പൊളിഞ്ഞുതുടങ്ങിയ പാടികൾ, ആസ്‌ബെറ്റോസ് വീടുകൾ; മാവോയിസ്റ്റുകളെത്തിയ കമ്പമലയിലെ തോട്ടംതൊഴിലാളി ജീവിതം

പൊളിഞ്ഞുതുടങ്ങിയ പാടികൾ, ആസ്‌ബെറ്റോസ് വീടുകൾ; മാവോയിസ്റ്റുകളെത്തിയ കമ്പമലയിലെ തോട്ടംതൊഴിലാളി ജീവിതം

സ്വതവേ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇവിടുത്തുകാര്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള യുദ്ധകളത്തിലേക്ക് കൂടി വലിച്ചിഴയ്ക്കപ്പെടുകയാണോയെന്ന ആശങ്കയാണ് ചിലര്‍ ഉയര്‍ത്തുന്നത്

മാവോയിസ്റ്റ് 'സന്ദര്‍ശനത്തിലൂടെ' കേരളത്തില്‍ വാര്‍ത്തയായ പ്രദേശമാണ് വയനാട്ടിലെ കമ്പമല. പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന തോട്ടം തൊഴിലാളികളുടെ ജീവിതം ആരും ശ്രദ്ധിച്ചില്ല. ദുരിത ജീവിതത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രമായിട്ടൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാട്ടില്‍നിന്ന് മാവോയിസ്റ്റുകള്‍ ഇവിടെ എത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയാണോ എന്ന സംശയവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നു.

സ്വതവേ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇവിടുത്തുകാര്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള യുദ്ധക്കളത്തിലേക്ക് കൂടി വലിച്ചിഴയ്ക്കപ്പെടുകയാണോയെന്ന ആശങ്കയാണ് ചിലര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാതിരിക്കാനുള്ള വിമുഖതയാണ് ഇത്തരം ഒരു വാദത്തിലൂടെ ഉയരുന്നതെന്ന് ചില മനുഷ്യാവകാശ സംഘടനകളും ഉയര്‍ത്തുന്നു.

നാല് പതിറ്റാണ്ടു മുന്‍പ് തമിഴ്നാട് അതിര്‍ത്തിയിലെ മണ്ഡപം ക്യാമ്പില്‍നിന്ന് ദുരിതജീവിതം മറികടക്കാനെത്തിയ ശ്രീലങ്കന്‍ തമിഴ്വംശജരാണ് കമ്പമലയിലെ ആസ്ബറ്റോസ് പാടികളില്‍ ഇപ്പോഴും കഴിയുന്നത്. ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥികളായി എത്തിയവരെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ കരാറിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇവിടെ എത്തിയിട്ട് പതിറ്റാണ്ടുകളായിട്ടും പൗരത്വത്തിന്റെ കാര്യത്തിലോ ജീവിത സൗകര്യങ്ങളുടെ കാര്യത്തിലോ യാതൊരു ശ്രദ്ധയും അധികൃതര്‍ കാണിച്ചിട്ടില്ല. വനംവികസന കോര്‍പ്പറേഷനാണ് തോട്ടം നടത്തിപ്പുകാര്‍.

പൊളിഞ്ഞുതുടങ്ങിയ പാടികൾ, ആസ്‌ബെറ്റോസ് വീടുകൾ; മാവോയിസ്റ്റുകളെത്തിയ കമ്പമലയിലെ തോട്ടംതൊഴിലാളി ജീവിതം
വാളയാർ കേസിലെ പ്രതിയുടെ മരണം മോഷണ കേസില്‍ കുരുങ്ങിയതിന് പിന്നാലെ

