'അതൊരു ചരിത്രനിമിഷമാണെന്ന്
അപ്പോൾ അറിയില്ലായിരുന്നു'; പ്രമോദ് രാമൻ അഭിമുഖം

'അതൊരു ചരിത്രനിമിഷമാണെന്ന് അപ്പോൾ അറിയില്ലായിരുന്നു'; പ്രമോദ് രാമൻ അഭിമുഖം

ഇന്ന് സങ്കൽപ്പിക്കാൻ സാധിക്കാത്ത അത്രയും പുറകിലായിരുന്നു നമ്മൾ. ഇന്നുള്ള സാങ്കേതിക സഹായങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. അന്ന് സാധ്യമായിരുന്ന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രക്ഷേപണമായിരുന്നു അത്

മലയാളത്തിലെ ആദ്യത്തെ സ്വകാര്യ വാർത്താ ചാനലായ ഏഷ്യാനെറ്റിന് 28 വയസ് തികയുകയെന്നാൽ മലയാളത്തിലെ ആദ്യ വാർത്താ ബുള്ളറ്റിൻ പ്രക്ഷേപണം ചെയ്തിട്ട് അത്രതന്നെ വർഷങ്ങൾ പിന്നിട്ടു എന്നുകൂടിയാണ് അർഥം. സാങ്കേതികമായ പരിമിതികളിൽനിന്നുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തുനിന്ന് പ്രക്ഷേപണം ചെയ്ത ആദ്യ ബുള്ളറ്റിനിൽനിന്ന് ഓഗ്മെന്റഡ് റിയാലിറ്റി ഉൾപ്പെടെയുള്ള സാങ്കേതികത്തികവോടെ ഇപ്പോൾ പ്രക്ഷേപണം ചെയ്യപ്പെടുന്ന പത്തോളം മുഴുവൻസമയ വാർത്ത ചാനലുകളിലെത്തുന്ന ചരിത്രം കൂടിയാണ് ഇവിടെ എഴുതപ്പെടുന്നത്. 1995 ൽ ഏഷ്യാനെറ്റിലെ ആദ്യത്തെ ബുള്ളറ്റിൻ വായിച്ച ഇന്നത്തെ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ ദ ഫോർത്തിനോട് സംസാരിക്കുന്നു

Q

താങ്കൾ ആദ്യത്തെ വാർത്താ ബുള്ളറ്റിൻ വായിച്ചിട്ട് 28 വർഷം തികയുകയാണ്. തീർച്ചയായും ആദ്യത്തെ ശ്രമം നമുക്ക് കാലം കഴിഞ്ഞ് ആലോചിക്കുമ്പോൾ അമെച്വർ ആയി തോന്നുമല്ലോ. ആ ബുള്ളറ്റിൻ ഓർക്കുമ്പോൾ സഞ്ചരിച്ച ദൂരം കാണാൻ സാധിക്കുന്നുണ്ടോ?

A

ഉറപ്പായും. അതൊരു നാഴികക്കല്ലാണ് എന്ന ബോധ്യമില്ലാതെയാണല്ലോ അന്ന് നമ്മൾ അത് ചെയ്യുന്നത്. അന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. ഒറ്റപ്പെട്ട ഒരു സംഭവവും കൂടിയായിരുന്നല്ലോ, പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ അന്നങ്ങനെ ചെയ്തതുകൊണ്ടാണ് ഇപ്പോൾ ചരിത്രം ഇങ്ങനെയൊക്കെ പരിണമിച്ചതെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഒരുപാട് പുറകിലായിരുന്നു നമ്മൾ. ഇന്ന് സങ്കൽപ്പിക്കാൻ സാധിക്കാത്ത അത്രയും പുറകിൽ. ഇന്നുള്ള സാങ്കേതിക സഹായങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. അന്ന് സാധ്യമായിരുന്ന സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുള്ള പ്രക്ഷേപണമായിരുന്നു അത്. ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ അത് ചെയ്തല്ലോ എന്നതിൽ ഒരു ഉൾപ്പുളകമുണ്ടാകുന്നുണ്ട്.

