ബാലസോർ ദുരന്തം ഓർമയിലെത്തിച്ച് വീണ്ടുമൊരു ജൂൺ; കനത്ത മഴ, സിലുഗിരിയിൽ ഗുഡ്‌സ് ട്രെയിന്‍ എത്തിയത് സിഗ്നൽ തെറ്റിച്ച്

ബാലസോർ ദുരന്തം ഓർമയിലെത്തിച്ച് വീണ്ടുമൊരു ജൂൺ; കനത്ത മഴ, സിലുഗിരിയിൽ ഗുഡ്‌സ് ട്രെയിന്‍ എത്തിയത് സിഗ്നൽ തെറ്റിച്ച്

ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു

ഒഡിഷ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന് ഒരുവര്‍ഷം പിന്നിടവെ രാജ്യത്തെ നടുക്കി ജൂണിൽ മറ്റൊരു അപകടം. കഴിഞ്ഞവർഷം ജൂൺ രണ്ടിനായിരുന്നു ബാലസോര്‍ അപകടം. കോറമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിനിലും ഹൗറ-ബെംഗളൂരു എക്‌സ്പ്രസിലും ഇടിച്ചുണ്ടായ അപകടത്തിൽ 296 പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് പശ്ചിമബംഗാളിലെ സിലിഗുരിയിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായാണ് പ്രാഥമിക വിവരം.

രാവിലെ 8.45-ഓടെയാണ് അപകടം നടന്നത്. ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന കാഞ്ചന്‍ ജംഗ എക്‌സ്പ്രസിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും മരിച്ചെന്നാണ് വിവരം. 25 പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ബാലസോർ ദുരന്തം ഓർമയിലെത്തിച്ച് വീണ്ടുമൊരു ജൂൺ; കനത്ത മഴ, സിലുഗിരിയിൽ ഗുഡ്‌സ് ട്രെയിന്‍ എത്തിയത് സിഗ്നൽ തെറ്റിച്ച്
ബാഗ്‌മതി മുതൽ സിലിഗുരി വരെ; രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ

രക്ഷാപ്രവര്‍ത്തനം ഏകോപിക്കാന്‍ വാര്‍ റൂം തുറന്നിരിക്കുകയാണ് റെയില്‍വേ. ഡല്‍ഹിയിലാണ് വാര്‍ റൂം ക്രമീകരിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഡോക്ടര്‍മാരും ദുരന്തനിവാരണ സേനയും അടക്കമുള്ള രക്ഷാപ്രവര്‍ത്തക സംഘത്തെ നിയോഗിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. സിലിഗുരി ജില്ലയിലെ ആശുപത്രികൾ അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൊല്‍ക്കത്തയും സിലുഗുരിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് അപകടം നടന്നത്. കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ന്യൂ ജല്‍പൈഗുരി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് രംഗപാണിയെന്ന സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം നടന്നത്. സിഗ്നല്‍ തെറ്റിച്ചെത്തിയ ഗുഡ്‌സ് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കനത്ത മഴയെത്തുടര്‍ന്ന് സിഗ്നല്‍ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണം. മേഖലയില്‍ ഞായറാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം ഭാഗികമായി നിലച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

''വടക്കുകിഴക്ക് റയില്‍വേ സോണില്‍ ദൗര്‍ഭാഗ്യകരമായ അപകടം. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. റെയില്‍വേയും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി,'' കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 03323508794, 0332383332.

ബാലസോർ ദുരന്തം ഓർമയിലെത്തിച്ച് വീണ്ടുമൊരു ജൂൺ; കനത്ത മഴ, സിലുഗിരിയിൽ ഗുഡ്‌സ് ട്രെയിന്‍ എത്തിയത് സിഗ്നൽ തെറ്റിച്ച്
ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിയിടിച്ചു; അഞ്ച് മരണം, 25 പേര്‍ക്ക് പരുക്ക്

മറ്റൊരു ജൂണ്‍, വീണ്ടും അപകടം

രാജ്യത്തെ നടുക്കിയ ഒഡിഷ ബാലാസോര്‍ ട്രെയിന്‍ ദുരന്തം നടന്ന് ഒരുവര്‍ഷം കഴിയുമ്പോഴാണ് സിലിഗുരിയില്‍ അപകടം നടന്നിരിക്കുന്നത്. കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനിലും ഹൗറ-ബെംഗളൂരു എക്‌സ്പ്രസിലും ഇടിച്ചാണ് അന്ന് അപകടം നടന്നത്. അമിത വേഗത്തിലായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് സിഗ്നല്‍ തെറ്റിച്ച് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റിയ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 21 കോച്ചുകളില്‍ മൂന്നെണ്ണം മറ്റൊരു ട്രാക്കില്‍ക്കൂടി വരികയായിരുന്ന ഹൗറ-ബെംഗളൂരു എക്‌സ്പ്രസില്‍ ഇടിച്ചുകയറി. 296 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഈ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ, റെയില്‍വെയുടെ സിഗ്നല്‍ സംവിധാനങ്ങളെക്കുറിച്ചും ട്രെയിനുകളുടെ വേഗ നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമതയെ കുറിച്ചും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in