പുതുമോടിയിൽ അയോധ്യ; ലക്ഷ്യമിടുന്നത് 25,000 കോടി രൂപയുടെ നികുതി വരുമാനം

പുതുമോടിയിൽ അയോധ്യ; ലക്ഷ്യമിടുന്നത് 25,000 കോടി രൂപയുടെ നികുതി വരുമാനം

വരും വർഷങ്ങളിൽ മക്കയ്ക്കും വത്തിക്കാനിനും സമാനമായ ഒരു ആഗോള വിനോദസഞ്ചാര നഗരമായി അയോധ്യ മാറുമെന്നാണ് പ്രതീക്ഷ.
Updated on
2 min read

ആഗോളശ്രദ്ധ നേടിയ രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ സഞ്ചാരികളെ കാത്ത് തയാറാണ്. പുതുതായി സജ്ജമായ അയോധ്യ നഗരത്തിലേക്ക് വരും മാസങ്ങളിൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങോടുകൂടി രാജ്യം ഉറ്റുനോക്കുനോക്കുന്ന നഗരമായി അയോധ്യ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച പ്രതിഷ്ഠാ ചടങ്ങിൽ വിദേശ പ്രതിനിധികള്‍ക്ക് പുറമെ കലാ - സാംസ്‌കാരിക - സാമൂഹിക - കായിക മേഖലയില്‍ നിന്നുള്ളവരുൾപ്പടെ എട്ടായിരത്തോളം പേരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്.

പിടിഐ റിപ്പോർട്ട് പ്രകാരം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി, അയോധ്യ നഗരത്തിന്റെ നവീകരണത്തിനും പുനർവികസനത്തിനുമായി ഏകദേശം 85,000 കോടി രൂപയാണ് ചെലവഴിച്ചത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുഖം മിനുക്കലാണ് അയോധ്യയിൽ നടന്നത്. 35 പുതിയ ഹോട്ടലുകള്‍, 600 ഹോം സ്റ്റേകള്‍, ഒരു അന്താരാഷ്ട്ര വിമാനത്താവളം, ഒരു റെയില്‍വേ സ്റ്റേഷന്‍, വിശാലമായ റോഡുകള്‍, അലങ്കരിച്ച കെട്ടിടങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന വിശാലമായ നഗരമാണ് അയോധ്യയിപ്പോൾ. പ്രതിഷ്ഠാ ദിനം കഴിഞ്ഞ് ക്ഷേത്രം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

പുതുമോടിയിൽ അയോധ്യ; ലക്ഷ്യമിടുന്നത് 25,000 കോടി രൂപയുടെ നികുതി വരുമാനം
'ഈ സൂരോദ്യയം ഒരു കാലചക്രത്തിന്റെ തുടക്കം'; സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

രാജ്യത്തിന്റെ വരുമാനത്തിലെക്ക് ഏഴ് ശതമാനം മാത്രമാണ് വിനോദസഞ്ചാര മേഖലയുടെ സംഭാവന. മറ്റ് വികസിത, വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനം വരെ താഴെയാണ് ഈ കണക്ക്. അയോധ്യ നവീകരണത്തിലൂടെ ഉത്തർപ്രദേശ് സർക്കാരിന് 25,000 കോടി രൂപയുടെ നികുതി വരുമാനമാണ് ലഭിക്കാൻ പോകുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓഹരി വ്യാപാരം വിശകലനം ചെയ്യുന്ന പ്രമുഖ സ്ഥാപനമായ ജെഫ്രിസ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് അയോധ്യയുടെ വളർച്ചയും അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളുമെല്ലാം ഒരു വർഷത്തിനുള്ളിൽ അഞ്ച് കോടിയിലധികം വിനോദസഞ്ചാരികളെ ഇന്ത്യയിലേക്കെത്തിക്കുമെന്നാണ് വിലയിരുത്തൽ. പഞ്ചാബിലെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ പ്രതിവർഷം ഏകദേശം മൂന്ന് കോടിയിലധികം ആളുകളാണെത്തുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്നത് ഏകദേശം രണ്ട് മുതൽ മൂന്ന് കോടിയിലധികം വിനോദസഞ്ചാരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ വത്തിക്കാൻ നഗരത്തിലേക്ക് 75 ലക്ഷം ആളുകളും സൗദി അറേബ്യയിൽ സ്ഥിതിചെയ്യുന്ന മക്കയിലേക്ക് രണ്ട് കോടി ജനങ്ങളുമാണ് പ്രതിവർഷം എത്തിച്ചേരുന്നത്.

