ന്യൂയോർക് ടൈംസിന്റെ ഇടതുപക്ഷവിരുദ്ധതയും മോദിയുടെ വിമർശനപ്പേടിയും; ന്യൂസ്‌ക്ലിക്കിനെതിരായ തിരക്കഥയ്ക്ക് പിന്നിലെന്ത്?

ന്യൂയോർക് ടൈംസിന്റെ ഇടതുപക്ഷവിരുദ്ധതയും മോദിയുടെ വിമർശനപ്പേടിയും; ന്യൂസ്‌ക്ലിക്കിനെതിരായ തിരക്കഥയ്ക്ക് പിന്നിലെന്ത്?

ന്യൂസ് ക്ലിക്കിനെതിരായ കേസിന് തെളിവായി പ്രക്ഷേപണ വിതരണ മന്ത്രി അടക്കം പാർലമെന്റിൽ ചൂണ്ടിക്കാട്ടിയത് 'ന്യൂയോർക്ക് ടൈംസ്' ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ്

ന്യൂസ്‌ക്ലിക്ക് എന്ന ഓൺലൈൻ മാധ്യമസ്ഥാപനവും അതിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളുമാണ് നിലവിലെ പ്രധാന ചർച്ച. ചൈനീസ് അനുകൂല പ്രചാരണങ്ങൾക്കുവേണ്ടി ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ നിഴലിലാണ് ന്യൂസ്‌ക്ലിക്ക്. അതിന്റെ പേരിൽ സ്ഥാപനവുമായി ബന്ധപ്പെട്ട 46 പേരോളമാണ് കഴിഞ്ഞദിവസം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും വിധേയമായത്. എഡിറ്റർ പ്രബീർ പുരകായസ്തയെയും എച്ച് ആർ മേധാവിയെയും ബുധനാഴ്ച അറസ്റ്റ് ചെയുകയും ചെയ്തു. ഈ കേസിനെല്ലാം തെളിവായി പ്രക്ഷേപണ വിതരണ മന്ത്രി അടക്കം പാർലമെന്റിൽ ചൂണ്ടിക്കാട്ടിയത് 'ന്യൂയോർക്ക് ടൈംസ്' ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ്.

യു എസ് ടെക് ഭീമനായ നെവില്ലെ റോയ് സിംഗവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് ന്യൂസ്‌ക്ലിക്ക് ഫണ്ട് സ്വീകരിക്കുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. നെവില്ലെ റോയ് എന്ന ശതകോടീശ്വരൻ ചൈനീസ് സർക്കാരിന്റെ അടുത്തയാളാണെന്നും അവർക്കുവേണ്ടി പ്രചാരണം നടത്താൻ പലവിധ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. അതിന്റെ ഭാഗമായാണ് ന്യൂസ്‌ക്ലിക്കിന് പണം നൽകുന്നതെന്നും ടൈംസ് കണ്ടെത്തുന്നു. എന്താണ് വാസ്തവം? ആരാണ് നെവില്ലെ റോയ്? ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ എന്തൊക്കെ തെളിവുകളാണ് അദ്ദേഹത്തിന്റെ ചൈനീസ് ബന്ധം തെളിയിക്കാൻ ഉപയോഗിക്കുന്നത്?

