വെറുപ്പിന്റെ വിത്ത് വിതക്കുന്നവരുടെ കെണി; 'കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നവർ കൂപമണ്ഡൂകങ്ങൾ|ഫാ.പോൾ തേലക്കാട്ട് അഭിമുഖം

വെറുപ്പിന്റെ വിത്ത് വിതക്കുന്നവരുടെ കെണി; 'കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നവർ കൂപമണ്ഡൂകങ്ങൾ|ഫാ.പോൾ തേലക്കാട്ട് അഭിമുഖം

മാർപാപ്പ പറയുന്നത് മനസിലാക്കാതെ കൂപമണ്ഡൂകങ്ങളെപ്പോലെ ഇവിടെയിരുന്ന് പരസ്പരം വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നു

ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ തീവ്രഹിന്ദുത്വ ആശയമുള്ള പ്രൊപ്പഗണ്ട സിനിമയായ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ചതിനെ വ്യാപകമായി എതിർപ്പുർന്നിരുന്നു. പ്രണയത്തിലെ ചതിക്കുഴികൾ മനസിലാക്കാനുള്ള ടെക്സ്റ്റ് ബുക്കിന്റെ ഭാഗമാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് സഭാ അധികൃതർ നൽകിയ വിശദീകരണം. ഇടുക്കി രൂപതയ്ക്കു പിന്നാലെ താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സീറോ മലബാർ സഭയുടെ മുൻവക്താവും സത്യദീപം ഇംഗ്ലീഷ് പതിപ്പിന്റെ പത്രാധിപരുമായ ഫാ. പോൾ തേലക്കാട്ട് സംസാരിക്കുന്നു.

Q

ഇടുക്കി രൂപതയിൽ കുട്ടികൾക്കു ബോധവത്കരണം നൽകാനെന്ന പേരിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചത് വിവാദമായിരുന്നല്ലോ, അതിന്റെ തുടർച്ചയിൽ ഇപ്പോൾ താമരശേരി രൂപതയും സിനിമ കാണിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നു. പാഠ്യപദ്ധതിയുടെ ഭാഗമായി, പ്രണയക്കുരുക്കിൽ ചെന്ന് പെടാതിരിക്കാൻ വേണ്ടിയാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് അവർ തന്നെ നൽകുന്ന വിശദീകരണം. എന്താണ് ഇതിനോടുള്ള പ്രതികരണം?

A

ഇത് ഒരുകാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. കേരളത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രൈസ്തവരും വളരെ സഹോദര്യത്തിലാണ് കഴിയുന്നത്. അങ്ങനെയുള്ള സമൂഹത്തിൽ വെറുപ്പിന്റെ വിഷവിത്തുകൾ വിതയ്ക്കാൻ താല്പര്യമുള്ളവരുണ്ടാകും, രാഷ്ട്രീയ താല്പര്യങ്ങളുള്ളവരുമുണ്ടാകാം. അവരുടെ കെണിയിൽ ചെന്നുവീഴാൻ അച്ചന്മാരും മെത്രാന്മാരും തയാറാകുന്ന ദുരന്തമാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

2020ൽ സീറോ മലബാർ സഭയുടെ അറുപതോളം വരുന്ന മെത്രാന്മാർ ലവ് ജിഹാദിനെതിരെ പ്രസ്താവനയിറക്കിയിരുന്നു. സാമാന്യബോധമുള്ള ആളുകൾ ചെയ്യുന്ന കാര്യമല്ല അത്. ലവ് ജിഹാദ് ഉണ്ടോയെന്ന ചോദ്യം കേരള ഹൈക്കോടതിയിൽ വന്നപ്പോൾ, ഇല്ലെന്ന് കേരള പോലീസ് മറുപടി നൽകിയതാണ്. അതുപോലെ ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞ് എൻഐഎ സുപ്രീംകോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും മെത്രാന്മാർ ഇത് പറയുന്നത് സാമാന്യബോധത്തിനു നിരക്കാത്തതാണെന്ന് മാത്രമല്ല, ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കരോടും ക്രൈസ്തവരോടും പറയുന്നതെന്താണെന്ന് മനസിലാക്കാതെയുമാണ്. മുസ്ലിങ്ങളുമായി ഏറ്റവും നല്ല ബന്ധം പുലർത്തുന്നതിനുള്ള ഉദാഹരണം അദ്ദേഹം കാണിച്ചുകൊടുത്തിട്ടുണ്ട്. അറബ് രാജ്യങ്ങളിൽ പോയി അവരുമായി സംവദിച്ചു അദ്ദേഹം. ഇതൊന്നും മനസിലാക്കാതെ കൂപമണ്ഡൂകങ്ങളെ പോലെ ഇവിടെയിരുന്ന് പരസ്പരം വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നത് തെറ്റാണ്. അത് ക്രൈസ്തവ വിശ്വാസികളുടെയും കത്തോലിക്കാ സഭയുടെയും പാരമ്പര്യത്തിന് നിരക്കാത്തതാണ്. എന്താണ് കാണ്ഡമാലിൽ സംഭവിച്ചതെന്നും എന്താണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്നതെന്നും മനസിലാകാത്ത വിഡ്ഢികളായി ഇവർ മാറുന്നതാണ് ദുരന്തം.

