മരണത്തിലും മാർക്വേസ് ആയിരുന്നു ശരി; വേണ്ടായിരുന്നു

മരണത്തിലും മാർക്വേസ് ആയിരുന്നു ശരി; വേണ്ടായിരുന്നു

ഇന്നലെ അർധരാത്രി പുറത്തിറങ്ങിയ മാർക്വേസിന്റെ അവസാന പുസ്തകം 'അൺടിൽ ഓഗസ്റ്റ്' ആദ്യ മണിക്കൂറുകളിൽ തന്നെ വായിച്ച ആരാധകന്റെ കുറിപ്പ്

ലോകമെങ്ങുമുള്ള സാഹിത്യകുതുകികൾക്കൊപ്പം മലയാളിയുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ അവസാന നോവൽ 'അൺടിൽ ഓഗസ്റ്റ്' (Until August) അഥവാ ഓഗസ്റ്റ് വരെയുടെ ഇംഗ്ലീഷ് വിവർത്തനം ഇന്ന് പുറത്തുവന്നു. ഒരാഴ്ചയ്ക്ക് മുൻപേ നോവലിന്റെ യഥാർത്ഥ സ്പാനിഷ് പുസ്തകം പുറത്തിറങ്ങിയിരുന്നു. അപ്രതീക്ഷിതമായി പ്രസിദ്ധീകരിക്കപ്പെട്ടതും മാർകേസിന്റെ മരണത്തിന്റെ പത്തു വർഷത്തിനുശേഷം പുറത്തുവരുന്ന പുസ്തകമെന്ന നിലയിലും അദ്ദേഹത്തിന്റെ വായനക്കാരുടെ ആകാംക്ഷയെ ഉയർത്തുന്നതാണ് ഈ നോവൽ.

2004 -ൽ ഈ പുസ്തകത്തിന്റെ അഞ്ചാമത്തെ ഡ്രാഫ്റ്റ് എഴുതിയിരുന്നു മാർക്വേസ്. പിന്നീട് ആ പുസ്തകത്തിന്മേൽ അദ്ദേഹം ഒന്നും ചെയ്തിരുന്നില്ല. മോണിക്ക അലോൺസോ എന്ന അദ്ദേഹത്തിന്റെ സെക്രട്ടറി ഓർക്കുന്നത് ''ചിലപ്പോഴെങ്കിലും പുസ്തകങ്ങളെ അതിന്റെ പാട്ടിന് വിടണമെന്ന്,'' അദ്ദേഹം പറഞ്ഞിരുന്നത് എന്നാണ്. 1999-ലാണ് ആദ്യമായി മാർക്വേസ് ഈ പുസ്തകം എഴുതുകയാണെന്ന കാര്യം അദ്ദേഹത്തിന്റെ വായനക്കാർ അറിയുന്നത്. അന്ന മഗ്ദലേന ബാച്ച് എന്ന നായികയെ ചുറ്റിപ്പറ്റി സ്വന്തത്രമായ അഞ്ച് കഥകളുടെ ഒരു പുസ്തകമെന്ന തരത്തിലാണ് അദ്ദേഹം ഇതിനെ വിഭാവനം ചെയ്തിരുന്നതെന്ന് പത്രപ്രവർത്തക റോസാ മോറ സ്പാനിഷ് പ്രസിദ്ധീകാരണമായ എൽ പയസിൽ (El Pais) എഴുതി. മൂന്ന് ദിവസത്തിനുശേഷം പ്രശസ്തയായ എഡിത്ത് ഗ്രോസ്സ്മാൻ 'മീറ്റിങ് ഇൻ ഓഗസ്റ്റ്'' എന്ന പേരിൽ ഇതിലെ ഒരു കഥ ദ ന്യൂയോർക്കർ മാഗസിനിൽ പ്രസിദ്ധീകരിച്ചത് ആ പുസ്തകത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുകയാണ് ചെയ്തത്. കുറച്ച് ദിവസത്തിനുശേഷം ഷൂസെ സരമാഗോ​യ്ക്ക് ​ഒപ്പം മാഡ്രിഡിൽ ഇബെറോ-അമേരിക്കൻ സർഗാത്മകതയെക്കുറിച്ചുള്ള ഒരു ചടങ്ങിൽ മാർക്വേസ് ഈ കഥ വായിച്ചിരുന്നു.

