ചന്ദ്രശേഖർ റാവുവിന്റെ അപ്രമാദിത്യം അവസാനിക്കുമോ? തെലങ്കാനയില്‍ ആരുടെ തന്ത്രങ്ങള്‍ ഫലിക്കും

ചന്ദ്രശേഖർ റാവുവിന്റെ അപ്രമാദിത്യം അവസാനിക്കുമോ? തെലങ്കാനയില്‍ ആരുടെ തന്ത്രങ്ങള്‍ ഫലിക്കും

ഐക്യ ആന്ധ്രയെ റായലസീമയെന്നും സീമാന്ധ്രയെന്നും രണ്ടായി പകുത്തപ്പോളുണ്ടായ ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനമാണ് തെലങ്കാന

തെലങ്കാന സംസ്ഥാനം പിറവി കൊണ്ട ശേഷം നടക്കുന്ന  മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് . കഴിഞ്ഞ രണ്ടു തവണയും കളം അറിഞ്ഞു കളിച്ച് അധികാരം പിടിച്ച ബി ആർ എസിനും ( നേരത്തെ ടി ആർ എസ്)  കെ ചന്ദ്രശേഖർ റാവുവെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ അപ്രമാദിത്യം അവസാനിപ്പിച്ച്‌  അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസിനും  ദക്ഷിണേന്ത്യയിൽ പൂർണ അധികാരമുള്ള ഒരു സംസ്ഥാനമെങ്കിലും കിട്ടാൻ പൊരുതുന്ന ബിജെപിക്കും  അഭിമാനപോരാട്ടമാണ് തെലങ്കാന.

ചന്ദ്രശേഖർ റാവുവിന്റെ അപ്രമാദിത്യം അവസാനിക്കുമോ? തെലങ്കാനയില്‍ ആരുടെ തന്ത്രങ്ങള്‍ ഫലിക്കും
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയായി; ഛത്തിസ്ഗഡില്‍ മാത്രം രണ്ടു ഘട്ടം, വോട്ടെണ്ണൽ ഡിസംബർ മൂന്നിന്

ഐക്യ ആന്ധ്രയെ റായലസീമയെന്നും സീമാന്ദ്രയെന്നും രണ്ടായി പകുത്തപ്പോൾ ഉണ്ടായ ഇന്ത്യയിലെ ഏറ്റവും പുതിയ സംസ്ഥാനമാണ് തെലങ്കാന. 2013 ജൂലൈ മാസത്തിലായിരുന്നു തെലങ്കാനയുടെ ഔദ്യോഗിക പിറവി. പ്രഥമ തിരഞ്ഞെടുപ്പിലും 2018 ൽ നടന്ന  രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയായിരുന്നു സംസ്ഥാനത്ത്  ഭാരത് രാഷ്ട്ര സമിതി അധികാര കൊടി പാറിച്ചത്‌. തെലങ്കാനക്ക് പത്തു വയസാകുമ്പോൾ എത്തുന്ന മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പും വിജയിച്ചു അധികാരത്തിൽ ഹാട്രിക് നേടാനുള്ള  പ്രയത്നത്തിലാണ്  ഭാരത് രാഷ്ട്ര സമിതിയെ നയിക്കുന്ന കെ ചന്ദ്ര ശേഖർ റാവുവും കുടുംബവും.

കെ ചന്ദ്രശേഖർ റാവു
കെ ചന്ദ്രശേഖർ റാവു

അഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ  തെലങ്കാനയിലെ  വോട്ടർമാർ അധികാരമാറ്റം ആഗ്രഹിക്കുന്നുണ്ടോ? അതോ വീണ്ടും കെസിആറിനെ തന്നെ അവർ അധികാര കസേരയിൽ അവരോധിക്കുമോ ? കോൺഗ്രസിനോട് വോട്ടർമാർക്ക് മമത തോന്നിത്തുടങ്ങിയോ ?  ബിജെപിയുടെ കാതടച്ചുള്ള പ്രചാരണകോലാഹലങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമോ ?

