ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ

ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ

എയർ ഇന്ത്യയുടെ നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള നയപരിപാടിയൊക്കെ നിലവിലെ മാനേജ്‌മന്റ് നടപ്പിലാക്കുന്നുണ്ടെങ്കിലും തിരിച്ചടികൾ ഏറ്റുകൊണ്ടേയിരിക്കുകയാണ്

കടത്തിൽ മുങ്ങിയിരുന്ന എയർ ഇന്ത്യയെ രണ്ടുവർഷം മുമ്പാണ് സർക്കാരിൽനിന്ന് ടാറ്റ എന്ന വ്യവസായ ഭീമന്‍ ഏറ്റെടുക്കുന്നത്. രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ആ നടപടി വഴിവച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയുടെ സ്വകാര്യ വത്കരണം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍ ദശാബ്ദങ്ങൾ പാരമ്പര്യമുള്ള വിമാന കമ്പനിയുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു ആശങ്കകളെ എല്ലാം മറിക്കാന്‍ പ്രതീക്ഷയേകിയത്. എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്തായോ എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സ്ഥാപനത്തിൽ നടപ്പിലാക്കുന്ന ചില പരിഷ്കാരങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയതോടെ എയർ ഇന്ത്യയുടെ നൂറിലധികം വിമാന സർവീസാണ് രാജ്യത്തൊട്ടാകെ മുടങ്ങിയത്. സമരം അവസാനിക്കാത്ത പക്ഷം വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. സമരത്തിന്റെ കഷ്ടത അനുഭവിച്ചത് പല ആവശ്യങ്ങൾക്കായി വിദേശത്തേക്കും രാജ്യത്തിന്റെ പല ഭാഗത്തേക്കും യാത്ര ചെയ്യാനിരുന്ന യാത്രക്കാരാണ്.

എയര്‍ ഇന്ത്യയില്‍ സംഭവിച്ചത്

2022 ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. ഇതോടെ പ്രതിദിനം എഴുപതോളം ഉണ്ടായിരുന്ന എയർ ഇന്ത്യയുടെ സർവീസുകൾ 370 ആയി വർധിച്ചു. വേണമെങ്കിൽ 400 സർവീസുകൾ വരെ നടത്താനും സാധിക്കും. സർക്കാരിൽ നിന്ന് ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന 26 വിമാനങ്ങൾ മാറി 73 എന്ന നിലയിലേക്കുമെത്തി. എന്നാൽ, പരിഷ്കരണങ്ങള്‍ക്കൊപ്പം കെടുകാര്യസ്ഥതയും തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനവും ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നൂറോളം ജീവനക്കാര്‍ എയർ ഇന്ത്യ മാനേജ്‌മെന്റിനെതിരെ ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണവും അതാണ്.

എയർ ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള നയപരിപാടിയൊക്കെ എയർ ഇന്ത്യയുടെ നിലവിലെ മാനേജ്‌മെന്റ് നടപ്പിലാക്കുന്നുണ്ടെങ്കിലും തിരിച്ചടികൾ ഏറ്റുകൊണ്ടേയിരിക്കുകയാണ്. ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യയെയും വിസ്താരയെയും ലയിപ്പിച്ചിരുന്നു. ബജറ്റ് സര്‍വീസുകളായ എയര്‍ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസ്, ടാറ്റയുടെ AIX കണക്റ്റ് (മുൻപ് എയർ ഏഷ്യ ഇന്ത്യ) എന്നിവയും ലയനത്തിന്റെ ഭാഗമായി.

ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിനിടയില്‍ വിമാനകമ്പനിയെ തിരിച്ചുകൊണ്ടുവരാൻ ടാറ്റ നിരവധി നടപടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും1953-ലെ ദേശസാൽക്കരണത്തിന് മുൻപുണ്ടായിരുന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള ദൂരം ഏറെയാണ്.

പ്രതിഷേധങ്ങള്‍

എയർ ഇന്ത്യയെ വിസ്താരയുമായി ലയിപ്പിക്കാനുള്ള നീക്കമായിരുന്നു ഏറ്റെടുക്കലിന് ശേഷമുണ്ടായ ആദ്യ വെല്ലുവിളി. ലയനത്തിന് എതിരെ പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചു. മാർച്ച് അവസാനത്തോടെ നിരവധി പൈലറ്റുമാർ അസുഖ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്ന് വിസ്താര ഏപ്രിൽ ഒന്ന് മുതൽ 125ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഈ വർഷാവസാനം പൂർത്തിയാകുന്ന ലയനത്തോടെ ശമ്പളം കുറയ്ക്കാനുള്ള നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. അതിന്റെ അനുരണനങ്ങൾ ഈ മാസം അവസാനിക്കാനിരിക്കെയാണ് വീണ്ടും ജീവനക്കാരുടെ സമരം എയർ ഇന്ത്യയെ വലയ്ക്കുന്നത്.