ആസ്ബറ്റോസ് ഷീറ്റിലെ ദുരിത ജീവിതം

വയനാട് തവിഞ്ഞാലിലെ കൈതക്കൊല്ലിയില്‍ ഒരു കിലോമീറ്റര്‍ പിന്നിട്ടാല്‍ എത്തുന്ന കമ്പമല. കെ എസ് എഫ് ഡി സി ഓഫീസിനടത്തുനിന്ന് മൂന്നൂറ് മീറ്റര്‍ അകലെക്കാണാം പച്ചപുതച്ച തേയില തോട്ടങ്ങള്‍ക്ക് നടുവില്‍ കമ്പമലയിലെ തൊഴിലാളികളുടെ പാടികള്‍. നാലരപതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച ഇടുങ്ങിയ മുറികളുള്ള പാടികളിലെ മുറികളിലാണ് 24 കുടുംബങ്ങളിലായി 96 അംഗങ്ങള്‍ കഴിയുന്നത്. അരനൂറ്റാണ്ടിന്റെ പഴക്കത്തോടടുക്കുന്ന വീടുകള്‍ ചോര്‍ന്നൊലിക്കുകയാണ്. ചെറിയമഴയിലും മുറികളില്‍ പാത്രം നിരത്തണം. പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയാണ് പല കുടുംബങ്ങളും കഴിയുന്നത്. വാതിലുകളും ജനലുകളും അടച്ചുറപ്പുള്ളതല്ല. മേല്‍ക്കൂരയായി ഉപയോഗിച്ചിട്ടുള്ള ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തകര്‍ന്നുകഴിഞ്ഞു. ഇതുണ്ടാക്കുന്ന രോഗാവസ്ഥകളും ഈ മനുഷ്യരെ തീര്‍ത്തും നിസ്സഹായരാക്കി മാറ്റുന്നു. പാടികളുടെ അറ്റകുറ്റപണി നടത്താന്‍ മാനേജ്‌മെന്റിന് സാമ്പത്തിക ശേഷിയില്ലെന്നാണ് ഈ അവഗണനയ്ക്ക് പറയുന്ന ന്യായം. ഇവിടെയാണ് മാവോയിസ്റ്റ് സാന്നിധ്യം വാര്‍ത്തയാകുന്നത്.

ഒന്നരക്കോടിയാണ് തോട്ടം നടത്തിപ്പിലെ കടമെന്ന് മാനേജ്‌മെന്റ് പറയുന്നു. 96 കുടുംബങ്ങളില്‍നിന്നായി 105 പേരാണ് തോട്ടത്തിലെ സ്ഥിരം തൊഴിലാളികള്‍. ഇവര്‍ക്ക് ഒരു ദിവസം ആകെ കിട്ടുക 490 രൂപ. ഇതില്‍നിന്ന് പലവകയിലും പിടിച്ച് കൈയില്‍ കിട്ടുന്നത് പിന്നെയും കുറയും. താമസസ്ഥലത്തെ പ്രശ്‌നങ്ങള്‍ വേറെ. ഇങ്ങനെ കഴിഞ്ഞുകൂടുന്നതിനിടയ്ക്കാണ് മാവോയിസ്റ്റ് സാന്നിധ്യം നിരന്തര സംഭവമാകുന്നത്. ഇതോടെ തോട്ടം അടച്ചുപൂട്ടപ്പെടുമോയെന്ന ചിന്ത തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക ഉദ്ദേശ്യത്തോടെ, നടപ്പിലാക്കിയ പുനഃരധിവാസ തൊഴില്‍ പദ്ധതിഎന്ന നിലയില്‍ ഇവിടെപുനരധിസിപ്പിച്ച തമിഴ് അഭയാര്‍ഥി കുടുംബങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രദേശിക ഭരണകൂടത്തിന്റെ പോലും ശ്രദ്ധയില്‍ വര്‍ഷങ്ങളായും വന്നിട്ടില്ല. അതുകൊണ്ട് തന്നെ മുഖ്യധാരയില്‍ നടപ്പിലാക്കപ്പെടുന്ന വികസന പദ്ധതികളിലൊന്നും കമ്പമലക്കാര്‍ പെട്ടില്ല. ഇതവരുടെ ജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കിയിരുന്നു.

