'ബിജെപി സഖ്യം കുമാരസ്വാമിയുടെ വ്യക്തിപരമായ കാര്യം'; എന്‍ഡിഎ മുന്നണി പ്രവേശനം തള്ളി ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍

'ബിജെപി സഖ്യം കുമാരസ്വാമിയുടെ വ്യക്തിപരമായ കാര്യം'; എന്‍ഡിഎ മുന്നണി പ്രവേശനം തള്ളി ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍

കുമാരസ്വാമിക്കോ ദേവഗൗഡക്കോ വേണമെങ്കിൽ ബിജെപിക്കൊപ്പം പോകാം പക്ഷെ സാധാരണ പ്രവര്‍ത്തകരെ അതിന് കിട്ടില്ലെന്നും സിഎം ഇബ്രാഹിം പറഞ്ഞു

കർണാടകയിൽ ബിജെപിയുമായി ജെഡിഎസ് ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യം തള്ളി സംസ്ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിം. എൻഡിഎ മുന്നണി പ്രവേശവും ബിജെപി ബാന്ധവവുമെല്ലാം എച് ഡി കുമാരസ്വാമിയുടെ വ്യക്തിപരമായ കാര്യമാണെന്നു ഇബ്രാഹിം വ്യക്തമാക്കി. ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ സഖ്യത്തെ അനുകൂലിച്ചിട്ടില്ലെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

കുമാരസ്വാമിക്കോ ദേവഗൗഡക്കോ വേണമെങ്കിൽ ബിജെപിക്കൊപ്പം പോകാം. സാധാരണക്കാരായ ജെഡിഎസ്‌ പ്രവർത്തകരെ അതിനു കിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ജെഡിഎസിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായുള്ള സൂചനകളും നല്‍കി.

'ബിജെപി സഖ്യം കുമാരസ്വാമിയുടെ വ്യക്തിപരമായ കാര്യം'; എന്‍ഡിഎ മുന്നണി പ്രവേശനം തള്ളി ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍
അദാനി ഗ്രൂപ്പിനും കേന്ദ്രത്തിനുമെതിരെ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങി; മെഹുവ മൊയ്ത്രയെ ലക്ഷ്യമിട്ട് ബിജെപി, പുതിയ പോർമുഖം

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വര്‍ഷം മുൻപായിരുന്നു കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇബ്രാഹിം ജെഡിഎസിലേക്ക് ചേക്കേറിയത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട്‌ ജെഡിഎസ് അദ്ദേഹത്തിന് സംസ്ഥാന അധ്യക്ഷ പദവിയും നല്‍കി. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്‌ സിദ്ധരാമയ്യക്കെതിരെ ആരോപണം ഉന്നയിച്ചായിരുന്നു ഇബ്രാഹിം അന്ന് കോണ്‍ഗ്രസ് വിട്ടത്.

കഴിഞ്ഞ മാസമായിരുന്നു ജെഡിഎസ് എൻഡിഎ മുന്നണിയുടെ ഭാഗമായതും ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്നകാര്യം പ്രഖ്യാപിച്ചതും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെയായിരുന്നു ജെഡിഎസ് ബിജെപിയുമായി സഖ്യ ചർച്ചകൾ തുടങ്ങിയത്. മാസങ്ങൾ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യം സാധ്യമായത്.

'ബിജെപി സഖ്യം കുമാരസ്വാമിയുടെ വ്യക്തിപരമായ കാര്യം'; എന്‍ഡിഎ മുന്നണി പ്രവേശനം തള്ളി ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍
യുദ്ധക്കുറ്റങ്ങൾ ഇല്ലാത്ത യുദ്ധമുണ്ടോ? പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിലെ കൊടുംക്രൂരതകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ നേതൃത്വം തന്ത്രം മെനയുന്നതിനിടയിലാണ് പാർട്ടിയുടെ ബിജെപി സഖ്യം സംസ്ഥാന അധ്യക്ഷന്‍ തള്ളിയിരിക്കുന്നത്. ജെഡിഎസ് വോട്ടു ബാങ്കായ കർണാടകയിലെ മുസ്ലിം വിഭാഗം സഖ്യത്തിന് എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിൽ ഓൾഡ് മൈസൂരു മേഖലയിൽ ഉൾപ്പെടെ പാർട്ടിക്ക് വീണ്ടും തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

logo
The Fourth
www.thefourthnews.in