'കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്ക് നൽകും'; വിഭാഗീയ പരാമർശവുമായി നരേന്ദ്രമോദി

'കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്ക് നൽകും'; വിഭാഗീയ പരാമർശവുമായി നരേന്ദ്രമോദി

പ്രധാനമന്ത്രി അബദ്ധത്തിൽ പോലും സത്യം പറയില്ലെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്

കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ അവർ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്ക് നൽകും, വിഭാഗീയ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പരാമര്‍ശം. കോൺഗ്രസിനെ തിരഞ്ഞെടുത്താൽ അവർ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മോദിയുടെ പ്രസ്താവന.

"ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോൺഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണ് എന്നാണ്. എന്നുവച്ചാൽ ഇപ്പോഴും അവർ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതൽ കുട്ടികൾ ഉള്ളവർക്കായിരിക്കും, നുഴഞ്ഞു കയറിയവർക്കുമായിരിക്കും. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവർക്ക് നൽകണോ? നിങ്ങൾക്ക് അതിന് സമ്മതമാണോ?" മോദി തിരഞ്ഞെടുപ്പ് യോഗത്തിൽ ചോദിച്ചു.

'കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്ക് നൽകും'; വിഭാഗീയ പരാമർശവുമായി നരേന്ദ്രമോദി
'സർവതും കാവിവത്കരിക്കാനുള്ള ബിജെപി നീക്കം'; ഡി ഡി ന്യൂസ് ലോഗോ നിറം മാറ്റത്തിനെതിരെ എംകെ സ്റ്റാലിൻ

"കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വർണ്ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. മൻമോഹൻ സിംഗ് സർക്കാരാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞത്. ഈ അർബൻ നക്സൽ ചിന്താഗതികൾ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകൾ പോലും ബാക്കിവയ്ക്കില്ല." മോദി പറയുന്നു.

പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരേ ഉയരുന്നത്. പ്രധാനമന്ത്രി വീണ്ടും കള്ളപ്രചാരണങ്ങളുമായി രംഗത്തെത്തുകയാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അബദ്ധത്തിൽ പോലും സത്യം പറയില്ലെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.

2006ൽ നാഷണൽ ടെവേലോപ്മെന്റൽ കൗൺസിലിന്റെ മീറ്റിങ്ങിൽ വച്ചാണ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്, ന്യുനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിൽ ഊന്നൽ നൽകണമെന്നും, വികസനത്തിന്റെ ഗുണം അവരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും, അവർക്ക് രാജ്യത്തിന്റെ വിഭവങ്ങളിൽ ആദ്യത്തെ അവകാശമുണ്ടാകണമെന്നും പറയുന്നത്.

ഞായറാഴ്ച നടന്ന രാഷ്ട്രീയ യോഗത്തിൽ കോൺഗ്രസ് ന്യുനപക്ഷങ്ങളിലും,ദളിതരിലും ആശങ്കയുണ്ടാക്കുന്നതായും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഭരണഘടനയെ കുറിച്ചും സംവരണത്തെ കുറിച്ചും കോൺഗ്രസ്സ് കള്ളപ്രചാരണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്നും, അവരുടെ കള്ളങ്ങൾ ഫലിക്കില്ലെന്ന് അവർക്കു തന്നെ അറിയാമെന്നും, ആദിവാസി വിഭാഗങ്ങളിലുള്ള ആളുകൾക്ക് അവരുടെ അവകാശങ്ങൾ കൃത്യമായി അറിയാമെന്നും മോദി പറയുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചുവരാന്‍ കഴിയാത്തവരെ രാജ്യസഭയിലെത്തിക്കാനാണ് രാജസ്ഥാനിൽ കോൺഗ്രസ് ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ പേരെടുത്തു പറയാതെ നരേന്ദ്രമോദി മറ്റൊരു പൊതുയോഗത്തിൽ പറഞ്ഞു. കെസി വേണുഗോപാലിനെയും മൻമോഹൻ സിങ്ങിനെയും രാജ്യസഭയിലേക്കെത്തിക്കാൻ അവർ ഉപയോഗിച്ചത് രാജസ്ഥാനാണ് എന്നും മോദി വിമർശിച്ചു. കെസി വേണുഗോപാലോ മൻമോഹൻ സിങ്‌ഹോ രാജസ്ഥാന് വേണ്ടി നിലകൊണ്ടത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്നും മോദി ചോദിച്ചു.

'കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്ക് നൽകും'; വിഭാഗീയ പരാമർശവുമായി നരേന്ദ്രമോദി
'ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ

രാജസ്ഥാനിൽ ആദ്യഘട്ട വോട്ടിങ് ഏപ്രിൽ 19ന് കഴിഞ്ഞു. രാജസ്ഥാനിലെ പകുതി ജനങ്ങളും തങ്ങളുടെ വോട്ടിങ്ങിലൂടെ കോൺഗ്രസിനെ ശിക്ഷിച്ചു കഴിഞ്ഞു. ആരും കോൺഗ്രസ് ഭരണത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നില്ല. 2014ന് മുമ്പുള്ള അവസ്ഥയിലേക്ക് പോകാൻ ആരും ആഗ്രഹിക്കുന്നില്ല. മോദി ജലോറിൽ നടത്തിയ പൊതുപരിപാടിയിൽപറഞ്ഞു.

logo
The Fourth
www.thefourthnews.in