Q

ഇന്റർനെറ്റ് സജീവമല്ലാത്ത ഒരു കാലത്താണല്ലോ താങ്കൾ മാധ്യമപ്രവർത്തനം തുടങ്ങുന്നത്. എങ്ങനെയാണ് ഒരു വാർത്ത ശരിയാണെന്ന് സ്ഥിരീകരിച്ചിരുന്നത്? പ്രത്യേകിച്ച് നേരിട്ട് ഉറപ്പുവരുത്താൻ സാധിക്കാതിരുന്ന സംഭവങ്ങളിൽ. കൂടുതൽ പിഴവുകൾക്ക് സാധ്യതയുള്ള കാലമായിരുന്നോ അത്? അതോ അന്നായിരുന്നോ കൂടുതൽ കൃത്യത ഉണ്ടായിരുന്നത്?

A

ഇന്റർനെറ്റ് പോയിട്ട് കമ്പ്യൂട്ടർ പോലും എല്ലായിടത്തും എത്തുന്നേ ഉണ്ടായിരുന്നുള്ളു. ഏഷ്യാനെറ്റിന്റെ ഡെസ്കിൽ പോലും ചെറിയതോതിൽ മാത്രമേ കമ്പ്യൂട്ടറിന്റെ സഹായം അന്ന് ഉപയോഗിച്ചിരുന്നുള്ളു. വാർത്തകൾ കൈമാറിയിരുന്നത് ഫാക്സിലൂടെയായിരുന്നു. ടെക്സ്റ്റ് അയക്കാൻ സാധിക്കുന്ന ഏക മാർഗ്ഗമായിരുന്നു അത്. സിംഗപ്പൂരിലേക്ക് വാർത്താ പ്രക്ഷേപണം മാറിയശേഷമാണ് മോഡം ഉപയോഗിക്കുന്നത്. ഇന്നത്തേതിനേക്കാൾ കൃത്യതയുള്ള വാർത്തകളാണ് അന്ന് നമ്മൾ പിന്തുടർന്നിരുന്നത്. അന്ന് പ്രത്യേകിച്ച് മുൻ മാതൃകകളില്ലായിരുന്നല്ലോ, പത്രങ്ങളുടെ മാതൃകയായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യമായി ടെലിവിഷൻ സ്വകാര്യമായി അവതരിപ്പിക്കപ്പെടുകയാണല്ലോ. മറ്റൊരു സ്ഥാപനമുള്ളത് ദൂരദർശൻ മാത്രമാണ്. അത് ഏകപക്ഷീയമായി സർക്കാരിന്റെ ഭാഗം അവതരിപ്പിക്കുന്ന ചാനലാണെന്ന് നമുക്കറിയാം.

ടെലിവിഷൻ രംഗത്ത് ഒരു സ്വതന്ത്ര മാധ്യമസംസ്കാരം ആരംഭിക്കുന്നത് ഏഷ്യാനെറ്റിലൂടെയാണ്. അതിന് മുമ്പുണ്ടായിരുന്ന ചരിത്രം പത്രങ്ങളുടേതാണ്. അതിന്റെ തുടർച്ച ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കത്തിനുമുണ്ടായിരുന്നു. പത്രങ്ങൾ എങ്ങനെയാണോ വാർത്തകൾ സ്ഥിരീകരിച്ചിരുന്നത് അതേ മാർഗം തന്നെയാണ് അന്ന് ടെലിവിഷൻ മാധ്യമങ്ങളും സ്വീകരിച്ചത്. ഒരു റിപ്പോർട്ടർക്ക് വാർത്ത സ്ഥിരീകരിക്കാൻ എന്തിനാണ് ഇന്റർനെറ്റ്? അതില്ലാതെ തന്നെ വാർത്തകൾ സ്ഥിരീകരിക്കാനുള്ള കഴിവ് ഒരു റിപ്പോർട്ടർക്കുണ്ടാകണം. ഓരോരുത്തരുടെയും അന്വേഷണങ്ങളിലൂടെയാണ് കാര്യങ്ങൾ സ്ഥിരീകരിച്ചിരുന്നത്. ആ സ്ഥിരീകരണത്തിന് കുറേകൂടി ബലമുണ്ടായിരുന്നു. കുറേകൂടി ആധികാരികമായിരുന്നു. അന്ന് വ്യക്തിപരമായി ഓരോ റിപ്പോർട്ടർക്കും കാര്യങ്ങൾ സ്ഥിരീകരിക്കാനുള്ള ബാധ്യതയുണ്ടായിരുന്നു. വസ്തുനിഷ്ഠമായി പരിശോധിച്ചാൽ അന്നത്തെ വാർത്തകൾക്ക് തന്നെയാണ് ആധികാരികതയെന്ന് മനസിലാകും.

