ബിജെപി ചായ്‌വ് തിരിച്ചടിയായി, ദളിതരും മുസ്ലീങ്ങളും കൈവിട്ടു; ഒടുവില്‍ 'മോദി വിമര്‍ശകൻ' ആകാശിനെ തിരിച്ചുവിളിച്ച് മായാവതി

ബിജെപി ചായ്‌വ് തിരിച്ചടിയായി, ദളിതരും മുസ്ലീങ്ങളും കൈവിട്ടു; ഒടുവില്‍ 'മോദി വിമര്‍ശകൻ' ആകാശിനെ തിരിച്ചുവിളിച്ച് മായാവതി

മെയ് ഏഴിനാണ് ആകാശ് ആനന്ദിനെ മായാവതിയുടെ പിൻഗാമി സ്ഥാനത്ത് നിന്നും ബിഎസ്പിയുടെ ദേശീയ കോർഡിനേറ്റർ ചുമതലയിൽ നിന്നും മാറ്റി നിർത്തിയത്.
Published on

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും വിജയിക്കാനാകാത്തതിന്റെ ആഘാതത്തിലാണ് മായാവതിയുടെ ബിഎസ്പി. ഇന്ത്യ സഖ്യത്തോടൊപ്പം നില്‍ക്കാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ബിഎസ്പിയുടെ പതനത്തിന് പല കാരണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബിഎസ്പിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടാകാം. എന്നിരുന്നാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂടാറുന്നതിന് മുമ്പേ നേതൃതലത്തില്‍ വീണ്ടും അഴിച്ച് പണി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ്പി.

തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദിനെ മാറ്റി ആറ് ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും തന്റെ പിന്‍ഗാമിയായും പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററുമായി നിയമിച്ചിരിക്കുകയാണ് മായാവതി. ബിഎസ്പിയുടെ തോല്‍വിയെ വിലയിരുത്താന്‍ ഇന്ന് വിളിച്ച യോഗത്തിലാണ് ആകാശിനെ പഴയ സ്ഥാനത്തേക്ക് തിരികെക്കൊണ്ടുവരാന്‍ മായാവതി തീരുമാനിച്ചത്.

ബിജെപി ചായ്‌വ് തിരിച്ചടിയായി, ദളിതരും മുസ്ലീങ്ങളും കൈവിട്ടു; ഒടുവില്‍ 'മോദി വിമര്‍ശകൻ' ആകാശിനെ തിരിച്ചുവിളിച്ച് മായാവതി
ചൊടിപ്പിച്ചത് മോദിയെ വിമര്‍ശിച്ചതോ? ആകാശ് ആനന്ദിനെ 'വെട്ടിവീഴ്ത്തി' മായാവതി

''പക്വതയോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആകാശിന് ഒരിക്കല്‍ക്കൂടി പാര്‍ട്ടി അധ്യക്ഷ (മായാവതി) അവസരം നല്‍കുകയാണ്. മുമ്പുള്ള ചുമതലയില്‍ അദ്ദേഹം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കും,'' എന്നാണ് ബിഎസ്പി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. ''പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എല്ലാ തലത്തിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പക്വതയുള്ള നേതാവായി അദ്ദേഹം മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുമ്പത്തേക്കാള്‍ ബഹുമാനം നല്‍കി അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിക്കും,'' എന്നായിരുന്നു മായാവതിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനാണ് അനന്തരവന്‍ ആകാശ് ആനന്ദിനെ മായവതി തന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചവകാശിയായി പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രത്യക്ഷമായി കടന്നാക്രമിക്കാന്‍ മടിയില്ലാത്ത ആകാശ് ബിജെപിയുടെ കണ്ണിലെ കരടായി. ബിജെപിയോട് അടുപ്പം സൂക്ഷിച്ചിരുന്ന മായാവതിക്കും ആനന്ദിന്റെ നിലപാട് കല്ലുകടിയായി. തുടര്‍ന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആകാശിനെ ചുമതലകളില്‍ നിന്നും മാറ്റിയത്. ആകാശിന് പക്വത വന്നിട്ടില്ലെന്നായിരുന്നു അന്ന് മായാവതി പറഞ്ഞ കാരണം.

ബിജെപിയേയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിനെ തുടര്‍ന്ന് ആകാശിനെയും നാലുപേരേയും മാതൃക പെരുമാറ്റച്ചട്ട പ്രകാരം കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു മായാവതിയുടെ നീക്കം. അതോടെ ബിജെപിയെ സഹായിക്കാനാണ് മായാവതി ശ്രമിക്കുന്നതെന്ന ആരോപണം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരുന്നു.

ബിജെപി ചായ്‌വ് തിരിച്ചടിയായി, ദളിതരും മുസ്ലീങ്ങളും കൈവിട്ടു; ഒടുവില്‍ 'മോദി വിമര്‍ശകൻ' ആകാശിനെ തിരിച്ചുവിളിച്ച് മായാവതി
ബിഎസ്‌പി തനിച്ച് മത്സരിച്ചതുമൂലം ഇന്ത്യ സഖ്യത്തിനുണ്ടായ നഷ്ടമെത്ര? മായാവതി മുസ്ലിങ്ങളെ പഴിക്കുന്നതിൻ്റെ കാരണമെന്ത്?

എന്നാല്‍ ഈ നീക്കം തിരച്ചടിച്ചതായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. ദളിത്-മുസ്ലീം വോട്ടുകളായിരുന്നു ഉത്തര്‍പ്രദേശില്‍ എന്നും ബിഎസ്പിക്ക് ഉറച്ച അടിത്തറ ഒരുക്കിയിരുന്നത്. ഇതിനു മുമ്പ് ലോക്‌സഭയിലേക്ക് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതെ പാര്‍ട്ടി വന്‍തകര്‍ച്ച നേരിട്ട 2014-ല്‍ പോലും ഈ വോട്ടുബാങ്കുകള്‍ ബിഎസ്പിക്കൊപ്പം നിന്നിരുന്നു. അന്ന് ഒരു സീറ്റുപോലും കിട്ടാതിരുന്നിട്ടും ഏറ്റവും കൂടുതല്‍ വോട്ട്ശതമാനം നേടി പാര്‍ട്ടി ബിഎസ്പിയായിരുന്നു.

എന്നാല്‍ ഇക്കുറി എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. ബിജെപി പക്ഷത്തേക്ക് പരസ്യമായി ചായ്‌വ് കാട്ടിയ മായാവതിയെ പരമ്പരാഗത വോട്ടുബാങ്കുകള്‍ കൈവിട്ടു. വീണ്ടും സംപൂജ്യരയാതിനു പുറമേ വോട്ട് ശതമാനത്തിലും വന്‍ ഇടിവു നേരിട്ട ബിഎസ്പി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് വീണത്. ഇതോടെയാണ് മായാവതി പുനര്‍വിചിന്തനത്തിനു തയാറായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

എന്തുകൊണ്ടാണ് ബിഎസ്പി മോശം പ്രകടനം കാഴ്ച വെച്ചതെന്നും ഏതൊക്കെ നേതാക്കള്‍ അശ്രദ്ധ കാണിച്ചെന്നുമുള്ള ചര്‍ച്ചയാണ് ഇന്ന് യോഗത്തില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ദേശീയ നേതാക്കളുടെ അവലോകന യോഗത്തിന് ശേഷം അതത് സംസ്ഥാനങ്ങളിലെ തോല്‍വി വിലയിരുത്താന്‍ സംസ്ഥാന നേതാക്കളുടെ യോഗവും മായാവതി സംഘടിപ്പിച്ചു.

വരാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും ബിഎസ്പിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി പരാജയപ്പെട്ടാല്‍ ദേശീയ പാര്‍ട്ടി പദവിയും ബിഎസ്പിക്ക് നഷ്ടമാകും, അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പുകളില്‍ താരപ്രചാരകനായി ആകാശിനെ രംഗത്തിറക്കാനാണ് ബിഎസ്പിയുടെ നീക്കം. ജൂലൈ 10ന് ഉത്തരാഖണ്ഡിലെ ഉപതിരഞ്ഞെടുപ്പുകളിലെ പ്രചരണത്തിനുള്ള 13 താരപ്രചാരകരുടെ പട്ടികയില്‍ മായാവതിക്ക് ശേഷം ഇടംപിടിച്ചിരിക്കുന്നത് ആകാശാണ്. ഇത് പാര്‍ട്ടീ നേതാവായി ആകാശിന്റെ തിരിച്ചുവരവിനുള്ള സൂചനയാണ്.

