളത്തിൻ്റെ ജലബോംബും
ബോസണ്‍ കണിക നിർദേശിച്ചു, നൊബേല്‍ നേടി; പീറ്റർ ഹിഗ്‌സ് മാനുഷികപ്രശ്നങ്ങള്‍ക്കൊപ്പം നിലകൊണ്ട ഭൗതികശാസ്ത്രജ്ഞന്‍

1886 ഒക്ടോബർ 29നു പീരുമേട്ടിലെ 8000 ഏക്കർ വനഭൂമി 40,000 രൂപ വാർഷിക പാട്ടത്തിന് 999 വർഷത്തേക്ക് മദ്രാസിനു കൈമാറി. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ്ടണുമാണു പെരിയാർ പാട്ടക്കരാറിലൊപ്പുവച്ചത്. ഇന്നും നീളുന്ന തർക്കങ്ങൾക്കു കാരണമായ കരാറിലെ വിവാദങ്ങൾ മറ്റൊരു കഥയാണ്.

മദ്രാസ് ഗവർണർ കോണിമാറ പ്രഭു, സെക്രട്ടറി കേണൽ ഹാസ്റ്റഡ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റിയായിരുന്നു നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം. കാളവണ്ടിയെങ്കിലുമെത്തുന്ന വഴിയിൽനിന്ന് പിന്നെയും 11 കിലോമീറ്റർ ദൂരമുണ്ടായിരുന്നു ഡാം നിർമാണപ്രദേശത്തേക്ക്. കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നാണ് ആദ്യം തൊഴിലാളികളെ എത്തിച്ചത്. പിന്നീട് കാർപ്പെൻ്റർ ജോലികൾക്കായി ഫെർണാഡോ എന്ന പോർച്ചുഗീസുകാരൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽനിന്നും മേസ്തിരിപ്പണികൾക്കായി മധുരയിൽനിന്നും ആളുകളെ എത്തിച്ചു.

ഏതാണ്ട് അഞ്ച് കിലോമീറ്റർ അകലെനിന്ന് റോപ്പ് വേ സ്ഥാപിച്ച് അതിലൂടെയാണ് സ്ഥലത്തേക്ക് ചുണ്ണാമ്പ് കല്ലും യന്ത്രസാമഗ്രികളും എത്തിച്ചത്. ഈ റോപ്പ് വേ പ്രവർത്തിപ്പിക്കാനാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ചത്.

ഡാം നിർമാണത്തിനാവശ്യമായ വിദഗ്ധതൊഴിലാളികളുടെ അഭാവമായിരുന്നു നേരിട്ട ആദ്യ വെല്ലുവിളി. ഫിറ്റർ, ഓപ്പറേറ്റർ മുതലായ ജോലികൾ ചെയ്യേണ്ടവരെ പ്രത്യേക പരിശീലനത്തിലൂടെ രൂപപ്പെടുത്തുകയായിരുന്നു. മേസ്തിരിമാർക്കാകട്ടെ കളിമണ്ണിൽ മാത്രം ജോലിചെയ്തായിരുന്നു ശീലവും. താത്കാലിക തടയണയുണ്ടാക്കി പദ്ധതിപ്രദേശത്തുനിന്ന് വെള്ളം വഴിതിരിച്ചുവിട്ടെങ്കിൽ മാത്രമേ ഡാമിൻ്റെ നിർമാണം ആരംഭിക്കാനാകൂ. തടയണകൾ പലതവണയുണ്ടാക്കിയെങ്കിലും കനത്ത മഴയിൽ തകരുന്ന സാഹചര്യമുണ്ടായി. ലേബർ ക്യാമ്പുകൾ നിർമിച്ച് തൊഴിലാളികളെ പ്രദേശത്തുതന്നെ പാർപ്പിക്കാനായെങ്കിലും ആനശല്യവും കോളറയും മലമ്പനിയും അവരുടെ ജീവന് ആപത്തായി.

