'വസ്ത്രമഴിച്ച് സ്വത്വം തെളിയിക്കേണ്ടി വന്നു, പഠനം ഉപേക്ഷിച്ചാല്‍ ജീവിതം വഴിമുട്ടുമായിരുന്നു': ശ്യാമ എസ് പ്രഭ

'വസ്ത്രമഴിച്ച് സ്വത്വം തെളിയിക്കേണ്ടി വന്നു, പഠനം ഉപേക്ഷിച്ചാല്‍ ജീവിതം വഴിമുട്ടുമായിരുന്നു': ശ്യാമ എസ് പ്രഭ

അധ്യാപകരുടെയും സഹപാഠികളുടെയും അടുത്ത് നിന്ന് പോലും വിവേചനം ഉണ്ടാകുന്നുണ്ട്. ഈ അവസ്ഥ എല്ലാവര്‍ക്കും മറികടക്കാന്‍ പറ്റണമെന്നില്ല.

വർഷത്തില്‍ രണ്ട് തവണ വരുന്ന നെറ്റ് പരീക്ഷയുടെ ഇത്തവണത്തെ ഫലം ഒരുപാട് മധുരമുള്ളതാണ്. കേരളത്തില്‍ ആദ്യമായൊരു ട്രാൻസ് വ്യക്തി തൻ്റെ എല്ലാ കഷ്ടപ്പാടുകളും മറികടന്ന് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്) കടമ്പ പൂർത്തിയാക്കിയിരിക്കുന്നു. വിദ്യാഭ്യാസകാലം മുതല്‍ക്കെയുള്ള അവഹേളനങ്ങള്‍ ഒപ്പം കൂട്ടിയാണ് പഠനത്തെ നേരിട്ടതെന്ന് പറയുമ്പോള്‍ ശ്യാമയുടെ ആത്മവിശ്വാസം എത്രത്തോളമെന്ന് വ്യക്തം. അധ്യാപകരടക്കമുള്ളവരില്‍നിന്ന് കൗമാരകാലത്തും പഠനസമയത്തും കേട്ട കുത്തുവാക്കുകളും അധിക്ഷേപങ്ങളും മറികടന്ന് വിജയക്കൊടി പാറിച്ച കഥ 'ദ ഫോർത്തിനോട്' പങ്കുവെക്കുകയാണ് ശ്യാമ.

ശ്യാമ എസ് പ്രഭ
ശ്യാമ എസ് പ്രഭ
Q

വിദ്യാഭ്യാസം

A

ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ പൂര്‍ത്തിയാക്കിയൊരാളാണ് ഞാൻ. 2008ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിഎ മലയാളത്തിനു പ്രവേശനം നേടി. ഡിഗ്രിക്ക് ശേഷം 2011ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍തന്നെ എംഎ മലയാളത്തില്‍ പിജി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 2014ല്‍ മാര്‍ തിയോഫിലോസ് ട്രെയിനിങ്ങ് കോളേജില്‍ ബിഎഡിന് ചേര്‍ന്നു. 2015-17ല്‍ തൈക്കാട് സര്‍ക്കാര്‍ ട്രെയിനിങ് കോളേജില്‍ എംഎഡും പൂര്‍ത്തിയാക്കി.

ഇതിനിടയില്‍ ഒരു തവണ നെറ്റ് എക്‌സാം എഴുതി യോഗ്യത നേടിയിരുന്നു. ജെആര്‍എഫിന് രണ്ട് തവണ കൂടി ശ്രമിച്ചെങ്കിലും കിട്ടിയില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസികളും ക്ഷേമപദ്ധതികളും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി 2018ല്‍ എന്നെ നിയമിച്ചു. അഞ്ച് വര്‍ഷത്തോളം അതിന്റെ ഭാഗമായിരുന്നു. നിലവില്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള ക്ഷേമപദ്ധതികളു മറ്റും നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഒരു ജോലിയായിരുന്നു അത്. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം എന്റെ അക്കാദമിക് ജീവിതത്തില്‍ നിന്ന് നീണ്ട ഇടവേള എടുക്കേണ്ടി വന്നു.

അതില്‍ നിന്ന് നാല് മാസത്തോളം ഇടവേളയെടുത്ത് എഴുതിനോക്കാമെന്ന പ്രതീക്ഷയില്‍ പഠിക്കുകയായിരുന്നു. കോച്ചിങ്ങിനൊന്നും പോകാതെ കയ്യിലുണ്ടായിരുന്ന നോട്ടുകളും യൂട്യൂബ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചും പരമാവധി ശ്രമിച്ചിട്ടാണ് പരീക്ഷ എഴുതിയത്. എനിക്ക് പോലും റിസള്‍ട്ട് വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല.