കമ്പമലയിലെത്തിയ ശ്രീലങ്കക്കാര്‍

1964 ഒക്ടോബര്‍ 30ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹൃദ ഉടമ്പടി പ്രകാരം ശ്രീലങ്കയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട തമിഴ് തൊഴിലാളികളുടെ തലമുറയാണ് വയനാട് കമ്പമലയിലുള്ളത്. ജീവിക്കാന്‍ മാത്രം കൊതിച്ച് മണ്ഡപം ക്യാമ്പില്‍നിന്ന് ചുരം കയറി വന്ന ദരിദ്രരായ മനുഷ്യര്‍. യുദ്ധവും മരണങ്ങളും ജയിലറകളും പട്ടിണിയുമൊക്കെ ഒറ്റപ്പെടുത്തിയ ആ മനുഷ്യരെ നിയമപരമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിവിധയിടങ്ങളില്‍ തൊഴില്‍ നല്‍കി പുനഃരധിവസിപ്പിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ വിവിധജില്ലകളില്‍ തേയില തോട്ടങ്ങള്‍ സ്ഥാപിച്ച് ഇവരെ പുനരധിവസിപ്പിച്ചു. വയനാട്ടില്‍ അതിര്‍ത്തിക്കടുത്ത് നീലഗിരിജില്ലയിലെ പന്തല്ലൂരിലും ഇത്തരം തമിഴ് സിംഹള പുനരധിവാസ ഗ്രാമമുണ്ട്. കേരളത്തിലും വിവിധയിടങ്ങളില്‍ തമിഴ് അഭയാര്‍ഥികളെ സര്‍ക്കാര്‍ പുനഃരധിവസിപ്പിച്ചു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കായിരുന്നു ഈ പുനരധിവാസം നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് തുടങ്ങിയ ജില്ലകളിലായാണ് ആയിരകണക്കിന് ശ്രീലങ്കന്‍ തമിഴ് വംശജരായ കുടുംബങ്ങള്‍ എത്തിയത്. വയനാട് തലപ്പുഴ കമ്പമലയില്‍ വനവികസ കോര്‍പ്പറേഷന്റെ (കെ എസ് എഫ് ഡി സി)യുടെ തേയില തോട്ടത്തില്‍ 64 കുടുംബങ്ങളെയാണ് പുനഃരധിവസിപ്പിച്ചത്. ഇന്ന് വയനാട്ടിലേക്ക് നീളുന്നതെന്ന് പറയുന്ന വിപ്ലവ ഇടനാഴിയൊരുക്കാന്‍ സായുധരായ മാവോയിസ്റ്റ് കേഡര്‍ സംഘങ്ങള്‍ കാടിറങ്ങിവരുന്നത് ഇവിടേക്കാണ്. തൊട്ടുപുറകെയെന്നപോലെ അവരെ പിടികൂടാന്‍ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ സേനകളും എത്തി.

1964 ഒക്ടോബര്‍ 30 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ബന്ദാരനായകയും ഉണ്ടാക്കിയ ഉടമ്പടിപ്രകാരം 1979 ലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഇടപെടലിനെതുടര്‍ന്ന് കമ്പമലയിലെ100 ഹെക്ടര്‍ ഭൂമിയില്‍ 64 ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥി കുടുംബങ്ങളെ പുനരധിസിപ്പിച്ചത്. ഇവരുടെ ചുമതല കേരളവനവികസന കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയുമായിരുന്നു.

കമ്പമല മാവോ സംഘങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മേഖലയാകാന്‍ പല കാരണങ്ങളുണ്ട്. പോലീസ് സാനിധ്യമറിഞ്ഞാല്‍ എളുപ്പത്തില്‍ കാടുകയറാമെന്നതാണ് അതില്‍ പ്രധാനം. മറ്റൊന്ന് ഇവിടെയുള്ള പ്രായമായ തലമുറയുടെ തീക്ഷണമായ തമിഴ് ഈഴം ഓര്‍മകളാണ്. ആദ്യകാലങ്ങളില്‍ ഇവിടെയെത്തിയ മാവോവാദികള്‍ ഇത്തരം ചര്‍ച്ചുകളിലൂടെയാണ് തൊഴിലാളികുടുംബങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചതെന്ന് ഇവിടെയുള്ള ചിലര്‍ പറയുന്നു. തമിഴ് വംശജരായവര്‍ ശ്രീലങ്കയില്‍ ഒരു കാലത്ത് അനുഭവിച്ച ദുരിതജീവിതം, രാഷ്ട്രീയ അനാഥത്വം, ഒറ്റപ്പെടല്‍, ഇതെല്ലാം മാവോവാദികള്‍ രാഷ്ടീയപ്രചാരണത്തിന് ഉപയോഗപ്പെടുത്തിയെന്നാണ് ഇവിടുന്ന് ലഭിക്കുന്ന സൂചന. കൂടാതെ തോട്ടം മാനേജ്‌മെന്റും തൊഴിലാളിസംഘടനകളും അഭയാര്‍ഥികളായ മനുഷ്യരെ തീര്‍ത്തും അവഗണിച്ചതും തൊഴിലാളികളില്‍ അനിശ്ചിതത്വം ഉണ്ടാക്കി.