മലയാളത്തിലെ ആദ്യ വാർത്ത ബുള്ളറ്റിൻ അവതരിപ്പിക്കുന്ന പ്രമോദ് രാമൻ
മലയാളത്തിലെ ആദ്യ വാർത്ത ബുള്ളറ്റിൻ അവതരിപ്പിക്കുന്ന പ്രമോദ് രാമൻ
'അതൊരു ചരിത്രനിമിഷമാണെന്ന്
അപ്പോൾ അറിയില്ലായിരുന്നു'; പ്രമോദ് രാമൻ അഭിമുഖം
സിപിഎം പോരാട്ടം തുണച്ചു; മൂന്ന് പതിറ്റാണ്ടിനുശേഷം വച്ചാത്തിയില്‍ നീതി
Q

പത്രങ്ങൾ മാത്രമുണ്ടായിരുന്ന ഒരു സ്ഥലത്തേക്കാണല്ലോ ഒരു ചാനൽ വരുന്നത്. ഒരു മുൻ മാതൃകയുമില്ലാതെ ആരംഭിക്കുമ്പോൾ, ഉപയോഗിക്കുന്ന ഭാഷയിലും മറ്റും വലിയ തോതിലുള്ള സ്വാധീനമുണ്ടാകില്ലേ? എപ്പോഴാണ് ടെലിവിഷന് ഒരു ശൈലി രൂപപ്പെടുന്നത്?

A

അത് ഏഷ്യാനെറ്റിന്റെ ആദ്യകാലത്ത് തന്നെ ആരംഭിച്ചിരുന്നു. ഉള്ളടക്കത്തോടും അതിൽ പാലിച്ചിരുന്ന സൂക്ഷ്മതയിലുമാണ് പത്രങ്ങളിൽനിന്ന് സ്വാധീനമുണ്ടായിരുന്നത്. ഭാഷയും ശൈലിയും ആദ്യകാലത്ത് തന്നെ രൂപപ്പെട്ടിരുന്നു. വാർത്തകൾ പത്രത്തിലേതുപോലെയല്ല അവതരിപ്പിക്കേണ്ടതെന്ന വ്യക്തത അന്ന് തന്നെയുണ്ടായിരുന്നു. ശൈലിയല്ല ആധികാരികതയെയാണ് മാതൃകയാക്കിയത്. അതിൽനിന്ന് കുറേയൊക്കെ പുറകോട്ട് പോവുകയാണ് നമ്മൾ ചെയ്തത്. അന്ന് ഉപയോഗിച്ചിരുന്ന ദൃശ്യങ്ങൾ വാർത്തയുമായി അങ്ങേയറ്റം ബന്ധമുള്ളവയായിരുന്നു. വാർത്ത കൃത്യമായി ദൃശ്യത്തിലൂടെ തന്നെ പറയാൻ കഴിയുമായിരുന്നു. ഇന്ന് സിസിടിവി ഉൾപ്പെടെ ഒരുപാട് അമെച്വർ ദൃശ്യങ്ങൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇതൊന്നും അന്ന് സാധ്യമായിരുന്നില്ല. അന്ന് ക്യാമറാമാൻ തന്നെ നേരിട്ടുപോയി ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആ ദൃശ്യങ്ങൾക്ക് കുറച്ചുകൂടി ആധികാരികതയുണ്ടായിരുന്നു. ഇന്നത്തെക്കാൾ ശക്തമായി ദൃശ്യങ്ങളിലൂടെ വാർത്ത അവതരിപ്പിച്ചിരുന്നത് അന്ന് തന്നെയാണെന്നാണ് എന്റെ വിശ്വാസം.

