191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്, മൂന്ന് അന്വേഷണ ഏജന്‍സികളെ വട്ടം ചുറ്റിച്ച ജെസ്‌ന കേസ്; നേരറിയാതെ സിബിഐ

191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്, മൂന്ന് അന്വേഷണ ഏജന്‍സികളെ വട്ടം ചുറ്റിച്ച ജെസ്‌ന കേസ്; നേരറിയാതെ സിബിഐ

കൃത്യമായ ആസൂത്രണത്തോടെയാണ് ജെസ്‌ന വീടുവിട്ട് പോയതെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. ബന്ധുവിനെ കണ്ടപ്പോള്‍ മാറിനടന്നതും ഫോണ്‍ വീട്ടില്‍വെച്ചു പോയതും ഇതിന്റെ ഭാഗമാണെന്നും അവര്‍ പറയുന്നു

191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്, ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജന്‍സികള്‍, രാജ്യവ്യാപക പരിശോധനകള്‍, സൈബര്‍ ലോകത്തെ അരിച്ചുപെറുക്കല്‍, എന്നിട്ടും അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ജെസ്‌ന മരിയ ജയിംസ് കാണാമറയത്താണ്. ജെസ്‌നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളം വ്യാപകമായി ചര്‍ച്ച ചെയ്ത ജെസ്‌ന തിരോധാന കേസ് മറ്റൊരു 'തെളിയാക്കേസായി' അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ച് നില്‍ക്കുന്നു.

ജെസ്‌ന കേസിന്റെ നാള്‍ വഴികള്‍

2018 മാര്‍ച്ച് 22-നാണ് പത്തനംതിട്ട കൊല്ലമുള്ള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫ് - ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന വീടുവിട്ടിറങ്ങിയത്. കാണാതാകുമ്പോള്‍ 20-കാരിയായിരുന്ന ജെസ്‌ന കാഞ്ഞിരപ്പള്ളി ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുണ്ട്. ചാത്തന്‍തറ-കോട്ടയം റൂട്ടില്‍ ഓടുന്ന ബസിലാണ് ജെസ്‌നയെ അവസാനമായി കണ്ടത്. മുക്കൂട്ടുതറയില്‍ നിന്ന് ബസില്‍ കയറിയ ജെസ്‌ന, ആറു കിലോമീറ്റര്‍ അകലെ എരുമേലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. പിന്നീട് മുണ്ടക്കയം ബസില്‍ കയറി പോയെന്നാണ് പറയപ്പെടുന്നത്. ശേഷം ജെസ്‌ന എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. ആരുടേയും കണ്ണിലുടക്കിയതുമില്ല.

191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്, മൂന്ന് അന്വേഷണ ഏജന്‍സികളെ വട്ടം ചുറ്റിച്ച ജെസ്‌ന കേസ്; നേരറിയാതെ സിബിഐ
'ലൈംഗികവൈകൃതം വിവാഹമോചനത്തിനുള്ള കാരണം'; അശ്ലീല സിനിമ അനുകരിക്കാന്‍ നിര്‍ബന്ധിച്ചു, യുവതിക്ക് ഡിവോഴ്സ് അനുവദിച്ച് കോടതി

മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചായിരുന്നു ജെസ്‌ന ബസ് കയറി പോയത്. 2018 മാര്‍ച്ച് 22-ന്‌ ജെസ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജയിംസ് വെച്ചൂചിറ, എരുമേലി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി. ആദ്യം വെച്ചൂചിറ പോലീസ് അന്വേഷിച്ച കേസില്‍, തുമ്പൊന്നും കണ്ടെത്താനാകാതെ വന്നതോടെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് 2018 ഏപ്രിലില്‍ തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നാല്‍, ജെസ്‌നയെ കണ്ടെത്താനായില്ല.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 2018 മെയ് 27-ന് മറ്റൊരു അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ന്നു. കാണാതായ ദിവസം ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുകയും ജെസ്‌നയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു. പക്ഷേ, ആണ്‍സുഹൃത്തിന് കേസില്‍ റോളൊന്നുമില്ലെന്ന് പോലീസ് മനസിലായി. കേസ് അനിശ്ചിതമായി നീണ്ടുപോകുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. പോലീസ് വീഴ്ച ആരോപിച്ച് ഡിസിസിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു.

തമിഴ്‌നാട്ടില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം

2018 മെയ് 28-ന് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു, തമിഴ്‌നാട്ടിലെ കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇത് ജെസ്‌നയുടേതാണെന്ന് സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം ചെങ്കല്‍പ്പേട്ടിലേക്ക് തിരിച്ചു. കത്തിച്ചതിന് ശേഷം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിലെ പല്ലിലെ ക്ലിപ്പും ഉയരവുമാണ് ഇത് ജെസ്‌നയാകാം എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. എന്നാല്‍, മൃതദേഹം ചെന്നൈ അണ്ണാമലൈ സ്വദേശിനിയുടേതായിരുന്നു. മൃതദേഹം ഈ യുവതിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ആ ആശങ്കയ്ക്ക് വിരാമമായി.

