നൂഹ് സംഘർഷം: പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ

നൂഹ് സംഘർഷം: പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ

ഫരീദാബാദിലെ ഗോരക്ഷാ ബജ്‌റംഗ് ഫോഴ്‌സ് മേധാവിയാണ് ബിട്ടു ബജ്റംഗി

ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബജ്റംഗ്ദൾ പ്രവർത്തകനായ ബിട്ടു ബജ്റംഗി എന്നറിയപ്പെടുന്ന രാജ് കുമാറിനെയാണ് നൂഹ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ഫരീദാബാദിലെ വീട്ടിൽ നിന്ന് നുഹ് പോലീസിന്റെ പ്രത്യേക സംഘം ബജ്റംഗിയെ അറസ്റ്റ് ചെയ്തതായി ഫരീദാബാദ് പോലീസ് അറിയിച്ചു. ബിട്ടു ബജ്റംഗിയെ വടിയും തോക്കുകളും ഉപയോഗിച്ച് നീണ്ട നേരം പിന്തുടർന്ന് പോലീസ് പിടികൂടുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഫരീദാബാദിലെ ഗോരക്ഷാ സംഘമായ ബജ്‌റംഗ് ഫോഴ്‌സ് മേധാവിയാണ് ഇയാൾ.

നൂഹ് സംഘർഷം: പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ
ഹരിയാന കലാപം: സംഘർഷ ദിവസം അവധിയിലായിരുന്ന നുഹ് എസ് പിയെ സ്ഥലം മാറ്റി, സോഷ്യല്‍ മീഡിയ പോസ്റ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ജൂലൈ 31 ന് നടന്ന മതപരമായ യാത്രയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 'ബ്രിജ് മണ്ഡല് യാത്ര' ആരംഭിക്കുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) കലാപം, അക്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്ന് തടയൽ, മാരകായുധം ഉപയോഗിച്ച് ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നുഹിൽ വർഗീയ കലാപം ആരംഭിച്ച് ഏകദേശം 20 ദിവസത്തിന് ശേഷമാണ് ഫരീദാബാദിൽ നിന്ന് ബിട്ടുവിനെ അറസ്റ്റ് ചെയ്തത്.

നൂഹ് സംഘർഷം: പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ
'മോനു മനേസറിനെ അറസ്റ്റ് ചെയ്യണം'; ഹരിയാനയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഖാപ് പഞ്ചായത്തുകളും കർഷക യൂണിയനുകളും

ഫരീദാബാദിലെ ഗാസിപൂർ മാർക്കറ്റിലെ പഴം, പച്ചക്കറി വ്യാപാരിയായ ബിട്ടു ബജ്‌റംഗി കഴിഞ്ഞ മൂന്ന് വർഷമായി പശു സംരക്ഷക സംഘം നടത്തുന്നുണ്ട്. പശുക്കടത്ത്‌ ആരോപിച്ച്‌ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും ബജ്‌റംഗ്ദൾ നേതാവുമായ മോനു മനേസറും സംഘവും നൂഹിലെ വിഎച്ച്പി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇവർ ഉയർത്തിയ വെല്ലുവിളിയാണ് മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനിടയാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രകോപനപരമായ പോസ്റ്റുകളും പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം മതവികാരം വ്രണപ്പെടുത്തിയതിന് മൂന്ന് തവണ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

ആറുപേരാണ് നൂഹിലുണ്ടായ വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ഹോം ഗാർഡുകളും ഒരു പള്ളി ഇമാമും മരിച്ചവരിലുൾപ്പെടുന്നു. പിന്നാലെ കലാപം ബാദ്ഷപൂരിലേക്കും വ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in