മറ്റൊരു മനുഷ്യാവകാശ ദിനം: ഷോമാ സെൻ, ഉമർ ഖാലിദ്, പിന്നെ അറിയപ്പെടാത്ത ആയിരങ്ങൾ, തടവറയിൽ പെരുകുന്ന വിചാരണ തടവുകാർ

മറ്റൊരു മനുഷ്യാവകാശ ദിനം: ഷോമാ സെൻ, ഉമർ ഖാലിദ്, പിന്നെ അറിയപ്പെടാത്ത ആയിരങ്ങൾ, തടവറയിൽ പെരുകുന്ന വിചാരണ തടവുകാർ

"വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്" എന്ന അടിസ്ഥാന തത്വം വിസ്മരിക്കപ്പെടുന്ന സമയത്താണ് മനുഷ്യാവകാശ ദിനം ആചരിക്കപ്പെടുന്നത്

നീതിയും ജനാധിപത്യവും തടവറകളിൽ കിടന്ന് ശ്വാസം മുട്ടുന്ന കാലത്ത് വീണ്ടുമൊരു ഡിസംബർ പത്ത്, ലോക മനുഷ്യാവകാശ ദിനം. ഒരു മനുഷ്യൻ ജനിച്ചുവീഴുമ്പോൾ സ്വാഭാവികമായി അവനു സിദ്ധിക്കേണ്ട മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്ന ലോകത്ത് ഈ ദിനത്തിന്റെ പ്രസക്തിയേറെയാണ്. ഈ ദിനത്തിൽ നമ്മൾ ഓർക്കേണ്ട, വിസ്മൃതിയിൽ ആഴാൻ അനുവദിക്കാൻ പാടില്ലാത്ത ചില പേരുകളുമുണ്ട്.

പുതിയ ആഗോളക്രമത്തിൽ തീവ്രവലതുപക്ഷങ്ങൾ നിയന്ത്രണം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സമയത്ത് 'സ്വതന്ത്രമായി വിയോജിക്കുക' എന്നതും മനുഷ്യാവകാശമായി കണക്കാക്കണമെന്ന വാദങ്ങള്‍ ശക്തമാണ്. ഭരണകൂടങ്ങൾക്കെതിരായ വിയോജിപ്പുകൾ അടിച്ചമർത്തികൊണ്ടിരിക്കുന്ന കാലം കൂടിയാണിതെന്ന ബോധ്യമാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ. "വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്" എന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമർശവും ഇതിനൊപ്പം കൂട്ടിവയ്ക്കാവുന്നതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പോലും മേൽപ്പറഞ്ഞ സ്വാതന്ത്ര്യം കിട്ടാക്കനിയാകുന്നു എന്നതിന്റെ ഏറ്റവും ദൃഷ്ടാന്തമാണ് ഭീമാ കൊറേഗാവ്‌ കേസ്.

രാജ്യത്തെ അറിയപ്പെടുന്ന അക്കാദമീഷ്യന്മാർ, ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിങ്ങനെ 16 പേരെ വേട്ടയാടി തടവറയിൽ തളച്ചിട്ട് അഞ്ചര വർഷം പിന്നിടുന്നു. കേസിൽ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ല. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ജയിലിനുള്ളിൽ കിടന്ന് മരിച്ചു, അഞ്ച് പേർക്ക് അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു, ബാക്കിയുള്ളവർ നീതിയുടെ വെളിച്ചം എന്നെങ്കിലും തേടിയെത്തുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുന്നു.

ഫാദർ സ്റ്റാൻ സ്വാമി
ഫാദർ സ്റ്റാൻ സ്വാമി

ജെസ്യൂട്ട് പുരോഹിതൻ ഫാദർ സ്റ്റാൻ സ്വാമി തലോജ ജയിലിലിനുള്ളിൽ കിടന്ന് മരിക്കുമ്പോൾ അദ്ദേഹം കോവിഡ് ബാധിതനായിരുന്നു. 84 കാരനായ ആത്മീയാചാര്യന്റെ പ്രായമോ, പാർക്കിൻസൺസൺ തളർത്തിയ ശരീരമോ, ഒന്നും ആർക്കും വിഷയമായില്ല എന്നിടത്താണ് നേരത്തെ പറഞ്ഞ മനുഷ്യാവകാശത്തിന്റെ അർത്ഥതലങ്ങൾ മാറേണ്ടതിന്റെ ആവശ്യകത പ്രസക്തി നേടുന്നത്.