വാർത്തയെ എന്റർടൈൻമെന്റ് ആക്കാൻ റിപ്പോർട്ടർമാരും അവതാരകരും എന്തും ചെയ്യുമെന്ന അവസ്ഥയാണ്
Q

ഇന്ന് സാങ്കേതികമായി വലിയ സാധ്യതകളുണ്ടല്ലോ, അത് ഉള്ളടക്കത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? ഓഗ്മെന്റഡ് റിയാലിറ്റിയുടെ കാലത്ത് വാർത്തകൾ ഇവന്റുകളായോ? ടെക്നോളജിക്കുവേണ്ടി വർത്തയുണ്ടാക്കുന്ന അവസ്ഥയുണ്ടോ?

A

അങ്ങനെയൊരു സാഹചര്യം ഇല്ലാതില്ല. ടെക്നോളജിക്കുവേണ്ടി കണ്ടെന്റുകൾ ഉണ്ടാക്കുന്നുവെന്നല്ല, അത്ര മൃദുവായിട്ടല്ല അതിനെ കാണേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ടെക്നോളജി കയ്യിലുള്ളതുകൊണ്ട് ഒരു വാർത്തയെ എങ്ങനെ വേണമെങ്കിലും ചിത്രീകരിക്കാമെന്ന അവസ്ഥയാണിപ്പോഴുള്ളത്. ടെക്നോളജിയുടെ സാധ്യത പ്രകടമാക്കാൻ നമ്മൾ എന്ത് ചെയ്യണമെന്നാണ് ഇപ്പോൾ നോക്കുന്നത്. അത് നടക്കട്ടെ, അതിനെ തടയാൻ കഴിയില്ല, പക്ഷെ അതിനെ എന്റർടൈൻമെന്റ് ആക്കാൻ റിപോർട്ടർമാരും അവതാരകരും എന്തും ചെയ്യും എന്ന അവസ്ഥയാണ്. അതിന് എന്ത് കളിയും കളിക്കാം. കഴിഞ്ഞ ഓണം ബമ്പർ നറുക്കെടുപ്പ് ദിവസം ടെലിവിഷൻ നോക്കിയപ്പോൾ കണ്ട കാഴ്ചകൾ സഹിക്കാൻ സാധിക്കാത്തതാണ്. എല്ലാ ചാനലുകളും അങ്ങനെ ചെയ്തുവെന്ന് പറയുന്നില്ല ഒന്നോ രണ്ടോ ചാനലുകൾ എന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ. മീഡിയ വണ്ണിന്റെ എഡിറ്റർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് ആധികാരികമായി തന്നെയാണ് ഞാൻ പറയുന്നത്. ഞങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നില്ല. അത് ഒരു നിലപാടിന്റെ ഭാഗമായി തന്നെചെയ്തതാണ്. അത് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ മറ്റു ചാനലുകൾ ചെയ്തതുപോലെ ചെയ്യില്ലെന്ന വ്യക്തമായ ധാരണയുണ്ട്.

Q

ഈയടുത്ത് മീഡിയ വൺ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുത്ത ഒരു വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് അതിന്റെ ചുമതല ഏറ്റെടുക്കുകയും അതിന് കൃത്യമായ വിശദീകരണം നൽകുകയും ചെയ്തിരുന്നു. വലിയ സൂക്ഷ്മത പുലർത്തേണ്ട ആവശ്യം ഈ കാലഘട്ടത്തിലുണ്ടല്ലോ. പ്രത്യേകിച്ച് എല്ലാം സോഷ്യൽ മീഡിയ ഓഡിറ്റ് ചെയ്യുന്ന കാലത്ത്, ചെറിയ പിഴവുകൾപോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 28 വർഷങ്ങൾക്കിപ്പുറം ഒരു സ്ഥാപനത്തിന്റെ എഡിറ്റർ സ്ഥാനത്ത് ഇരിക്കുകയാണല്ലോ, തിരിഞ്ഞു നോക്കുമ്പോൾ ഈ തൊഴിൽ ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന സന്തോഷവും വിഷമവും എന്തായിരിക്കും?