നിർമാണം പുരോഗമിക്കുന്നതിനിടെ വന്യജീവി ആക്രമണത്തിലും രോഗബാധയാലും നിരവധിപ്പേർ മരണത്തിന് കീഴടങ്ങി. മണലും ചുണ്ണാമ്പും സുർക്കിയും 3:2:1 എന്ന അനുപാതത്തിൽ ചേർത്താണ് ഡാമിൻ്റെ നിർമാണം. പെരിയാറിൽനിന്ന് തന്നെയാണ് മണൽ സംഘടിപ്പിച്ചത്. ചുണ്ണാമ്പുകല്ല് എത്തിച്ചിരുന്നത് മധുരയ്ക്കു സമീപമുള്ള കുരുവനത്തൂരിൽനിന്ന്. മദ്രാസ് ലാബിൽ ടെസ്റ്റ് ചെയ്തശേഷമാണ് ദിവസവും 80 ടൺ ചുണ്ണാമ്പ് കല്ല് പെരിയാർ തീരത്ത് എത്തിച്ചിരുന്നത്.

തമിഴൻ ഹൃദയത്തിലേറ്റിയ സായിപ്പും കേരളത്തിൻ്റെ ജലബോംബും
എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി

ഏതാണ്ട് അഞ്ച് കിലോമീറ്റർ അകലെനിന്ന് റോപ്പ് വേ സ്ഥാപിച്ച് അതിലൂടെയാണ് സ്ഥലത്തേക്ക് ചുണ്ണാമ്പ് കല്ലും യന്ത്രസാമഗ്രികളും എത്തിച്ചത്. ഈ റോപ്പ് വേ പ്രവർത്തിപ്പിക്കാനാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ചത്. ആർതർ റിങ്ങെന്ന പ്രതിഭാശാലിയായിരുന്നു ഇതിനുപിന്നിൽ. ടർബൈൻ ഉപയോഗിച്ച് വെള്ളത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് റോപ്പ് വേയുടെയും തുരങ്കനിർമാണത്തിൻ്റെയും ആവശ്യങ്ങൾക്ക് ഉപയോഗിച്ചു.

ഇങ്ങനെ പല പ്രതിസന്ധികളെയും അതിജീവിച്ച് 1895ൽ മുല്ലപ്പെരിയാർ ഡാമും വെള്ളം കൊണ്ടുപോകാനുള്ള ടണലും കനാലുകളുമെല്ലാം പൂർത്തിയായി. ഒക്ടോബർ 10ന് മദ്രാസ് ഗവർണർ വെൻലോക്ക് പ്രഭു ഉദ്ഘാടനം ചെയ്തതോടെ വെള്ളം തമിഴകത്തേക്ക് ഒഴുകി. 85 ലക്ഷം രൂപയ്ക്കാണ് പദ്ധതി പൂർത്തിയായത്. ജലസേചനത്തിനൊപ്പം വൈദ്യുതി ഉത്പാദനത്തിലുള്ള സംവിധാനങ്ങളും പെന്നിക്വിക്ക് സജ്ജമാക്കിയിരുന്നു. വൈരനാറിലൂടെയും പിന്നീട് ചുരുളിയാർ വഴിയും വൈഗൈ നദീതടത്തിലെത്തിയ വെള്ളം തമിഴൻ്റെ ജീവജലമായിരുന്നു. കോവിലുകളിലെ തിരുവിളയേക്കാൾ ആഘോഷപൂർവമായാണ് അവർ പെരിയാറിൽനിന്നുള്ള ജലപ്രവാഹത്തെ സ്വീകരിച്ചത്. കേരളത്തിൽ സ്വാഭാവികമായി കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളേയുള്ളൂ. കബനി, ഭവാനി, പാമ്പാർ. അവയ്ക്കൊപ്പം മനുഷ്യൻ്റെ നിശ്ചയദാർഢ്യത്തിൽ വഴിതിരിഞ്ഞ് കിഴക്കോട്ടൊഴുകുന്ന നാലാമത്തെ നദിയായി പെരിയാറിൻ്റെ ഈ കൈവഴി മാറി.