തിരുവനന്തപുരം മോഡേൺ ബുക്ക് സെന്ററിൽ അർധരാത്രി വില്പനയ്ക്ക്  എത്തിയ 'അൺടിൽ ഓഗസ്റ്റ്' പതിപ്പുകൾ
തിരുവനന്തപുരം മോഡേൺ ബുക്ക് സെന്ററിൽ അർധരാത്രി വില്പനയ്ക്ക് എത്തിയ 'അൺടിൽ ഓഗസ്റ്റ്' പതിപ്പുകൾ
മരണത്തിലും മാർക്വേസ് ആയിരുന്നു ശരി; വേണ്ടായിരുന്നു
'നമ്മള്‍ ഓഗസ്റ്റില്‍ കണ്ടുമുട്ടും'; ഗബ്രിയേല്‍ ഗാർഷ്യ മാര്‍ക്വേസിന്റെ നോവല്‍ വരുന്നു

ആ അഞ്ച് കഥകളിൽ ഒന്നായിട്ടാണ് ഇപ്പോൾ പുറത്തിറങ്ങിയ നോവൽ 'ഓഗസ്റ്റ് വരെ' യെ അദ്ദേഹം കണ്ടിരുന്നത്. ഈ നോവലിന്റെ പിൻകുറിപ്പിൽ എഡിറ്റർ ക്രിസ്റ്റബ്ൾ പെര (Cristobal Pera) ഈ സംഭവങ്ങളുടെ ചരിത്രം വിശദമായി തന്നെ എഴുതുന്നുണ്ട്. ദീർഘകാലം തന്റെ എഴുത്തുമേശയിൽ വെട്ടലിനും തിരുത്തലിനും എഴുതിച്ചേർക്കലിനും വിധേയമായ നോവലാണ് ഇത്. എന്നാൽ തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാൻ പ്രിയപ്പെട്ട എഴുത്തുകാരൻ തയ്യാറാകാതിരുന്ന നോവൽ. ''ഈ പുസ്തകം നന്നാവില്ല. ഇത് നശിപ്പിച്ചുകളയണം,'' എന്നായിരുന്നത്ര മക്കളോട് അദ്ദേഹം പറഞ്ഞത്. സ്മൃതിനാശം വരുന്നതിനു മുൻപ് എഴുതി തുടങ്ങിയ നോവൽ ഉപേക്ഷിക്കാൻ ആ മഹത്തായ എഴുത്തുകാരന് ഒരു കാരണമുണ്ടായിരിക്കണം. താൻ എന്തെഴുതിയാലും പ്രസിദ്ധീകരിക്കാൻ തയ്യാറായ പ്രസാധകരും അതുവഴി വന്നുചേർന്നേക്കാവുന്ന സമ്പത്തും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. അത് പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനം അദ്ദേഹത്തിന്റെ എഴുത്തിനോടുള സത്യസന്ധതയാണ്. അത് കാണാൻ അദ്ദേഹത്തിന്റെ മക്കൾക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം; പ്രസാധകർക്കും.

മരണത്തിലും മാർക്വേസ് ആയിരുന്നു ശരി; വേണ്ടായിരുന്നു
സോഫിയ ടോൾസ്റ്റോയി മുതൽ അന്ന ദസ്തയേവ്‌സ്കി വരെ; സാഹിത്യ ലോകം മറന്ന 'ഭാര്യമാർ'

