'പോപുലേഷൻ ജിഹാദിന് കുടപിടിക്കുന്ന കേന്ദ്രസർക്കാർ റിപ്പോർട്ട്; പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

'പോപുലേഷൻ ജിഹാദിന് കുടപിടിക്കുന്ന കേന്ദ്രസർക്കാർ റിപ്പോർട്ട്; പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

ജനസംഖ്യയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരും ചില സ്വതന്ത്ര ഏജൻസികളും സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് ശാസ്ത്രീയമല്ലെന്നും രാഷ്ട്രീയ ലക്ഷ്യമുള്ളതാണെന്നും ആരോപിക്കുന്നു

രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധനവും ഹിന്ദുക്കളുടേതിൽ ഇടിവുമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി- പിഎം) കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഹിന്ദുസമൂഹം ഭയപ്പെടേണ്ട അവസ്ഥയാണ് എന്ന നിലയ്ക്കായിരുന്നു കഴിഞ്ഞദിവസം പല 'ദേശീയ മാധ്യമങ്ങളും' ഇത് റിപ്പോർട്ട് ചെയ്തത്.

മുസ്ലിം വിഭാഗത്തെ 'പെറ്റുകൂട്ടുന്നവർ' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ടെന്നതും എടുത്തുപറയേണ്ടതാണ്. അതേസമയം, ജനസംഖ്യയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരും ചില സ്വതന്ത്ര ഏജൻസികളും സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് ശാസ്ത്രീയമല്ലെന്നും രാഷ്ട്രീയ ലക്ഷ്യമുള്ളതാണെന്നും ആരോപിക്കുന്നു.

ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും വേഗത്തിൽ കുറയുന്ന സമൂഹമാണ് മുസ്ലിങ്ങളുടേത്

കണക്കിലെ പൊള്ളത്തരങ്ങൾ

ഇഎസി- പിഎം റിപ്പോർട്ട് പ്രകാരം, 1950ൽ 9.84 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2015 ആയപ്പോൾ 14.09 ആയി വർധിച്ചു. അതായത് 4.25 ശതമാന പോയിന്റിന്റെ വ്യത്യാസം. ഇതിനെ ശതമാനക്കണക്കിലേക്കു മാറ്റിയാണ് 43.15 എന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു, ക്രൈസ്തവ, സിഖ് വിഭാഗങ്ങളുടെയെല്ലാം കാര്യത്തിൽ ഇങ്ങനെ തന്നെയാണ് കണക്കുകൾ നൽകിയിരിക്കുന്നത്. കണക്കിലെ യഥാർത്ഥ പ്രശ്നം മനസ്സിലാകണമെങ്കിൽ ബുദ്ധമതത്തിന്റെ കാര്യം കൂടി പരിഗണിക്കണം.

1950ൽനിന്ന് 2015 ആകുമ്പോഴേക്ക് ബുദ്ധമതം മൊത്തം ജനസംഖ്യയുടെ 0.05 ശതമാനത്തിൽനിന്ന് വളർന്ന 0.81 ശതമാനമായി. മുസ്ലിം-ഹിന്ദു- സിഖ് വിഭാഗങ്ങളുടെ ജനസംഖ്യയുടെ കാര്യത്തിൽ ഉപയോഗിച്ച യുക്തി പ്രയോഗിച്ചാൽ 1,520 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ അതിനെ 'ശ്രദ്ധയേമായ വർധന' എന്ന് മാത്രമാണ് നൽകിയിരിക്കുന്നത്. അതായത്, ചില കാര്യങ്ങൾ മുന്നോട്ടുവയ്ക്കാൻ വേണ്ടി മാത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇഎസി- പിഎമ്മിന്റേതെന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്ന് സാരം.

1991നും 2001നുമിടയിൽ മുസ്ലിം ജനസംഖ്യ 29.49 ശതമാനം വർധിച്ചിരുന്നുവെങ്കിൽ പിന്നീടുള്ള പത്ത് വർഷം വളർച്ച നിരക്ക് 24.69 ശതമാനമായി കുറഞ്ഞു

ഇനി രാജ്യത്തെ മുസ്ലിം ജനസംഖ്യയുടെ കാര്യം. രാജ്യത്തെ മുസ്ലിങ്ങളെ കുറിച്ച് പൊതുവിൽ ഹിന്ദുത്വ വാദികൾ പറയുന്ന കാര്യമാണ് അവർക്ക് കൂടുതൽ കുട്ടികൾ, അവർ പെറ്റുകൂട്ടുന്നവരാണ് എന്നൊക്കെ. ഇതൊക്കെ തന്നെയാണ് പ്രധാനമന്തി നരേന്ദ്ര മോദിയും രാജസ്ഥാനിൽ പറഞ്ഞത്. അദ്ദേഹമിത് നേരത്തെയും പറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ വംശഹത്യയിൽനിന്ന് രക്ഷപ്പെട്ട മുസ്ലിങ്ങൾ താമസിച്ച സ്ഥലങ്ങളെ കുട്ടികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമായാണ് മോദി പണ്ട് വിശേഷിപ്പിച്ചത്.

