നാസയുടെ ചാന്ദ്രദൗത്യത്തിലെ മലയാളി സാന്നിധ്യം; അപ്പോളോ എട്ടിന്റെ യാത്രാ സർക്യൂട്ട് ചാർട്ട് തയാറാക്കിയത് കോഴിക്കോട്ടുകാരൻ

നാസയുടെ ചാന്ദ്രദൗത്യത്തിലെ മലയാളി സാന്നിധ്യം; അപ്പോളോ എട്ടിന്റെ യാത്രാ സർക്യൂട്ട് ചാർട്ട് തയാറാക്കിയത് കോഴിക്കോട്ടുകാരൻ

1968ൽ ചാന്ദ്രയാത്ര നടത്തി വിജയം വരിച്ച നാസയുടെ 'അപ്പോളോ 8'ന് വേണ്ടി പ്രവർത്തിച്ചവരിൽ കോഴിക്കോട്ടുകാരനായ എ സുധാകരനുമുണ്ടായിരുന്നു

ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിജയപതാക പാറിച്ച ഈ വേളയിൽ അഭിമാനിക്കാൻ കേരളത്തിനേറെയുണ്ട്. മൂന്നാം ചാന്ദ്രദൗത്യത്തിന് ചുക്കാൻ പിടിച്ച ഐഎസ്ആർഒയുടെ മുൻനിര ശാസ്ത്രജ്ഞരിൽ വലിയൊരു ഭാഗം മലയാളികളാണ്, ഐ എസ് ആർ ഒയുടെ തലവനാകട്ടെ മലയാളിയായ എസ് സോമനാഥും.

അപ്പോളോ 8-ന്റെ വിജയകരമായ ദൗത്യമാണ് 1969 ജൂലൈയിൽ മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ വിക്ഷേപണത്തിലേക്ക് നയിച്ചത്

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ വിജയിച്ച ആദ്യ ചാന്ദ്രയാത്രാ ദൗത്യത്തിനുപിന്നിലും ഒരു മലയാളി പ്രവർത്തിച്ചിരുന്നുവെന്നത് അധികമാർക്കും അറിയാത്ത വസ്തുതയാണ്. മനുഷ്യനെ ചന്ദ്രനിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിൽ വിജയിച്ച ആദ്യ ചാന്ദ്രയാത്രാ ദൗത്യമായിരുന്നു 1968ലെ 'അപ്പോളോ 8'. ഇതിനുവേണ്ടി പ്രവർത്തിച്ചവരിൽ കോഴിക്കോട് സ്വദേശിയായ എ സുധാകരനായിരുന്നു.

എ സുധാകരന്‍
എ സുധാകരന്‍

1968 ഡിസംബർ 21-ന് അപ്പോളോ 8 വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കേപ് കെന്നഡി എയർഫോഴ്സ് സ്റ്റേഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെന്നഡി സ്പേസ് സെന്ററിൽനിന്നുള്ള ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയായിരുന്നു അത്. ലക്ഷ്യത്തിൽ വിജയകരമായി എത്തിച്ചേർന്ന അപ്പോളോ 8 ഭൗമ ഭ്രമണപഥത്തിൽനിന്ന് ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി. പേടകത്തിൽ ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലവൽ, വില്യം ആൻഡേഴ്സ് എന്നീ മൂന്ന് ബഹിരാകാശ യാത്രികരാണുണ്ടായിരുന്നത്. ഇവർ ചന്ദ്രന്റെയും ചന്ദ്രനിൽനിന്നുള്ള ഭൂമിയുടെയും ഫോട്ടോ എടുത്ത ആദ്യബഹിരാകാശ യാത്രക്കാരായി.

അപ്പോളോ 8-ന്റെ മർമപ്രധാനമായ യാത്രാ സർക്യൂട്ട് ചാർട്ട് തയാറാക്കിയ നാസയുടെ ശാസ്ത്രസംഘത്തിലെ പ്രധാന അംഗമായിരുന്നു അന്ന് മുപ്പത്തി ഒൻപതുകാരനായ സുധാകരൻ

68 മണിക്കൂർ സഞ്ചരിച്ചാണ് അപ്പോളോ 8 ചന്ദ്രനിലേക്ക് എത്തിയത്. 20 ണിക്കൂറിനുള്ളിൽ ചന്ദ്രനെ 10 തവണ വലംവച്ചു. ഇത് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. അമേരിക്കയിൽ അക്കാലത്ത്, ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പരിപാടിയായിരുന്നു ഈ പ്രക്ഷേപണം.