'വസ്ത്രമഴിച്ച് സ്വത്വം തെളിയിക്കേണ്ടി വന്നു, പഠനം ഉപേക്ഷിച്ചാല്‍ ജീവിതം വഴിമുട്ടുമായിരുന്നു': ശ്യാമ എസ് പ്രഭ
'ശോഭനയെ അപമാനിച്ചതല്ല, എന്റെ വാക്കുകള്‍ മോദി പുകഴ്ത്തലിനെതിരെ': ശീതള്‍ ശ്യാം
Q

ജീവിതത്തിനും വിജയത്തിനുമിടയിലെ പോരാട്ടം

A

ഞങ്ങളെ പോലുള്ള വ്യക്തികളെ സംബന്ധിച്ച് വലിയൊരു സംഘര്‍ഷമാണ് നടക്കുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിലെ ഏതെങ്കിലും ഒരു ദിശയില്‍ വച്ചാകും ജെന്‍ഡറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാര്യമായി ഞങ്ങളെ ബാധിക്കുന്നത്. പൊതു സമൂഹം പറയുന്ന ചില മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നില്‍ക്കാന്‍ പറ്റുന്നില്ല, അതില്‍ നിന്നും വിരുദ്ധമായിട്ടുള്ള ഓറിയന്റേഷന്‍ ഉണ്ടാകുന്നു. പൊതു സമൂഹം കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍, അതിനെക്കാള്‍ വലിയ ആത്മ സംഘര്‍ഷമാണ് ഇത് അനുഭവിക്കുന്നവർക്ക് ഉണ്ടാകുന്നത്.

എന്തുകൊണ്ട് നമുക്കിത് സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് വലിയ വ്യക്തതയില്ലാത്ത സമയമായിരിക്കും അത്. മാനസിക പ്രശ്‌നമാണിതെന്ന സംശയങ്ങള്‍ നമ്മെ നിരന്തരം വേട്ടയാടും. ആ ഒരു സംഘര്‍ഷത്തോടു കൂടിയാണ് ഭൂരിഭാഗം പേരുടെയും കൗമാരകാലം കടന്നുപോകുക. ഇതിനിടയിലാണ് പല തരത്തിലുള്ള ഉപദ്രവങ്ങള്‍ സമൂഹത്തില്‍ നിന്നുകൂടി ഉണ്ടാകുക.

അധ്യാപകരുടെയും സഹപാഠികളുടെയും ഭാഗത്തു നിന്നുപോലും വിവേചനം ഉണ്ടാകുന്നുണ്ട്. ഈ അവസ്ഥ എല്ലാവര്‍ക്കും മറികടക്കാന്‍ പറ്റണമെന്നില്ല. വലിയൊരു ശതമാനം പേരും സ്‌കൂളില്‍ നിന്നു പഠനം നിര്‍ത്തുന്ന അവസ്ഥയിലേക്കുവരെ ഇത്തരം സാഹചര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. സമാന സാഹചര്യങ്ങളില്‍ കൂടിയാണ് ഞാനും കടന്നു പോയിട്ടുള്ളത്.

ഈ രീതിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കപ്പെടുകയോ നിഷേധിക്കപ്പടുകയോ ചെയ്താല്‍ പിന്നെ സമൂഹത്തില്‍ നിലനില്‍ക്കേണ്ടി വരുന്നത് കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലായിരിക്കുമെന്ന ബോധ്യം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകണമെന്ന വാശിയുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും അതു മറികടക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

ലൈബ്രറി പോലുള്ള സ്രോതസുകള്‍ ഉപയോഗിച്ചാണ് ഞാൻ കൂടുതലും പഠിച്ചത്. കോളേജ് കാലഘട്ടം വലിയ പ്രശ്‌നമുണ്ടായ സമയമായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസുകളില്‍ കയറുന്നത് വളരെ കുറവും. അന്നത്തെ കാലഘട്ടത്തില്‍ അതൊക്കെ പ്രശ്‌നമായതുകൊണ്ടായിരിക്കാം, ജെന്‍ഡര്‍ വെളിപ്പെടുത്താനുള്ള അവസ്ഥ അന്നുണ്ടായിരുന്നില്ല.