''ഓഗസ്റ്റ് 16 വെള്ളിയാഴ്ച മൂന്ന് മണിക്കുള്ള ഫെറിയിൽ അവൾ ദ്വീപിലേക്ക് തിരികെ വന്നു. ജീൻസ്, പ്ലെയ്ഡ് ഷർട്ട്, സോക്‌സുകൾ ഇല്ലാതെ ലളിതമായ താഴ്ന്ന ഹീൽ ഷൂസ്, എന്നിവ ധരിച്ചിരുന്നു. ഒരു സാറ്റിൻ പാരസോൾ, ഹാൻഡ്ബാഗ്, ഒരു ബീച്ച് ബാഗ് മാത്രമായിരുന്നു അവളുടെ ലഗേജ്. ഡോക്കിലെ ടാക്‌സി ലൈനിൽ അവൾ നേരെ ചെന്നത് ഉപ്പുവെള്ളം തിന്നു പഴകിയ ഒരു കാറിനടുത്തേക്കാണ്. ഡ്രൈവർ അവളെ സൗഹാർദ്ദപരമായ അഭിവാദ്യം ചെയ്യുകയും ദാരിദ്ര്യം നിറഞ്ഞ ഗ്രാമത്തിലൂടെ ഈന്തപ്പന മേൽക്കൂരകളുള്ള മൺ ഭിത്തിയുള്ള കുടിലുകളും കത്തുന്ന കടലിന് അഭിമുഖമായി കത്തുന്ന മണൽ വീഥികളുമുള്ള തരിശുകിടക്കുന്ന പട്ടണത്തിലൂടെ അവളെ കൂട്ടിക്കൊണ്ടുപോയി.''

നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്; മാർക്വേസിന്റെ ശൈലിയിൽ തന്നെ. അന്ന മഗ്ദലീന ബാച്ച എന്ന 46 വയസ്സുള്ള വീട്ടമ്മ തന്റെ അമ്മയെ അടക്കം ചെയ്ത ഇടത്തേക്ക് വരുന്നതാണ് നോവലിന്റെ തുടക്കം. അവർ ഇത് കഴിഞ്ഞ എട്ടു കൊല്ലങ്ങളായി ഒരിക്കലും നിർത്താതെ ചെയ്തു പോകുന്ന ഒരു കർമമാണ്. എന്തുകൊണ്ടായിരിക്കും അമ്മ വർഷത്തിൽ വല്ലപ്പോഴും വരുന്ന ഈ ദ്വീപിൽ തന്നെ അന്തിയുറങ്ങണമെന്ന് തീരുമാനിച്ചതെന്ന് അറിയില്ലെന്ന് അന്ന പലകുറി തന്നോട് തന്നെ ചോദിക്കുന്നുണ്ട് അവർ. അതിനുത്തരം മാർക്വേസ് നോവലിന്റെ അവസാനം വരെ ഒളിച്ചു വെക്കുന്നുണ്ട്. അവിടെ അമ്മയുടെ കുഴിമാടത്തിലെ കാട് കയറിയ പുല്ലുകൾ പറിച്ചുകളഞ്ഞ് അവർ അമ്മക്കായി ഒരു പിടി ഗ്ലാഡിയോലി പൂക്കൾ എല്ലാ വർഷവും വെക്കും. തിരികെ ഹോട്ടലിൽ വന്ന് പിറ്റേന്ന് രാവിലെയുള്ള ഫെറിയിൽ അവർ ബൊഗോട്ടയിലേക്ക് തന്റെ ഭർത്താവിന്റെയും മക്കളുടെയും അടുത്തേക്ക് മടങ്ങും.

എന്നാൽ, ഇക്കുറി വരവിൽ അവർ അതീവ സാഹസികമായ ഒരു ശീലത്തിൽ പെടുകയാണ്. രാത്രി വൈകി ഹോട്ടലിലെ ബാറിലെ സംഗീതം ആസ്വദിച്ച് കൊണ്ടിരിക്കുമ്പോൾ കണ്ടു മുട്ടുന്ന വെള്ളി മുടിയുള്ള 'ഹിസ്പാനിക് ഗ്രിംഗോ'യുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഒരു വൺ നൈറ്റ് സ്റ്റാൻഡിൽ ഏർപ്പെടുകയും ചെയ്യുന്നു. വന്യമായ രതിയുടെ ആവേശമുള്ള ബന്ധം. എന്നാൽ, പുലർച്ചെ അവൾ എഴുന്നേൽക്കുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല. അയാളെക്കുറിച്ച് അവൾക്ക് ഒന്നും അറിയില്ലായിരുന്നു. പേര് പോലും. ആ വന്യമായ രാത്രിയുടെ ഓർമപോലെ അയാളുടെ ശരീരത്തിലെ ലാവെണ്ടറിന്റെ സങ്കടകരമായ ഗന്ധം മാത്രമാണ് അവശേഷിച്ചത്. അന്നേരം മാത്രമാണ് താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിനിടയിൽ അയാൾ തിരുകിവെച്ചിട്ടുപോയ 20 ഡോളറിന്റെ നോട്ടുകൾ അവൾ കാണുന്നത്. അത് നിന്ദ്യമായ ഒരു കാര്യമായി അവൾക്ക് തോന്നി. അവൾ അപമാനിതയായി. അതിന് ഒരു പ്രതികാരം ചെയ്യണമെന്ന് അന്ന കരുതുകയാണ്.

