'മുള്ളൻ മുടിയും നഗ്നപാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള പത്തുവയസുകാരൻ'; പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ ഹൻദല

'മുള്ളൻ മുടിയും നഗ്നപാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള പത്തുവയസുകാരൻ'; പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ ഹൻദല

ദശാബ്ദങ്ങളായി ഇസ്രയേലിനെതിരെയുള്ള പലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളിൽ ഒന്നാണ് ഹൻദല. 1973 മുതലാണ് ഹൻദല ആഗോള തലത്തിൽ ശ്രദ്ധേയമാകുന്നത്

നഗ്നപാദനായി കയ്യും പിറകിൽ കെട്ടി നെഞ്ചുംവിരിച്ച് യാതൊന്നിനെയും കൂസാത്ത മട്ടിൽ നിൽക്കുന്ന അഭയാർത്ഥി ബാലന്റെ ചിത്രം പലസ്തീനിലെ മിക്ക തെരുവോരങ്ങളിലും കാണാനാകും. 1973 മുതൽ തലയുയർത്തി പുറംതിരിഞ്ഞ് നിൽക്കുന്ന ആ പത്തുവയസുകാരന്‍റെ കാർട്ടൂൺ ചിത്രം ലോകമെമ്പാടുമുള്ള പലസ്തീൻ ഐക്യദാർഢ്യ പരിപാടികളിലും ഉയരാറുണ്ട്. പേര് ഹൻദല. രൂപം നൽകിയത് അന്തരിച്ച പലസ്തീനിയൻ കാർട്ടൂണിസ്റ്റ് നാജി അൽ-അലി.

ദശാബ്ദങ്ങളായി ഇസ്രയേലിനെതിരെയുള്ള പലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളിൽ ഒന്നാണ് ഹൻദല. 1973 മുതലാണ് ഹൻദല ആഗോള തലത്തിൽ ശ്രദ്ധേയമാകുന്നത്. അന്നുമുതൽ ലോകരാജ്യങ്ങൾ കൂടി പങ്കാളിയായ പലസ്തീനെതിരായ അനീതിക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധ രൂപമാണ് ഹൻദല. യാതൊരു തരത്തിലും ഇടപെടാതെ ലോകം പലസ്തീനികളോട് എങ്ങനെ പുറംതിരിഞ്ഞു നിൽക്കുന്നുവെന്നതിനെ കൂടിയാണ് ഹൻദല സൂചിപ്പിക്കുന്നു.

പലസ്തീനിലെ വരണ്ട പ്രദേശങ്ങളിൽ വളരുന്ന ഒരു കയ്പേറിയ പഴമാണ് 'ഹൻദൽ.' ഇതില്‍ നിന്നാണ് ഹൻദല എന്ന പേര് ലഭിക്കുന്നത്

1948ലെ ഇസ്രയേൽ രാഷ്ട്ര രൂപീകരണത്തോടെ സംഭവിച്ച ഒന്നാം നക്ബ (കൂട്ടപ്പലായനം) കാലത്ത് നിർബന്ധിതമായി കുടിയിറക്കപ്പെടുന്ന നാജി അൽ അലിയെന്ന പത്താം വയസുകാരന്റെ ഓർമയിൽനിന്നാണ് ഹൻദല രൂപം കൊള്ളുന്നത്. മുള്ളൻ മുടിയും നഗ്നമായ പാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള ഹൻദല അങ്ങനെയാണ് പലസ്തീനിലെ നിസ്വരായ ജനങ്ങൾക്ക് സ്വന്തമാകുന്നത്‌. കുട്ടിക്കാലത്ത് പലസ്തീൻ വിടാൻ നിർബന്ധിതനായ നാജി അൽ-അലിയുടെ തന്നെ പ്രതിഫലനമായിരുന്നു ഹൻദല.

നാജി അലി
നാജി അലി

"ഹൻദല എന്റെ കയ്യൊപ്പാണ്. മുള്ളുകൾ ആയുധമാക്കുന്ന മുള്ളൻപന്നിയുടെ മുടി പോലെയാണ് അവന്റെ മുടി. ഒരു തടിച്ച, സന്തോഷമുള്ള, സ്വസ്ഥനായ ലാളന അനുഭവിക്കുന്ന ഒരു കുട്ടിയല്ല ഹൻദല. ഹൻദല പത്താം വയസിലാണ് ജനിച്ചത്, അവന് എപ്പോഴും പത്ത് വയസ്സായിരിക്കും. പ്രകൃതി നിയമങ്ങൾ അവനു ബാധകമല്ല. അവൻ അതുല്യനാണ്. അവന്റെ ജന്മഭൂമി തിരികെ ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ സാധാരണ നിലയിലാകൂ," നാജി അലി പറയുന്നു.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരെ ലോകത്തെമ്പാടുമുള്ള 80 കാർട്ടൂണിസ്റ്റുകൾ തങ്ങളുടെ കഥാപാത്രങ്ങളെ ഹൻദലയ്ക്കൊപ്പമെന്ന രീതിയിൽ ചിത്രീകരിച്ചിരുന്നു

1969ൽ ഒരു കുവൈറ്റി പത്രത്തിലാണ് ഹൻദല ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നാണ് ആദ്യമായും അവസാനമായും കാഴ്ചക്കാരനെ അഭിമുഖീകരിക്കുന്ന തരത്തില്‍ ഹൻദല പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1973ലെ ഒക്ടോബർ യുദ്ധത്തിന് തൊട്ടുപിന്നാലെ നാജി അൽ-അലി തന്റെ പുറം തിരിഞ്ഞ് നിൽക്കുന്ന ഹൻദലയെ വരയ്ക്കാൻ ആരംഭിച്ചു.

പലസ്തീനിലെ വരണ്ട പ്രദേശങ്ങളിൽ വളരുന്ന കയ്പേറിയ പഴമാണ് 'ഹൻദൽ.' ഇതില്‍ നിന്നാണ് ഹൻദല എന്ന പേര് ലഭിക്കുന്നത്. മുറിക്കുമ്പോൾ വീണ്ടും വളരുകയും ആഴത്തിൽ വേരുകളുള്ളതുമായ ചെടിയിൽനിന്നുള്ള ഈ പഴത്തിന്റെ പേര് നൽകിയതിലൂടെ പലസ്തീനികളുടെ കയ്പേറിയ ജീവിതത്തെ കൂടിയാണ് ഹൻദല പ്രതിനിധീകരിക്കുന്നത്.

'മുള്ളൻ മുടിയും നഗ്നപാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള പത്തുവയസുകാരൻ'; പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ ഹൻദല
ആദ്യം പേരക്കുട്ടിയടക്കമുള്ളവരെ, ഇപ്പോള്‍ മകനെയും ഇസ്രയേല്‍ കൊന്നു; മാധ്യമ പ്രവര്‍ത്തനത്തിനായി വാഇല്‍ ദഹ്ദൂഹിന്റെ ജീവിതം

1987-ൽ ലണ്ടനിൽ വച്ച് കൊല്ലപ്പെട്ട നാജി അൽ അലിയുടെ കൊലയാളിയെ ഇതുവരെ പിടികൂടിയിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ സർഗശേഷി ഇന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയുടെ പ്രതീകമായി തുടരുകയാണ്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരെ ലോകത്തെമ്പാടുമുള്ള 80 കാർട്ടൂണിസ്റ്റുകൾ തങ്ങളുടെ കഥാപാത്രങ്ങളെ ഹൻദലയ്ക്കൊപ്പമെന്ന രീതിയിൽ ചിത്രീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in