തൂത്തുവാരി വിജയം സ്വപ്നം കാണാതെ കെ സി ആർ

2018 ൽ  തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചുണ്ടായിരുന്ന അതെ ആത്മവിശ്വാസം ഇക്കുറിയില്ല കെ ചന്ദ്രശേഖർ റാവുവിനും പാർട്ടിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാരിക്കൂട്ടിയ 88 സീറ്റുകൾ ഇത്തവണ ഉറപ്പിക്കാവുന്ന സാഹചര്യം മാറി മറിഞ്ഞിട്ടുണ്ട് സംസ്ഥാനത്ത്. 10 വർഷം അധികാരത്തിലിരിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഭരണ വിരുദ്ധ വികാരം തെലങ്കാന സർക്കാറിനെതിരെയും ഉണ്ട്. എന്നാൽ ഇത് ആളിക്കത്തിച്ച്‌  ഭരണമാറ്റം ഉണ്ടാക്കാൻ മാത്രം  പാകമല്ല നിലവിലെ രാഷ്ട്രീയ അന്തരീക്ഷം .

കെ ചന്ദ്രശേഖർ റാവു
കെ ചന്ദ്രശേഖർ റാവു

അഴിമതി - കുടുംബ വാഴ്ച്ച ആരോപണങ്ങൾ നേരിടുന്നുണ്ടെങ്കിലും  വികസനം പറഞ്ഞു പ്രതിരോധിക്കാനാണ്  ബി ആർ എസിന്റെ  നീക്കം. പുതുതായി രൂപീകരിച്ച ഒരു സംസ്ഥാനത്തെ  പത്തു വർഷം കൊണ്ട്  വികസനത്തിന്റെ പാതയിലെത്തിച്ചതിന്റെ ക്രെഡിറ്റ് കെ ചന്ദ്രശേഖർ റാവുവിന് അവകാശപ്പെട്ടതാണ്, ഒരിക്കലും മുടങ്ങാതെ കുടിവെള്ളവും വൈദ്യുതിയും, അടിസ്ഥാന സൗകര്യ വികസനം, കർഷക ആനുകൂല്യങ്ങൾ, ഹൈദരാബാദ് പട്ടണത്തിന്റെ അതിവേഗ വളർച്ച...  മുൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയാണ്   കെ ചന്ദ്രശേഖർ റാവു  ജനങ്ങളോട് മൂന്നാമതും അവസരം തേടുന്നത് . 

ചന്ദ്രശേഖർ റാവുവിന്റെ അപ്രമാദിത്യം അവസാനിക്കുമോ? തെലങ്കാനയില്‍ ആരുടെ തന്ത്രങ്ങള്‍ ഫലിക്കും
രാഹുലിന്റെ ഫോം ശുഭസൂചന, പക്ഷെ തുടക്കത്തിലെ തകര്‍ച്ച ശ്രദ്ധിക്കണം

പാർട്ടിയിലെ ചേരിപ്പോരും അധികാര തർക്കവുമാണ് ബി ആർ എസിനെ വലയ്ക്കുന്നത്. മകൻ കെ ടി രാമറാവുവിന് സകല അധികാരങ്ങളും നൽകിയുള്ള  കെ സി ആറിന്റെ പോക്കിനെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട് രണ്ടാം നിര നേതാക്കൾ . അതൃപ്തി പരസ്യമാക്കി നാല്‍പതിലധികം  പ്രധാന നേതാക്കൾ ബി ആർ എസ് വിട്ടു കഴിഞ്ഞു. കാസി റെഡ്ഢി നാരായണ റെഡ്ഢി, താക്കൂർ ബാലാജി സിങ് തുടങ്ങിയവരുടെ കോൺഗ്രസിലേക്കുള്ള  കൂടുമാറ്റം ബിആർഎസിനു ക്ഷീണമാണ് . കോൺഗ്രസിനെയും ടി ഡി പിയെയും അപ്രസക്തരാക്കി മുന്നേറവെ സംസ്ഥാനത്ത് വേരുറപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ വലിയ തലവേദനയാകുകയാണ് ബിആർഎസിന്.