നിരവധി തവണയാണ് മാവോവാദികള്‍ ആശയപ്രചരണത്തിനായി തൊഴിലാളികളുടെ പാടി ക്വാര്‍ട്ടേഴ്സുകളില്‍ എത്തിയത്. പലപ്പോഴും വിവരം ലഭിച്ച് പോലീസ് എത്തുമ്പോഴേക്കും മാവോസംഘം കാടുകയറുകയും ചെയ്യും. ഇതിനിടെ മാവോവാദികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോയി. മാവോ വിരുദ്ധ പ്രത്യേക സേന തണ്ടര്‍ ബോള്‍ട്ടുമായുള്ള 'ഏറ്റുമുട്ടലില്‍' വയനാട് വൈത്തിരിയില്‍ സി പി ജലീലും പടിഞ്ഞാറത്തറ ബാണാസുരയില്‍ വേല്‍മുരുകനും കൊല്ലപ്പെട്ടു.

പോലീസിനെ അമ്പരപ്പിച്ച ആക്ഷന്‍

ഒക്ടോബര്‍ അഞ്ചിന് വ്യാഴാഴ്ച ഉച്ചക്ക് 12.30 യോടെ ആറംഗ മാവോയിസ്റ്റ് സായുധസംഘം ഓഫീസില്‍ എത്തി. മൂന്ന് പേര്‍ അകത്ത് കടന്ന് മാനേജരുടെ ക്യാബിനില്‍ കയറി തൊഴിലാളികളുടെ പാടികളുടെ അവസ്ഥയെക്കുറിച്ചും അവയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇതിനിടെ സംഘത്തിലെ രണ്ട് പേര്‍ പുറത്തെ ചുമരില്‍ ''തൊഴിലാളികള്‍ ആസ്ബസ്റ്റോസ് ഇട്ട വീടുകളില്‍ അന്തിയുറങ്ങുമ്പോള്‍ ജീവനക്കാരെ മണിമാളികയില്‍ അന്തിയുറങ്ങാന്‍ അനുവദിക്കില്ല-സിപിഐ മാവോയിസ്റ്റ്''എന്നെഴുതിയ മലയാളത്തിലും തമിഴിലുമുള്ള പന്ത്രണ്ടോളം പോസ്റ്ററുകള്‍ പതിച്ചു.

അതിനുശേഷമാണ് പൊടുന്നനെ ഓഫീസ് കെട്ടിടത്തില്‍ ആക്രമണം നടത്തി ഇവ ഫോണില്‍ പകര്‍ത്തി മാനേജരുടെ ഫോണ്‍ വഴി ആറ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുത്തത്. ഇതിനുശേഷം മുദ്രാവാക്യം വിളിച്ച് അപ്രത്യക്ഷരാകുകയായിരുന്നു. ഉത്തരമേഖല ഡിഐജി തോംസണ്‍ ജോസ് തലപ്പുഴയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമണം നടത്തിയ സംഘത്തില്‍ സി പി മൊയ്തീന്‍, സോമന്‍, ആഷിഖ് എന്ന മനോജ്, സന്തോഷ് എന്നിവരാണെന്നും മറ്റ് രണ്ട് പേര്‍ പുതുതായി കബനി ദളത്തില്‍ ചേര്‍ന്നവരാണെന്നും പൊലീസ് പറഞ്ഞു.

