'ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് സംസാരിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്'; ഡോ. നീന പ്രസാദ് | അഭിമുഖം

'ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് സംസാരിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്'; ഡോ. നീന പ്രസാദ് | അഭിമുഖം

പുരസ്‌കാരനേട്ടത്തെക്കുറിച്ചും മാധ്യമങ്ങൾ കേരളകലാരംഗത്തോട് കാണിക്കുന്ന നിസ്സംഗതയെക്കുറിച്ചും ദ ഫോർത്തുമായി സംസാരിക്കുകയാണ് നർത്തകി ഡോ നീന പ്രസാദ്

മദ്രാസ് മ്യൂസിക് അക്കാദമിയുടെ ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാനിക്കാനേറെയാണ്. നര്‍ത്തകി ഡോ. നീന പ്രസാദിന് നൃത്യ കലാനിധി പുരസ്‌കാരത്തിനും മുതിര്‍ന്ന മൃദംഗം കലാകാരന്‍ പാറശാല രവി സംഗീത കലാചാര്യ പുരസ്‌കാരത്തിനും അര്‍ഹരായി. നൃത്താധ്യാപിക, ഗവേഷക, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നടനശാഖകളില്‍ അന്തര്‍ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയയായ നര്‍ത്തകിയാണ് ഡോ. നീന പ്രസാദ്. പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിനിടയില്‍ നൃത്യ കലാനിധി പുരസ്‌കാരം തേടിയെത്തുമ്പോള്‍ തന്റെ കലോപാസനയുടെ പൂര്‍ണത എന്നാണ് ഡോ. നീന പ്രസാദ് അതിനെ വിശേഷിപ്പിക്കുന്നത്. മോഹിനിയാട്ടത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് നൃത്യ കലാനിധി പുരസ്കാരം നീന പ്രസാദിനെ തേടിയെത്തുന്നത്.

പുരസ്‌കാരനേട്ടത്തെക്കുറിച്ചും മാധ്യമങ്ങൾ കേരളകലാരംഗത്തോട് കാണിക്കുന്ന നിസ്സംഗതയെക്കുറിച്ചും ദ ഫോര്‍ത്തിനോട് സംസാരിക്കുകയായിരുന്നു ഡോ. നീന പ്രസാദ്.

Q

മദ്രാസ് മ്യൂസിക് അക്കാദമിയുടെ നൃത്യ കലാനിധി പുരസ്കാരം, മലയാളികള്‍ക്ക് അപൂര്‍വമായി ലഭിച്ചിട്ടുള്ള ഈ അവാര്‍ഡിന് അര്‍ഹയാകുമ്പോള്‍ എന്താണ് മനസില്‍

പദ്മശ്രീ പോലുള്ള അംഗീകാരങ്ങൾ കലാകാരന്മാരെ തേടിയെത്താറുണ്ടെങ്കിലും സംഗീത അക്കാദമിയുടെ ഒരു അവാർഡ് ലഭിക്കുക എന്നത് അതുല്യമായ അംഗീകാരം തന്നെയാണ്. ഒന്നാമത്തെ കാര്യം നമ്മൾ ചെയുന്ന ഒരു വർക്ക് അത്രമേൽ ശ്രദ്ധിക്കപ്പെടുകയും പ്രാധാന്യമുള്ളവായാണെങ്കിൽ പോലും മ്യൂസിക് അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അത് വളരെപ്പെട്ടന്ന് അംഗീകരിക്കണമെന്നില്ല. അവരുടെ ആസ്വാദനവും വിലയിരുത്തലും മറ്റൊരു തലത്തിലാണ്. അതിനാൽ അവരുടെ അംഗീകാരം ലഭിക്കുക എന്നത് എളുപ്പമല്ല.

ഓരോ കലാരൂപത്തിനും സമൂഹത്തിൽ തനത് സ്ഥാനം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ച മഹത്തായൊരു സ്ഥാപനമാണ് മദ്രാസ് മ്യൂസിക് അക്കാദമി. നൃത്യ കലാനിധി, സംഗീത കലാനിധി പോലെയുള്ള പുരസ്കാരങ്ങൾ അതാത് മേഖലകളിലെ സ്ഥാനവലുപ്പം നോക്കി നൽകുന്നവയല്ല. ഒരു കലാരൂപത്തെ വളരെ പ്രബലമായി സമൂഹത്തിൽ ഉറപ്പിച്ച് ചേർത്തു നിർത്തുന്ന കലാകാരന്മാരെയാണ് എല്ലായ്പ്പോഴും ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ കലാരംഗത്ത് മറ്റ് പ്രഗത്ഭരായ കലാകാരന്മാർ നിൽക്കെ ഇത്തരമൊരു നേട്ടത്തിന് അർഹയാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

'ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് സംസാരിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്'; ഡോ. നീന പ്രസാദ് | അഭിമുഖം
സ്റ്റേജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി കോളേജ് പ്രിൻസിപ്പൽ; പ്രതികരണവുമായി ജാസി ഗിഫ്റ്റും സജിൻ ജയരാജും
Q

നര്‍ത്തകി എന്ന കരിയറും പുരസ്കാരത്തിന്റെ പ്രാധാന്യവും

മദ്രാസ് മ്യൂസിക് അക്കാദമി എന്റെ നൃത്തത്തെ വിലമതിക്കുന്നു എന്ന് തിരിച്ചറിയുന്നതാണ് കൂടുതൽ ആഹ്ലാദം. മോഹിനിയാട്ടം എന്ന കലാരൂപത്തെ മറ്റ് കലകളുമായി താരതമ്യം ചെയ്യുമ്പോള്‍ അൽപ്പം പിൻപന്തിയിൽ നിൽക്കുന്ന കലാരൂപമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ പത്തിരുപത് വർഷത്തിനുള്ളിൽ മോഹിനിയാട്ടം എന്ന നൃത്യ കലാരൂപത്തെ ഏറ്റവും കൂടുതൽ ശ്രദ്ധേയമായൊരു കലാരൂപമാക്കി മാറ്റുകയും അതിനെ പ്രചരിപ്പിക്കുകയും വലിയൊരു കൂട്ടം ആസ്വാദകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് മ്യൂസിക് അക്കാദമി കൂടുതൽ മൂല്യം കൽപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കലാകാരിയെന്ന നിലയിൽ 'അവസാന വാക്ക്' എന്ന് പറയാവുന്ന രീതിയിലുള്ള നേട്ടമായാണ് പുരസ്‌കാരത്തെ കാണുന്നത്. വളരെ സന്തോഷവും ചാരിതാർഥ്യവും നൽകുന്ന നിമിഷം.

കർണാടിക് സംഗീതത്തിൽ മുന്‍നിരയില്‍ നില്‍ക്കുന്ന ടി എം കൃഷ്ണ, മൃദംഗ വിദ്വാൻ പാറശാല രവി തുടങ്ങിയ കലാകാരന്മാരോടൊപ്പമാണ് എന്നെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് എന്നത് ഈ നേട്ടത്തിന് തിളക്കം കൂട്ടുന്നു.

Q

കല, ആസ്വാദനം, സമൂഹം

നൃത്തം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുമ്പോഴാണ് അത് പൂർണതയോടെ ആസ്വദിക്കപ്പെടുന്നത്. സർക്കാരിന്റെയോ മറ്റാരുടെയെങ്കിലുമോ സഹായത്തോടെയല്ല സംഗീത - നൃത്ത കലാകാരന്മാർ സമൂഹത്തിൽ ജ്വലിച്ച് നിൽക്കുന്നത്. അവരുടെ മേഖലയാണ് അവരെ വ്യത്യസ്തരാക്കുന്നത്. ആസ്വാദകർക്കായി കലാകാരന്മാർ വേദിയിൽ ഒരുക്കുന്ന അനുഭൂതിയും അവർക്ക് മാറ്റിവെയ്ക്കാൻ പറ്റാത്ത ഒരിടത്ത് അവർ അടിയുറച്ച് നിൽക്കുമ്പോഴുമാണ് കലയെയും അതുവഴിയുള്ള അവരുടെ കലാപ്രവർത്തനവും സമൂഹത്തിൽ പ്രസക്തമായി നിലനില്‍ക്കുക.

'ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് സംസാരിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്'; ഡോ. നീന പ്രസാദ് | അഭിമുഖം
മോഹന്‍ലാലിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം എവിടെ? ഓളവും തീരവും ചിത്രത്തിന് എന്തുസംഭവിച്ചു? ഹരീഷ് പേരടി അഭിമുഖം

ഓരോ കലാകാരനും അവരുടെ കലയിൽ വ്യത്യസ്തമായ പുതിയ തലങ്ങൾ ഉൾപ്പെടുത്താറുണ്ട്. ഞാൻ ഏറ്റവും ഒടുവിൽ ചെയ്ത 'കുറിയേടത്ത് താത്രി' ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഏത് ക്ലാസിക്കൽ കലാരൂപത്തെ മുൻനിർത്തിയാണോ ഒരാൾ അവരുടെ കല രചിക്കുന്നത് ആ കലാകാരനോടൊപ്പം അവർ പ്രതിനിധീകരിക്കുന്ന കലാരൂപവും സമൂഹത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്നിടത്താണ് ഒരു 'കലാകാരൻ' വിലപ്പെട്ടതാകുന്നത്. ഒരു പ്രമുഖ കലാകാരന്റെ കാര്യസിദ്ധി എന്ന നിലയിലും അത് വിലമതിക്കപ്പെടും.