പ്രധാനമന്ത്രി നേരിട്ടിറങ്ങി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി തുടങ്ങിയതോടെ   ഭരണത്തിൽ ഹാട്രിക് നേടണമെങ്കിൽ  നന്നായി വിയർപ്പൊഴുക്കേണ്ട ഗതിയിലാണ്  കെസിആർ. തെലങ്കാന വികാരം കത്തിച്ചു നിർത്തി വോട്ടു പിടിക്കലാണ്  കെ സി ആറിന്റെ തുറുപ്പു ചീട്ട്. ദേശീയ പാർട്ടികളാണോ തെലങ്കാനയുടെ സ്വന്തം പാർട്ടിയാണോ സംസ്ഥാനം ഭരിക്കേണ്ടത് എന്ന കെസിആറിന്റെ  ചോദ്യത്തിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജനം മറുപടി നൽകിയതാണ് ഇളകാതെ നിൽക്കുന്ന ഈ അധികാര കസേര.

ടിപിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഢി സോണിയ ഗാന്ധിയ്ക്കൊപ്പം
ടിപിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഢി സോണിയ ഗാന്ധിയ്ക്കൊപ്പം

'കർണാടക മോഡൽ' സ്വപനം കണ്ട് കോൺഗ്രസ്

കർണാടകയിലെ പോലെ തെലങ്കാനയിൽ അത്ഭുതം സംഭവിക്കുന്നത്  സ്വപ്നം കണ്ടാണ് തെലങ്കാന പിസിസി യുടെ പ്രവർത്തനം. കര്‍ണാടകയുടേതിനു  സമാനമായ  ഗ്യാരണ്ടി സ്കീമുകൾ ' അഭയഹസ്ത'  എന്ന പേരിൽ വാഗ്ദാനം ചെയ്തു  വോട്ടർമാരെ സ്വാധീനിക്കാനാണ് പദ്ധതി. സൗജന്യ ബസ് യാത്ര, 500 രൂപക്ക് പാചകവാതക സിലിണ്ടർ തുടങ്ങി 12  ഉറപ്പുകൾ കോൺഗ്രസ് വോട്ടർമാർക്കായി അണിയറയിൽ തയാറാക്കുന്നുണ്ട് .

കെസിആർ തെലങ്കാനവികാരം ആളിക്കത്തിക്കുകയാണെങ്കിൽ ആ വികാരത്തോടൊപ്പം തുടക്കം മുതൽ നിന്ന ചരിത്രം പറഞ്ഞു വോട്ടു പിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ആന്ധ്രാ വിഭജനം യാഥാർഥ്യമാക്കി തെലങ്കാന സംസ്ഥാന രൂപീകരണത്തിന് പച്ചക്കൊടി കാണിച്ചത് രണ്ടാം യുപിഎ സർക്കാരായിരുന്നു. സോണിയ ഗാന്ധിയാണ് തെലങ്കാനക്കാരുടെ വികാരം കണക്കിലെടുത്തു  ഉചിതമായ തീരുമാനം കൈകൊണ്ട് മൻമോഹൻ സിംഗ് സർക്കാരിനെ കൊണ്ട്  ഉത്തരവിറക്കിച്ചത്. വോട്ടിന്റെ രൂപത്തിൽ തെലങ്കാനക്കാർ അതിനുള്ള നന്ദി സോണിയയോടും കോൺഗ്രസ് പാർട്ടിയോടും    കാണിക്കണമെന്നാണ് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢി അഭ്യർത്ഥിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യ ചിത്രങ്ങളിലെല്ലാം പഴയ ചർച്ചകളുടെ ദൃശ്യങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തിയാണ് കോൺഗ്രസ് വോട്ടർമാരെ ചരിത്രം ഓർമിപ്പിക്കുന്നത്. ഐക്യ ആൻഡ്രയുടെ മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ അപകടമരണത്തോടെ മാഞ്ഞു പോയതാണ് സീമാന്ധ്രായിലേയും റായലസീമയിലെയും കോൺഗ്രസിന്റെ ത്രിവർണ ശോഭ. വിഭജനത്തിനു ശേഷം ഇരു സംസ്ഥാനത്തും കോൺഗ്രസ് കരതൊട്ടിട്ടില്ല . ആന്ധ്രായിൽ ഏറെക്കുറെ നാമാവശേഷമായി. തെലങ്കാനയിൽ മാത്രമാണ് പാർട്ടിക്ക്  കുറച്ചെങ്കിലും പച്ചപ്പുള്ളത്. ബി ആർ എസിലെ ഉൾപാർട്ടി പോരും അധികാര തർക്കവും കുടുംബവാഴ്ചയും തുറന്നു കാട്ടി നേട്ടം കൊയ്യാമെന്നാണ്  കോൺഗ്രസ് കണക്കു കൂട്ടുന്നത് .