പുതുമോടിയിൽ അയോധ്യ; ലക്ഷ്യമിടുന്നത് 25,000 കോടി രൂപയുടെ നികുതി വരുമാനം
അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തില്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമാ പ്രവർത്തകർ

പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പ്രവര്‍ത്തനം ആരംഭിച്ചതോടെ ഒന്നാം ഘട്ടം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഇവിടെ നിന്നും ജനുവരി 10 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയാണ് നിലവിൽ ഒന്നാം ഘട്ടത്തിലുള്ളത്. 2025ഓടെ ഇത് 60 ലക്ഷത്തിലേക്ക് ഉയർത്തും. ഒപ്പം, പ്രതിദിനം 60,000 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് അയോധ്യയിലെ റെയിൽവെയുടെ നവീകരണം.

നിലവിൽ അയോധ്യയിൽ 590 മുറികളുള്ള 17 ഹോട്ടലുകളാണുള്ളത്. പുതിയ 73 ഹോട്ടലുകളാണ് നിർമ്മാണ പദ്ധതിയിലുള്ളത്, ഇതിൽ 40 എണ്ണവും ഇപ്പോൾ നിർമ്മാണത്തിലാണ്. പുതുതായി 1000 ഹോട്ടൽ മുറികൾ അയോധ്യയിൽ തുടങ്ങാനാണ് ഓയോയുടെ പദ്ധതി. ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖരായ ഇന്ത്യൻ ഹോട്ടലുകൾ, മാരിയറ്റ്, വിന്ധം തുടങ്ങിയവ അയോധ്യയിൽ അവരുടെ ഫ്രാൻചൈസ് തുടങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം.

പുതുമോടിയിൽ അയോധ്യ; ലക്ഷ്യമിടുന്നത് 25,000 കോടി രൂപയുടെ നികുതി വരുമാനം
ബാബരി മസ്ജിദ് മുതൽ രാമക്ഷേത്രം വരെ; ഇന്ത്യൻ പത്ര മാധ്യമങ്ങൾ അന്നും ഇന്നും

വരും വർഷങ്ങളിൽ അയോധ്യയിലും ഉത്തർപ്രദേശിലുമായി നടക്കാനിരിക്കുന്ന വികസന പദ്ധതികളും കൂടെ കണക്കിലെടുക്കുമ്പോൾ വർഷാവസാനത്തോടെ വിനോദസഞ്ചാര മേഖലയിൽ നിന്നും നാല് ലക്ഷം കോടിയിലധികം തുക ലഭിക്കാൻ സാധ്യതയുണ്ടെന്ന് എസ്ബിഐ (സിൻഡിക്കേറ്റഡ് മാർക്കറ്റ് റിസർച്ച് റിപ്പോർട്ട്) റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

സഞ്ചാരികളുടെ കുത്തൊഴുക്കോടെ അയോധ്യയിലും ഉത്തർ പ്രദേശിലും വൻതോതിലുള്ള നികുതി വരുമാനം നിറയുമെന്നാണ് വിലയിരുത്തൽ, ഇതോടൊപ്പം വരും വർഷങ്ങളിൽ മക്കയ്ക്കും വത്തിക്കാനിനും സമാനമായ ഒരു ആഗോള വിനോദസഞ്ചാര നഗരമായി അയോധ്യ മാറുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in