അപ്പോളോ 8ലെ ബഹിരാകാശ യാത്രികർ
അപ്പോളോ 8ലെ ബഹിരാകാശ യാത്രികർ

അപ്പോളോ 8-ന്റെ വിജയകരമായ ദൗത്യമാണ് 1969 ജൂലൈയിൽ മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ വിക്ഷേപണത്തിലേക്ക് നയിച്ചത്. ആ ദശാബ്ദം അവസാനിക്കും മുമ്പ് ചന്ദ്രനിൽ മനുഷ്യനെ ഇറക്കുകയെന്ന യു എസ് പ്രസിഡന്റ ജോൺ എഫ് കെന്നഡിയുടെ ലക്ഷ്യം അങ്ങനെ നിറവേറ്റി.

അപ്പോളോ 8-ന്റെ മർമപ്രധാനമായ യാത്രാ സർക്യൂട്ട് ചാർട്ട് തയാറാക്കിയ നാസയുടെ ശാസ്ത്രസംഘത്തിലെ പ്രധാന അംഗമായിരുന്നു അന്ന് മുപ്പത്തി ഒൻപതുകാരനായ സുധാകരൻ. കോഴിക്കോട്ടെ ഏറ്റവും പുരാതനമായ നോർമൻ പ്രിന്റിങ് പ്രസിന്റെ ഉടമയയായ അച്യുതൻ നായരുടെ ഏക പുത്രനായിരുന്നു സുധാകരൻ. നോർമൻ അച്യുതൻ നായർ പേരുകേട്ട ജോത്സ്യനായിരുന്നു. വിവർത്തകനും നിരൂപകനുമായിരുന്ന പണ്ഡിറ്റ് ഗോപാലൻ നായരുടെ സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്കുള്ള

നാസയുടെ ചാന്ദ്രദൗത്യത്തിലെ മലയാളി സാന്നിധ്യം; അപ്പോളോ എട്ടിന്റെ യാത്രാ സർക്യൂട്ട് ചാർട്ട് തയാറാക്കിയത് കോഴിക്കോട്ടുകാരൻ
കൊറിയൻ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന മലയാളി രക്തസാക്ഷി

'ശ്രീമദ് ഭാഗവതം' വിവർത്തനം ആദ്യമായി അച്ചടിച്ചത് അച്യുതൻ നായരുടെ നോർമൻ പ്രിന്റിങ് ബ്യൂറോ ആയിരുന്നു. ചാന്ദ്രദൗത്യത്തിന് രണ്ട് വർഷത്തിനുശേഷമാണ് സുധാകരൻ പിന്നീട് കോഴിക്കോട് സന്ദർശിക്കുന്നത്. റോട്ടറി ക്ലബ്ബിന്റെ ഒരു സ്വീകരണത്തിൽ അന്ന് അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. അർധവൈദ്യുത വാഹകങ്ങൾ (സെമി ഇലക്ട്രിക്കൽ കണ്ടക്‌റ്റേഴ്‌സ്) മനുഷ്യജീവിതത്തെ സ്വാധീനിച്ച സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ സംഭവവികാസമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക സാങ്കേതികവിദ്യയെ ആശ്രയിച്ച് പല മേഖലകളിലും എങ്ങനെയാണ് മുന്നേറുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

നാസയുടെ ചാന്ദ്രദൗത്യത്തിലെ മലയാളി സാന്നിധ്യം; അപ്പോളോ എട്ടിന്റെ യാത്രാ സർക്യൂട്ട് ചാർട്ട് തയാറാക്കിയത് കോഴിക്കോട്ടുകാരൻ
ലണ്ടനിൽ എലിസബത്തിന്റെ കിരീട ധാരണം; എവറസ്റ്റിൽ ബ്രിട്ടന്റെ പട്ടാഭിഷേകം

സ്വന്തമായി ഒരു വിമാനം വാങ്ങി അത് സ്വയം പറത്തി ഇന്ത്യയിലേക്ക് വരണമെന്നായിരുന്നു സുധാകരൻ എന്ന സാഹസികന്റെ ആഗ്രഹം. എന്നാൽ അത് സാധിച്ചില്ല.1977 ൽ ഏപ്രിൽ ആദ്യം കാനഡയിൽവച്ച് ഹൃദ്രോഗം ബാധിച്ച് സുധാകരൻ ആകസ്മികമായി മരിച്ചു. 48-ാം വയസലായിരുന്നു അന്ത്യം. ഭൗതികശരീരം ഹൈന്ദവാചാരപ്രകാരം കാനഡയിൽ തന്നെ സംസ്‌കരിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in