ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍നിന്നും 'ഇന്ത്യ' പുറത്ത്

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍നിന്നും 'ഇന്ത്യ' പുറത്ത്

എന്‍എംസിയുടെ വെബ്‌സൈറ്റിലാണ് ലോഗോ മാറ്റിയിരിക്കുന്നത്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേര് മാറ്റണമെന്ന ദേശീയ ഹെല്‍ത്ത് മിഷന്റെ നിര്‍ദേശത്തിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മീഷനിലും പേരുമാറ്റം. എന്‍എംസിയുടെ വെബ്‌സൈറ്റ് പരിഷ്കാരമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിലും ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് മാറ്റി. 'നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഭാരത്' എന്നാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തേയും മെഡിക്കല്‍ മേഖലയേയും നിയന്ത്രിക്കുന്ന സമിതിയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍.

വിവിധ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പേരില്‍ നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' ആക്കുന്നതിനിടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയിലും ഭാരത് ഇടംപിടിച്ചിരിക്കുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' എന്നാക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്‍സിഇആര്‍ടി രൂപീകരിച്ച സോഷ്യല്‍ സയന്‍സ് പാനല്‍ ആണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഹിന്ദു പുരാണങ്ങളില്‍ ആരോഗ്യത്തിന്റേയും ചികിത്സയുടേയും ദൈവമായാണ് ധന്വന്തരിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍നിന്നും 'ഇന്ത്യ' പുറത്ത്
കെ സി ആര്‍ 'വന്ന വഴി മറന്നോ?'; ചോരചിന്തി നേടിയ തെലങ്കാനയില്‍ പ്രക്ഷോഭകര്‍ക്ക് എന്തുകിട്ടി?

ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേര്‌ 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍' എന്നാക്കിയിരുന്നു. 'ആരോഗ്യം പരമം ധനം' എന്ന ടാഗ് ലൈനും ചേര്‍ക്കണം എന്ന നിര്‍ദേശമുണ്ടായിരുന്നു.

ചരകശപഥം കഴിഞ്ഞ് ധന്വന്തരി

2019ല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് എന്ന പേരില്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമപ്രകാരം, 2020ലാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) രൂപീകരിച്ചത്. ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ ലഭ്യത ഉറപ്പാക്കുക, പൊതുജനാരോഗ്യവും,സാര്‍വത്രികവുമായ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുക, ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക,സുതാര്യമായ രീതിയില്‍ മെഡിക്കല്‍ സ്ഥാപനങ്ങളെ വിലയിരുത്തുക, രാജ്യത്തിനാകെയായിഒരു മെഡിക്കല്‍ രജിസ്റ്റര്‍ സൂക്ഷിക്കുക, മെഡിക്കല്‍ സേവനങ്ങളുടെ എല്ലാ മേഖലകളിലും ഉയര്‍ന്ന ധാര്‍മ്മിക മാനദണ്ഡങ്ങള്‍ നടപ്പിലാക്കുക,ഫലപ്രദമായ ഒരു പരാതി പരിഹാര സംവിധാനം ഉണ്ടാക്കുക തുടങ്ങിയവയാണ് മെഡിക്കല്‍ കമ്മീഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

എന്നാല്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരിലല്ല. നേരത്തേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ നടത്തിയിരുന്ന ഹിപ്പോക്രാറ്റ് ഓത്തിന് പകരം ചരകശപഥം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും വലിയ രീതിയില്‍ വിമര്‍ശനമുണ്ടാക്കിയിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് പിന്നീട് കമ്മീഷന്‍ പിന്മാറി.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍നിന്നും 'ഇന്ത്യ' പുറത്ത്
ദുരന്തനിവാരണം, ധനപ്രതിസന്ധി, സൗജന്യങ്ങള്‍ മൂലമുള്ള അധികബാധ്യത; 16–ാം ധനകാര്യ കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം

'വലിയ കള്ളങ്ങള്‍ മറച്ചുവെക്കാനുള്ള സൂത്രം'

എന്നാല്‍ കമ്മീഷന്റെ ഇത്തരം നീക്കങ്ങള്‍ പരിഹസിച്ച് അവഗണിക്കേണ്ടവിഷയമല്ല എന്നാണ് മലയാളി ഡോക്ടറും ആര്‍ടിഐ ആക്ടിവിസ്റ്റുമായ ഡോ. വി കെ ബാബു പറയുന്നത്. കമ്മീഷന്റെ അംഗങ്ങള്‍ അവരുടെ സ്വത്തു വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നാണ് നിയമത്തിലുള്ളത്. എന്നാല്‍ കമ്മീഷന്‍ രൂപീകരിച്ച് മൂന്നു വര്‍ഷമായെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ല. തുടക്കം മുതല്‍ ഈ ക്രമക്കേട് കണ്ടെത്തുകയും അതിനെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്ത ഡോ. ബാബു പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്തയില്‍ നിന്നൊക്കെ വഴി തിരിച്ചുവിടുകയാകാം വിവാദങ്ങളുടെ ഉദ്ദേശം എന്ന് ഡോക്ടര്‍ ബാബു പറയുന്നു.

കമ്മീഷനെ കുറിച്ച് ഡോ. ബാബു പറയുന്നതിങ്ങനെ: 'സ്ഥാനത്തിരിക്കാന്‍ പ്രാപ്തരല്ലാത്ത കുറേപേരെ മറ്റ് പല താത്പര്യങ്ങളുടെ പേരില്‍ അവിടെ ഇരുത്തിയിരിക്കുകയാണ്. അവര്‍ക്ക് കമ്മീഷന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് തെളിയിച്ചതാണ്. മൂന്ന് വര്‍ഷത്തിനിടെ അവര്‍ കൊണ്ടുവന്ന റെഗുലേഷനുകളില്‍ നാലോ അഞ്ചോ എണ്ണം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിക്കുകയാണ് ഉണ്ടായത്. ഒന്ന് പോലും കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവുമൊടുവില്‍ പിന്‍വലിച്ചത് 2023 എതിക്‌സ് റെഗുലേഷന്‍ ആയിരുന്നു. ദേശീയ തലത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒറ്റ രജിസ്‌ട്രേഷന്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ട് അത് നടന്നിട്ടില്ല. ഡോക്ടര്‍മാരുടെ എക്‌സിറ്റ് എക്‌സാം ഇതുവരെ നടപ്പിലാക്കാന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല. പകരം അവര്‍ ചെയ്യുന്നത് ഇത്തരം വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധ തിരിക്കലാണ്. ഇതിലേക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ'.

logo
The Fourth
www.thefourthnews.in