'മെറിറ്റില്ലാത്ത ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ഉയർത്താന്‍ ശ്രമിക്കുന്നു'; ഒസിസിആർപി റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്

'മെറിറ്റില്ലാത്ത ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ഉയർത്താന്‍ ശ്രമിക്കുന്നു'; ഒസിസിആർപി റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്

ഗൗതം അദാനിയുടെ അടുപ്പക്കാർ നിയന്ത്രിക്കുന്ന മൗറീഷ്യസിലെ കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഇന്ത്യൻ വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഉയർത്തിയതെന്ന റിപ്പോർട്ട് ഒസിസിആർപി വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്

ഓഹരി വിപണിയിൽ ഗൗതം അദാനിയുടെ സ്ഥാപനം ക്രമക്കേട് കാണിച്ചുവെന്ന ആക്ഷേപത്തിന് പിന്നില്‍ വിദേശ മാധ്യമ ഗൂഢാലോചനയെന്ന് അദാനി ഗ്രൂപ്പ്. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ ആഗോള കൂട്ടായ്മയായ ഒസിസിആർപി പുറത്തുവിട്ട റിപ്പോർട്ടിനെ തള്ളി അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനിയുടെ വിശദീകരണം. അടിസ്ഥാന രഹിതം എന്ന് തെളിഞ്ഞ ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ഒരു വിഭാഗം വിദേശ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. അമേരിക്കൻ- ഹംഗേറിയൻ വ്യവസായിയായ ജോർജ് സോറോസിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇത്തരം ആരോപണങ്ങളിലൂടെ ലക്ഷ്യമിടുന്നത് എന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.

ഗൗതം അദാനിയുടെ അടുപ്പക്കാർ നിയന്ത്രിക്കുന്ന മൗറീഷ്യസിലെ കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഇന്ത്യൻ വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഉയർത്തിയതെന്ന റിപ്പോർട്ട് ഒസിസിആർപി വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം വരുന്നത്. ഇങ്ങനെയൊരു റിപ്പോർട്ട് മുൻകൂട്ടി പ്രതീക്ഷിച്ചതാണെന്നും പതിറ്റാണ്ട് മുൻപ് അന്വേഷിച്ച് അവസാനിപ്പിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ആരോപണങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.

"സ്വതന്ത്രമായ വിധിനിർണയ അതോറിറ്റിയും അപ്പീൽ ട്രിബ്യൂണലും അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും ഇടപാടുകളെല്ലാം നിയമനുസരിച്ചാണ് നടന്നിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. 2023 മാർച്ചിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഞങ്ങൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ വിഷയം അന്തിമഘട്ടത്തിലെത്തി. വ്യക്തമായും അമിത മൂല്യനിർണയം ഇല്ലെന്ന് സ്ഥിരീകരണം ഉണ്ടെന്നിരിക്കെ ഫണ്ട് കൈമാറ്റം സംബന്ധിച്ച ഈ ആരോപണങ്ങൾക്ക് പ്രസക്തിയോ അടിസ്ഥാനമോ ഇല്ല." പ്രസ്താവനയിൽ പറയുന്നു.

'മെറിറ്റില്ലാത്ത ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ഉയർത്താന്‍ ശ്രമിക്കുന്നു'; ഒസിസിആർപി റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്
'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം ഓഹരി വിലയിൽ ക്രമക്കേട് കാണിച്ചതിന് തെളിവുകളൊന്നുമില്ലെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടത്തിയ സംഘം തങ്ങളുടെ ഭാഗം മുഴുവനായി കേട്ടില്ല. അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകൾ താഴ്ത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം റിപ്പോർട്ടുകൾ. വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ വാർത്ത റിപ്പോർട്ട് സംശയാസ്പദവും ദുരുദ്വേഷമുള്ളതുമാണ്. അതുകൊണ്ടുതന്നെ റിപ്പോർട്ടുകൾ പൂർണമായി നിരസിക്കുന്നുവെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

logo
The Fourth
www.thefourthnews.in