ജനസംഖ്യയുമായി ബന്ധപ്പെട്ട് ആദ്യമൊരു കാര്യം പറയേണ്ടതുണ്ട്. സമൂഹത്തിന്റെ ജനസംഖ്യ നിരക്ക് വർധിക്കുന്നതിനു കാരണം പലതുണ്ട്. അതിൽ പ്രധാനമായി ജനസംഖ്യാ ശാസ്ത്രജ്ഞർ പറയുന്നത് ആ സമൂഹത്തിന്റെ സാമൂഹ്യപുരോഗതിയാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും സ്ത്രീശാക്തീകരണ മേഖലയിലുമുള്ള പുരോഗതി. അതുകൊണ്ടാണ് വിദ്യാഭ്യാസനിരക്ക് കൂടുതലുള്ള കേരളത്തിലും തമിഴ്‌നാട്ടിലും ഉത്തർപ്രദേശിനെ അപേക്ഷിച്ച് ജനസംഖ്യനിരക്ക് കുറഞ്ഞിരിക്കുന്നത്. കേരളവും തമിഴ്‌നാടും താണ്ടിയ സാമൂഹ്യപുരോഗതിയിലേക്കെത്താൻ ഉത്തർപ്രദേശിനും ബിഹാറിനും വർഷങ്ങൾ വേണ്ടിവരും.

'പോപുലേഷൻ ജിഹാദിന് കുടപിടിക്കുന്ന കേന്ദ്രസർക്കാർ റിപ്പോർട്ട്; പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്?
മുസ്ലിങ്ങൾ പെറ്റുകൂട്ടുന്നുണ്ടോ? എന്താണ് വാസ്തവം?

ഹിന്ദുത്വ വർഗീയവാദികളുടെ പ്രചാരണത്തിലേക്കു വരാം. ഒരു സമൂഹത്തിന്റെ ജനസംഖ്യ വർധന കണക്കാക്കുന്നതു ടോട്ടൽ ഫെർട്ടിലിറ്റി റേറ്റിന്റെ അടിസ്ഥാനത്തിലാണ്. ഒരു സ്ത്രീക്ക് എത്ര കുട്ടികൾ ഉണ്ടാകുമെന്നതാണ് ഇതിൽ ഉൾപ്പെടുന്നത്. 2021 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം ഇന്ത്യയിലെ ഒരു സ്ത്രീക്ക് 2.2 കുട്ടികൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 1992ൽ ഇത് 3.4 ഉം 1950 ൽ ൽ ഇത് 5.9 ഉം ആയിരുന്നു. ഇത് ഇന്ത്യയിലെ സ്ത്രീകളുടെ മൊത്തം കണക്കാണ്. ഇനി നമുക്ക് ഒരോ മതസമുദായത്തിന്റെയും കണക്ക് നോക്കാം.

ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾക്ക് 2.6 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്. ഇത് 2015ലെ കണക്കാണ്. 1992ൽ ഇത് 4.4 ആണ്. അതായത് ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും വേഗത്തിൽ കുറയുന്ന സമൂഹമാണ് മുസ്ലിങ്ങളുടെത് എന്നർത്ഥം. അതായത് 2015 ലെ കണക്കനുസരിച്ച് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ടിഎഫ്ആറിലെ വ്യത്യാസം 0.5 ശതമാനം മാത്രമാണ്. 1992 ൽ ഈ വ്യത്യാസം 1.1 ആയിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് മുസ്ലിം സമൂഹം ജനസംഖ്യാ നിയന്ത്രണത്തിൽ കൈവരിച്ച നേട്ടം മനസ്സിലാകുക.

'പോപുലേഷൻ ജിഹാദിന് കുടപിടിക്കുന്ന കേന്ദ്രസർക്കാർ റിപ്പോർട്ട്; പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്?
സെൻസസ് നടത്താതെ ജനസംഖ്യാ കണക്കെടുക്കുന്നതിന് പിന്നിൽ ?

ഇനി നമുക്ക് ജനസംഖ്യാ കണക്കുകൾ നോക്കാം. 2011നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. അന്ന് മുസ്ലിം ജനസംഖ്യ 17.22 കോടിയായിരുന്നു. അതായത് അന്നത്തെ നമ്മുടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 14.2 ശതമാനം. അതിന് പത്തുവർഷം മുമ്പുള്ള സെൻസസ് പ്രകാരം അതായത് 2001ലെ സെൻസസ് പ്രകാരം മുസ്ലിം ജനസംഖ്യ 13.81 ശതമാനം ആയിരുന്നു. അതായത് അന്നത്തെ ആകെ ജനസംഖ്യയുടെ 13.43 ശതമാനം.10 വർഷത്തിനുള്ളിൽ മുസ്ലിം ജനസംഖ്യയിലുണ്ടായ വർധന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ചെറുതായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.

1991നും 2001നുമിടയിൽ മുസ്ലിം ജനസംഖ്യ 29.49 ശതമാനം വർധിച്ചിരുന്നുവെങ്കിൽ പിന്നീടുള്ള പത്ത് വർഷം വളർച്ചനിരക്ക് 24.69 ശതമാനമായി കുറഞ്ഞു. പുതിയ സെൻസസ് നടന്നിരുന്നുവെങ്കിൽ നിരക്കുവർധനയിലെ കുറവ് കൂടുതൽ പ്രകടമാകുകമായിരുന്നു. ഇതാണ് കണക്കുകൾ പറയുന്നത്. എങ്കിലും മുസ്ലിങ്ങൾക്കെതിരായ വിദ്വേഷം പരത്തുന്നതിന് അവർ പെറ്റുകുട്ടുന്നവരാണെന്ന വ്യാജപ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രി മുതലിങ്ങോട്ടുള്ള സംഘ്പരിവാർ നേതാക്കൾ. സത്യം ചെരുപ്പിടുമ്പോഴേക്കും, വ്യാജൻ ലോകം ചുറ്റികഴിഞ്ഞിരിക്കും. എങ്കിലും വസ്തുകൾ പറയാതിരിക്കാൻ കഴിയില്ലല്ലോ.

logo
The Fourth
www.thefourthnews.in