'മദ്യനയ ഭൂതം' പഞ്ചാബിലേക്കും; എഎപിയെ പ്രതിരോധത്തിലാക്കി ഹൈക്കോടതിയില്‍ പരാതി, ഇ ഡി അന്വേഷം ആവശ്യപ്പെട്ട് ബി ജെ പി

'മദ്യനയ ഭൂതം' പഞ്ചാബിലേക്കും; എഎപിയെ പ്രതിരോധത്തിലാക്കി ഹൈക്കോടതിയില്‍ പരാതി, ഇ ഡി അന്വേഷം ആവശ്യപ്പെട്ട് ബി ജെ പി

മദ്യശാലകള്‍ക്ക് ലൈസന്‍സ് ലഭിക്കാനായി നല്‍കുന്ന 75,000 രൂപ റീഫണ്ട് ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പരാതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിനെ അഴിക്കുള്ളിലാക്കിയ മദ്യനയ അഴിമതിക്കേസിന് പിന്നാലെ, പഞ്ചാബിലും എഎപി സര്‍ക്കാരിന് ആശങ്ക. പഞ്ചാബ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പരാതി എത്തിയിരിക്കുകയാണ്. മദ്യശാലകള്‍ക്ക് ലൈസന്‍സ് ലഭിക്കാനായി നല്‍കുന്ന 75,000 രൂപ റീഫണ്ട് ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് പരാതി.

മദ്യശാലയ്ക്കായി അപേക്ഷ നല്‍കിയവരില്‍ ഒരാളാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന 35,000 രൂപയില്‍ നിന്നാണ് ഈ ഫീസ് 75,000 രൂപയാക്കി വര്‍ധിപ്പിച്ചത്.

35,000 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിന് ഹൈക്കോടതി കേസ് പരിഗണിക്കും. ഇതിന് പിന്നാലെ, ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് പഞ്ചാബ് എക്‌സൈസ് മന്ത്രി ഹര്‍പല്‍ സിങ് ചീമ പറഞ്ഞു. ''പുതിയ മദ്യനയം മികച്ചതാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ എക്‌സൈസ് തീരുവയില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം 4,000 കോടി വര്‍ധിച്ചു. സംസ്ഥാനത്തെ മദ്യമാഫിയയെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു,'' മന്ത്രി പറഞ്ഞു.

നേരത്തെ, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്ക് പഞ്ചാബില്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. ഇരു കമ്പനികളും ഡല്‍ഹി മദ്യനയക്കേസില്‍ അന്വേഷണം നേരിടുന്നവരാണ്.

'മദ്യനയ ഭൂതം' പഞ്ചാബിലേക്കും; എഎപിയെ പ്രതിരോധത്തിലാക്കി ഹൈക്കോടതിയില്‍ പരാതി, ഇ ഡി അന്വേഷം ആവശ്യപ്പെട്ട് ബി ജെ പി
അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം

2021-ലാണ് ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വിവാദമായ മദ്യനയം രൂപീകരിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നീക്കം, എന്നാല്‍ പുതിയ നയം രൂപീകരിച്ചതിലും നടപ്പാക്കിയതിനും പിന്നില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

പുതിയ നയം അനുസരിച്ച്, ഡല്‍ഹിയിലെ ചില്ലറ മദ്യവ്യാപാരത്തില്‍ സര്‍ക്കാരിന് ബന്ധമുണ്ടാവില്ല. 849 മദ്യവില്പപനശാലകള്‍ പുതുതായി തുറക്കുന്നതിനും ഓരോ സോണിനെയും 8-10 വാര്‍ഡുകളായി തിരിക്കാനുമായിരുന്നു നിര്‍ദേശം. പുതിയ നയപ്രകാരം മാളുകള്‍, വാണിജ്യ മേഖലകള്‍, പ്രാദേശിക ഷോപ്പിങ് കോംപ്ലക്സുകള്‍ തുടങ്ങിയവയില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മദ്യശാലകള്‍ തുറക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതേ നയം തന്നെയാണ് പഞ്ചാബിലും ഭഗവന്ത് മന്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്.