A

ഏറ്റവും വലിയ സന്തോഷം മീഡിയ വണ്ണിന്റെ എഡിറ്റർ സ്ഥാനത്ത് എത്താൻ സാധിച്ചുവെന്നത് തന്നെയാണ്. കാരണം ചെയ്ത വാർത്തകളുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അത് തെറ്റായാലും ശെരിയായാലും. തെറ്റുപറ്റിയപ്പോൾ തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റരുത് എന്ന് നിരന്തരം എല്ലാവർക്കും നിർദേശം നൽകുന്നുണ്ട്. പക്ഷേ മനുഷ്യസഹജമായ തെറ്റുകൾ സംഭവിക്കാം. തെറ്റാണെന്നുകണ്ടാൽ അത് തിരുത്താൻ തയ്യാറാകും. എംവി ഗോവിന്ദൻ മാസ്റ്ററുടെ വാചകം തെറ്റായി നൽകിയത്, ഞാൻ തന്നെയാണ് കണ്ടെത്തിയതും ഫേസ്ബുക്കിൽ ഇട്ടതും. അല്ലാതെ ആരെങ്കിലും ബഹളമുണ്ടാക്കിയതിന്റെ ഭാഗമായി എടുത്ത നടപടിയല്ല അത്. ചോദിച്ചതുപോലെ സോഷ്യൽ മീഡിയ നമ്മളെ ഓഡിറ്റ് ചെയ്യുന്നുണ്ടെന്ന പൂർണ്ണമായ ബോധ്യം ഞങ്ങൾക്കുണ്ട്. സോഷ്യൽ മീഡിയ മാത്രമല്ല സമൂഹം ഒന്നടങ്കം. അവിടെ എന്റെ ദുഃഖം ഈ സോഷ്യൽ ഓഡിറ്റിങ്ങിന്റെ പേരിൽ നടത്തുന്ന വളരെ വിലകുറഞ്ഞ പ്രചാരണങ്ങളാണ്. അതിനൊപ്പം വ്യക്തിപരമായ അക്രമണത്തിലേക്കും ഒന്നൊഴിയാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും കടക്കുന്നുണ്ട്. അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ചില തൊഴിലാളികൾ. അത് സമൂഹത്തെ ദുഷിപ്പിക്കുകയും പിന്നോട്ടടിക്കുകയും ചെയ്യുന്നുണ്ടെന്നത് നമ്മൾ അറിയുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സമൂഹത്തെ ദുഷിപ്പിക്കുന്നില്ലേയെന്ന് തിരിച്ചുചോദിക്കും. അതൊരു ചോദ്യമാണ്. പക്ഷേ തെറ്റായ ഒരു കാര്യം നമുക്ക് ഏറ്റുപറയാൻ സാധിക്കും. അങ്ങനെ ചെയ്യാൻ ധൈര്യമുള്ളവരെ സംബന്ധിച്ചെടുത്തോളം ഈ ദുഷിപ്പിക്കൽ പ്രചാരണം ബാധിക്കില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ കേവലം 38 മിനിറ്റ് മാത്രമാണ് ആ കുറിപ്പോടുകൂടി ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്. അപ്പോഴേക്കും തിരുത്തിയിരുന്നു. അതിന്റെ പേരിൽ നടക്കുന്ന വ്യക്തിഹത്യ മലയാളിസമൂഹത്തെ ദുഷിപ്പിക്കുന്നുണ്ടെന്നതാണ് സത്യം.

രണ്ടാമത്തെ വിഷമം, ഇപ്പോൾ ജീവിക്കുന്നത് 28 വർഷം മുമ്പ് ഞാൻ കണ്ട ജനധിപത്യത്തിലല്ല. അന്ന് ജനാധിപത്യമായിരുന്നു നമ്മുടെ ഏറ്റവും വലിയ കരുത്ത്. എന്നാൽ ഇന്ന് ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വെറുപ്പ് പ്രചരിപ്പിക്കപ്പെടുന്ന കാലമാണിത്. ഇത് എന്നെ സംബന്ധിച്ചെടുത്തോളം അതീവ ദുഖകരമായ കാര്യമാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇത്തരമൊരു അവസ്ഥയിലേക്ക് ഇന്ത്യ എത്തരുതെന്ന് കരുതിയാണ് ഞാൻ ഈ ജോലി ചെയ്തിരുന്നത്, ദൗർഭാഗ്യവശാൽ നമ്മൾ ആ അവസ്ഥയിലെത്തിയിരിക്കുന്നു.