കുറ്റാരോപിതരായവരിൽ സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ സുധാ ഭരദ്വാജ്; ആക്ടിവിസ്റ്റ്, കവി, എഴുത്തുകാരൻ, അധ്യാപകൻ ഡോ. പി വരവര റാവു; ദളിത് മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനുമായ ഡോ. ആനന്ദ് തെൽതുംബ്ഡെ; ട്രേഡ് യൂണിയനിസ്റ്റും ആക്ടിവിസ്റ്റുമായ വെർനൺ ഗോൺസാൽവസ്; അഭിഭാഷകനും ആക്ടിവിസ്റ്റുമായ അരുൺ ഫെരേര എന്നിവർക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്.

ജയിലുകളിൽ കഴിയുന്നവരുടെ 23.3 ശതമാനം പേർ മാത്രമാണ് കുറ്റവാളികളെന്ന് എൻ സി ആർ ബി തന്നെ സമ്മതിക്കുന്നു

2018 ജൂണിൽ അറസ്റ്റിലായ അഭിഭാഷകനും ദളിത് അവകാശ പ്രവർത്തകനുമായ സുരേന്ദ്ര ഗാഡ്‌ലിങ്; ആക്ടിവിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമായ ഷോമ സെൻ; ആക്ടിവിസ്റ്റും നടനും പ്രസാധകനുമായ സുധീർ ധവാലെ; ഭീമാ കൊറേഗാവ് കേസിലെ കുറ്റാരോപിതരിൽ ഏറ്റവും പ്രായം കുറഞ്ഞ, ആക്ടിവിസ്റ്റ് മഹേഷ് റാവുത്ത്; ആക്ടിവിസ്റ്റും ഗവേഷകയുമായ റോണ വിൽസൺ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ അഞ്ചര കൊല്ലമായി തടങ്കലിൽ കഴിയുകയാണ്.

മറ്റൊരു മനുഷ്യാവകാശ ദിനം: ഷോമാ സെൻ, ഉമർ ഖാലിദ്, പിന്നെ അറിയപ്പെടാത്ത ആയിരങ്ങൾ, തടവറയിൽ പെരുകുന്ന വിചാരണ തടവുകാർ
ഭീമ കൊറെഗാവ്- നീതി തടവിലാക്കപ്പെട്ടിട്ട് അഞ്ചാണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന നാഷണല്‍ ക്രൈം റെക്കോഡ്‍സ് ബ്യൂറോയുടെ (എന്‍സിആർബി) കണക്കുകൾ പ്രകാരം, ഇന്ത്യയിലെ തടവറകളിൽ കഴിയുന്ന 75.8 ശതമാനം പേരും വിചാരണ തടവുകാരാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ തോത് പുറത്തുകൊണ്ടുവരുന്ന മറ്റൊരു കണക്കുകൂടി പുറത്തുവന്നിരുന്നു. അതുപ്രകാരം ജയിലുകളിൽ കഴിയുന്നവരുടെ 23.3 ശതമാനം പേർ മാത്രമാണ് കുറ്റവാളികളെന്ന് എൻസിആർബി തന്നെ സമ്മതിക്കുന്നു. അപ്പോൾ ബാക്കിയുള്ളവരുടെ നഷ്ടപ്പെടുന്ന മനുഷ്യാവകാശങ്ങള്‍?

മറ്റൊരു മനുഷ്യാവകാശ ദിനം: ഷോമാ സെൻ, ഉമർ ഖാലിദ്, പിന്നെ അറിയപ്പെടാത്ത ആയിരങ്ങൾ, തടവറയിൽ പെരുകുന്ന വിചാരണ തടവുകാർ
ഉമര്‍ ഖാലിദ് - അനീതിയുടെ ഇരുട്ടില്‍ മൂന്ന് വര്‍ഷം

ഇന്ത്യയിലെ തടവറയിൽ ജാമ്യം പോലുമില്ലാതെ കഴിയുന്ന പതിനായിരക്കണക്കിന് രാഷ്ട്രീയ തടവുകാരുടെ മറ്റൊരു പ്രതീകമാണ് ഉമർ ഖാലിദ്. ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന ഉമർ ഖാലിദ് 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന പേരിലാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇവരെയെല്ലാം ഭരണകൂടം വേട്ടയാടിയതിന് പിന്നിൽ ഒരേയൊരു കാരണമായിരുന്നു, അവരുടെ വിയോജിപ്പ്. സംഘപരിവാർ അജണ്ടകളെ നഖശിഖാന്തം എതിർത്തു. ആ 'അപരാധമാണ്' ഉമറും ഭീമാ കൊറേഗാവ് കേസിലെ കുറ്റാരോപിതരുമെല്ലാം ഭരണകൂടത്തിന് മുന്നിൽ 'രാജ്യദ്രോഹികൾ' ആകാനുള്ള പ്രധാന കാരണം.

logo
The Fourth
www.thefourthnews.in