2021 മാര്‍ച്ച് 22-നാണ് ഡല്‍ഹി മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. തുടര്‍ന്ന് അന്തിമ കരട് രൂപം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (ഡിഡിഎ) ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും (എംസിഡി) അനുമതിക്കുശേഷം മാത്രമേ പ്രദേശങ്ങളിലെ മദ്യശാലകള്‍ തുറക്കാന്‍ കഴിയൂ എന്ന വ്യവസ്ഥയോടെ 2021 നവംബര്‍ 15-ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കരട് രൂപം അംഗീകരിച്ചു.

'മദ്യനയ ഭൂതം' പഞ്ചാബിലേക്കും; എഎപിയെ പ്രതിരോധത്തിലാക്കി ഹൈക്കോടതിയില്‍ പരാതി, ഇ ഡി അന്വേഷം ആവശ്യപ്പെട്ട് ബി ജെ പി
നിയമവും ധാര്‍മികതയും; ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്‌രിവാളിന് ജയിലില്‍ തുടരാനാകുമോ?

എന്നാല്‍ പിന്നീട് മദ്യനയത്തില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയയ്ക്ക് എതിരെ ആയിരുന്നു ആദ്യത്തെ ആരോപണം ഉയര്‍ന്നത്. സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നല്‍കിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ മുന്‍ സിഇഒ വിജയ് നായര്‍, പെര്‍നോഡ് റിക്കാര്‍ഡിലെ മുന്‍ ജീവനക്കാരന്‍ മനോജ് റായ്, ബ്രിന്‍ഡ്‌കോ സ്പിരിറ്റ്‌സിന്റെ ഉടമ അമന്‍ദീപ് ധാല്‍, ഇന്‍ഡോസ്പിരിറ്റ്‌സ് ഉടമ സമീര്‍ മഹേന്ദ്രു എന്നിവര്‍ പുതിയ മദ്യനയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

ബഡ്ഡി റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ അമിത് അറോറ, ഗുഡ്ഗാവില്‍ ലിമിറ്റഡ്, ദിനേശ് അറോറയും അര്‍ജുന്‍ പാണ്ഡെയും സിസോദിയയുടെ അടുപ്പക്കാര്‍ ആണെന്നും സിബിഐ ആരോപിച്ചു. ഇതിനിടെയാണ് കേസില്‍ ഇഡിയും ഇടപെടുന്നത്. ഇതിനിടെ 2022 ജൂലായ് 30 ന് വിവാദ മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയംതന്നെ തുടരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഇഡി എത്തുന്നത്.

ഇഡി എടുത്ത കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെ കവിത കെജ്‍രിവാളുമായും എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മദ്യ ലോബിക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് നയം ഉണ്ടാക്കിയതെന്നും ഇ ഡി ആരോപിച്ചു. സൗത്ത് ലോബിയാണ് അഴിമതിക്ക് പിന്നില്‍ എന്നായിരുന്നു ഇ ഡി കുറ്റപത്രത്തില്‍ പറഞ്ഞത്.

ഇതിന് പ്രത്യുപകരമായി 100 കോടി രൂപ ആം ആദ്മി പാര്‍ട്ടിക്ക് സൗത്ത് ലോബി നല്‍കിയതായും ഇ ഡി ആരോപിച്ചു. പ്രതികളിലൊരാളായ വിജയ് നായര്‍ ഇടയ്ക്കിടെ കെജ്‍രിവാളിന്റെ ഓഫീസ് സന്ദര്‍ശിക്കാറുണ്ടെന്നും കൂടുതല്‍ സമയവും അവിടെ ചിലവഴിക്കാറുണ്ടായിരുന്നെന്നും ഇ ഡി ആരോപിച്ചു. ഇതിനിടെ, മനിഷ് സിസോദിയ അറസ്റ്റിലായി.

2023 മുതല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നതിന് ഇ ഡി സമന്‍സ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഞായറാഴ്ച ഒമ്പതാമത്തെ സമന്‍സ് നല്‍കിയതോടെയാണ് കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കെജ്‍രിവാള്‍ കോടതിയെ സമീപിച്ചത്. കോടതി അരവിന്ദ് കെജ്‍രിവാളിന്റെ ആവശ്യം തള്ളിയതോടെ ഇ ഡി അറസ്റ്റ് ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in