രാഷ്ട്രീയ ആശയപ്രചരണം എല്ലാ സംഘടനകളും ചെയ്യുന്നതാണ്. എന്നാല്‍ സായുധരായി കോളനികളിലും സാധാരണക്കാരുടെ വീടുകളിലും മാവോയിസ്റ്റുകള്‍ എത്തുന്നത് പ്രദേശത്ത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ജോസ് പറയുന്നു.

''എന്നാല്‍ അവരുടെ സാന്നിധ്യവും വരവും എസ്റ്റേറ്റ് തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനവും വേഗത്തിലാക്കുന്നുണ്ട്. അത് നല്ല കാര്യമാണെന്ന് പറയാതെ വയ്യ. ഇവര്‍ രാഷ്ട്രീയ പ്രചരണം നടത്തുന്നതില്‍ ഏതെങ്കിലും യൂണിയനുകള്‍ക്കോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ വിയോജിപ്പില്ല. എന്തായാലും പാടികള്‍ ഉള്‍പ്പടെ പുതിക്കിപണിയാനുള്ള പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ ഇനിയെങ്കിലും കെ എസ് എഫ് ഡി സി അ ടിയന്തര ഇടപെടലുകള്‍ നടത്തുകയാണ് വേണ്ടത്,'' ജോസ് പറഞ്ഞു.

ഒക്ടോബര്‍ 10ന് ജില്ല പോലീസ് മേധാവി പഥം സിംങ്ങ്, മാനന്തവാടി ഡിവൈഎസ്പി എല്‍ ഷൈജു, എസ് ഒ ജി അസിസ്റ്റന്റ് കമാൻഡർ കെ എസ് അജിത്ത് എന്നിവരും രണ്ട് കമാന്‍ഡോകളും മാവോയിസ്റ്റുകള്‍ക്കായി ഹെലിക്കോപ്റ്റര്‍ നിരീക്ഷണം നടത്തി. കമ്പമല, തലപ്പുഴ, മക്കിമല, ആറളം, പേരിയ, തിരുനെല്ലി, കര്‍ണാടക അതിര്‍ത്തിയായ അമ്പലപ്പാറ, പടിഞ്ഞാറത്തറ കരിങ്കണ്ണിക്കുന്ന്, കുഞ്ഞോം ഭാഗങ്ങളിലും വനമേഖലകള്‍ കേന്ദ്രീകരിച്ചുമായിരുന്നു തിരച്ചില്‍. എങ്കിലും കാര്യമായി എന്തെങ്കിലും കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

പോലീസ് തിരച്ചിലിനിടെ 18ന് സന്ധ്യയോടെ തലപ്പുഴ മക്കിമലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദികള്‍ വീണ്ടുമെത്തി. ഇത് മാവോവാദികളായ നേതാവ് സി പി മൊയ്തീന്‍ സോമന്‍, സന്തോഷ്, മനോജ്, വിമല്‍കുമാര്‍ എന്നിവരാണെന്നാണെന്നാണ് പോലീസിന്റെ സംശയം. മക്കിമലയിലെ ജംഗിള്‍വ്യു റിസോട്ട് മാനേജര്‍ ജോബി ജോണിന്റെ പരാതി പ്രകാരം യുഎപിഎ ഉള്‍പ്പെടെയുള്ള രാജ്യദ്രോഹകുറ്റം ചുമത്തി അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. സന്ധ്യക്ക് ഏഴോടെയാണ് ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം റിസോര്‍ട്ടിലെത്തി ലഘുലേഖ കൈമാറുകയും മാനേജരുടെ ഫോണ്‍ ഉപയോഗിച്ച് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്ട്സാപ്പ് വഴി ലഘുലേഖ കൈമാറുകയും ചെയ്തത്. ഇവിടെനിന്നും ഭക്ഷണസാധനങ്ങൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്.

''അവര് ഇങ്ങനെ ചെയ്താല്‍ നമ്മക്ക് പറ്റില്ല. അവര് വന്നോട്ടെ, പോസ്റ്റര്‍ ഒട്ടിച്ചോട്ടെ, പ്രസംഗിച്ചോട്ടെ, മുദ്രാവാക്യം വിളിച്ചോട്ടെ. പക്ഷേ ഓഫീസ് പൊളിക്കണത് എന്തിന്? ഇത് തുടര്‍ന്നാല്‍ എസ്റ്റേറ്റ് നിര്‍ത്തി കെ എസ് എഫ് ഡി സി പോകും. ഞങ്ങള്‍ കൊടും പട്ടിണിയിലാകും,'' തൊഴിലാളിയായ കമ്പമല നവകുമാര്‍ ആശങ്ക പങ്കുവച്ചു.