അതിനൊപ്പം ആ കലാരൂപവും സ്വാഭാവികമായി അംഗീക്കപ്പെടുന്നു. ഈ രീതിയിലാണ് ഉത്തരവാദിത്വപ്പെട്ട ഒരു കലാകാരി സമൂഹത്തിൽ നിലകൊള്ളേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഈ തത്വം അടിസ്ഥാനമാക്കിയാണ് ഞാൻ ഇതുവരെയും പ്രവൃത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഇനി മുന്നോട്ടും അങ്ങനെതന്നെയായിരിക്കും.

Q

കലാരംഗത്തെ തമിഴ് സ്വാധീനം

കലാരൂപങ്ങളിൽ തമിഴ് സാന്നിധ്യം കൂടുതലാണ്. തമിഴ് ജനത കലകള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെ ഫലമാണ്. കേരളം കൂടുതല്‍ പരിഗണന നല്‍കുന്നത് രാഷ്ട്രീയ വിഷയങ്ങള്‍ക്കാണ്. സംസ്ഥാനത്തെ മാധ്യമങ്ങളും രാഷ്ട്രീയ വാര്‍ത്തകളില്‍ അഭിരമിക്കുന്നു. അതുകൊണ്ട് കൂടിയാണ് കലാകാരന്മാരെപ്പറ്റിയും കലയെപ്പറ്റിയും കേരളത്തിലുള്ളവർ ആഴത്തില്‍‌ മനസിലാക്കാതെ, അറിയാതെ പോകുന്നത്.

'ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് സംസാരിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്'; ഡോ. നീന പ്രസാദ് | അഭിമുഖം
യോദ്ധയിൽനിന്ന് പുറത്തായിട്ടും ജീവിച്ച പാട്ട്

തമിഴ്‌നാട്ടിൽ അങ്ങനെയല്ല കാര്യങ്ങൾ. കലയ്ക്ക് പ്രാധാന്യം നൽകുന്ന തരത്തിലാണ് അവിടുത്തെ മാധ്യമങ്ങൾ പ്രവൃത്തിക്കുന്നത്. ഇന്ത്യൻ കലാരൂപങ്ങളിൽ തമിഴ് സാന്നിധ്യം കൂടുതൽ ഉണ്ടന്നുള്ള വാദം ശക്തമാക്കുന്നതും ഇതാണ്. കേരളം പോലൊരു സംസ്ഥാനത്തും ഇതേ അവസ്ഥയാണ് ഉണ്ടാകേണ്ടത്. കലയോടുള്ള സമീപനമാണ് മറ്റുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർക്ക് മുന്‍തൂക്കം നല്‍കുന്നത്.

Q

മലയാളികളും മലയാള മാധ്യമങ്ങളും കലയോട് മുഖം തിരിക്കുന്നുണ്ടോ

ലോകം ആരാധനയോടെ കാണുന്ന വളരെ വ്യത്യസ്തങ്ങളായ കലാരൂപങ്ങളുടെ നാടാണ് കേരളം. കൂടിയാട്ടം, കഥകളി എന്നിവയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല. ഇത്രയും വൈവിധ്യമാർന്ന പൈതൃകം നമുക്കുള്ളപ്പോൾ കേരളത്തിലുള്ള ഭൂരിഭാഗം ജനങ്ങളും ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള കലാകാരികൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മളുള്ളത്. നിർഭാഗ്യവശാൽ കേരളത്തിലെ ജനങ്ങളിലേക്ക് ഇത്തരത്തിലുള്ള വാർത്തകൾ എത്തുന്നില്ല. മാധ്യമങ്ങൾ ഇത്തരത്തിലുള്ള വാർത്തകൾ അറിയുന്നില്ല എന്നതും സങ്കടജനകമാണ്. ശ്രീലക്ഷ്മി ഗോവർധൻ, ഭരതനാട്യത്തിൽ പ്രമുഖയായ മീര, ഇവരൊക്കെ രാജ്യാന്തര തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കലാകാരികളാണ്. പക്ഷേ അവരർഹിക്കുന്ന അംഗീകാരമോ സ്വീകാര്യതയോ കേരളത്തിൽ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

'ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് സംസാരിക്കേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ്'; ഡോ. നീന പ്രസാദ് | അഭിമുഖം
ഗബ്ബർ സിങ് മുതൽ കൊടുമൺ പോറ്റി വരെ; വിഭ്രമിപ്പിച്ച തീമുകൾ
Q

ഒരു കലാകാരിയെന്ന നിലയിൽ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം

ഞാനടക്കമുള്ള കലാകാരന്മാരെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോഴാണ് അത് പറയേണ്ടത്. ഞങ്ങളെല്ലാം പോയിക്കഴിഞ്ഞ് ഇങ്ങനെയൊരു കലാകാരി ഇവിടെയുണ്ടായിരുന്നു എന്ന് പറയുന്നതിൽ അർഥമില്ല. മോഹിനിയാട്ടം എന്ന കലാരൂപത്തെ ഏറ്റവും കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കാൻ സാധിക്കുന്നതും എന്റെ നൃത്തം കാണാൻ ആളുകൾ എത്തുന്നതുമാണ് ഒരു കലാകാരിയെന്ന നിലയിൽ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.

നിറഞ്ഞ സദസ് കാണുമ്പോഴാണ് ഏറ്റവും അധികം സന്തോഷം. അത്തരത്തില്‍ ആസ്വാദകരെ സൃഷ്ടിച്ചെടുക്കുമ്പോഴാണ് നമ്മൾ വിലമതിക്കപ്പെടുന്നത്. അത്തരമൊരു കലാ സമൂഹം കേരളത്തിൽ ഉണ്ടായിവരുന്നുണ്ട്. തീർച്ചയായും കേരളത്തിൽ നിന്നുള്ള കലാകാരന്മാർ രാജ്യത്തെതന്നെ പ്രമുഖ കലാകാരന്മാരായി തീരാനുള്ള വലിയ സാധ്യത കാണുന്നു.

Q

മാധ്യമങ്ങള്‍ കലയേ നോക്കിക്കാണേണ്ടത് എങ്ങനെ

കലാമേഖലയുടെ വളര്‍ച്ചയെ സഹായിക്കാന്‍ മാധ്യമങ്ങളും തയാറാകണം. ഈ മേഖലയെ അടയാളപ്പെടുത്തുംവിധം ഇടപെടലുണ്ടായാല്‍ ഏറ്റവും നല്ലത്. കലയെപ്പറ്റി സംസാരിക്കുകയും നിരന്തരം എഴുതുകയും ചെയുന്ന പ്രവണത മലയാള മാധ്യമങ്ങളിലും വളരണം. എല്ലാ പത്രങ്ങളിലും കായികത്തിനുവേണ്ടി ഒരു പ്രത്യേക പേജ് നിശ്ചയിച്ചിട്ടുള്ളതുപോലെ കലയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാധ്യമങ്ങളും മാറണം. വാസ്തവത്തിൽ, മാധ്യമങ്ങൾ കലാരംഗത്തോട് കാണിക്കുന്ന പ്രകടമായ ഉപേക്ഷ വളരെ നിരാശാജനകവും സങ്കടകരവുമാണ്. ഈ അവസ്ഥ ഇനിയെങ്കിലും മാറണം.

നൃത്തത്തിൽ കേരളത്തിലെ ആദ്യ ഡോക്ടറേറ്റ് നേടിയ കലാകാരിയാണ് നീന. ദക്ഷിണേന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ ‘ലാസ്യവും താണ്ഡവവും’ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് രവീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്നുമാണ് നീനാ പ്രസാദ് പിഎച്ച്ഡി സ്വന്തമാക്കിയത്. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സുഗന്ധി എന്നിവരില്‍ നിന്നാണ് ഡോ. നീന പ്രസാദ് മോഹിനിയാട്ടം പരിശീലിച്ചത്. സംഗീത കല ആചാര്യൻ അഡയാർ കെ ലക്ഷ്മണനിൽ നിന്ന് ഭരതനാട്യവും വെമ്പട്ടി ചിന്ന സത്യത്തിൽ നിന്ന് കുച്ചിപ്പുടിയും വെമ്പായം അപ്പുക്കുട്ടൻ പിള്ളയിൽ നിന്ന് കഥകളിയും അഭ്യസിച്ചു.

logo
The Fourth
www.thefourthnews.in