അസമത്വമെന്ന് ജീവനക്കാര്‍

ടാറ്റ ജീവനക്കാരില്‍ അസമത്വം സൃഷ്ടിക്കുന്നു എന്നാതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ അടിസ്ഥാനം. എഐഎക്സ് കണക്ടിലെ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജീവനക്കാരോടുള്ള എയര്‍ ഇന്ത്യയുടെ പെരുമാറ്റത്തില്‍ അസമത്വമുണ്ടെന്നാണ് എയര്‍ലൈന്‍സ് കാബിന്‍ ക്രൂ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന എയര്‍ ഇന്ത്യ എംപ്ലോയീസ് യൂണിയന്‍ (എഐഎക്സ്ഇയു) ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് എഐഎക്സ്ഇയു കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് കത്തയച്ചിട്ടുണ്ട്.

തൊഴിലാളികളോടുള്ള സമീപനത്തില്‍ തുല്യതയില്ലെന്നും അവരുടെ സാലറികളും അനുഭവങ്ങളും മെരിറ്റുകളും അവഗണിക്കുകയാണെന്നും കത്തില്‍ പറയുന്നു. കമ്പനിയുടെ ആഭ്യന്തര തൊഴിലിലേക്ക് യോഗ്യരായ ജീവനക്കാര്‍ നിലവിലുണ്ടായിരിക്കെ പുറമെ നിന്ന് ഉദ്യോഗാര്‍ഥികളെ കൊണ്ടുവരുന്നതിനെതിരെയും യൂണിയന്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, ഇക്കാര്യങ്ങളെല്ലാം ജീവനക്കാരുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുമെന്നും ഇത് യാത്രക്കാരെയും കമ്പനിയുടെ പേരിനെയും ബാധിക്കുമെന്നും കത്തില്‍ വ്യക്തമാക്കി. നേരത്തെ സ്വകാര്യവല്‍ക്കരണത്തിന് മുമ്പ് എയര്‍ ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാത്രമാണ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകളിലേക്ക് മാറ്റിയ കാബിന്‍ ക്രൂ അംഗങ്ങളുടെ അന്താരാഷ്ട്ര സര്‍വീസിന്റെ അലവന്‍സ് നിര്‍ത്തലാക്കിയതും ജീവനക്കാരില്‍ പ്രതിഷേധം സൃഷ്ടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവാരത്തകര്‍ച്ച

ദേശസാത്കരണത്തിന് മുൻപ് ടാറ്റയുടെ ഉടമസ്ഥതയിൽ ആയിരുന്ന എയർ ഇന്ത്യ നല്ല നിലവാരം പുലർത്തിയിരുന്നു. എന്നാൽ പിന്നീട് ഗുണനിലവാരവും പ്രവർത്തനപരവുമായ പ്രശ്നങ്ങളും അതിന് മങ്ങലേല്‍പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്ക് ഭർത്താവിനും കുട്ടികൾക്കുമൊപ്പം എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത ഒരു സ്ത്രീ, ടിക്കറ്റിന് 4.5 ലക്ഷം രൂപ നൽകിയിട്ടും മോശം സർവീസുകളാണ് ലഭിക്കുന്നതെന്ന വിമർശനം ഉന്നയിച്ചിരുന്നു. വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങൾ, തകർന്ന സീറ്റുകൾ, ഓവർഹെഡ് ലൈറ്റുകളുടെ തകരാറുകൾ എന്നിവയെക്കുറിച്ചും അവർ പരാതിപ്പെട്ടു.

ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ
എയര്‍ ഇന്ത്യയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

അടുത്തിടെയാണ് എയർ ഇന്ത്യയെ ബിസിനസ് ക്ലാസ് യാത്രയ്ക്കുള്ള ഏറ്റവും മോശപ്പെട്ട നാലാമത്തെ വിമാനമായി പട്ടികപ്പെടുത്തിയത്. ലോക്കൽ സർക്കിൾസ് എന്ന സ്ഥാപനം അടുത്തിടെ നടത്തിയ മറ്റൊരു സർവേയിൽ, 70 ശതമാനം പേരും എയർ ഇന്ത്യയുടെയും വിസ്താരയുടെയും സമയത്തിൽ കൃത്യത പാലിക്കാത്ത വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, മികച്ച സേവനം നൽകാനുള്ള നവീകരണ ശ്രമത്തിലാണ് എയർ ഇന്ത്യ.

logo
The Fourth
www.thefourthnews.in