'നീതിക്കു വേണ്ടി പോരാടിയപ്പോള്‍ രാജ്യദ്രോഹിയായി, അവാര്‍ഡുകള്‍ തിരിച്ചു നല്‍കും': മോദിക്ക് വിനേഷ് ഫോഗാട്ടിന്റെ കത്ത്

'നീതിക്കു വേണ്ടി പോരാടിയപ്പോള്‍ രാജ്യദ്രോഹിയായി, അവാര്‍ഡുകള്‍ തിരിച്ചു നല്‍കും': മോദിക്ക് വിനേഷ് ഫോഗാട്ടിന്റെ കത്ത്

ഒരു വര്‍ഷമായി ഞങ്ങള്‍ നീതിക്കു വേണ്ടി പോരാടുകയാണ്. ആരും ഞങ്ങളെ കേള്‍ക്കുന്നില്ല

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പിനെതിരായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. കോമണ്‍വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലും രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടിയ ഗുസ്തി താരം വിനേഷ് ഫോഗാട്ട് തനിക്ക് ലഭിച്ച ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രൂക്ഷമായ വിമര്‍ശനമാണ് കത്തില്‍ ഫോഗാട്ട് ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മാത്രമാണോ രാജ്യത്ത് വനിതാ താരങ്ങള്‍ എന്ന് വിനേഷ് കത്തില്‍ ചോദിച്ചു.

''2016-ല്‍ സാക്ഷി മാലിക് ഒളിമ്പിക്‌ മെഡല്‍ നേടി. താങ്കളുടെ സര്‍ക്കാര്‍ സാക്ഷിയെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറാക്കി. അന്ന് ഈ രാജ്യത്തെ വനിതാ താരങ്ങള്‍ സന്തോഷിച്ചു. ഇന്ന് സാക്ഷി എവിടെയാണ്? ഞാന്‍ 2016 വീണ്ടും ഓര്‍ക്കുന്നു. സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മാത്രമാണോ രാജ്യത്ത് വനിതാ താരങ്ങള്‍. സാക്ഷിയുടെ കരിയര്‍ അവസാനിച്ചിരിക്കുന്നു. ഇനി അത്തരം പരസ്യ ബോര്‍ഡുകള്‍ക്ക് പ്രസക്തിയില്ല''- വിനേഷ് കത്തില്‍ പറയുന്നു.

''സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ഞങ്ങള്‍ എതിര്‍ത്തിട്ടില്ല. താങ്കളുടെ സര്‍ക്കാര്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതി. ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്ന് ആ സ്വപ്നം നശിക്കുകയാണ്. അടുത്ത തലമുറയിലെ വനിതാ താരങ്ങള്‍ക്ക് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു''.

''ഞങ്ങള്‍ സമരം നടത്തിയപ്പോഴും ബ്രിജ്ഭൂഷണ്‍ തന്റെ ആധിപത്യം നിലനിര്‍ത്തി. അയാള്‍ മാധ്യമങ്ങളോട് നടത്തുന്ന പ്രസ്താവന കേള്‍ക്കാന്‍ താങ്കളുടെ ജീവിതത്തിലെ അഞ്ച് മിനിറ്റ് മാറ്റിവെക്കുക. അയാള്‍ എന്താണ് ചെയ്തതെന്ന് താങ്കള്‍ക്കറിയാം. താരങ്ങളെ അപമാനിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷണ്‍ പാഴാക്കിയിട്ടില്ല. അനേകം താരങ്ങളുടെ കരിയര്‍ ബ്രിജ്ഭൂഷണ്‍ നശിപ്പിച്ചിട്ടുണ്ട്''.

''ഇതെല്ലാം മറക്കാന്‍ ഞാന്‍ ഒരുപാട് തവണ ശ്രമിച്ചു. താങ്കളെ കണ്ടപ്പോള്‍ എല്ലാക്കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി ഞങ്ങള്‍ നീതിക്കു വേണ്ടി പോരാടുകയാണ്. ആരും ഞങ്ങളെ കേള്‍ക്കുന്നില്ല. ഈ അവാര്‍ഡുകള്‍ക്ക് ഞങ്ങളുടെ ജീവനേക്കാള്‍ വിലയുണ്ട്. ഞങ്ങള്‍ ഈ അവാര്‍ഡ് നേടിയപ്പോള്‍ ഈ രാജ്യം സന്തോഷിച്ചു. നീതിക്കായി പോരാടിയപ്പോള്‍ ഞങ്ങള്‍ രാജ്യദ്രോഹികളായി. ഞങ്ങള്‍ രാജ്യദ്രോഹികളാണോയെന്ന് പ്രധാനമന്ത്രി പറയണം. ബജ്‌രംഗ് പദ്മശ്രീ തിരിച്ചുനല്‍കിയപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. എനിക്ക് ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ എന്റെ അമ്മ വീട്ടിലും സമീപത്തും മധുരം വിതരണം ചെയ്തു. വിനേഷിനെ ടി വിയില്‍ കാണാന്‍ എല്ലാവരോടും പറഞ്ഞു''.

'നീതിക്കു വേണ്ടി പോരാടിയപ്പോള്‍ രാജ്യദ്രോഹിയായി, അവാര്‍ഡുകള്‍ തിരിച്ചു നല്‍കും': മോദിക്ക് വിനേഷ് ഫോഗാട്ടിന്റെ കത്ത്
ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം

''ഞാന്‍ പലതവണ ആലോചിച്ചു. ഞങ്ങളുടെ സമരം ടി വിയില്‍ കാണുമ്പോള്‍ എന്റെ അമ്മ എന്താവും കരുതുക?. ഒരമ്മ തന്റെ മകളെ കാണാന്‍ പാടില്ലാത്ത അവസ്ഥയാണത്. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനും അര്‍ജുന അവാര്‍ഡിനും എന്റെ ജീവിതത്തില്‍ ഇനി പ്രസക്തിയില്ല. അത് താങ്കള്‍ക്ക് തിരികെ നല്‍കുന്നു''-കത്തില്‍ പറയുന്നു.

വിനേഷ് ഫോഗാട്ട്,

ഈ രാജ്യത്തിന്റെ മകള്‍.

എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.

logo
The Fourth
www.thefourthnews.in