തമിഴ്നാട്ടിലെ രണ്ട് ലക്ഷത്തിലേറെ ഏക്കർ കൃഷിഭൂമി ഈ വെള്ളമുപയോഗിച്ചാണ് നനയ്ക്കുന്നത്. പൂശാനംപെട്ടിയിൽ മാത്രമല്ല, മുല്ലപ്പെരിയാറിലെ വെള്ളമെത്തുന്ന തെക്കൻ തമിഴ്നാട്ടിലെ മിക്ക വീടുകളിലും പെന്നിക്വിക്കിൻ്റെ ചിത്രം കാണാം. ലോവർ ക്യാമ്പിൽ അദ്ദേഹത്തിന് പ്രതിമയും സ്മാരകവുമുണ്ട്. അന്ത്യവിശ്രമം കൊളളുന്ന ഇംഗ്ലണ്ടിലെ ഫ്രിംമ്ലി സെൻ്റ് പിറ്റേഴ്സ് സെമിത്തേരിയിലും അദ്ദേഹത്തിൻ്റെ പ്രതിമ കാണാം. ചെന്നൈ പോലീസ് കമ്മിഷണറായിരുന്ന എ കെ വിശ്വനാഥനാണ് ഈ പ്രതിമ അവിടെ സ്ഥാപിക്കുന്നത്. ലണ്ടനിൽ അദ്ദേഹത്തിൻ്റെ മറ്റൊരു പ്രതിമ കൂടി സ്ഥാപിക്കാൻ ഇപ്പോൾ തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് ഇന്നും തമിഴ്നാടിന് പെന്നിക്വിക്കിനോടുള്ള കടപ്പാട്. തലമുറകൾ കഴിഞ്ഞിട്ടും അത് കൂടുകയല്ലാതെ കുറയുന്നില്ല. സമൂഹത്തെ മാറ്റിമറിക്കുന്നവരെ ലോകം എക്കാലത്തും ആദരവോടെയാണല്ലോ കാണാറ്. ജർമൻകാരനായ വെള്ളത്താടിക്കാരൻ സൈദ്ധാന്തികൻ്റെ ചിത്രം നമ്മുടെ ചുവരുകളിലും മനസിലും മായാതെ നിൽക്കുന്നത് അതുകൊണ്ടാണ്. സാമൂഹ്യനന്മയ്ക്കായി പ്രകൃതിയെ മാറ്റിമറിക്കുന്നവരെയും മനുഷ്യർ ആ വിധം ഓർക്കാറുണ്ട്. അതിലൊരാളാണ് ജോൺ പെന്നിക്വിക്ക്. പക്ഷേ അനേകർക്ക് ജീവജലം പകർന്നുനൽകിയ ആ എൻജിനീയർ അനേകരുടെ ജീവനെടുക്കുന്ന അണക്കെട്ടിൻ്റെ ശിൽപ്പിയായി മാറുമോയെന്നാണ് ഇന്ന് കേരളം ഭയക്കുന്നത്.

തമിഴൻ ഹൃദയത്തിലേറ്റിയ സായിപ്പും കേരളത്തിൻ്റെ ജലബോംബും
കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ 

പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചതിനുപിന്നാലെ ഇപ്പോൾ മുല്ലപ്പെരിയാർ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. പുതിയ ഡാമിൻ്റെ രൂപരേഖ പൂർത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം-വന്യജീവി വകുപ്പിൻ്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഈ മാസം 28നു ചേരുന്ന വിദഗ്ധ വിലയിരുത്തൽ സമിതി യോഗത്തിൽ പുതിയ ഡാം എന്ന ആവശ്യമുന്നയിക്കും. എന്നാൽ മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമാണത്തിന് അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തെഴുതിയിരിക്കുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്‍റെ നീക്കമെന്നാണ് തമിഴ്നാടിൻ്റെ വാദം.

കാലാവസ്ഥയും മഴയുടെ രീതിയും മാറിയിരിക്കുന്നു. മേഘവിസ്ഫോടനങ്ങളുടെയും മിന്നൽപ്രളയങ്ങളുടെയും നാടാണിപ്പോൾ കേരളം. മുല്ലപ്പെരിയാർ ഒരു ജലബോംബായാണ് ഇന്ന് മധ്യകേരളത്തിന് മേലെ നിലനിൽക്കുന്നത്. പുതിയ ഡാമെന്ന കേരളത്തിൻ്റെ ആവശ്യത്തിന് കോടതിവിധിയേക്കാൾ മാനുഷിക പരിഗണനയാണ് നൽകേണ്ടത്. സമീപകാലത്ത് കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പോലും അത്തരമൊരു പരിഗണന തമിഴ്നാടിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.

logo
The Fourth
www.thefourthnews.in