പുതുപ്പള്ളിയിലെ വീഡിയോയിലേക്ക് വരികയാണെങ്കിൽ അതിൽ ഞങ്ങൾക്ക് ഒരു പിഴവ് സംഭവിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആലപിച്ച ഗാനം, ആർ.എസ്.എസിന്റെ ഗണഗീതത്തിന്റെ ഈണത്തിലും താളത്തിലുമായിരുന്നുവെന്ന കുറിപ്പോടുകൂടി ആ വീഡിയോ വന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഈണത്തെക്കുറിച്ച് അങ്ങനെ പറയാൻ ഒരിക്കലും സാധിക്കില്ല. അത് വ്യക്തിനിഷ്ഠമായ കാര്യമാണ്. രണ്ടും കേട്ടുനോക്കിയാൽ സാമ്യമൊക്കെ നിങ്ങൾക്ക് തോന്നാം. അതൊരു ഒബ്ജക്റ്റീവായ കാര്യമല്ല. ഒരു വാർത്തയ്ക്ക് ഒരിക്കലും ഒബ്ജക്റ്റീവ് അല്ലാത്ത വിവരണം നൽകരുത്. ഞങ്ങൾ അത് തിരുത്തുകയും ഏറ്റു പറയുകയും, ആ തെറ്റ് ചെയ്ത ആൾക്കെതിരെ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കാര്യം ചുവപ്പ് നിറം മാറി കാവിയായതാണ്. അത് ഇപ്പോഴും പറഞ്ഞുനടക്കുന്നുണ്ട്. അത് ആ ക്യാമറയുടെ മാത്രം പ്രശ്നമായിരുന്നു. അങ്ങനെയൊരു പ്രശ്നം ക്യാമറയ്ക്കുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നത് ആ സമയത്തതാണ്. ഞങ്ങൾ പിന്നീടും അത് പരിശോധിച്ചിരുന്നു. അത് ക്യാമറയുടെ പ്രശ്നമാണ്. ആരും എഡിറ്റ് ചെയ്ത് മാറ്റിയതല്ല. അത് ആത്മാർഥമായി പറഞ്ഞാൽ വിശ്വസിക്കില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല.

മനസിലാക്കേണ്ടത്, രാജ്യത്തെ ഏറ്റവും ഉന്നതമായ കോടതി സമൂലം പരിശോധിച്ച് ഒരു കുഴപ്പവുമില്ലെന്ന് കണ്ട് സംപ്രേഷണത്തിന് അനുമതി നൽകിയ ചനലാണിത്. ഇത്തരം ഉമ്മാക്കികളൊന്നും ഇനി ചെലവാകില്ല. ഇവർ ജനാധിപത്യത്തിലും കോടതിയിലും വിശ്വസിക്കുന്ന ആളുകളാണെങ്കിൽ അതിന് എന്തെങ്കിലും ഒരു വില കൊടുക്കും.

ഒരു ചാനലിൽനിന്ന് കിട്ടാത്ത വിവരങ്ങൾ മറ്റൊരു ചാനലിൽനിന്ന് കിട്ടുമായിരുന്നു. എങ്കിൽ മാത്രമേ കൂടുതൽ ചാനലുകളും മത്സരവും നമുക്ക് ഗുണം ചെയ്യുകയുള്ളൂ. ഇല്ലെങ്കിൽ വലിയ ദോഷമാണ് ചെയ്യുക.
Q

ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യമാണ്, എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഉടനെ മാധ്യമങ്ങളുടെ വിശ്വാസ്യത പൂർണമായും ഇല്ലാതാക്കുകയെന്നത്. ഇത് ആത്യന്തികമായി വലതുപക്ഷത്തിനാണ് സഹായകരമാകുന്നതെന്ന് തോന്നിയിട്ടുണ്ടോ?

