'തെറ്റായ സന്ദേശവുമാകാം'; ഇന്ത്യയിലെ എംപിമാരുൾപ്പെടെയുളളവർക്ക് മുന്നറിയിപ്പ് ലഭിച്ചതിൽ വിശദീകരണവുമായി ആപ്പിൾ

'തെറ്റായ സന്ദേശവുമാകാം'; ഇന്ത്യയിലെ എംപിമാരുൾപ്പെടെയുളളവർക്ക് മുന്നറിയിപ്പ് ലഭിച്ചതിൽ വിശദീകരണവുമായി ആപ്പിൾ

ഇന്ത്യക്ക് പുറമെ, 150 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഇത്തരം മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ആപ്പിളിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്

ഇന്ത്യയിലെ അഞ്ച് എംപിമാരുൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾക്കും പത്രപ്രവർത്തകർക്കും ഫോൺ ചോർത്തൽ മുന്നറിയിപ്പ് നൽകിയതിനെക്കുറിച്ച് വിശദീകരണവുമായി ആപ്പിൾ. ആപ്പിളിന്റെ മുന്നറിയിപ്പുകൾ ചിലപ്പോൾ തെറ്റായ സന്ദേശമാകാൻ സാധ്യതയുണ്ടെന്നും ഇത്തരം മുന്നറിയിപ്പുകൾ ഏതെങ്കിലും പ്രത്യേക സ്റ്റേറ്റ് സ്പോൺസർ അക്രമികളുടെ മേൽ ആരോപിക്കുന്നില്ലെന്നും ആപ്പിൾ വ്യക്തമാക്കി.

മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു, ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുകൾ സ്റ്റേറ്റ് സ്പോൺസർ അക്രമികളുടെ മേൽ ആരോപിക്കുന്നില്ലെന്ന് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

"ആപ്പിളിന്റെ മുന്നറിയിപ്പ് ചിലപ്പോൾ തെറ്റായ സന്ദേശവുമാകാം, അല്ലെങ്കിൽ ചില ആക്രമണങ്ങൾ കണ്ടെത്താൻ സാധിക്കാത്തതുമാകാം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ അക്രമികളെ ഭാവിയിൽ കണ്ടെത്തുന്നതിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് ലഭിച്ചതിന്റെ വിശദാംശം വ്യക്തമാക്കാൻ സാധിക്കില്ല", ആപ്പിളിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

'തെറ്റായ സന്ദേശവുമാകാം'; ഇന്ത്യയിലെ എംപിമാരുൾപ്പെടെയുളളവർക്ക് മുന്നറിയിപ്പ് ലഭിച്ചതിൽ വിശദീകരണവുമായി ആപ്പിൾ
'നിങ്ങളുടെ ഫോൺ ചോർത്താൻ സർക്കാരുമായി ബന്ധപ്പെട്ടവരുടെ നീക്കം', അഞ്ച് എംപിമാരുൾപ്പെടെയുളളവർക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്

ഇന്ത്യക്ക് പുറമെ, 150 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഇത്തരം മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ആപ്പിളിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് ലഭിച്ച അതേസമയത്ത് തന്നെയാണോ മറ്റു രാജ്യങ്ങളിലും ഇത്തരം സന്ദേശങ്ങൾ അയയ്‌ക്കുന്നത് എന്നതിനെപ്പറ്റി ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി വിശകലനം ചെയ്ത 29 ഫോണുകളിൽ പെഗാസസ് സ്‌പൈവെയറിന്റെ സാന്നിധ്യം കണ്ടെത്തിയതിനു ശേഷം ഒരു വർഷം കഴിഞ്ഞാണ് ആപ്പിളിൽ നിന്നുള്ള മുന്നറിയിപ്പുകൾ വന്നു തുടങ്ങുന്നത്.

വിഷയത്തിൽ പ്രതികരിക്കവെ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സർക്കാരിന് ഈ വിഷയത്തിൽ ആശങ്കയുണ്ടെന്നും വിഷയത്തെപ്പറ്റി കൂടുതൽ വിശകലനവും അന്വേഷണവും നടത്തുമെന്നും പറഞ്ഞു. കൂടാതെ, 150 രാജ്യങ്ങളിൽ ആപ്പിൾ ഈ ഉപദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചെർത്തു.

തൃണമൂല്‍ നേതാവ് മൗവാ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുള്‍പെടെ അഞ്ച് എം പി മാര്‍ക്കാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആക്രമണത്തെ കുറിച്ച് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കയിത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, തുടങ്ങിയവരുടെ ഫോണും ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ബന്ധപ്പെട്ടവരെ ആപ്പിള്‍ അറിയിച്ചു.

ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി, ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ, എഐഎംഐഎം എം പി അസദ്ദുദ്ദീന്‍ ഒവൈസി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരസ ഡെക്കാന്‍ ക്രോണിക്കില്‍ റസിഡന്റ് എഡിറ്റര്‍ ശ്രീറാം കാറി, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റ് സാമിര്‍ സരന്‍ എന്നിവര്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ ഭീഷണി ലഭിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നു.

"സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമികള്‍ നിങ്ങളുടെ ഫോണ്‍ ചോര്‍ത്തിയേക്കും. നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ടായിരിക്കാം നിങ്ങളെ ലക്ഷ്യം വെച്ചിരിക്കുന്നത്. നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ദൂരെ നിന്നുവരെ ചോര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആക്രമികള്‍ക്ക് സാധിച്ചേക്കും. നിങ്ങളുടെ ക്യാമറയും മൈക്രോഫോണിന്റെയും നിയന്ത്രണവും അവര്‍ക്ക് ലഭിച്ചേക്കും. ഈ മുന്നറിയിപ്പ് തെറ്റായിരിക്കാമെങ്കിലും ഇത് ഗൗരവത്തില്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു", ഇതായിരുന്നു ആപ്പിളിന്റെ സന്ദേശം.

logo
The Fourth
www.thefourthnews.in