പ്രബീർ പുരകായസ്ത
പ്രബീർ പുരകായസ്ത

കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള ഇന്ത്യയിലെ ജനകീയ സമരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുകയും ചെയ്യുന്ന ഒരു മാധ്യമസ്ഥാപനമാണ് ന്യൂസ്‌ക്ലിക്ക്. അവർ വിദേശഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നത് രഹസ്യമല്ല. സ്ഥാപനത്തിന്റെ എഡിറ്റർ പ്രബീർ പുരകായസ്ത തന്നെ അത് തുറന്ന് സമ്മതിക്കുന്നുണ്ട്. "ഇന്ത്യൻ നിയമമനുസരിച്ച് ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോമിന് 26 ശതമാനം വരെ വിദേശസഹായം സ്വീകരിക്കാനാകും. പക്ഷേ ഒൻപത് ശതമാനം സഹായം മാത്രമേ ന്യൂസ്‌ക്ലിക്ക് സ്വീകരിച്ചിട്ടുള്ളൂ. അതിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. പിന്നെ എന്തിനാണ് കേസ് എന്ന് മനസിലാകുന്നില്ല" കാരവന് 2021ൽ നൽകിയ അഭിമുഖത്തിൽ പ്രബീർ പറയുന്നു. എല്ലാ ഫണ്ടുകളും ആർബിഐ മാർഗനിർദേശങ്ങളനുസരിച്ച് യുഎസിലെ നിയമാനുസൃതമായ ഉറവിടങ്ങളിൽനിന്നാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദേശ ഫണ്ടിനെച്ചൊല്ലി ന്യൂസ്‌ക്ലിക്കിനെ വേട്ടയാടാൻ തുടങ്ങിയത് 2021ലാണ്. 2018- 21 കാലയളവിൽ നെവില്ലെ റോയിയുടെ അനുബന്ധ സംഘടനകളിൽനിന്ന് 38 കോടി രൂപ സ്വീകരിച്ചുവെന്ന് ആരോപിച്ച് ന്യൂസ്‌ക്ലിക്കിന്റെ ഓഫീസിലും പ്രബീറിന്റെ ഉൾപ്പെടെയുള്ളവരുടെ വസതിയിലും മണിക്കൂറുകൾ നീണ്ട പരിശോധന ഇ ഡി നടത്തിയത് അതിന് തെളിവാണ്. അതിനുശേഷവും ശക്തമായ മാധ്യമപ്രവർത്തനം ന്യൂസ്‌ക്ലിക്ക് തുടരുകയും ചെയ്തു. പിന്നീട് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വന്നതോടുകൂടിയാണ് വിദേശ ഫണ്ട് വീണ്ടും ചർച്ചയായത്.

നെവില്ലെ റോയിയും ഭാര്യയും
നെവില്ലെ റോയിയും ഭാര്യയും

ഇനി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലേക്ക് തിരിച്ചുവരാം. റിപ്പോർട്ടിലും ഇന്ത്യൻ മാധ്യമങ്ങളിലും പരാമർശിക്കുന്ന നെവില്ലെ റോയ് ആരാണ് എന്നുകൂടി മനസിലാക്കിയിരിക്കേണ്ടതുണ്ട്. ഇടതുപക്ഷ ആശയങ്ങൾക്ക് വേണ്ടിയും അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരെയും ആഗോളതലത്തിൽ ശബ്ദമുയർത്തുന്നവരിൽ ഒരാളാണ് നെവില്ലെ റോയ്. 'കോഡ് പിങ്ക്' പോലെയുള്ള യുദ്ധവിരുദ്ധ സംഘടനകളും ട്രൈ കോണ്ടിനെന്റൽ പോലുള്ള സോഷ്യലിസ്റ്റ് തിങ്ക് ടാങ്കുകൾക്കും അദ്ദേഹം ധനസഹായം നൽകുന്നുണ്ട്. ഇതൊക്കെയാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ ചൈനീസ് ബന്ധം ആരോപിക്കുന്നതിന് ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ.

ചെഗുവേര, മാവോ സേതുങ് എന്നിവരെക്കുറിച്ച് നെവില്ലെ റോയ് ജീവനക്കാരോട് സംസാരിക്കാറുണ്ടെന്നതും ചൈനീസ് ചാരപദവി ചൂടിക്കൊടുക്കാൻ ടൈംസ് തെളിവായി എടുത്തുപറയുന്നു