നരേന്ദ്ര മോദി
നരേന്ദ്ര മോദി

കുളം കലക്കി ബിജെപി  

മെഹബൂബ് നഗറിലും നിസാമാബാദിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി വൻ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചാണ് ബിജെപി തെലങ്കാനയിലെ പ്രചാരണ പരിപാടികൾക്ക്  തുടക്കമിട്ടിരിക്കുന്നത് . തിരഞ്ഞെടുപ്പ് വിഷയം ബിജെപി ഈ റാലികളിൽ പ്രഖ്യാപിച്ചു കഴിഞ്ഞു , മുഖ്യമന്ത്രി കെ ചന്ദ്ര ശേഖർ റാവുവിന്റെ അഴിമതി ദുർഭരണവും കുടുംബ വാഴ്ചയും. സംസ്ഥാനത്തെ 33 ജില്ലകളിലും ബൂത്ത് പോൾ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം . 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം ഒരു സീറ്റാണ് ബിജെപിക്കു തെലങ്കാനയിൽ നിന്ന് ലഭിച്ചത്. പിന്നീട് ഹുജൂറ ബാദ് ദുബ്ബക്ക മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ നേടിയതോടെയാണ്  ബിജെപി തെലങ്കാനയിൽ കാര്യമായ പണി തുടങ്ങിയത് . അധ്യക്ഷൻ ബണ്ടി സഞ്ജയ് യുടെ നേതൃത്വത്തിൽ പ്രവർത്തനം .

എന്നാൽ ബണ്ടി സഞ്ജയ് യെ മാറ്റിയതോടെ ബിജെപിക്കു സംസ്ഥാനത്ത് കാര്യപ്പെട്ട നേതാവില്ലാതായി. സംസ്ഥാന അധ്യക്ഷ പദവിയിലേറിയ കേന്ദ്രമന്ത്രി കിഷൻ റെഡ്ഢിയും പ്രകാശ് ജാവ്‌ദേക്കറുമൊക്കെയാണ്  ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. കെ സി ആറിനെ എതിരിടാനുള്ള കെൽപ്പ്‌  ഇവർക്ക് പോരെന്നു മനസിലാക്കിയാണ് മോദി  തന്നെ ഇടയ്ക്കിടെ നേരിട്ടിറങ്ങുന്നത്.  ചന്ദ്രശേഖർ റാവു   എൻഡിഎ മുന്നണി പ്രവേശനത്തിന് ശ്രമം നടത്തിയെന്ന മോദിയുടെ വെളിപ്പെടുത്തൽ  വോട്ടർമാർക്കിടയിൽ ആശയകുഴപ്പമുണ്ടാക്കാനാണ്.

ബി ജെ പിക്ക് നിലവിലെ സാഹചര്യത്തിൽ തെലങ്കാന ഭരണം പിടിക്കൽ അസാധ്യമാണ്. താരതമ്യേന സീറ്റെണ്ണം കുറഞ്ഞ സംസ്ഥാനമെന്ന നിലയിൽ വോട്ടുകൾ ഭിന്നിപ്പിച്ചു, അധികാരത്തിലേറുന്നവർക്ക് വൻ ഭൂരിപക്ഷമെന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ഗോദയിൽ ബി ആർ എസിനെതിരെയുള്ള  ബിജെപി കടന്നാക്രമണം ഗുണം ചെയ്യുക കോൺഗ്രസിനാണ്. എന്നാൽ അതുകൊണ്ടു ഭരണം പിടിക്കാനുള്ള സീറ്റുകൾ നേടാനുള്ള കരുത്തു കോൺഗ്രസിനില്ല താനും. ബിജെപി കണക്കു കൂട്ടും പോലെ കാര്യങ്ങൾ നടന്നാൽ നേരിയ ഭൂരിപക്ഷത്തിൽ ബി ആർ എസ് തന്നെ അധികാരം തിരിച്ചു പിടിക്കും .

logo
The Fourth
www.thefourthnews.in