191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്, മൂന്ന് അന്വേഷണ ഏജന്‍സികളെ വട്ടം ചുറ്റിച്ച ജെസ്‌ന കേസ്; നേരറിയാതെ സിബിഐ
'വീഞ്ഞും കേക്കും' പിൻ‌വലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി സജി ചെറിയാൻ

ബംഗളൂരു, ചെന്നൈ, ഗോവ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളും വിവിധ സംസ്ഥാനങ്ങളും പോലീസ് അരിച്ചു തപ്പി. ബംഗളൂരുവില്‍ കണ്ടെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരം മുഴുവന്‍ അന്വേഷണ സംഘം തപ്പിനടന്നു. പക്ഷേ നിരാശയായിരുന്നു ഫലം. 2018- ജൂലൈ 5-ന് അന്വേഷണത്തിന് പോലീസ് സൈബര്‍ സംഘം വിപുലീകരിച്ചു. ഒരുലക്ഷത്തില്‍ അധികം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 250-ഓളം പേരെ ചോദ്യം ചെയ്തു. രക്ഷയില്ലാതെ വന്നപ്പോള്‍ അന്വേഷണം 2018-ഒക്ടോബര്‍ 2-ന് ക്രൈംബ്രാഞ്ചിന് കൈമാറി. ടോമിന്‍ ജെ തച്ചങ്കരിയായിയിരുന്നു അന്വേഷണത്തിന് നേതൃത്വം.

കെ ജി സൈമണ്‍ വട്ടം കറങ്ങിയ കേസ്

കോഴിക്കോട് കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷിച്ച് കണ്ടെത്തി ജോളി ജോസഫിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍ പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയെത്തുന്നത് 2020- ജനുവരിയില്‍. കൂടത്തായി അടക്കം നിരവധി കേസുകള്‍ കണ്ടെത്തി താരമായി നിന്ന കെ ജി സൈമണ്‍, പക്ഷേ ജെസ്‌ന കേസില്‍ വെള്ളം കുടിച്ചു. 2020- ഫെബ്രുവരി 13-ന് ജെസ്‌ന കേസിലെ അന്വേഷനത്തിന് തന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് സൈമണ്‍ വാഗ്ദാനം ചെയ്തു. പിന്നീട്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ജെസ്‌ന എവിടെയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും ഉടന്‍ നാട്ടിലെത്തിക്കുമെന്നും സൈമണും ടോമിന്‍ തച്ചങ്കരിയും പറഞ്ഞെങ്കിലും ജെസ്‌ന മാത്രം പുറത്തുവന്നില്ല.

സിബിഐ അന്വേഷണം

ഇതോടെ, കേരള പോലീസിന്റെ അന്വേഷണത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബം കേസ് സിബിഐയെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനിടെ, ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്‌തെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഹര്‍ജി പിന്‍വലിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണും കെഎസ്‌യു നേതാവ് കെ എം അഭിജിത്തും നല്‍കിയ ഹര്‍ജികളില്‍, കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2021- മാര്‍ച്ച് 21 കേസ് സിബിഐ ഏറ്റെടുത്തു.

ഇതിനിടയില്‍ പല കഥകളും ജെസ്‌നയെ ചുറ്റിപ്പറ്റിയുണ്ടായി. പെണ്‍കുട്ടി തീവ്രവാദ സംഘടയില്‍ ചേര്‍ന്നെന്നും മതപരിവര്‍ത്തനം നടത്തിയെന്നും പ്രചാരണമുണ്ടായി. എന്നാല്‍, ഈ പ്രചാരണങ്ങള്‍ സിബിഐ തള്ളി. 2022- മാര്‍ച്ച് 31-ന് സിബിഐ ജെസ്‌നയെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി, ഇന്റര്‍പോള്‍ളിന്റെ സഹായം തേടി. 191 രാജ്യങ്ങളില്‍ ജെസ്‌നയെ തിരഞ്ഞ് യെല്ലോ നോട്ടീസ് നല്‍കി. നിരാശയായിരുന്നു ഫലം.

കൃത്യമായ ആസൂത്രണത്തോടെയാണ് ജെസ്‌ന വീടുവിട്ട് പോയതെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. ബന്ധുവിനെ കണ്ടപ്പോള്‍ മാറിനടന്നതും ഫോണ്‍ വീട്ടില്‍വെച്ചു പോയതും ഇതിന്റെ ഭാഗമാണ് എന്നാണ് അന്വേഷണ സംഘങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പേരുകേട്ട അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ജെസ്‌ന എങ്ങോട്ടുപോയി. സ്വയം പോയതല്ലെങ്കില്‍, ആ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചു? അഞ്ചുവര്‍ഷത്തിനിപ്പുറവും ചോദ്യങ്ങള്‍ ബാക്കിയാകുന്നു.

logo
The Fourth
www.thefourthnews.in