2014ന് ശേഷമാണ് രാജ്യത്ത്തന്നെ ഇത്തരത്തിലുള്ളവര്‍ക്ക് സുപ്രീകോടതിയുടെ നിയമപരമായ പരിരക്ഷ ലഭിക്കുന്നത്. 2015ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി വരുന്നത്. പോളിസി പ്രഖ്യാപിച്ചപ്പോള്‍തന്നെ ഞാനടക്കമുള്ള പലരും വ്യക്തിത്വം വെളിപ്പെടുത്തിയത്. 2015 മുതല്‍ ഈ ഐഡന്റിന്റിയിലാണ് ജീവിക്കുന്നത്. അതിന് മുമ്പ് അത്തരത്തില്‍ സമൂഹത്തില്‍ അംഗീകാരമോ നിയമപരിരക്ഷയോ ലഭിച്ചിരുന്നില്ല.

സുപ്രീംകോടതി വിധി വരുന്ന സമയത്ത് ഞാന്‍ ബിഎഡ് വിദ്യാര്‍ഥിയായിരുന്നു. എംഎഡ് പഠിക്കുമ്പോഴാണ് ഈ ജെന്‍ഡറിലേക്ക് മാറുന്നത്. അതുവരെ ആണാണെന്ന് കാണപ്പെടുകയും, എന്നാല്‍ ആ സ്വഭാവം കാണിക്കാത്തതില്‍ പല രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്‌ത്രൈണത പ്രകടിപ്പിക്കുമ്പോള്‍ ആക്രോശിക്കപ്പെടുകയും ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അതെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോയത്.

സ്‌ത്രൈണത പ്രകടിപ്പിക്കുമ്പോള്‍ ആക്രോശിക്കപ്പെടുകയും ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അതെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോയത്

Q

ഈ സമയങ്ങളിലെ അധ്യാപകരുടെ സമീപനം

A

സാമൂഹിക നിര്‍മിതിയുടെ ഭാഗമായി ആഴത്തില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍. എന്നാല്‍ പല രീതിയിലുള്ള മനോഭാവമുള്ളവരാണ് നമുക്ക് ചുറ്റും. അധ്യാപകര്‍ മോശമായി പെരുമാറിയ സാഹചര്യവുമുണ്ടായിട്ടുണ്ട്. എനിക്ക് ഉയരം കുറവായിരുന്നു. ഏറ്റവും പുറകിലെ ബഞ്ചിലിരിക്കുന്ന ആണ്‍കുട്ടികള്‍ പേപ്പറില്‍ കല്ല് വെച്ച് റബര്‍ ബാന്‍ഡുണ്ടാക്കി അടിക്കും. ടീച്ചര്‍ പഠിപ്പിക്കുമ്പോഴാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ടീച്ചറോട് പരാതിപ്പെട്ടപ്പോള്‍, ആണ്‍കുട്ടികളെപ്പോലെ പെരുമാറാന്‍ പഠിക്കണം ഇല്ലെങ്കില്‍ ഇത്തരം ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചിട്ടുള്ള അധ്യാപകരുണ്ട്.

ഞങ്ങളെ പോലുള്ള കുട്ടികളെ ഉപദ്രവിക്കാന്‍ മറ്റുള്ള കുട്ടികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന ഇടപെടലാണ് അവ. മറിച്ച് ജെന്‍ഡര്‍ വ്യത്യാസമില്ലാതെ, എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ പല അധ്യാപകര്‍ക്കും പറ്റാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള സമീപനം എന്നെ സംബന്ധിച്ചുണ്ടായത്. വസ്ത്രം അഴിച്ച് പരിശോധിക്കുന്ന സാഹചര്യം കോളേജില്‍ പോലും ഉണ്ടായിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ അത് ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല.

ജെന്‍ഡറിനെക്കുറിച്ച് ധാരണയില്ലാത്ത കാലമായിരുന്നതു കൊണ്ടാകാം, ഇത്തരം സംഭവമുണ്ടായത്. പക്ഷേ എല്ലാ അധ്യാപകരും മോശമല്ലായിരുന്നു. എല്ലാ പിന്തുണയും നല്‍കി ചേര്‍ത്തുനിര്‍ത്തിയവരുമുണ്ടായിട്ടുണ്ട്. അവരുണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് ഇതെല്ലാം മറികടക്കാന്‍ പറ്റിയത്.

