'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല'; ജെഡിഎസ് - ബിജെപി ലയനവിവാദത്തില്‍ വിശദീകരണവുമായി ദേവഗൗഡ

'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല'; ജെഡിഎസ് - ബിജെപി ലയനവിവാദത്തില്‍ വിശദീകരണവുമായി ദേവഗൗഡ

ദേവഗൗഡയുടെ പേരില്‍ പുറത്തുവന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു

ബിജെപിയുമായി സഖ്യം രൂപീകരിക്കാനുള്ള ജെ ഡി എസിന്റെ തീരുമാനത്തിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതം ലഭിച്ചിരുന്നുവെന്ന തരത്തില്‍ പ്രചരിരിച്ച റിപ്പോർട്ടുകളില്‍ വിശദീകരണവുമായി എച്ച് ഡി ദേവഗൗഡ. ഞാന്‍ പറഞ്ഞ കാര്യവും സന്ദർഭവും എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു എച്ച് ഡി ദേവഗൗഡയുടെ പ്രതികരണം. വിവാദം കത്തുന്നതിനിടെ എക്സിലായിരുന്നു മുന്‍പ്രധാനമന്ത്രി വിശദീകരണക്കുറിപ്പ് പങ്കുവച്ചത്. സിപിഎം, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

''സിപിഎമ്മിനെക്കുറിച്ചുള്ള എന്റെ പ്രസ്താവന സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. ഞാന്‍ പറഞ്ഞ കാര്യവും സന്ദർഭവും എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ബിജെപി - ജെ ഡി എസ് സഖ്യത്തെ കേരള സിപിഎം ഘടകം പിന്തുണയ്ക്കുന്നതായി ഞാന്‍ പറഞ്ഞിട്ടില്ല. ബിജെപിയുമായുള്ള സഖ്യത്തിന് ശേഷം കർണാടകയ്ക്ക് പുറത്തുള്ള പാർട്ടി ഘടകങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടില്ലെന്നും കേരള ഘടകം എല്‍ഡിഎഫിനൊപ്പമാണെന്നുമാണ് ഞാന്‍ പറഞ്ഞത്,'' ദേവഗൗഡ എക്സില്‍ കുറിച്ചു.

ദേവഗൗഡയുടെ പേരില്‍ പുറത്തുവന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ജെഡിഎസിന്റെ തീരുമാനത്തെ താൻ പിന്തുണച്ചുവെന്ന വാദം വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ദേവഗൗഡയുടെ വാക്കുകേട്ട് "അവിഹിതബന്ധം" അന്വേഷിച്ച് നടന്ന് കോൺഗ്രസ് സ്വയം അപഹാസ്യരാകരുതെന്നും മുഖ്യമന്ത്രി പ്രതികരണകുറിപ്പിൽ പറഞ്ഞു.

'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല'; ജെഡിഎസ് - ബിജെപി ലയനവിവാദത്തില്‍ വിശദീകരണവുമായി ദേവഗൗഡ
'ബിജെപി സഖ്യത്തിനെ പിണറായി പിന്തുണച്ചു'; ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ വിവാദം, നിഷേധിച്ച് മാത്യു ടി തോമസ്‌

ജെഡിഎസ് തലവന്റെ പേരിലെത്തിയ പ്രസ്താവനയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് തള്ളിപ്പറഞ്ഞിരുന്നു. ദേവഗൗഡയ്ക്ക് തെറ്റുപറ്റിയതോ പ്രായാധിക്യത്തിന്റെ പ്രശ്നമോ ആകാനാണ് സാധ്യത എന്നായിരുന്നു മാത്യു ടി തോമസിന്റെ വാക്കുകള്‍. ദേവഗൗഡയുടെ പ്രസ്താവനയെ കോൺഗ്രസും രാഷ്ട്രീയ ഏറ്റെടുക്കുകയും സിപിഎമ്മിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു.

ബിജെപി-സിപിഎം കൂട്ടുകെട്ടാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവ് ഉന്നം വച്ചത് പിണറായി വിജയനെയായിരുന്നു. ദേവഗൗഡയുടെ വെളിപ്പെടുത്തലോടുകൂടി ബിജെപി- പിണറായി അന്തർധാര മറനീക്കി പുറത്തുവന്നതായി ചെന്നിത്തല വ്യക്തമാക്കി. കെ കൃഷ്ണന്‍കുട്ടിയുടെ മന്ത്രിസ്ഥാനം ചൂണ്ടിക്കാണിച്ചായിരുന്നു ചെന്നിത്തലയുടെ വാദം.

logo
The Fourth
www.thefourthnews.in