ബിജെപി ചായ്‌വ് തിരിച്ചടിയായി, ദളിതരും മുസ്ലീങ്ങളും കൈവിട്ടു; ഒടുവില്‍ 'മോദി വിമര്‍ശകൻ' ആകാശിനെ തിരിച്ചുവിളിച്ച് മായാവതി
'അവിടെ പരീക്ഷകൾ കുളമാക്കി ഇവിടെ പഠിക്കാൻ സീറ്റില്ല'; സർക്കാരുകള്‍ക്കെതിരെ പാർട്ടി വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിന്

മോദി വിമര്‍ശകനെന്ന പേരിലും ബിഎസ്പിയുടെ യുവ നേതാവെന്ന നിലയിലും ആകാശ് യുവാക്കളുടെയില്‍ ശ്രദ്ധാലുവായിരുന്നു. 'ബിജെപിയുടേത് രാജ്യവിരുദ്ധരുടെ ബുള്‍ഡോസര്‍ സര്‍ക്കാരാണ്. യുവാക്കളെ പട്ടിണിയിലാക്കുകയും മുതിര്‍ന്നവരെ അടിമകളാക്കുകയും ചെയ്യുന്ന ഒരു തീവ്രവാദ സര്‍ക്കാരാണ്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അത്തരമൊരു സര്‍ക്കാരാണ് നടത്തുന്നത്', എന്നായിരുന്നു യുപിയിലെ സീതാപൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ ആകാശ് പ്രസംഗിച്ചത്.

2022 നിയമസഭ തിരഞ്ഞെടുപ്പിലും മായവതി കഴിഞ്ഞാല്‍, ബിഎസ്പിയുടെ രണ്ടാമത്തെ താര പ്രചാരകന്‍ ആകാശ് ആയിരുന്നു. ആകാശിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച മായാവതി, ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ചുമതലയും അദ്ദേഹത്തെയാണ് ഏല്‍പിച്ചിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ആകാശിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. ബിഎസ്പിയുടെ പ്രചാരണ രീതിതന്നെ ആകാശ് മാറ്റിയിരുന്നു. തങ്ങളുടെ പഴയ മുദ്രാവാക്യമായ ബഹുജന്‍ ഹിതായ്, ബഹുജന്‍ സുഖായ് എന്ന മുദ്രാവാക്യത്തിലേക്ക് മടങ്ങാന്‍ മായാവതി തീരുമാനിച്ചതിന് പിന്നിലും ആകാശിന്റെ സ്വാധീനമുണ്ടായിരുന്നു.

2022 ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ ചുമതലയും ആകാശിന് ആയിരുന്നു. 2022-ലെ ഹിമാചല്‍ നിയസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ താര പ്രചാരകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി ആകാശ് മാറി. ബാബാ സാഹേബ് അംബേദ്കറിന്റെ കാഴ്പ്പാടുകള്‍ പിന്തുടരുന്നയാളാണ് താന്‍ എന്നാണ് ആകാശ് സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ആകാശ് പറഞ്ഞിരുന്നു.

ഇത്രയും സ്ഥാനങ്ങള്‍ വഹിച്ച പാര്‍ട്ടിയുടെ മുഖമായി മാറിക്കൊണ്ടിരുന്ന ആകാശിനെയായിരുന്നു പൊടുന്നനെ മായാവതി പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയത്. എന്നാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാണെന്ന നിഗമനത്തില്‍ ഒരു പക്ഷേ ബിഎസ്പി ഇന്നത്തെ യോഗത്തിലെത്തിയിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം പൊടുന്നനെ വീണ്ടും ആകാശിന് ചുമതലകള്‍ കൈമാറിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിഎസ്പിക്കെന്ന പോലെ ആകാശിനും നിര്‍ണായകമാണ്.

logo
The Fourth
www.thefourthnews.in