വർഗീയവിഷം പ്രചരിപ്പിക്കുന്ന നടപടി സഭയുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലെന്ന് വിശ്വസിക്കുന്ന കത്തോലിക്കാ വൈദികനാണ് ഞാൻ. എന്റെ മരണശേഷവും കേരളത്തിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഹിന്ദുക്കളും ഒന്നിച്ച് ജീവിക്കുന്ന അവസ്ഥയുണ്ടാകണമെന്നു ഞാൻ ആഗ്രഹിക്കുന്നു. പരസ്പരം ഭിന്നിപ്പിക്കാൻ ചിലർ നടത്തുന്ന ശ്രമത്തിന് ഈ നടപടികൾ ആക്കം കൂട്ടുകയേ ഉള്ളൂവെന്ന് പറയേണ്ടിയിരിക്കുന്നു.

സഭയുടെ നേതാക്കളെന്നു പറയുന്നവർ സഭയിലെ അംഗങ്ങളെ എവിടെയാണ് കൊണ്ടുകൊടുക്കുന്നതെന്ന് ചിന്തിക്കണം

കേരള സ്റ്റോറി പോസ്റ്റർ
കേരള സ്റ്റോറി പോസ്റ്റർ
വെറുപ്പിന്റെ വിത്ത് വിതക്കുന്നവരുടെ കെണി; 'കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നവർ കൂപമണ്ഡൂകങ്ങൾ|ഫാ.പോൾ തേലക്കാട്ട് അഭിമുഖം
'എന്നെ വേട്ടയാടാൻ കാരണം ആദിവാസി വംശഹത്യയ്ക്കും കോർപ്പറേറ്റ് ചൂഷണത്തിനുമെതിരായ നിലപാടുകൾ'; ജിഎൻ സായിബാബ അഭിമുഖം
Q

പ്രണയത്തിന്റെ അപകടം മനസ്സിലാക്കാനാണ് ഈ സിനിമ കാണിക്കുന്നതെന്നാണ് പറയുന്നത്. ഒന്നാമത് പ്രണയം അപകടമാണോയെന്ന ചോദ്യമുണ്ട്. രണ്ടാമത് 'കേരള സ്റ്റോറി' എന്ന സിനിമ തിരഞ്ഞെടുത്തത് നിഷ്കളങ്കമായ ഒരു കാര്യമായി കാണാൻ സാധിക്കുമോയെന്നതാണ്. ഇത് ഒരു തരത്തിൽ തീവ്രഹിന്ദുത്വ സംഘടനകൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ പിന്തുണയ്ക്കുന്ന രീതിയല്ലേ?

A

ക്രൈസ്തവ സഭയിലുണ്ടാകുന്ന മൗലികവാദത്തെയാണ് ഇത് കാണിക്കുന്നത്. തീവ്രവാദം ക്രൈസ്തവരുടെ ഇടയിലുമുണ്ടാകുന്നു. അത് ക്രൈസ്തവരായ മുഴുവൻപേർക്കും അപകടകരമാകുമെന്ന് തിരിച്ചറിയാതെ, മാർപ്പാപ്പ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളാതെ മുന്നോട്ടുപോകാൻ കഴിയില്ല. ഇനിവരാൻ പോകുന്നത് സാംസ്കാരികമായ യുദ്ധമാണെന്നാണ് സാമുവൽ ഹണ്ടിങ്ടൺ പറഞ്ഞത്. കുരിശുയുദ്ധം പോലുള്ള സാഹചര്യമായിരിക്കും അത്. ഇതൊന്നും സംഭവിക്കാതിരിക്കാനുള്ള കരുതലിന്റെയും വിവേകത്തിന്റെയും മനുഷ്യനായാണ് ഫ്രാൻസിസ് മാർപാപ്പയെ ഞാൻ കാണുന്നത്. അദ്ദേഹം ലോകത്തിനു നൽകുന്ന സന്ദേശവും അതു തന്നെ. ഇതൊന്നും മനസിലാകാതെ പരസ്പരം തല്ലുകൂടുന്ന രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്നത് അത്യന്തം ഖേദകരമാണ്.