ആറ് ചാപ്റ്ററുകൾ ഉള്ള ചെറു നോവലാണിത്. കൗതുകമുള്ള മാർക്വേസിയൻ ശൈലിയുണ്ട്. എന്നാലും ഒരു അപൂർണത അവശേഷിക്കുന്നുണ്ട് വായനക്കിടയിൽ. പുസ്തകത്തിന്റെ ഒടുവിൽ സ്ഥിരം മാർകേസ് ഒരുക്കിവെക്കാറുള്ള സ്ഥിരം രസകരമായ ട്വിസ്റ്റുകളുണ്ട്. എന്തായാലും മകൻ പുസ്തകത്തിന്റെ ആമുഖത്തിൽ ഈ നോവലിനു ലഭിച്ചേക്കാവുന്ന വായനക്കാരുടെ പിന്തുണകൊണ്ട് തങ്ങൾ ചെയ്ത ഈ തെറ്റ് ഗാബോ പൊറുക്കുമെന്ന് കരുതുന്നുവെന്ന് എഴുതുന്നുണ്ട്. ഏറെ സ്‌നേഹിച്ച മക്കളുടെ കൈക്കുറ്റപ്പാടല്ലേയെന്ന് കരുതി ഗാബോ ക്ഷമിക്കുമായിരിക്കും. പക്ഷേ, വായനക്കാർ ക്ഷമിക്കുമോയെന്നത് കാത്തിരുന്നു കാണണം! വായിച്ചുകഴിഞ്ഞപ്പോൾ മക്കൾ ചെയ്തത് അപരാധമായിപ്പോയി എന്ന പക്ഷമാണ് എനിക്ക്. അത് പുസ്തകം മോശമാണ് എന്നതിനാലല്ല, ഗാബോ ഉദ്ദേശിച്ച പൂർണത കൈവരാതെ അദ്ദേഹത്തിന്റെ ഒരു സൃഷ്ടി വായനക്കാരുടെ കൈകളിൽ എത്താൻ പാടില്ലായിരുന്നു എന്നതിനാലാണ്. ഒരു എഴുത്തുകാരന്റെ സർഗ ശേഷിയുടെ പരിപൂർണമായ അധികാരം അയാൾക്ക് അല്ലാതെ ആർക്കാണ്?

മരണത്തിലും മാർക്വേസ് ആയിരുന്നു ശരി; വേണ്ടായിരുന്നു
'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ', 'ഫ്രാൻസിസ് ഇട്ടിക്കോര' വീണ്ടും വരുന്നു

എന്നാലും, മഹാനായ ആ എഴുത്തുകാരന്റെ എഴുത്തു ജീവിതത്തെ തുറന്നിടുന്ന പുസ്തകം എന്ന നിലയിൽ സാഹിത്യ ചരിത്രത്തിൽ ഈ പുസ്തകത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടാവും. വാർധക്യകാലത്ത് പലവിധ അസുഖങ്ങളിലും ഗാബോ എഴുത്തിലായിരുന്നു ശക്തി കണ്ടെത്തിയിരുന്നത്. നിരന്തരം അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. തെറ്റുകൾ തിരുത്തി. വരികളിലെ ചില വാക്കുകൾ വെട്ടി അത്ഭുതങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. എഴുത്തിനെക്കുറിച്ചു ചോദിക്കുന്നവരോട് അദ്ദേഹം വാചാലനായി. അങ്ങനെ അങ്ങനെയാണ് ഗാബോ ജീവിച്ചത്. ഓർമ നിശ്ശേഷം ഇല്ലാതായി മരിക്കുന്നതു വരെ. ആ ഗാബോയെ നമ്മുക്ക് ഈ പുസ്തകത്തിൽ ഒന്നൂടെ കാണാം. ഓർത്തിരിക്കുകയും ചെയ്യാം.

logo
The Fourth
www.thefourthnews.in