'വസ്ത്രമഴിച്ച് സ്വത്വം തെളിയിക്കേണ്ടി വന്നു, പഠനം ഉപേക്ഷിച്ചാല്‍ ജീവിതം വഴിമുട്ടുമായിരുന്നു': ശ്യാമ എസ് പ്രഭ
'പോയ് വരൂ ഉമർ, ഞങ്ങൾ ഇവിടെയുണ്ട്'; അപേക്ഷ പ്രിയദർശിനി അഭിമുഖം
Q

ജെആര്‍എഫ് നേട്ടത്തിന് പിന്നിലെ കഥ

A

ഒരു കോച്ചിങ്ങിനും പോകാതെ സ്വയം പഠിച്ച് നേടിയതാണ് ജെആര്‍എഫ്. കോളേജ് സമയത്ത് പഠിച്ച പുസ്തകങ്ങള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്. സമൂഹ മാധ്യമങ്ങളും യുട്യൂബ് ചാനലുകളും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിലൂടെയാണ് മലയാളത്തില്‍ ജെആര്‍എഫ് നേടാൻ സാധിച്ചത്.

പക്ഷേ, ട്രാന്‍സ്ജെന്‍ഡര്‍ സെല്ലില്‍ ഞാന്‍ പഠിച്ച സമയത്ത് പ്രത്യേക പദ്ധതി ഇതിന് വേണ്ടി ആവിഷ്‌കരിച്ചിട്ടുണ്ട്. യത്‌നം എന്ന പേരില്‍ പിഎസ്‌സി, യുപിഎസ്‌സി, ഗേറ്റ് തുടങ്ങിയ മത്സര പരീക്ഷകളില്‍ അവരുടെ കോച്ചിങ്ങിന് വേണ്ടി ഫീസടക്കം ഏറ്റെടുക്കുന്ന പദ്ധതിയാണത്. ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അതിന്റെ ഗുണം ലഭിക്കണമെന്നതാണ് ഇത്തരം പദ്ധതിയുടെ ലക്ഷ്യം.

ഇനി മുന്നിലുള്ളത് ഗവേഷണമാണ്. ജെന്‍ഡറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യാനാണ് ആഗ്രഹം. ഒരു സാമൂഹ്യ നന്മയ്ക്ക് കൂടി ഉപകരിക്കുന്ന രീതിയിലേക്ക് നമ്മുടെ ഗവേഷണം മാറണം.

Q

അക്കാദമിക് ഇടങ്ങളിലെ ക്വീർ പ്രാതിനിധ്യം

A

അക്കാദമിക് ഇടങ്ങളില്‍ കൂടി ഇത്തരക്കാരുടെ പ്രാതിനിധ്യം വരേണ്ടതുണ്ട്. സാഹിത്യമാണെങ്കിലും മറ്റ് വിഷയമാണെങ്കിലും കൈകാര്യം ചെയ്യുമ്പോള്‍ ബൈനറിയില്‍ മാത്രം ഫോക്കസ് ചെയ്താണ് വിഷയം അവതരിപ്പിക്കുന്നത്. അതിനപ്പുറത്തേക്ക് ക്വീര്‍ മനുഷ്യര്‍ എഴുത്തുകാരായി വരുന്നു, പഠിക്കാന്‍ മുന്നോട്ട് വരുന്നു. അത്തരം ആളുകള്‍ക്ക് കുറച്ച് കൂടി തുറന്നുകാട്ടപ്പെടാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അതോടൊപ്പം തന്നെ ഈ മേഖലകളിലൊക്കെ പ്രാതിനിധ്യം വരാനും അവസരമുണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്.

ഈ വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ വരുന്ന സമയത്ത്, സ്വന്തം ജീവിതത്തില്‍ പരീക്ഷിക്കപ്പെട്ട കാര്യങ്ങളടക്കം നമുക്ക് പ്രകടിപ്പിക്കാന്‍ പറ്റും. അതുവഴി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മറികടന്ന് കുറച്ചുകൂടി സാഹൃദാന്തരീക്ഷം ക്യാമ്പസുകളിലും അക്കാദമിക് മേഖലകളിലും കൊണ്ടുവരാന്‍ സാധിക്കും. അതിന് കുറച്ച് കൂടി മെച്ചപ്പെട്ട ഇടപെടല്‍ സര്‍വകലാശാല തലത്തിലും ഉന്നത വിദ്യാഭ്യാസ വകുപ്പും ചെയ്യേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in