'പ്രിയേ നിനക്കൊരു ഗാനം':
പാട്ടുകഥകളുടെ വിസ്മയപുസ്തകം

'പ്രിയേ നിനക്കൊരു ഗാനം': പാട്ടുകഥകളുടെ വിസ്മയപുസ്തകം

'ബലി കുടീരങ്ങളെ' എന്ന ഗാനം കേട്ടുകൊണ്ടാണ് പലപ്പോഴും വിജയോദയം വായനശാലയുടെ മുന്‍പിലൂടെ പോകുന്നത്. എന്നാല്‍ അതൊരു കമ്യൂണിസ്റ്റ് വിപ്ലവഗാനമല്ലെന്ന് മനസിലാക്കുന്നത് രവിയുടെ വരികളിലൂടെയാണ്

''ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍...'' എന്‍ എന്‍ കക്കാടിന്റെ ഈ കവിത മനസ്സില്‍തട്ടി ചൊല്ലിയിട്ടുണ്ട് പണ്ട്. അതിന്റെ സംഗീതാവിഷ്‌കാരം ജി വേണുഗോപാലിന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടായി. വീണ്ടും വീണ്ടും കേട്ടു. എന്നാല്‍ രവി മേനോന്റെ 'പ്രിയേ നിനക്കൊരു ഗാനം' എന്ന പുസ്തകം വായിക്കുമ്പോഴാണ് ആ ഗാനാവിഷ്‌കാരത്തിന്റെ പിന്നാമ്പുറക്കഥയറിയുന്നത്.

നാല്‍പ്പത് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നതിലും കൂടുതല്‍ പ്രയത്‌നം, കവിതയുടെ പിന്നാമ്പുറത്ത് മാത്രം നില്‍ക്കുന്ന സംഗീതത്തിലൂടെ ആ കവിത ആവിഷ്‌കരിക്കാന്‍ വേണ്ടി വന്നുവെന്ന് ജെയ്സണ്‍ ജെ നായർ പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. കൗതുകകരമായ അറിവാണത്.

പാട്ടുകള്‍ക്ക് പിന്നിലെ കഥകള്‍ പറഞ്ഞ് നമ്മെ വിസ്മയിപ്പിക്കുന്ന ആളാണ് രവി മേനോന്‍. നമുക്കേറ്റവും പ്രിയപ്പെട്ട സിനിമാ ഗാനങ്ങളുടെ പിന്നാമ്പുറ കഥകള്‍ കേള്‍ക്കാന്‍ കൗതുകം തോന്നുന്നത് സ്വാഭാവികം. പുതിയ പുസ്തകത്തില്‍ രവി പാട്ടുകാരുടെയും സംഗീത സംവിധായകരുടെയും നാടകഗാനങ്ങളുടെയും കാസറ്റ് യുഗത്തിലെ ഓണപ്പാട്ടുകളുടെയുമൊക്കെ കഥ പറയുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.

'പ്രിയേ നിനക്കൊരു ഗാനം':
പാട്ടുകഥകളുടെ വിസ്മയപുസ്തകം
കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?

കല്ലറ ഗോപന്റെ സ്റ്റേജിലെ പാട്ടുകള്‍ എനിക്കിഷ്ടമാണ്. മുനിസമാന ഹൃദയമുള്ള ഒരു പക്വമതിയാണ് അദ്ദേഹമെന്ന് രവിയുടെ പുസ്തകം വായിക്കുമ്പോള്‍ മനസിലാക്കുന്നു. 'ബലി കുടീരങ്ങളെ' എന്ന ഗാനം കേട്ടുകൊണ്ടാണ് പലപ്പോഴും വിജയോദയം വായനശാലയുടെ മുന്‍പിലൂടെ ഞങ്ങള്‍ സ്‌കൂളിലും കോളേജിലും പോകുന്നത്. സി പി ഐയുടെ ഓഫീസ് വായനശാല കെട്ടിടത്തിന് മുകളിലായതുകൊണ്ടാണിത്. അവിടെ ഏതോ യോഗം അന്ന് വൈകീട്ടുണ്ടെന്നാണാ ഗാനം ഞങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. ആ ഗാനം ഒരുപാടിഷ്ടവുമാണ്. എന്നാല്‍ അതൊരു കമ്യൂണിസ്റ്റ് വിപ്ലവഗാനമല്ലെന്ന് ഞാന്‍ മനസിലാക്കുന്നത് രവിയുടെ വരികളിലൂടെയാണ്.