''ഞങ്ങളെ രക്ഷിക്കാന്‍ ഓര്‍ക്ക് എന്താക്കാന്‍ പറ്റും? ഒരു വശത്ത് പോലീസ്, മറുവശത്ത് മാവോയിസ്റ്റുകള്‍, ഞങ്ങള് നാളെ എന്തെങ്കിലും കാര്യങ്ങള് സര്‍ക്കാരിനെതിരായി ചെയ്തുവെന്ന് പരാതി ഉണ്ടായാല്‍ ഞങ്ങള്‍ രാജ്യദ്രോഹികളാവും. അപ്പോ ആരും ഉണ്ടാവില്ല,'' നവകുമാര്‍ ആശങ്ക പങ്കുവച്ചു. തോട്ടത്തിന്റെ ഭാഗമായി ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിനും തൊഴിലാളികള്‍ എതിരല്ലെന്നാണ് നവകുമാർ പറയുന്നത്.

വയനാട്ടില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് സിപിഐ മാവോയിസ്റ്റ് മാവോയിസ്റ്റ് കബനീ ദളത്തിലെ സംഘങ്ങളാണ്. വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മാവോവാദികൾ സംഘത്തിലുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. സോമന്‍ വയനാട് കല്‍പ്പറ്റ സ്വദേശിയും രണ്ടായിരത്തിൽ വയനാട്ടില്‍ 'ഞായറാഴ്ച പത്രം'എന്ന പേരില്‍ പ്രദേശിക പത്രം നടത്തിയ മാധ്യമ പ്രവര്‍ത്തകനുമായിരുന്നു

പൊളിഞ്ഞുതുടങ്ങിയ പാടികൾ, ആസ്‌ബെറ്റോസ് വീടുകൾ; മാവോയിസ്റ്റുകളെത്തിയ കമ്പമലയിലെ തോട്ടംതൊഴിലാളി ജീവിതം
വേട്ടയ്ക്കിറങ്ങി കർണാടക വനംവകുപ്പ്, പുലിവാൽ പിടിച്ച് പുലിനഖ പ്രേമികൾ; സിനിമ - രാഷ്ട്രീയ പ്രമുഖർ അറസ്റ്റ് ഭീതിയിൽ

കമ്പലയില്‍ തോട്ടംതൊഴിലാളികളുടെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യമെന്ന വര്‍ഷങ്ങളായി നടപ്പിലാക്കാത്ത ആവശ്യം കേരളത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കമ്പമലയിലെ മാവോവാദികളുടെ വരവ് കാരണമായെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതാവ് സി പി റഷീദ് പറയുന്നു. ഇത്രയും കാലം വാഗ്ദാനം മാത്രമായ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാവോവാദികളുടെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രം നടപടികളിലേക്ക് നീങ്ങുന്നു. ഇത് പ്രസക്തമാണ്. മാവോവാദികളും ആവശ്യപ്പെട്ടത് ഇത്തരം നടപടികളാണെന്നും സി പി റഷീദ് പറഞ്ഞു.

കടുത്ത പ്രതിസന്ധികള്‍ക്കും ദുരിതങ്ങള്‍ക്കുമിടയിലാണ് ഇവിടുത്തെ തോട്ടം തൊഴിലാളികളുടെ ജീവിതം. മാവോയിസ്റ്റുകളുടെ സാന്നിധ്യം മൂലം തങ്ങളും സംഘര്‍ഷത്തിന്റെ ഇരകളാക്കപ്പെടുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. മാവോ സാന്നിധ്യം തുടര്‍ക്കഥയായതിനുശേഷം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മേല്‍ ചില തുടര്‍ നടപടികള്‍ ഉണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോഴും ആശങ്കകള്‍ ഈ തൊഴിലാളികളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

logo
The Fourth
www.thefourthnews.in