Q

മണിപ്പൂരിലെ സ്ത്രീകളുടെ ദുരനുഭവം ഈ പറഞ്ഞ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നില്ലല്ലോ?

A

ഞാൻ ഒരിക്കൽകൂടി ആവർത്തിക്കാം, കാണ്ഡമാലിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനോ രാഷ്ട്രീയത്തെ അപഗ്രഥിക്കാനോ സാധിക്കാത്ത ഒരു സമൂഹത്തിന്റെ ആത്മഹത്യാപരമായ നടപടിയായി മാത്രമാണ് ഞാൻ ഇതിനെ കാണുന്നത്. ഇത് വൈദികർക്കിടയിൽ വർഗീയത വർധിപ്പിക്കാൻ ഇടയാകും. സാധാരണ ജനങ്ങൾ ഇതൊന്നും ആഗ്രഹിക്കുന്നില്ല, അവർ സാഹോദര്യത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. സഭയുടെ നേതാക്കളെന്നു പറയുന്നവർ സഭയിലെ അംഗങ്ങളെ എവിടെയാണ് കൊണ്ടുകൊടുക്കുന്നതെന്ന് ചിന്തിക്കണം.

ഫാ. പോൾ തേലക്കാട്ട്
ഫാ. പോൾ തേലക്കാട്ട്

ഒരുകിലോ റബറിന് വിലപേശുന്ന, അതിന്റെ പേരിൽ വോട്ടുണ്ടാക്കിക്കൊടുക്കുന്ന നികൃഷ്ടമായ നിലയിലേക്ക് കാര്യങ്ങളെ വലിച്ചിഴച്ച് വർഗീയവാദികളായി മാറുന്നത് അത്യന്തം ഖേദകരമാണ്

Q

ആദ്യമായല്ല കേരളത്തിലെ സഭാനേതൃത്വത്തിലിരിക്കുന്നവരിൽ നിന്ന് ഇത്തരം പ്രതികരണങ്ങളുണ്ടാകുന്നത്. റബറിന് കിലോയ്ക്ക് 300 രൂപ തരാമെങ്കിൽ ബിജെപിക്ക് എംപിയെ നൽകാമെന്ന തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന, കാസ പോലുള്ള തീവ്രസംഘടനകളുടെ ഇടപെടലുകൾ, ഇതെല്ലാം ചെന്നെത്തുന്നത് വലിയൊരു അപകടത്തിലേക്കല്ലേ?

A

എനിക്ക് പറയാനുള്ളത്, തികച്ചും അപകടകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ രാഷ്ട്രീയം പോകുന്നതെന്ന് മനസിലാക്കാൻ സാമാന്യബോധം മതിയെന്നാണ്. ആ ബോധം കേരളത്തിൽ ജീവിക്കുന്നവർക്ക് ഇല്ലാതെ പോകുന്നത് വർഗീയത കാരണമാണ്. കാസ വർഗീയ സംഘടനയാണ്. മറ്റു പലരുടെയും പ്രലോഭനങ്ങളിൽ പെട്ട് മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നവരുടെ കഥയാണത്. അങ്ങനെ പെട്ടുപോകുന്നവരാകരുത് ക്രിസ്ത്യാനികൾ. കൃസ്ത്യാനികൾക്ക് ഒരു സഭാനേതൃത്വമുണ്ട്, അതാണ് ഫ്രാൻസിസ് മാർപാപ്പാപ്പ. അദ്ദേഹം കാണിക്കുന്ന മാതൃക കാണാൻ സാധിക്കാതെ ഒരുകിലോ റബറിന് വിലപേശുന്ന, അതിന്റെ പേരിൽ വോട്ടുണ്ടാക്കിക്കൊടുക്കുന്ന നികൃഷ്ടമായ നിലയിലേക്ക് കാര്യങ്ങളെ വലിച്ചിഴച്ച് വർഗീയവാദികളായി മാറുന്നത് അത്യന്തം ഖേദകരമാണ്. ഈ പ്രവണത വർധിക്കുന്നതിൽ എനിക്ക് ആശങ്കയുമുണ്ട്.

വെറുപ്പിന്റെ വിത്ത് വിതക്കുന്നവരുടെ കെണി; 'കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നവർ കൂപമണ്ഡൂകങ്ങൾ|ഫാ.പോൾ തേലക്കാട്ട് അഭിമുഖം
'ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് സംസാരിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്'; ഡോ. നീന പ്രസാദ് | അഭിമുഖം
logo
The Fourth
www.thefourthnews.in