നിലവിൽ ചൈനയിലെ ഷാങ്ഹായിയിലാണ് നെവില്ലെ റോയിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ഒരു പബ്ലിഷിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുന്നു എന്ന കണക്കെയുള്ള ചിത്രങ്ങളാണ് 3000 വാക്കുകളുള്ള റിപ്പോർട്ടിലെ വാദങ്ങൾ സാധൂകരിക്കാൻ ടൈംസ് ഉപയോഗിക്കുന്നത്. അമേരിക്കൻ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന സംഘടനയായ 'ഫെയർനെസ് ആൻഡ് അക്ക്യൂറസി ഇൻ റിപ്പോർട്ടിങ് ' പുറത്തുവിട്ട ഒരു റിപ്പോർട്ടിന്റെ പഠനം അനുസരിച്ച് 13 തവണയാണ് പ്രൊപ്പഗണ്ട എന്ന വാക്ക് റിപ്പോർട്ടിൽ പ്രയോഗിച്ചിരിക്കുന്നത്. അതല്ലാതെ ചൈനീസ് ഏജന്റെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും തരാൻ ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടിന് കഴിഞ്ഞിട്ടില്ല.

ന്യൂസ്‌ക്ലിക്കിനെക്കുറിച്ചുള്ള ആക്ഷേപമാണ് ഏറ്റവും രസകരം. ന്യൂസ്‌ക്ലിക്കിന്റെ വാർത്തകളിൽ ചൈനീസ് സർക്കാരിന്റെ വാദങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെന്നും അവരുടെ ഒരു വിഡിയോയിൽ ചൈനയുടെ ചരിത്രം തൊഴിലാളിവർഗത്തെ സ്വാധീനിക്കുന്നത് തുടരുന്നുണ്ടെന്നും പറയുന്നതായി ടൈംസ് പറയുന്നു. ന്യൂസ്‌ക്ലിക്കിന്റെ ചൈനീസ് ആഭിമുഖ്യം സ്ഥാപിക്കുന്നതിന് ടൈംസ് ഉപയോഗിക്കുന്ന തെളിവുകളാണ് ഇവയൊക്കെ. അതിനുപുറമെ ചെഗുവേര, മാവോ സേതുങ് എന്നിവരെക്കുറിച്ച് നെവില്ലെ റോയ് ജീവനക്കാരോട് സംസാരിക്കാറുണ്ടെന്നതും ചൈനീസ് ചാരപദവി ചൂടിക്കൊടുക്കാൻ ടൈംസ് തെളിവായി എടുത്തുപറയുന്നു.

ന്യൂയോർക് ടൈംസിന്റെ ഇടതുപക്ഷവിരുദ്ധതയും മോദിയുടെ വിമർശനപ്പേടിയും; ന്യൂസ്‌ക്ലിക്കിനെതിരായ തിരക്കഥയ്ക്ക് പിന്നിലെന്ത്?
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത അറസ്റ്റില്‍; അറസ്റ്റ് യുഎപിഎ പ്രകാരം

മോദി ഭരണകൂടത്തിന് സ്തുതിപാടാൻ 'ഗോദി മീഡിയ' മത്സരിക്കുന്നതിനിടയിലും വിമർശന സ്വരം ഉയർത്താൻ മടിക്കാത്ത മാധ്യമങ്ങളെ ഭയക്കുന്ന ബിജെപി സർക്കാരും ഇടതുപക്ഷ വിരുദ്ധത തലയ്ക്ക് പിടിച്ച ന്യൂയോർക്ക് ടൈംസും ഒരു പ്രത്യേക ബിന്ദുവിൽ കൂടിച്ചേരുന്ന കാഴ്ചയാണ് ന്യൂസ്‌ക്ലിക്ക് വിഷയത്തിൽ കാണാനാവുക. അതിന്റെ ഭാഗമാണ് നെവില്ലെ റോയിയെ ടൈംസ് ചൈനീസ് ഏജന്റായി ചിത്രീകരിക്കുന്നതും അതുവഴി മോദി സർക്കാർ ന്യൂസ്‌ക്ലിക്കിനെതിരെ കുരുക്ക് മുറുക്കുന്നതും.

logo
The Fourth
www.thefourthnews.in