പുതിയ 'പൊന്‍കൊടി' പിന്നീട് ചെങ്കൊടിയായ കഥ കൗതുകകരമാണ്. 1957 ല്‍ ശിപ്പായി ലഹളയുടെ നൂറാം വാര്‍ഷികത്തിന് തിരുവനന്തപുരത്ത് ഉയര്‍ന്ന രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് എത്തുന്നു. അന്ന് പാടാനായി വയലാര്‍ എഴുതി ദേവരാജന്‍ ചിട്ടപ്പെടുത്തിയ ഗാനം. സ്മരണകളിരമ്പുന്ന ആ രക്തസ്മാരകത്തെക്കുറിച്ച് എത്ര അറിയാക്കഥകള്‍ രവി പങ്കുവെക്കുന്നു.

സത്യന്‍ എന്ന അതുല്യപ്രതിഭയുടെ താളബോധവും കവിതാസ്വാദനശേഷിയും അദ്ദേഹം ചുണ്ടനക്കിയ ഗാനങ്ങളുടെ കഥകളിലൂടെ മാത്രമല്ല പുസ്തകം പറയുന്നത്. സത്യനൊപ്പം ഉദയഭാനു കാറില്‍ സഞ്ചരിക്കുമ്പോള്‍ സത്യന്‍ പാടിയ പാട്ടുകളിലൂടെയും പങ്കുവെച്ച ജീവിത തത്വചിന്തകളിലൂടെയും കൂടിയാണ്.

'പ്രിയേ നിനക്കൊരു ഗാനം':
പാട്ടുകഥകളുടെ വിസ്മയപുസ്തകം
ശശികലയിലുണ്ട് ഒരു ആര്യാ ദയാൽ

ഒരു വടക്കന്‍ വീരഗാഥയിലെ 'ഇന്ദുലേഖ കണ്‍തുറന്നു' എന്ന പാട്ട് രംഗത്തിലെ നിലാവ് നിറഞ്ഞ രാവ്, കുതിരപ്പുറത്തേറിയുള്ള മമ്മൂട്ടിയുടെ ചന്തുവിന്റെ വരവ്, ഇതൊക്കെ ഓരോ മലയാളിയെയും ആകര്‍ഷിച്ചു. അതുപോലെ 'നീലരാവിലിന്നു നിന്റെ താരഹാരമിളകി' എന്ന ഗാനരംഗത്തിലെ നിലാവും മനോജ് കെ ജയനും മോനിഷയും ചേര്‍ന്ന അഭിനയവും നമ്മെ ആകര്‍ഷിച്ചു. ഈ നിലാവ് രംഗങ്ങളൊക്കെ ചിത്രീകരിച്ചത് നട്ടുച്ചക്കാണെന്നു നാമറിയുന്നു രവിയുടെ വരികളിലൂടെ.

എം ടി ഗാനരചന നടത്തിയിട്ടുണ്ടെന്ന അറിയാക്കഥയും പുസ്തകം പറയുന്നു

'ജയിക്കാനായി ജനിച്ചവന്‍ ഞാന്‍' എന്ന ഗാനം നമുക്കേറെ പ്രിയപ്പെട്ടതാണ്. അത് പാടിയ ജോളി എബ്രഹാമിന്റെ സംഗീതയാത്രയ്ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന് നാം ആലോചിച്ചിട്ടേയില്ല. അതിനുള്ള ഉത്തരം രവിയുടെ പുസ്തകത്തിലുണ്ട്. എം ടി ഗാനരചന നടത്തിയിട്ടുണ്ടെന്ന അറിയാക്കഥയും പുസ്തകം പറയുന്നു.

തരംഗിണിയുടെ ആല്‍ബത്തിനായി ഗിരീഷ് പുത്തഞ്ചേരി എഴുതിയ 'ആരോ കമിഴ്ത്തിവച്ചൊരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കൾ' എന്ന പാട്ടിന് ഈണമിട്ട വിദ്യാസാഗര്‍ വരികളെ ശ്ലാഘിച്ചപ്പോള്‍ തന്റെ തന്നെ കഥയാണെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞുവത്രേ.

'പ്രിയേ നിനക്കൊരു ഗാനം':
പാട്ടുകഥകളുടെ വിസ്മയപുസ്തകം
പിടിതരാത്ത പാട്ട്; പിടയുന്ന മനസ്

ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും ഗായകരുടെയും ആത്മനൊമ്പരങ്ങളും ആത്മാവിഷ്‌കാരവും വെളിപ്പെടുത്തുന്ന ആസ്വാദ്യകരമായ പുസ്തകമാണ് ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രവിയുടെ 'പ്രിയേ നിനക്കൊരു ഗാനം.'

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in