'ബൈജു രവീന്ദ്രനെ നീക്കണം'; നിക്ഷേപകര്‍ ട്രൈബ്യൂണലില്‍, പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യം

'ബൈജു രവീന്ദ്രനെ നീക്കണം'; നിക്ഷേപകര്‍ ട്രൈബ്യൂണലില്‍, പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യം

നാല് നിക്ഷേപകരാണ് എന്‍സിഎല്‍ടിയുടെ ബെംഗളുരു ബെഞ്ചില്‍ ഹർജി നല്‍കിയത്

ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ ദേശീയ കമ്പനി നിയമ ട്രിബ്യുണലി (എന്‍സിഎല്‍ടി)നെ സമീപിച്ച് നിക്ഷേപകര്‍. ഇന്നുചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗത്തിൽ ഒരു വിഭാഗം നിക്ഷേപകർ ഇക്കാര്യമറിയിച്ചു.

നിക്ഷേപകരില്‍ നാലുപേരാണ് എന്‍സിഎല്‍ടിയുടെ ബെംഗളുരു ബെഞ്ചില്‍ സ്യൂട്ട് നല്‍കിയത്. നിലവിലെ ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ഓഹരികള്‍ വിലക്കിഴിവിലോ അല്ലാതെയോ വാങ്ങാനുള്ള ക്ഷണം നല്‍കുന്ന റൈറ്റ്‌സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം ബൈജൂസിന്റെ ഇപ്പോഴത്തെ ഉടമകളില്‍നിന്ന് എടുത്തുമാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

ബൈജൂസില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പതിനാറായിരം കോടി രൂപയുടെ റൈറ്റ്‌സ് ഓഫര്‍ അസാധുക്കവാക്കണം. നിക്ഷേപകരുടെ അവകാശങ്ങളെ ബാധിക്കുന്ന കോര്‍പ്പറേറ്റ് നടപടികള്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉത്തരവിടണമെന്നും സ്യൂട്ടില്‍ ആവശ്യപ്പെടുന്നു. പ്രോസസ്, ജിഎ, ഫോഫിന, പീക് എക്‌സ് വി എന്നീ നിക്ഷേപകരാണ് ട്രിബ്യൂണലിനെ സമീപിച്ചത്. മറ്റു നിക്ഷേപകരുടെ പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് വിവരം.

'ബൈജു രവീന്ദ്രനെ നീക്കണം'; നിക്ഷേപകര്‍ ട്രൈബ്യൂണലില്‍, പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യം
ബൈജു രവീന്ദ്രനെതിരെ ഇ ഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്; രാജ്യത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് വിലക്ക്

ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇനി കഴിയില്ലെന്നും നിലവിലെ ഡയറക്ടര്‍ ബോര്‍ഡിനെ മാറ്റി പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ ഉടന്‍ നിയമിക്കണമെന്നും ജനറല്‍ ബോഡിയില്‍ ആവശ്യമുയര്‍ന്നു.

ബൈജു രവീന്ദ്രനെ നീക്കം ചെയ്ത് യോഗം പ്രമേയം പാസാക്കിയാലും മാര്‍ച്ച് 13 വരെ അതു പ്രാബല്യത്തില്‍ വരില്ല. അന്നുവരെ നടപടി പാടില്ലെന്ന്, ബൈജു രവീന്ദ്രന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, അസാധാരണ ജനറല്‍ ബോഡി തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

അതിനിടെ, ബൈജു രവീന്ദ്രനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ബൈജു രവീന്ദ്രന്റെ തിങ്ക് ആൻഡ് ലോണ്‍ പ്രൈവറ്റ് ലിമിറ്റഡ് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നാണ് ഇ ഡിയുടെ ആരോപണം. ഏകദേശം, 9,362 കോടി രൂപയുടെ ചട്ടലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബൈജു രവീന്ദ്രന്‍ ഇന്ത്യ വിട്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

logo
The Fourth
www.thefourthnews.in