A

ഉണ്ട്. അത് സമൂഹത്തെ ദുഷിപ്പിക്കുന്നു എന്നതിനപ്പുറം മാധ്യമങ്ങളുടെയാകെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. അതിനുപിന്നിൽ ചില ഉദ്ദേശങ്ങളുണ്ട്. എന്തുകൊണ്ടാണ് നരേന്ദ്രമോദി മാധ്യമങ്ങളെ കാണാത്തതെന്ന് നമുക്കറിയാം. ആർക്കെതിരെയാണോ വാർത്ത കൊടുക്കുന്നത് ആ വ്യക്തിയുടെ ഭാഗംകൂടി കേട്ടശേഷം മാത്രം വാർത്ത കൊടുക്കുകയെന്നത് മാധ്യമങ്ങൾ പിന്തുടരേണ്ടുന്ന രീതിയാണ്. അതാണ് മാധ്യമപ്രവർത്തനത്തിന്റെ രീതി. പക്ഷേ ആലോചിച്ച് നോക്കൂ നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള ഒരു വാർത്ത. അതിന്റെ മറുഭാഗം നമുക്ക് എവിടെനിന്ന് കിട്ടും? അങ്ങനെ ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് എത്തിപ്പെടാൻ പറ്റാത്ത സ്ഥലത്ത് ആ രീതി പിന്തുടരാൻ നമുക്ക് സാധിക്കില്ല. നമ്മൾ ചെയ്യുന്നതെല്ലാം നുണയാണെന്ന് പറയുന്നതിലൂടെ നമ്മൾ ചെയ്യുന്ന ശരികളെ പോലും നുണയാക്കി മാറ്റുകയാണിപ്പോൾ. ആവർത്തിച്ച് ആവർത്തിച്ച് പറയുന്ന ഗീബൽസിയൻ രീതി തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്.

Q

വാർത്താ ചാനലുകളുടെ എണ്ണം വർധിച്ചു, മത്സരം വർധിച്ചു. ഭരണകൂടം മാധ്യമങ്ങളെ വേട്ടയാടുന്നതും വർധിച്ചു. ഇതിന്റെ നിലനിൽപ്പിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പ്രൈം ടൈമിൽ തന്നെ ആളുകൾ ടെലിവിഷൻ കാണുന്നത് കുറയുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നു. എന്താണ് ടെലിവിഷന്റെ ഭാവി?

A

ഇപ്പോഴും ചെറിയൊരു പ്രേക്ഷക സമൂഹത്തെ മാത്രം മുന്നിൽ കാണുകയും ഒരുപാട് പേരിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതുമായ ഒരു മാധ്യമം എന്ന രീതിയിലാണ് ഇത് നിലനിൽക്കുന്നത്. ഞങ്ങളൊക്കെ തുടങ്ങുന്ന കാലത്ത് ആന്റിന വച്ചിട്ട് മാത്രമേ ടെലിവിഷൻ ചാനലുകൾ ലഭിക്കുമായിരുന്നുള്ളു. എന്നാൽ പിന്നീട് കേബിൾ വഴി ലഭിക്കാൻ തുടങ്ങി. എങ്കിലും വിനോദ ചാനലുകൾ അപേക്ഷിച്ച് വാർത്താ ചാനലുകളിലെ കാഴ്ചക്കാരുടെ എണ്ണം വളരെ കുറവാണ്. അതിൽ തന്നെ പല ചാനലുകളിലേക്കുമായി കാഴ്ചക്കാർ വിഭജിക്കപ്പെടുന്നു. ടെലിവിഷന്റെ ഭാവി ശുഭകരമാണെന്നൊന്നും ഞാൻ പറയില്ല. എന്നാലും ഇത് ഇങ്ങനെ തന്നെ തുടരും. ചാനലുകൾക്കിടയിലെ ആരോഗ്യകരമായ മത്സരം തുടരുക തന്നെ ചെയ്യും. ഇത്രയും ചാനലുകൾ ഉണ്ടായത് നന്നായെന്ന് സുനാമി സമയത്ത് ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് ഇത്രയധികം വിവരങ്ങൾ നമുക്ക് കിട്ടിയത്. ഒരു ചാനലിൽനിന്ന് കിട്ടാത്ത വിവരങ്ങൾ മറ്റൊരു ചാനലിൽനിന്ന് കിട്ടുമായിരുന്നു. എങ്കിൽ മാത്രമേ കൂടുതൽ ചാനലുകളും മത്സരവും നമുക്ക് ഗുണം ചെയ്യുകയുള്ളൂ. ഇല്ലെങ്കിൽ വലിയ ദോഷമാണ് ചെയ്യുക.

'അതൊരു ചരിത്രനിമിഷമാണെന്ന്
അപ്പോൾ അറിയില്ലായിരുന്നു'; പ്രമോദ് രാമൻ അഭിമുഖം
പോലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര, സാമാന്യബുദ്ധി കൂടി വേണമെന്ന് ഹൈക്കോടതി
logo
The Fourth
www.thefourthnews.in