സമാജ്‌വാദി പാർട്ടി 'ഇന്ത്യ' മുന്നണിയിൽനിന്ന് പിന്മാറുന്നുവോ? ചർച്ചയായി അഖിലേഷ് യാദവിന്റെ പോസ്റ്റ്

സമാജ്‌വാദി പാർട്ടി 'ഇന്ത്യ' മുന്നണിയിൽനിന്ന് പിന്മാറുന്നുവോ? ചർച്ചയായി അഖിലേഷ് യാദവിന്റെ പോസ്റ്റ്

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ എസ്പി സ്ഥാനാർത്ഥികളെ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കോൺഗ്രസ് വാക്ക് പാലിച്ചില്ലെന്ന് അഖിലേഷ് ആരോപണം ഉന്നയിച്ചിരുന്നു

മധ്യപ്രദേശിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുണ്ടായ തർക്കങ്ങൾക്ക് പിന്നാലെ 'ഇന്ത്യ' സഖ്യത്തിൽനിന്ന് പിന്മാറുന്നുവെന്ന് സംശയമുണർത്തുന്ന പോസ്റ്റുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഞായറാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ അഖിലേഷ് യാദവ് പങ്കുവച്ച പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 'പിന്നാക്ക- ദളിത്-ന്യൂനപക്ഷ (പിഡിഎ)' വിപ്ലവമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. 'ഇന്ത്യ' സഖ്യത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ലാതെയുള്ള പോസ്റ്റാണ് ചോദ്യങ്ങൾ ഉയർത്തുന്നത്.

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ എസ്പി സ്ഥാനാർത്ഥികളെ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കോൺഗ്രസ് വാക്ക് പാലിച്ചില്ലെന്ന് അഖിലേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യ സഖ്യത്തിലെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. നിലവിൽ മധ്യപ്രദേശിലെ 18 മണ്ഡലങ്ങളിൽ ഇരുപാർട്ടികളും നേർക്കുനേർ ഏറ്റുമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെ ബിജെപിയെ നേരിടാൻ എസ്പി ഉയർത്തിയ 'പിഡിഎ രാഷ്ട്രീയം' ജയിക്കുമെന്ന പ്രഖ്യാപനവുമായി അഖിലേഷ് രംഗത്തെത്തുന്നത്.

ശരീരത്തില്‍ പാർട്ടി പതാകയുടെ നിറമടിച്ച എസ്പി പ്രവർത്തകന്റെ പിറകിൽ "മിഷൻ 2024. നേതാജി(മുലായം സിങ് യാദവ്) അനശ്വരനായി തുടരട്ടെ, പിഡിഎ അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കും, പാവപ്പെട്ടവർക്ക് നീതി ലഭിക്കുന്നുവെന്ന് അഖിലേഷും ഉറപ്പാക്കും" എന്നെഴുതിയിരിക്കുന്ന ചിത്രമായിരുന്നു എക്‌സിൽ പങ്കുവച്ചത്. ഒപ്പം '2024ലെ തിരഞ്ഞെടുപ്പിൽ പിഡിഎയുടെ വിപ്ലവമായിരിക്കുമെന്ന തലക്കെട്ടും' പോസ്റ്റിനൊപ്പമുണ്ടായിരുന്നു

സമാജ്‌വാദി പാർട്ടി 'ഇന്ത്യ' മുന്നണിയിൽനിന്ന് പിന്മാറുന്നുവോ? ചർച്ചയായി അഖിലേഷ് യാദവിന്റെ പോസ്റ്റ്
ഒരിടവും സുരക്ഷിതമല്ലാതെ ഗാസൻ ജനത; തെക്കൻ മേഖലയിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ, നടപടി ശക്തമാക്കുമെന്ന് സൈന്യം

മധ്യപ്രദേശിലേക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചതിന് ശേഷം മറ്റ് പാർട്ടികളെ "വിഡ്ഢികളാക്കുക"യാണെന്ന് അഖിലേഷ് വ്യാഴാഴ്ച ആരോപിച്ചിരുന്നു. സംസ്ഥാന തലത്തിൽ ഒരുമിച്ച് പ്രവർത്തിക്കില്ലെന്ന അറിയാമായിരുന്നെങ്കിൽ, 'ഇന്ത്യ' സഖ്യത്തിനൊപ്പം നിൽക്കിലായിരുന്നു എന്ന സൂചനപോലും അഖിലേഷ് നൽകിയിരുന്നു. കോൺഗ്രസ് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, ആരാണ് അവർക്കൊപ്പം നിൽക്കുക എന്ന് എസ്പി മേധാവി ചോദിച്ചിരുന്നു. കൂടാതെ സമാജ്‌വാദി പാർട്ടിയെ കോൺഗ്രസ് ഒറ്റിക്കൊടുക്കരുതെന്നും സഖ്യം വേണോ വേണ്ടയോ എന്ന് വ്യക്തമാക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ത്യ സഖ്യം പ്രവർത്തിക്കുന്നത് കേന്ദ്ര തലത്തിലാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലാകും ഒരുമിച്ച് പ്രവർത്തിക്കുക എന്നുമുള്ള നിലപാടിലാണ് മധ്യപ്രദേശിലെ കോൺഗ്രസ് ഘടകം.

സമാജ്‌വാദി പാർട്ടി 'ഇന്ത്യ' മുന്നണിയിൽനിന്ന് പിന്മാറുന്നുവോ? ചർച്ചയായി അഖിലേഷ് യാദവിന്റെ പോസ്റ്റ്
മഹുവ മൊയ്ത്രക്കെതിരെ അതിവേഗ പ്രതികരണം, തന്റെ പരാതി ഇതുവരെ പരിഗണിച്ചില്ല; ലോക്സഭാ സ്‌പീക്കർക്ക് ഡാനിഷ് അലിയുടെ കത്ത്

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17നാണ് നടക്കുക. ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. എന്നാൽ ബിജെപിയിലും കോൺഗ്രസിലും സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാണ്. കോൺഗ്രസ് 229ഉം ബിജെപി 228ഉം സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in